പ്രകൃതിക്ഷോഭങ്ങള്‍ ദുരന്തമായി പരിണമിക്കുമ്പോള്‍

പ്രകൃതിക്ഷോഭങ്ങള്‍ ദുരന്തമായി പരിണമിക്കുമ്പോള്‍
ജെക്കോബി

ജെക്കോബി

അത്യാഹിതങ്ങള്‍ ദുര്‍ബലതകളുമായി സന്ധിക്കുന്നിടത്താണ് ദുരന്തങ്ങളുണ്ടാകുന്നത്. ചുഴലിക്കാറ്റ്, കടലേറ്റം, പേമാരി, മിന്നല്‍പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭ പ്രതിഭാസങ്ങളും അതിതീവ്ര കാലാവസ്ഥ സംഭവങ്ങളും മനുഷ്യജീവിതങ്ങളില്‍ ഏല്പിക്കുന്ന ആഘാതങ്ങളുമായി ബന്ധപ്പെടുത്തിയാണ് പ്രകൃതിദുരന്തം നി
ര്‍വചിക്കപ്പെടുന്നത്. ആഗോള താപനവും കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് തെക്കുപടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ കാലവര്‍ഷക്രമത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും രൂപപ്പെടുന്ന ന്യൂനമര്‍ദ്ദചുഴലികള്‍ എന്നിവ 600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോരവും അതിനു സമാന്തരമായി അതിലോലപരിസ്ഥിതിപ്രദേശങ്ങള്‍ നിറഞ്ഞ പശ്ചിമഘട്ട മലനിരകളും അതിരിടുന്ന, ജനസാന്ദ്രതയേറിയ കൊച്ചുസംസ്ഥാനമായ കേരളത്തെ ദുരന്തഭൂമിയാക്കുന്നത് മനുഷ്യജീവനും ഭൗതികനിര്‍മിതികള്‍ക്കും സാമ്പത്തികവ്യവസ്ഥയ്ക്കും കനത്ത നാശം വരുത്തുന്ന അടിയന്തരസാഹചര്യങ്ങളെ നേരിടാനുള്ള സംവിധാനങ്ങളുടെ ദൗര്‍ബല്യവും അപര്യാപ്തതയുമാണ്.

2005 ഡിസംബറിലെ സുനാമിയെതുടര്‍ന്ന് ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ദേശീയതലത്തില്‍ പ്രത്യേക സംവിധാനവും നിയമവും കൊണ്ടുവന്നപ്പോള്‍ രാജ്യത്ത് ആദ്യമായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി രൂപവത്കരിച്ച സംസ്ഥാനമാണ് കേരളം. 2017 നവംബറില്‍ ഓഖി ചുഴലിക്കാറ്റുണ്ടായപ്പോഴും, 2018 ഓഗസ്റ്റില്‍ നൂറ്റാണ്ടിലെ മഹാപ്രളയമുണ്ടായപ്പോഴും, 2019 ഓഗസ്റ്റില്‍ വീണ്ടും പേമാരിയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമുണ്ടായപ്പോഴും, 2020-ലെ കാലവര്‍ഷത്തില്‍ ഇടുക്കി പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ ആവര്‍ത്തിച്ചപ്പോഴും, 2021 മേയില്‍ ടൗട്ടെ ചുഴലിവീശിയപ്പോഴും, കഴിഞ്ഞ 21 മാസമായി കൊറോണവൈറസ് മഹാമാരിക്കെതിരെ പൊരുതിതളര്‍ന്നിരിക്കേ ഇക്കുറി തുലാവര്‍ഷത്തിനു മുന്നോടിയായി കാലംതെറ്റിയുള്ള ഒറ്റദിവസത്തെ അതിതീവ്രമഴയില്‍ മധ്യകേരളത്തില്‍ മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലുമുണ്ടായപ്പോഴും രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസമെത്തിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളടക്കം സമസ്തജനവിഭാഗങ്ങളും സാമൂഹികപ്രസ്ഥാനങ്ങളും പൗരസുരക്ഷാ പ്രതിരോധസഖ്യങ്ങളും മാനവസാഹോദര്യത്തിന്റെ ഉദാത്ത മാതൃകയായി തോളോടുതോള്‍ ചേര്‍ന്ന് അണിനിരന്നത് അഭിമാനമകരമാണ്. എന്നാല്‍, തീര്‍ത്തും പ്രവചനാതീതമെന്നു കരുതാനാവാത്ത പ്രകൃതിക്ഷോഭങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും, ആധുനിക കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രകൃതിദുരന്തങ്ങളെ അതിജീവിച്ച് ഭരണത്തുടര്‍ച്ച ഉറപ്പാക്കിയവര്‍ ദുരന്തപ്രതിരോധത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ എത്ര ദൈന്യാവസ്ഥയിലാണ് എത്തിച്ചിരിക്കുന്നതെന്ന യാഥാര്‍ഥ്യം തിരിച്ചറിയേണ്ടതുണ്ട്.

ദുരന്തമുണ്ടായിക്കഴിഞ്ഞ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മൃതദേഹങ്ങള്‍ കണ്ടെടുക്കാനും ദുരിതാശ്വാസമെത്തിക്കാനും മറ്റുമായി കേന്ദ്ര ദുരന്തപ്രതികരണ സേന, ഇന്ത്യന്‍ ഡിഫന്‍സ് കോര്‍, കരസേന, വ്യോമസേന, നാവികസേന വിഭാഗങ്ങളെ തക്കസമയത്ത് വിന്യസിപ്പിക്കാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമുള്ള പരിചയസമ്പത്ത് ഇതിനകം നാം ആര്‍ജ്ജിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തിന് സ്വന്തമായി ദുരന്തപ്രതികരണത്തിന് ദ്രുതകര്‍മസേനയുടെ ഒരു ബറ്റാലിയനെങ്കിലും രൂപീകരിക്കാനായിട്ടില്ല. ദുരന്തനിവാരണത്തിന് പ്രത്യേക വകുപ്പുണ്ടായത് അടുത്തകാലത്താണ്. വാസ്തവത്തില്‍ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ പ്രകൃതിദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കൈകാര്യം ചെയ്യുന്നതിന് സ്വതന്ത്രചുമതലയുള്ള ഒരു മന്ത്രിയെതന്നെ നിയമിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. നവകേരളസൃഷ്ടി, റീബില്‍ഡ് കേരള, റസീലിയന്റ് കേരള, റൂം ഫോര്‍ റിവര്‍ തുടങ്ങി കഴിഞ്ഞ മഹാപ്രളയത്തിനുശേഷം ദുരന്താനന്തര ആവശ്യങ്ങള്‍ വിലയിരുത്തിയ യുഎന്‍ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കി കേരള സര്‍ക്കാര്‍ അവതരിപ്പിച്ച ബൃഹദ്പദ്ധതികള്‍ക്കായി ലോകബാങ്കില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്, ഫ്രഞ്ച് ഡവലപ്‌മെന്റ് ഏജന്‍സി (എഎഫ്ഡി), ജര്‍മന്‍ ബാങ്ക് തുടങ്ങിയവയില്‍ നിന്നും കോടികണക്കിനു രൂപയുടെ വായ്പയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വരുമാനവും അടക്കം സംസ്ഥാന ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ പദ്ധതിവിഹിതം കൈകാര്യം ചെയ്യേണ്ട പ്രധാന വകുപ്പായിരിക്കും ഇത്.

അടിയന്തരഘട്ടത്തിലെ നടപടിക്രമങ്ങള്‍ക്കായുള്ള മാര്‍ഗരേഖയും കര്‍മപദ്ധതിയും അടങ്ങുന്ന ഓറഞ്ച് ബുക്ക് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പുതിയ പതിപ്പ് സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ ഇറക്കിയതും, അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോതും പ്രളയസാഹചര്യവും വിലയിരുത്തി ജലനിരപ്പ് ക്രമീകരിക്കുന്നതിനുള്ള റൂള്‍ കര്‍വ് പുതുക്കി എമര്‍ജന്‍സി ആക്ഷന്‍ പ്ലാനുണ്ടാക്കിയതും നല്ല കാര്യങ്ങളാണ്. എന്നാല്‍ പ്രളയ മുന്നറിയിപ്പുകള്‍, പ്രളയക്കെടുതി ലഘൂകരിക്കല്‍, മുന്‍കരുതലായി നദീതടങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കല്‍, പ്രളയാനന്തര പുനരധിവാസം എന്നിവ അടക്കം പ്രളയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സമഗ്രവും ശാസ്ത്രീയവുമായ ഒരു തന്ത്രവും നയരൂപീകരണവും ഇനിയും ഉണ്ടായിട്ടില്ല. കേരളത്തിലെ കരഭൂമിയുടെ 14.52 ശതമാനവും പ്രളയസാധ്യതയുള്ളതാണ്, ചില ജില്ലകളില്‍ ഇത് 50 ശതമാനം വരും. അടുത്ത കാലത്ത് പ്രളയജലമെത്തിയ സ്ഥലങ്ങള്‍ കൂടി അടയാളപ്പെടുത്തി പ്രളയഭൂപടം നിര്‍മിച്ചുകൊണ്ടുവേണം പ്രളയപ്രതിരോധ, പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കാനും ഭൂവിനിയോഗത്തിനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും ചട്ടങ്ങള്‍ രൂപപ്പെടുത്താനും. പ്രളയ മുന്നറിയിപ്പു നല്‍കേണ്ട കേന്ദ്ര ജല കമ്മീഷന് ഇവിടെ വേണ്ടത്ര റിവര്‍ഗേജ് സ്റ്റേഷനുകളില്ലാത്തതാണ് പ്രധാന പ്രശ്‌നം.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളിലെ പാളിച്ചകള്‍ ദുരന്തനിവാരണപ്രവര്‍ത്തനങ്ങളെ ഇക്കുറിയും സാരമായി ബാധിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നുണ്ട്. മഴമാപിനികളും ഓട്ടോമാറ്റിക് വെതര്‍‌സ്റ്റേഷനും റഡാറുകളും ചുഴലിക്കാറ്റ് നിരീക്ഷണവുമായി ബന്ധപ്പെട്ട ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റവും സ്ഥാപിക്കാനുള്ള നിര്‍ദേശങ്ങള്‍ ഇനിയും നടപ്പായിട്ടില്ല. അടിയന്തരമായി 100 കാലാവസ്ഥാനിരീക്ഷണകേന്ദ്രങ്ങള്‍ തുടങ്ങാന്‍ സ്ഥലം അനുവദിച്ചിട്ടും 15 എണ്ണമാണത്രെ കേന്ദ്രം സ്ഥാപിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിവരങ്ങള്‍ അപര്യാപ്തമാണെന്ന പേരില്‍ സ്‌കൈമെറ്റ്, ഐബിഎം വെതര്‍, എര്‍ത്ത് നെറ്റ് വര്‍ക്‌സ് തുടങ്ങിയ സ്വകാര്യ ഏജന്‍സികളുടെ സേവനം സംസ്ഥാന സര്‍ക്കാര്‍ തേടിയിരുന്നു. എന്നാല്‍ അവരുടെ ഡേറ്റയും കൂട്ടിക്കലും കൊക്കയാറിലുമുണ്ടായ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സഹായകമായില്ല എന്നുവേണം അനുമാനിക്കാന്‍. ഉപഗ്രഹങ്ങളിലും റഡാറുകളിലും നിന്നു കിട്ടുന്ന പ്രതിരൂപങ്ങളെ മറികടന്ന്, മലയോരപ്രദേശത്ത് കൂടുതല്‍ ഉയരത്തിലേക്കു തള്ളുന്ന വായുപ്രവാഹത്തില്‍ കൂമ്പാരമേഘക്കൂട്ടങ്ങളില്‍ നിന്ന് ഒരു ചെറിയ പ്രദേശത്ത് അതിതീവ്ര മഴയുണ്ടാകുന്ന ലഘുമേഘവിസ്‌ഫോടനത്തെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുക രണ്ടോ മൂന്നോ മണിക്കൂറിനു മുന്‍പുമാത്രമാണ്. മിസോസ്‌കെയില്‍ ക്ലൗഡ് ക്ലസ്റ്റര്‍ പ്രതിഭാസത്തെക്കുറിച്ച് നൗ കാസ്റ്റിങ് എന്ന രീതിയില്‍ പ്രാദേശികമായി ജാഗ്രതാമുന്നറിയിപ്പു നല്‍കാനുള്ള സാങ്കേതികവിദ്യ നമുക്കില്ല. നേരിയ മഴ സാധ്യത പ്രവചിച്ചിരുന്നിടത്ത് രണ്ടു മണിക്കൂറിനിടെ അഞ്ചു സെന്റിമീറ്റര്‍ വരെ തീവ്രമഴ പെയ്തപ്പോഴാണ് ഉരുള്‍പൊട്ടലും മിന്നല്‍പ്രളയവുമുണ്ടായത്. കാലംമാറി പെയ്യുന്നു എന്നതിനു പുറമെ മഴമേഘഘടനയിലും മഴയുടെ തീവ്രതയിലും മാറ്റമുണ്ടാകുന്നു എന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്.

2018 ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 19 വരെ സംസ്ഥാനത്ത് പതിവുള്ളതിനെക്കാള്‍ 42% അധികം (2,346.6 മില്ലിമീറ്റര്‍) മഴ പെയ്തു. ഓഗസ്റ്റ് ഒന്നിനും 19നും ഇടയ്ക്ക് അധികപ്പെയ്ത്ത് 164 ശതമാനമായിരുന്നു. 14 ജില്ലകളിലായി 1,259 ഗ്രാമങ്ങളെയും 54 ലക്ഷം ആളുകളെയും (സംസ്ഥാനത്തെ ആറിലൊരാളെ) ബാധിച്ച ആ പ്രളയകാലത്ത് തീവ്രമഴയ്ക്കിടെയാണ് സംസ്ഥാനത്തെ 37 ഡാമുകളില്‍ നിന്നു വെള്ളം തുറന്നുവിട്ടത്. ആ പ്രളയകാലത്ത് സംസ്ഥാനത്ത് 10 ജില്ലകളിലായി 1,943 ഇടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ഇടുക്കിയില്‍ മാത്രം ഗുരുതരമായ 143 മണ്ണിടിച്ചിലുണ്ടായി. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലമേഖലകള്‍ സംരക്ഷിക്കുന്നതിനായി 2011 ഓഗസ്റ്റില്‍ മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് രാഷ്ട്രീയ കാരണങ്ങളാല്‍ തള്ളിക്കളഞ്ഞവര്‍ക്കും, കേരളത്തില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള ആപല്‍സാധ്യതകള്‍ വര്‍ധിച്ചുവരുന്നുവെന്ന യാഥാര്‍ഥ്യത്തില്‍ നിന്ന് ഒളിച്ചോടാനാവില്ല.

ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രളയദുരന്തത്തിനു പരിഹാരമാകേണ്ട പമ്പാനദീതട സംരക്ഷണ പദ്ധതി അടക്കം സംസ്ഥാനത്തെ ജലസ്രോതസുകളുടെ സമഗ്ര മാനേജ്‌മെന്റ്; പരിസ്ഥിതിയോട് ഇണങ്ങുന്നതും കാലാവസ്ഥയിലെ ആപല്‍സാധ്യതകളെക്കുറിച്ച് കൂടുതല്‍ വ്യക്തതയുള്ളതുമായ ഭൂവിനിയോഗവും ജനവാസവും; എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള ജനകീയ സമീപനം; വിജ്ഞാനം, നൂതനാശയം, സാങ്കേതികവിദ്യ എന്നിവയെ ആധാരമാക്കിയ മുന്നേറ്റം – പ്രളയാനന്തര കാലത്തെ പുനരധിവാസത്തിനും പുനരുജ്ജീവനത്തിനുമായി വിദേശ ഫണ്ട് ലഭിക്കുന്നതിനു രൂപകല്പന ചെയ്ത പദ്ധതികളിലെ ഇത്തരം സൂചകങ്ങള്‍ സാര്‍ത്ഥകമാകണമെങ്കില്‍ നമ്മുടെ രാഷ്ട്രീയ ഭരണനേതൃത്വം വികസന കാഴ്ചപ്പാടുകള്‍ തിരുത്തേണ്ടിവരും. ഇടുക്കിയിലും വയനാട്ടിലും മറ്റു മലയോര മേഖലകളിലും മാത്രമല്ല, സംസ്ഥാനത്ത് ഉടനീളം നീര്‍ത്തടങ്ങളിലും കായലോരങ്ങളിലും തീരമേഖലയിലും പരിസ്ഥിതി ആഘാതപഠനങ്ങളൊന്നുമി
ല്ലാതെ അശാസ്ത്രീയമായി കൊണ്ടുവരുന്ന നിര്‍മിതികള്‍ പ്രകൃതിദുരന്തങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്. കേരളത്തെ വെട്ടിപ്പിളര്‍ത്തി, തീരത്തെ അതിലോല ആവാസവ്യവസ്ഥയും, കായലുകളും കോള്‍നിലങ്ങളും വയലുകളും ചതുപ്പുകളും വനഭൂമിയും ഒട്ടേറെ ജൈവവൈവിധ്യ പാര്‍ക്കുകളും പൈതൃകസ്ഥലികളും പാവപ്പെട്ടവര്‍ തിങ്ങിപാര്‍ക്കുന്ന ഇടങ്ങളും അടങ്ങുന്ന 1,383 ഹെക്ടര്‍ ഭൂമിയിലൂടെ സെമിഹൈസ്പീഡ് സില്‍വര്‍ലൈന്‍ റെയില്‍പ്പാത നിര്‍മിക്കുന്നത് പ്രളയദുരന്ത ആഘാതം എത്രമേല്‍ വര്‍ധിക്കാന്‍ ഇടയാക്കും എന്ന് ഏതെങ്കിലും രാജ്യാന്തര കണ്‍സള്‍ട്ടന്റുമാര്‍ വേണോ മുഖ്യമന്ത്രിക്കു പറഞ്ഞുകൊടുക്കാന്‍?

2018, 2019 കാലത്തെ പ്രളയത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 4,912.45 കോടിയും കൊവിഡ് കാലത്ത് 830.4 കോടിയും പല ഇനങ്ങളിലായി ലഭിച്ചതായും അതില്‍ നിന്ന് 4,823.01 കോടി ചെലവഴിച്ചതായുമാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ കാണുന്നത്. റീബില്‍ഡ് കേരള ഒന്നാം ഘട്ടത്തില്‍ ലോക ബാങ്ക് മുഖേന 250 ദശലക്ഷം ഡോളറും (1,877 കോടി രൂപ), ഇക്കഴിഞ്ഞ ജൂണില്‍ രണ്ടാം ഘട്ടത്തില്‍ 125 ദശലക്ഷം ഡോളറും (938 കോടി രൂപ), ഫ്രഞ്ച് വികസന ഏജന്‍സിയില്‍ നിന്ന് 100 ദശലക്ഷം യൂറോയും (880 കോടി രൂപ), ജര്‍മന്‍ ബാങ്കില്‍ നിന്ന് 170 ദശലക്ഷം യൂറോയും (2,215 കോടി രൂപ) കിട്ടുമെങ്കില്‍ പ്രളയാനന്തര വികസന പദ്ധതി നേട്ടങ്ങള്‍ ഏറെയുണ്ടാകും സര്‍ക്കാരിന് എടുത്തുകാട്ടാന്‍, എന്നാല്‍ ഇവിടെ തകര്‍ന്നടിഞ്ഞ ജീവിതങ്ങളുടെയും വീണ്ടെടുക്കാനാവാത്ത പ്രകൃതിസ്രോതസുകളുടെയും നിജസ്ഥിതി ആരെങ്കിലും അന്വേഷിക്കുമോ?

 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 


Related Articles

ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ്; എട്ട് പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇടുക്കി 4, കോഴിക്കോട് 2, കോട്ടയം 2, തിരുവനന്തപുരം 1, കൊല്ലം 1 എന്നിങ്ങനെയാണ് പോസിറ്റീവ്

പ്രളയത്തില്‍ തകര്‍ന്ന വീടിനു പകരം പുതിയ വീട് നിര്‍മിച്ച് വൈദികര്‍ മാതൃകയായി

കോട്ടപ്പുറം: പ്രളയത്തില്‍ തകര്‍ന്ന വീടിനു പകരം കുറുമ്പത്തുരുത്ത് മാളിയേക്കല്‍ ജോണ്‍സനും കുടുംബത്തിനും കോട്ടപ്പുറം രൂപതയിലെ വൈദികരുടെ കൂട്ടായ്മയില്‍ പുതിയഭവനം നിര്‍മിച്ചു നല്‍കി. 2018 ആഗസ്റ്റിലുണ്ടായ മഹാപ്രളയത്തിലാണ് ജോണ്‍സന്റെ

എട്ടാം ക്ലാസുകാരന്‍ പഠിപ്പിച്ച കൃപയുടെ പാഠം

വിശുദ്ധ കുര്‍ബാനയ്ക്കിടയിലാണ്, തികച്ചും അവിചാരിതമായി ആ എട്ടാം ക്ലാസുകാരന്‍ എന്റെ ശ്രദ്ധയില്‍പ്പെടുന്നത.് കാല്‍മുട്ട് വരെയുള്ള ട്രൗസറും തൊപ്പിയും-അതായിരുന്നു വേഷം. തുടര്‍ന്നുള്ള ദിവസങ്ങളിലെ ദിവ്യബലിയിലും ആ മകനെ മുന്‍നിരയില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*