പ്രതികരിക്കാം, പ്രതിയാകാം

വിമര്‍ശനത്തിന്റെയും പരിഹാസത്തിന്റെയും വരയിലും നിതാന്ത നിരീക്ഷണത്തിലും നിന്ന് തന്നെ ഒഴിവാക്കരുതെന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു കാര്‍ട്ടൂണിസ്റ്റ് ശങ്കറോട് അഭ്യര്‍ഥിച്ചിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി വിമര്‍ശനങ്ങള്‍ക്ക് അതീതനല്ലെന്നും ആയതിന് ഉപയോഗിക്കുന്ന ചിന്തയും ഭാഷയും വരയും വാക്കുകളും എത്രത്തോളം കഠിനമാണെങ്കിലും അതില്‍ അല്പം പോലും വിഷമമില്ലെന്നും സഹിഷ്ണുതയോടെ അത് ഉള്‍ക്കൊള്ളുമെന്നുമാണ് പണ്ഡിറ്റ് നെഹ്റു ശങ്കേഴ്സ് വീക്ക്ലിയുടെ സ്ഥാപക പത്രാധിപരായ വിശ്വവിഖ്യാതനായ മലയാളി കാര്‍ട്ടൂണിസ്റ്റിനോടു പറഞ്ഞത്. കശ്മീരി പണ്ഡിറ്റില് നിന്ന് ഗുജറാത്തി മോദിയിലേക്ക് എത്തിനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ആശാവഹമല്ലാത്ത ഒട്ടേറെ സംഭവവികാസങ്ങളാണ് ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമരംഗത്ത് ഇന്ത്യയില്‍ നടമാടുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ജൂണ്‍ 8ന് സംഭവിച്ചത്.
ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് ഉത്തര്‍പ്രദേശ് പൊലീസ് പ്രശാന്ത് കനോജിയ എന്ന ഫ്രീലാന്‍സ് ജേര്ണലിസ്റ്റിനെ അറസ്റ്റു ചെയ്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അപകീര്‍ത്തികരമായ പരാമര്‍ശം ട്വീറ്റ് ചെയ്തു എന്ന കുറ്റം ചുമത്തിയായിരുന്നു നടപടി. ലഖ്നൗവിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൊടുത്ത പരാതിയിന്മേല് ആരോപണവിധേയന് സമന്‍സ് നല്‍കാതെയും ഡല്‍ഹി പൊലീസിനെ അറിയിക്കാതെയുമാണ് ഒരു കൊടുംകുറ്റവാളിയുടെ മുദ്ര ചാര്‍ത്തി ആ മാധ്യമപ്രവര്‍ത്തകനെ പിടികൂടി തടങ്കലിലാക്കിയത്. അന്യായവും നിയമവിരുദ്ധവുമായ ഈ നടപടിക്ക് എതിരെ കനോജിയായുടെ ഭാര്യ ജഗീഷാ അറോറ സുപ്രീം കോടതിയെ സമീപിക്കുകയും കോടതി ജൂണ്‍ 22ന് അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. ”ഒരു പൗരന്റെ സ്വാതന്ത്ര്യമെന്ന അവകാശം അലംഘനീയവും പവിത്രവുമാണ്. ഭരണഘടന ഉറപ്പു നല്കുന്ന പൗരന്റെ മൗലികാവകാശമാണത്. അതു ലംഘിക്കാന്‍ ഒരു ഭരണകൂടത്തിനും അവകാശമില്ല,” എന്നാണ് പ്രതിയെ ഉടന്‍ മോചിപ്പിക്കണമെന്ന ഉത്തരവില്‍ സുപ്രീം കോടതി ജഡ്ജിമാരായ അജയ് റസ്തോഗിയും ഇന്ദിരാ ബാനര്‍ജിയും വ്യക്തമാക്കിയത്.
കേന്ദ്രത്തില്‍ 2014-ല്‍ ബിജെപി നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ചെറിയ തോതില്‍ ആരംഭിച്ച മാധ്യമവേട്ട അതിന്റെ പാരമ്യത്തിലേക്കു കടക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. രണ്ടുവര്‍ഷം മുമ്പ് വിശ്രുത മാധ്യമപ്രവര്ത്തകന് പ്രണോയ് റായ്ക്കും സംഘത്തിനുമുണ്ടായ ദുരനുഭവം ഓര്‍മയിലുണ്ട്. നിഷ്പക്ഷമായ രീതിയില്‍ മാധ്യമധര്‍മ്മം നിര്‍വ്വഹിക്കാന്‍ ശ്രമിച്ച എന്‍ഡിടിവിയുടെ ഒറ്റപ്പെട്ട വിമര്‍ശനത്തിന്റെ സ്വരം ഇല്ലാതാക്കാനായിരുന്നു ശ്രമം. എന്‍ഡിടിവി സാരഥികളെയും പ്രവര്‍ത്തകരെയും ദിവസങ്ങളോളം പീഡിപ്പിക്കുകയും രേഖകളും സാമഗ്രികളും കടത്തിക്കൊണ്ടുപോവുകയും ചെയ്തു. റഫാല്‍ പോര്‍വിമാനങ്ങളുടെ വിഷയത്തില്‍ ‘ദ് ഹിന്ദു’ ദിനപത്രത്തിന് എതിരായി കൈക്കൊണ്ട നടപടികളും ഇവിടെ സ്മരിക്കാം. നാളിതുവരെ ഒരു സൂചി പോലും ഉത്പാദിപ്പിച്ച് പരിചയമില്ലാത്ത, ജനിച്ചിട്ട് കേവലം 15 ദിവസം തികയാത്ത കമ്പനിയെയാണ് ഇന്ത്യന്‍ വ്യോമസേനയ്ക്കായുള്ള ഫ്രഞ്ച് യുദ്ധവിമാനങ്ങളുടെ ഇടപാടില്‍ പങ്കുകാരാക്കിയത്. എയറോസ്പേസ്-ഡിഫന്‍സ് വ്യവസായ രംഗത്ത് ഇന്ത്യയ്ക്ക് രാജ്യാന്തര പ്രശസ്തി നേടിത്തന്നിട്ടുള്ള, ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിനെ (എച്ച്എഎല്‍) നോക്കുകുത്തിയാക്കിയാണ് അംബാനിയുടെ റിലയന്‍സ് കമ്പനിക്ക് ഫ്രാന്‍സിലെ റഫാലുമായി ഇടപാടു നടത്താന്‍ അനുമതി നല്‍കിയത്. പ്രസ്തുത ഇടപാടിലെ ലക്ഷം കോടികളുടെ പിന്നാമ്പുറ കഥകള്‍ രേഖകള്‍ സഹിതം പ്രസിദ്ധീകരിച്ചതിനാണ് എന്‍. റാമിനെയും അദ്ദേഹത്തിന്റെ ഹിന്ദു പത്രത്തെയും ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പേരില്‍ മുള്‍മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചത്.
ഇന്ത്യയിലെ ഏകദേശം എഴുപതോളം ആംഗലേയ-പ്രാദേശികഭാഷ അച്ചടി ദൃശ്യമാധ്യമങ്ങളുടെ നിയന്ത്രണം ഇന്ന് കോര്‍പറേറ്റ് ഭീമന് അംബാനിയുടെ കരങ്ങളിലാണെന്നു നാമറിയുന്നു. ഇതിനായി ലക്ഷം കോടി തുകയാണ് ഇവര്‍ മുടക്കിയിരിക്കുന്നത്. വന്‍തുക പ്രതിഫലമായി നല്‍കിയും വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയുമാണ് ഇവയൊക്കെ വരുതിയിലാക്കുന്നത് എന്നാണ് മാധ്യമ ഉപശാലകളിലെ വര്‍ത്തമാനം. ഇവര്‍ക്കെതിരെ ഉച്ചത്തിലൊന്നു പ്രതികരിക്കുവാന്‍ പോലും പരിണതപ്രജ്ഞരായ മാധ്യമപ്രവര്‍ത്തകരും സ്ഥാപനങ്ങളും ഭയപ്പെടുന്നുവെന്നുള്ളതാണ് യാഥാര്‍ഥ്യം. സംഘപരിവാര്‍ ഭരണം വന്നതിനുശേഷം നിരവധി പ്രഗത്ഭരായ മാധ്യമപ്രവര്‍ത്തകര്‍ ജേര്‍ണലിസത്തോട് വിടപറഞ്ഞ് ജീവിക്കുവാന്‍ മറ്റു തൊഴിലുകള്‍ തേടി പോയിരിക്കുന്നു. മറ്റു ചിലര്‍ തൂലികയും മഷിയും എഴുത്തുമേശയുടെ വശങ്ങളിലേക്കു നീക്കിവച്ച് വാല്മീകത്തില് മുഴുകിയിരിക്കുന്നു. കമ്യൂണിസത്തിന്റെ പേരില്‍ ഭീകരഭരണം തുടരുന്ന വടക്കന്‍ കൊറിയ, ഇസ്ലാമിക ഭരണം കൈയാളുന്ന ഇറാന് തുടങ്ങിയ രാഷ്ട്രങ്ങളിലെ അവസ്ഥ ഇന്ത്യന്‍ മാധ്യമരംഗത്തിന് വന്നു ഭവിച്ചിരിക്കുന്നു. അഡോള്‍ഫ് ഹിറ്റ്ലറിന്റെ നാസി ജര്‍മനിയിലും, മുസോളിനിയുടെ ഫാസിസ്റ്റ് ഇറ്റലിയിലും അനുവര്‍ത്തിച്ച കിരാത മാധ്യമവേട്ടയുടെ ബാലപാഠങ്ങളില്‍ തുടങ്ങി പ്രൈമറി സെക്കന്‍ഡറി തലങ്ങളിലേക്ക് കാര്യങ്ങള്‍ പുരോഗമിക്കുന്നതായുള്ള സൂചനകള്‍ നമുക്ക് ഇന്ത്യയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. കാനോജിയായ്ക്കൊപ്പം ഉത്തരേന്ത്യയില്‍ ഇഷിതാ സിംഗ്, അനൂജ് ശുക്ല തുടങ്ങി അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ കൂടി പൊലീസ് കസ്റ്റഡിലാവുകയുണ്ടായി. പ്രശാന്ത് കനോജിയായ്ക്കു ജാമ്യം ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം പടിഞ്ഞാറന്‍ യൂപിയിലെ ഷാംലീ പട്ടണത്തില്‍ ഇന്‍സ്പെക്ടര്‍ രാകേഷ് കുമാറിന്റെ നേതൃത്വത്തില്‍ മഫ്തിയില്‍ വന്ന പൊലീസുകാര്‍ ഒരു മാധ്യമപ്രവര്‍ത്തകനെ പട്ടാപ്പകല്‍ പരസ്യമായി റോഡിലിട്ട് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനും സമൂഹം സാക്ഷികളാണ്.
ഝാര്‍ഖണ്ഡിലെ ആദിവാസികളുടെയും ദളിതരുടെയും മറ്റ് അധഃസ്ഥിത ജനവിഭാഗങ്ങളുടെയും അവകാശപോരാട്ടങ്ങളില്‍ എണ്‍പത്തിമൂന്നാം വയസിലും കര്‍മനിരതനായ ഈശോസഭാ വൈദികന് സ്റ്റാന്‍ സ്വാമിയുടെ റാഞ്ചിയിലെ ആശ്രമത്തില്‍ മഹാരാഷ്ട്രയിലെ പുനെ സിറ്റി പൊലീസ് സംഘം കഴിഞ്ഞ മാസവും റെയ്ഡിന് എത്തി. ദളിതരുടെ മുന്നേറ്റ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഭീമാ കോരെഗാവ് കേസില്‍ പ്രതിചേര്‍ത്ത് 2018 ഓഗസ്റ്റിലും ഫാ. സ്റ്റാന്‍ സ്വാമിയെ തടവിലാക്കാന്‍ നീക്കമുണ്ടായിരുന്നു. ഇതേ കേസില്‍ സമൂഹത്തിന്റെ വിവിധ ശ്രേണിയിലുള്ള 23 പേര് കൂടി കുറ്റാരോപിതരായി ജാമ്യമില്ലാ വകുപ്പില്‍ തടങ്കലിലായി. ആദിവാസി, ദളിത് ഗോത്രവര്‍ഗ സമൂഹത്തിന് നിഷേധിക്കപ്പെട്ട നീതിക്കായി അടരാടുന്ന സുധീര്‍ ധവാലെ, സുധ ഭരദ്വാജ്, മുതിര്‍ന്ന അഭിഭാഷകന് സുരേന്ദ്ര ഗാഡ്ലിംഗ്, മഹേഷ് റാവത്ത്, പ്രഫ. ഷോമാസെന്‍, അരുണ്‍ ഫെരേര, വെര്‍നോണ്‍ ഗൊണ്‍സാല്‍വസ്, വിശ്രുത കവി വരവര റാവൂ, റോണാ വില്‍സണ്‍ (ഇദ്ദേഹം കൊല്ലം നീണ്ടകര സ്വദേശിയാണ്) ഇങ്ങനെ പോകുന്നു ഇവരുടെ പട്ടിക.
ബിജെപി ഭരിക്കുന്ന ത്രിപുരയില്‍ ബിപ്ലവ് കുമാര്‍ ദേബ് ആണ് മുഖ്യമന്ത്രി. അടുത്തിടെ ഫേസ്ബുക്കില്‍ ഒരു വാര്‍ത്ത പരന്നു. മുഖ്യമന്ത്രിയുടെ ഭാര്യ നിധി ദേബ് വിവാഹമോചനത്തിനായി ഒരുങ്ങുന്നു എന്നതായിരുന്നു വാര്‍ത്ത. ത്രിപുര കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തപസ് ഡേ ഉള്‍പ്പെടെ ഒട്ടേറെ പേര് ഈ വാര്‍ത്താശകലം പങ്കുവച്ചു. പൊടുന്നനെ ത്രിപുര പൊലീസ് ഉണര്‍ന്നെണീറ്റ് ഡല്‍ഹിയില്‍ നിന്ന് അനുപം പാല്, മാധ്യമപ്രവര്ത്തകന് സൈകത് തലാപത്ര തുടങ്ങി ഒട്ടേറെ പേരെ കസ്റ്റഡിയിലെടുത്തു. ഇവരെല്ലാം തന്നെ ഈ വാര്‍ത്ത ഷെയര്‍ ചെയ്യുകയോ, ലൈക്ക് ചെയ്യുകയോ ചെയ്തു എന്നതായിരുന്നു കുറ്റം. മുഖ്യമന്ത്രിയും ഭാര്യയും വിവാഹമോചന വാര്‍ത്ത ശക്തമായി നിഷേധിച്ച് സമൂഹത്തിനു മുമ്പില്‍ വന്നുവെന്നത് പിന്നീടുണ്ടായ സംഭവം.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ജനതാ ദളിന് (സെക്യുലര്‍) നേരിട്ട ദയനീയമായ തോല്‍വിയില്‍ സങ്കടവും രോഷവും പ്രകടിപ്പിച്ചതിനാണ് പാര്‍ട്ടിപ്രവര്‍ത്തകരായ സിദ്ധരാജുവും ചാമരാജും ജയിലിലായത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളുടെ കുടുംബവാഴ്ചയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച സാധാരണ പ്രവര്‍ത്തകരായ പെട്രാള്‍ പമ്പ് തൊഴിലാളിയെയും ടാക്സി ഡ്രൈവറെയും കയ്യാമം നല്‍കിയാണ് പാര്‍ട്ടി ഭരണകൂടം ആദരിച്ചത്. ഇതേസമയത്തു തന്നെ ഛത്തീസ്ഗഡില്‍, റായ്പൂര്‍ സ്വദേശിയായ ലളിത് യാദവിനെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ 67 (എ) വകുപ്പ് ചുമത്തി അറസ്റ്റു ചെയ്തു. മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് അനിഷ്ടം തോന്നിയ വാര്‍ത്ത സമൂഹമാധ്യമത്തില്‍ ഇട്ടതിനായിരുന്നു അറസ്റ്റ്. 2016ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന സിപിഎം നേതൃത്വം നല്കുന്ന സര്‍ക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തി 119 പേരുടെ പേരില്‍ ക്രിമിനല്‍ കേസ് എടുത്തിരിക്കുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച വാര്‍ത്തയില്‍ ഇവരില്‍ 12 പേര് സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരാണ്; ഒപ്പം പ്രതിപക്ഷകക്ഷികളുടെ അനുയായികളും. ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, കര്‍ണാടക, കേരളം, ആസാം, ത്രിപുര തുടങ്ങി ഒട്ടനവധി സംസ്ഥാനങ്ങളിലും ഇന്ത്യയിലാകമാനവും അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങുകള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നു. പണിപൂര്‍ത്തിയായവ അണിയിച്ചുകൊണ്ടിരിക്കുന്നു. അസഹിഷ്ണുത അതിന്റെ പാരമ്യത്തിലേക്ക് കൂപ്പുകുത്തുന്നതിന്റെ കേളികൊട്ട് ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. നെഹ്രുവിന്റെ കാലഘട്ടത്തില്‍ നിന്ന് രാജ്യം എത്രയോ അകലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. പത്രസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മരിചീകയാകുന്ന കാലം അകലെയല്ല.
എന്തു പറയണം, ഏതു വായിക്കണം, എങ്ങനെ എഴുതണം എന്ന് അപരന് തീരുമാനിക്കുന്നിടത്തേക്കാണ് ഈ നാടിന്റെ പ്രയാണം. മുകേഷ് അംബാനി വര്‍ധിത വീര്യത്തോടെ ഓരോ മാധ്യമസ്ഥാപനവും വരുതിയിലാക്കി തന്റെ ജൈത്രയാത്ര തുടരുന്നു. സംഘപരിവാറിന്റെ അകമഴിഞ്ഞ പിന്തുണയോടുകൂടി ബാങ്കുകള്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ അവയുടെ കലവറയ്ക്കുള്ളില്‍ ഭദ്രമായ സാധാരണക്കാരന്റെ നികുതിപണം കോര്‍പറേറ്റ് ഭീമന്റെ താല്പര്യങ്ങള്ക്കായി നിര്‍ലോപം ഒഴുക്കിക്കൊടുക്കുന്നു. എതിര്‍ശബ്ദം പുറപ്പെടുവിക്കുന്നവരെ നിയമത്തിന്റെ പഴുതുകളെ ദുര്‍വ്യാഖ്യാനം ചെയ്തു കാരാഗൃഹത്തില്‍ അടയ്ക്കുന്നു; പീഡിപ്പിക്കുന്നു. പതിനെട്ട് വര്‍ഷം മുമ്പുള്ള കേസ് പൊടിതട്ടിയെടുത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുത്ത് പ്രധാനമന്ത്രിയുടെയും സംഘപരിവാറിന്റെയും കണ്ണിലെ കരടായ ധീരനായ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ഗുജറാത്തിലെ ജയിലറയ്ക്കുള്ളില്‍ അടച്ചിരിക്കുന്നു. ഭാര്യ ശ്വേതാ ഭട്ടിന്റെ വിലാപം സമൂഹമനഃസാക്ഷിയുടെ കര്ണപുടങ്ങളില് മുഴങ്ങുന്നുണ്ട്.
പശ്ചിമ ബംഗാളില്‍ നിന്നു തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച് പാര്‍ലമെന്റില്‍ എത്തിയ മഹുവാ മൊയ്ത്രാ പാര്‍ലമെന്റില്‍ ചെയ്ത കന്നിപ്രസംഗം യൂട്യൂബില്‍ വൈറലാണ്. ഒരു രാജ്യത്ത് കഴിഞ്ഞ 50 വര്‍ഷക്കാലമായി താമസിക്കുന്ന വ്യക്തിയോട് അയാളുടെ പൗരത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുവാന്‍ ആവശ്യപ്പെടുന്നവര്‍ തങ്ങള്‍ പഠിച്ചുവെന്ന് അവകാശപ്പെടുന്ന യൂണിവേഴ്സിറ്റിയില്‍ നിന്നു ലഭിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സമൂഹത്തിനുമുമ്പില്‍ ഹാജരാക്കുവാന്‍ കഴിയാതെ തട്ടുമുട്ടു ന്യായവാദങ്ങള്‍ ഉയര്‍ത്തി പൊതുജനത്തെ വിഡ്ഢികളാക്കുന്നവരാണെന്ന കൗതുകകരമായ യാഥാര്‍ഥ്യത്തിലേയ്ക്കാണ് മഹുവാ മൊയ്ത്രാ നമ്മെ കൂട്ടിക്കൊണ്ടുപോയത്. പാര്‍ലമെന്റിലെ പ്രസംഗത്തിന് നിയമപരിരക്ഷയുണ്ട് എന്ന ഒറ്റക്കാരണം കൊണ്ടാണ് മൊയ്ത്രയ്ക്ക് ഈ പച്ചപരമാര്‍ഥം വിളിച്ചുപറയാന്‍ കഴിഞ്ഞത്.
പ്രതികരിക്കുന്നവനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അകത്താക്കുന്ന പ്രക്രിയ എമ്പാടും തുടര്‍ന്നു കൊണ്ടിരിക്കുന്നു. വരാന്‍ പോകുന്ന വലിയ ആപത്തിന്റെ സൂചനകള്‍ നമ്മെ അസ്വസ്ഥരാക്കുന്നു. വലിയൊരു ഭൂകമ്പത്തിന്റെ നാന്ദി കുറിച്ചുകൊണ്ട് അടിത്തട്ടില്‍ ഉരുകിതിളച്ചു മറിയുന്ന ലാവയുടെ അളവും ആഘാതവും ഇന്ത്യയിലെ സാധാരണക്കാരന്റെ ചിന്തയില്‍ ഇനിയും സജീവമായിട്ടുണ്ടോ? ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധപോല്ക്കര്, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് തുടങ്ങിയുള്ള ഉല്പതിഷ്ണുക്കളും മതേതരവാദികളുമായ ഹിന്ദുക്കളുടെ ഉയര്‍ത്തിപ്പിടിച്ച ശിരസ്സിലേക്കും വിരിഞ്ഞ മാറിലേക്കും വെടിയുണ്ട പായിച്ച ഹിന്ദുത്വവാദികളുടെ തനിനിറം മനസിലാക്കുന്നതില്‍ ഇന്ത്യക്കാര്‍ എന്തുമാത്രം ഗൃഹപാഠം ചെയ്തു? 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അത് എത്രത്തോളം പ്രതിഫലിച്ചു? ഇനിയും തമസിന്റെ സന്തതികളെ തിരിച്ചറിയുന്നതില്‍ എവിടെയാണ് അമാന്തം സംഭവിച്ചിരിക്കുന്നത്? അപായത്തിന്റെ മണിമുഴക്കം എന്തേ ശ്രവിക്കുന്നില്ല!
മാര്‍ഷല്‍ ഫ്രാങ്ക്
Related
Related Articles
2020 ന്യൂസ് മേക്കര്‍ പ്രാഥമിക പട്ടികയില്‍ ജോയി സെബാസ്റ്റിയനും
മനോരമയുടെ ഈ വര്‍ഷത്തെ ന്യൂസ്മേക്കര്‍ അവാര്‍ഡിന് തിരഞ്ഞെടുത്ത പത്തുപേരില്‍ ഒരാളായി ജോയ് സെബാസ്റ്റിയന്. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇന്നോവേഷന്‍ ചലഞ്ചില്‍ ഒന്നാം സ്ഥാനം നേടിയ വി കണ്‍സോളിന്റെ
കൈരളിയുടെ സാംസ്കാരിക രംഗം ഇത്ര ശൂന്യമോ?!
ഫാ. ജോഷി മയ്യാറ്റിൽ സാംസ്കാരിക മേഖലയിലെ ഇന്നത്തെ പരമ ദയനീയമായ കാഴ്ച കഴുത്തില്‍ ബെല്റ്റു വീണ സാംസ്കാരിക നായകന്മാരാണ്. സമൂഹത്തെ അതിഗുരുതരമായി ബാധിക്കുന്ന പൊതുവായുള്ള വിഷയങ്ങള്‍ ബോധപൂര്‍വം
ലോക്ഡൗണ്‍ മേയ് 3വരെ നീട്ടി, യാത്രാനിയന്ത്രണങ്ങളില്‍ ഇളവില്ല
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടി. നാളെ മുതല്‍ ഒരാഴ്ച രാജ്യത്ത് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി