പ്രണയകുടീരമായി മാറിയ അല്‍കൊബാക മൊണാസ്ട്രി

മധ്യ പോര്‍ച്ചുഗലിലെ അല്‍കൊബാകയിലെ പുരാതന സന്യാസആശ്രമമാണ് അല്‍കൊബാക മൊണാസ്ട്രി. പോര്‍ച്ചുഗിസ് രാജവാഴ്ചയുമായി അഭേദ്യബന്ധമാണ് ഈ ആശ്രമത്തിനുള്ളത്. 12, 13 നൂറ്റാണ്ടുകളില്‍ യൂറോപ്പിലാകമാനം മൊണാസ്ട്രികളുടെ സ്വാധീനം ഏറെ പ്രകടമായിരുന്നു. ബൗദ്ധികവും രാഷ്ട്രീയവുമായ തലങ്ങളില്‍ സന്ന്യാസികളും ആശ്രമങ്ങളും നിര്‍ണായക സ്ഥാനമാണ് വഹിച്ചിരുന്നത്.
1139ല്‍ അഫോന്‍സോ ഹെന്റിക്വസ് പോര്‍ച്ചുഗലിലെ പ്രഥമ രാജാവായി അഭിഷിക്തനായപ്പോള്‍ (അല്‍ഫോന്‍സോ ഒന്നാമന്) അത്രയുംകാലം രാഷ്ട്രീയാധികാരം കയ്യാളിയിരുന്ന മതവിഭാഗങ്ങള്‍ക്കു മേല്‍ അധീശത്വം സ്ഥാപിക്കേണ്ടത് ആവശ്യമായി വന്നു. 1147ല്‍ പോര്‍ച്ചുഗലിന്റെ മുഖ്യശത്രുക്കളായിരുന്ന മൂറുകളുടെ സാന്റെറം നഗരം കീഴടക്കിയതിന്റെ സ്മരണക്കായാണ് അഫോന്‍സോ പ്രധാനമായും ഈ ആശ്രമം സ്ഥാപിച്ചത്. യുദ്ധത്തില്‍ തന്നെ സഹായിച്ച സിസ്റ്റര്‍സിയന്‍ സഭക്കാര്‍ക്ക് ആശ്രമം രാജാവ് കൈമാറി. ഭരണപരമായ എല്ലാ കാര്യങ്ങളിലും, ആശ്രമാധിപനെ നിയമിക്കുന്നതില്‍ വരെ രാജാവിന്റെ അധികാരം പ്രകടമായിരുന്നു. 1153ലാണ് നിര്‍മാണം പൂര്‍ത്തിയായത്. പോര്‍ച്ചുഗലിലെ ആദ്യകാല ക്ലാസിക് ഗോഥിക് കെട്ടിടങ്ങളിലൊന്നാണിത്. യൂറോപ്പിലെ തന്നെ പ്രധാനപ്പെട്ട പാഠശാലയും മതപ്രബോധനകേന്ദ്രവുമായി അല്‍കൊബാക മൊണാസ്ട്രി മാറി.
ആരാധനാലയങ്ങളും പാഠശാലകളും സന്ന്യസ്ഥരുടെ താമസസ്ഥലങ്ങളും പാചകമുറികളും വിശാലമായ ഭക്ഷണശാലകളും ഉള്‍പ്പെടുന്ന കൂറ്റന്‍ കെട്ടിട സമുച്ചയമാണ് ഈ ആശ്രമം. നിത്യഹരിതമായ ഒരു ദുരന്തപ്രണയ കഥകൂടി ഈ ആശ്രമം സന്ദര്‍ശിക്കുന്നവര്‍ കാണുകയും കേള്‍ക്കുകയും ചെയ്യും. രാജഭരണവും മതവും തമ്മില്‍ അക്കാലത്തുണ്ടായ ബന്ധത്തിന്റെ സാക്ഷ്യം കൂടിയാണിത്.
ആശ്രമത്തിലെ പ്രധാന ആരാധനാലയത്തില്‍ രണ്ടു ശവകുടീരങ്ങള്‍ കാണാം. പീറ്റര്‍ ഒന്നാമന് രാജാവിന്റെയും അദ്ദേഹത്തിന്റെ പ്രണയിനിയായ ഇനസ് ഡി കാസ്ട്രോയുടെയും. പെഡ്രോ രാജകുമാരന് എന്നറിയപ്പെട്ടിരുന്ന പീറ്റര്‍ ഒന്നാമനെ അദ്ദേഹത്തിന്റെ 19-ാമത്തെ വയസില്‍ പിതാവായ അഫോന്‍സോ രാജാവ് (അല്‍ഫോന്‍സോ നാലാമന്) സ്പെയിനിലെ രാജകുമാരിയായിരുന്ന കോണ്സ്റ്റന്കയുമായി വിവാഹം ചെയ്യിച്ചു. സ്പെയിനുമായി രാഷ്ട്രീയബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യമായിരുന്നു പ്രധാനമായും ഈ വിവാഹത്തിനു അഫോന്‍സോ രാജാവിനെ പ്രേരിപ്പിച്ചത്. പെഡ്രോയ്ക്ക് ഈ വിവാഹത്തിന് സമ്മതമായിരുന്നില്ല. സ്പെയിനിലെ തന്നെ ഒരു പ്രഭുകുമാരിയായിരുന്ന ഇനസ് ഡി കാസ്ട്രോയുമായി പെഡ്രോ രാജകുമാരന് കടുത്ത പ്രണയത്തിലായിരുന്നു. രാജകൊട്ടാരത്തിനു സമീപമുള്ള സാന്റാ ക്ലാര എന്ന ആശ്രമത്തില്‍ താമസിക്കുകയായിരുന്നു ഇനസ് ഡി കാസ്ട്രോ.
രാജകുമാരന്റെ പ്രണയവാര്‍ത്ത പുറത്തുവന്നതോടെ രാഷ്ട്രീയ കോളിളക്കത്തിനും അതു കാരണമായി. ഇനസുമായുള്ള ബന്ധം ഉപേക്ഷിക്കുവാന്‍ അഫോന്‍സോ മകന് കര്‍ശന നിര്‍ദേശം നല്‍കിയെങ്കിലും പെഡ്രോ വഴങ്ങിയില്ല. ഇനസിനെ തിരികെ സ്പെയിനിലേക്കയക്കുവാന് രാജാവ് ഉത്തരവായി. എന്നിട്ടും അവരുടെ പ്രണയം അവസാനിച്ചില്ല. 1349ല്‍ കോണ്സ്റ്റന്ക മരിച്ചു. ഇനസിനെ തിരികെ പോര്‍ച്ചുഗലിലേക്കു കൊണ്ടുവന്ന പെഡ്രോ രാജകുമാരന് അവരെ രാജകീയമായ ഒരു എസ്റ്റേറ്റില്‍ താമസിപ്പിച്ചു. രാജകുമാരനും അവരോടൊത്തു കഴിയാന്‍ തുടങ്ങി. അവര്‍ക്കു നാലു മക്കള്‍ പിറന്നു. ഇനസിനെ ഔദ്യോഗികമായി വിവാഹം കഴിക്കണമെന്ന് പെഡ്രോ രാജകുമാരന് ആവശ്യപ്പെട്ടെങ്കിലും രാജാവ് അനുവദിച്ചില്ല. പിന്തുടര്ച്ചാവകാശത്തെ കുറിച്ചുള്ള തര്‍ക്കങ്ങളും അതോടെ സജീവമായി. കോണ്സ്റ്റന്കയുടെ പുത്രനെ പെഡ്രോയുടെ പിന്‍ഗാമിയായി വാഴിക്കണമെന്നായിരുന്നു അഫോന്‍സോ രാജാവ് ആഗ്രഹിച്ചിരുന്നത്.
1355 ജനുവരി 7ന് രാജാവിന്റെ അടുത്ത അനുയായികളായ പെറോ കോയിലോ, അല്‍വാറോ ഗൊണ്‍സാല്‍വസ്, ഡിയോ ലോപസ് പച്ചിക്കോ എന്നിവര്‍ ഇനസിന്റെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി അവരെ കൊലപ്പെടുത്തി. പെഡ്രോ രാജകുമാരന് പിതാവിനെതിരെ തിരിയാന്‍ ഇതുകാരണമായി. താന്‍ സ്വന്തമായി രൂപീകരിച്ച സൈന്യവുമായി പെഡ്രോ കൊട്ടാരം ആക്രമിച്ചു. രണ്ടു വര്‍ഷത്തോളം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിനൊടുവില്‍ പിതാവും മകനും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടായി. 1357ല്‍ അഫോന്‍സോ രാജാവ് മരിച്ചതോടെ പീറ്റര്‍ ഒന്നാമന് എന്ന പേരില്‍ പെഡ്രോ സിംഹാസനസ്ഥനായി. ആദ്യമായി രാജാവ് ചെയ്തത് ഇനസിന്റെ മൃതദേഹം നേരത്തെ സംസ്കരിച്ചിരുന്ന സാന്റാ ക്ലാര മൊണാസ്ട്രിയില്‍ നിന്നും കൊണ്ടുവന്ന് രാജകീയ ഉടയാടകളണിയിച്ച് കൊട്ടാരത്തില്‍ തന്റെ സിംഹാസനത്തിടുത്തിരുത്തുകയായിയിരുന്നു; രാജ്ഞിയുടെ ഇരിപ്പിടത്തില്‍.
രാജസദസിലെ എല്ലാവരും രാജ്ഞിയുടെ കൈചുംബിച്ച് ആദരം പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് മൃതദേഹം പൂര്‍ണബഹുമതികളോടെ അല്‍കൊബാക മൊണാസ്ട്രിയില്‍ മനോഹരമായ കൊത്തുപണികളുള്ള കല്ലറയില്‍ സംസ്കരിച്ചു. ഇനസിന്റെ കല്ലറയ്ക്കു തൊട്ടടുത്തായി ഒരു കല്ലറ കൂടി നിര്‍മിച്ച് മരണശേഷം തന്നെയും അതില്‍ സംസ്കരിക്കണമെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്തു. തന്റെ പ്രണയിനിയുടെ ഘാതകരും പിതാവിന്റെ അനുചരരുമായ മൂന്നുപേരെയും രാജാവ് അന്വേഷിച്ചു കണ്ടുപിടിച്ചു. മൂന്നു പേരെയും സ്വന്തം കൈകൊണ്ട് വധിക്കുകയും ചെയ്തു.
മനുഷ്യന്റെ വിധി, മരണം, അനശ്വരജീവിതമെന്ന ക്രിസ്ത്യന്‍ സങ്കല്പം ഇതൊക്കെയാണ് കല്ലറകളില്‍ ചിത്രീകരിച്ചിരിക്കുന്നത്. 1810ല്‍ നെപ്പോളിയന്റെ സേനകള്‍ മൊണാസ്ട്രിയില്‍ പ്രവേശിച്ച് കല്ലറകള്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ആശ്രമത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും കെട്ടിടത്തിന്റെ നിലവിലുണ്ടായിരുന്ന ഘടനയ്ക്ക് ഒരു മാറ്റവും വരുത്തിയില്ല. വിശുദ്ധ ബെര്‍ണാഡിന്റെ നാമധേയത്തിലുള്ള ഒരു എക്സിബിഷന് ഗാലറിയും ഇവിടെ പ്രവര്‍ത്തിക്കുന്നു. 1907ല്‍ അല്‍കൊബാക മൊണാസ്ട്രിയെ ദേശീയസ്മാരകമായി പ്രഖ്യാപിച്ചു.
Related
Related Articles
ജീവന്റെ മൂല്യത്തിന് വിലകലിച്ച ഡോ. ജാന്ന
പ്രിയകുട്ടികളെ, നമുക്ക് ശിശുരോഗ വിദഗ്ദ്ധയായിരുന്ന ഡോ. ജാന്നയെന്ന വിശുദ്ധയെ പരിചയപ്പെടാം. വാത്സല്യനിധിയായ മകള്‍, സ്നേഹമയിയായ അമ്മ, വിശ്വസ്തയായ ഭാര്യ, ഉത്തരവാദിത്വബോധമുള്ള ഡോക്ടര്‍ എന്നീ നിലകളിലെല്ലാം ജീവിതകാലത്ത് ഇവര്‍
സമ്പൂര്‍ണ ബൈബിള്‍ പാരായണം നടത്തി
കോട്ടപ്പുറം: തിരുപ്പിറവിയുടെ ഒരുക്കമായി കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ ഇടവകയുടെ സമ്പൂര്‍ണ പങ്കാളിത്തത്തോടെ വിശുദ്ധഗ്രന്ഥ പാരായണം നടത്തി. കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് ജോഷി മുട്ടിക്കല്‍ ബൈബിള്‍
ബാലാമിന്റെ അന്ത്യം
ബാലാമിനും കൂടെയുളളവര്‍ക്കും ദൈവദൂതനെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ കഴുതയ്ക്ക് കാണാമായിരുന്നു. കഴുത ഒരടി മുന്നോട്ടുപോകാതെ വഴിയില്‍ കിടന്നു. എത്ര പറഞ്ഞിട്ടും മുന്നോട്ടുപോകാതിരുന്ന കഴുതയെ ബാലാം ശക്തമായി പ്രഹരിച്ചു.