പ്രതിപക്ഷമെന്ന ജനാധിപത്യബോധം

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഫലം എത്തിയിരിക്കുന്ന ചരിത്ര സന്ദര്‍ഭത്തില്‍ ഗൗരവപൂര്‍ണമായ ചില കാര്യങ്ങള്‍ പറേയണ്ടതുണ്ട്. ജനാധിപത്യപരമായി പ്രസക്തമായ കാര്യങ്ങള്‍. ജീവനാദം പ്രസിദ്ധീകരിച്ച ചെറിയൊരു വാര്‍ത്തയില്‍ നിന്നാകട്ടെ ഈ കുറിപ്പിന്റെ തുടക്കം. റോമില്‍ തെരുവില്‍ക്കഴിയുന്ന 430 പേരടങ്ങുന്ന സംഘം താമസിക്കുന്ന സര്‍ക്കാര്‍ വക കെട്ടിടത്തിലെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നത് പുനഃസ്ഥാപിക്കാന്‍ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രയോവ്സ്ക്കി മാന്‍ഹോളിലിറങ്ങി ധീരമായ നടപടിയെടുത്തുവെന്ന വാര്‍ത്ത പ്രധാനപ്പെട്ടതാണ്. കര്‍ദ്ദിനാള്‍ ക്രയോവ്സ്ക്കിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കണം. ഇതൊന്നും മുഖ്യധാരാമാധ്യമങ്ങള്‍ വാര്‍ത്തയാക്കില്ല. അവര്‍ക്ക് പൊടിപ്പും തൊങ്ങലുകളുമുള്ള സെന്‍സേഷണല്‍ വാര്‍ത്തകള്‍ നിര്‍മ്മിച്ചെടുക്കാന്‍ തന്നെ നേരം തികയുന്നില്ലല്ലോ. പക്ഷേ, വാര്‍ത്തയുടെ രാഷ്ട്രീയം കര്‍ദ്ദിനാളിന്റെ പ്രവൃത്തിയുടെ കൗതുകത്തിലൊതുങ്ങുന്നില്ല. ഇറ്റാലിയന്‍ ഗവണ്മെന്റിന്റെ ഉപപ്രധാനമന്ത്രി മത്തേവോ സാല്‍വീനി കര്‍ദ്ദിനാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നു. ഒട്ടും പതറാതെ കര്‍ദ്ദിനാള്‍ ക്രയോവ്സ്ക്കി മത്തേവോ സാല്വീനിക്ക് മറുപടിയും നല്‍കുന്നുണ്ട്. വെള്ളവും വെളിച്ചവും ഭക്ഷണവുമില്ലാതെ ഒരുകൂട്ടം മനുഷ്യര്‍ റോമിന്റെ ഹൃദയഭാഗത്ത് നരകിക്കുന്നത് കാണാന്‍ ഈ ഗവണ്മെന്റിന് കണ്ണില്ലേ എന്നായിരുന്നു കര്‍ദ്ദിനാളിന്റെ വിമര്‍ശനം. ഇത് ധീരമായ സ്വരമാണ്. കത്തോലിക്കാ സഭയുടെ സ്വരമാണ്. ഇത് കേള്‍പ്പിക്കാന്‍ പ്രമുഖ മാധ്യമങ്ങള്‍ തയ്യാറാകാതെ നില്‍ക്കുമ്പോഴും നമ്മുടെ എളിമയുള്ള സ്വരത്തില്‍ ലോകത്തോട് നമ്മള് ഇത് വിളിച്ചുപറയുകയാണ്. എന്തുകൊണ്ടാണ് ഇത് പ്രസക്തമായിത്തീരുന്നത്? ഇറ്റലിയിലും യൂറോപ്പിലാകമാനവും തലപൊക്കി വളരാന്‍ വെമ്പുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും കനത്ത സ്വരമാണ് മത്തേവോ സാല്‍വീനി എന്ന ഇറ്റാലിയന്‍ നേതാവിന്റേത് എന്നു തിരിച്ചറിയുമ്പോഴാണ് കര്‍ദ്ദിനാള്‍ മുന്നോട്ടുവച്ച രാഷ്ട്രീയത്തിന്റെ പ്രസക്തി വ്യക്തമാകുന്നത്. മുസോളിനി പ്രതിനിധാനം ചെയ്ത ഫാസിസത്തിന്റെ വക്താക്കള്‍ യൂറോപ്പിലാകമാനം തലപൊക്കുകയാണ്. നിയോഫാസിസവും നിയോനാസിസവും യൂറോപ്പിനു മീതെ കരിനിഴല്‍ വീഴ്ത്തുന്നു. മത്തേവോ സാല്വീനിയെപ്പോലുള്ള നേതാക്കള്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന നിയോഫാസിസത്തിനു മേല്‍ക്കൈനേടാന്‍ കിണഞ്ഞുപരിശ്രമിക്കുകയാണ്. തീവ്രവലതുപക്ഷത്തിനും തീവ്രഇടതുപക്ഷത്തിനും മേല്‍ക്കൈ കിട്ടാതെ ജനാധിപത്യത്തിനു മുന്കൈലഭിക്കുന്ന നേതൃത്വത്തെ തെരഞ്ഞെടുക്കാന്‍ യൂറോപ്യന്‍ യൂണിയനെ ആഹ്വാനം ചെയ്തുകൊണ്ട് യൂറോപ്യന്‍ യൂണിയനിലെ കത്തോലിക്കാ മെത്രാന്മാര് മുന്നോട്ടുവന്നതിന്റെ രാഷ്ട്രീയവും ഇതുതന്നെ. ഫാസിസവും നാസിസവും യൂറോപ്പിനെയും ലോകത്തെ മുഴുവനും എങ്ങനെയാണ് ധാര്‍മ്മികമായും രാഷ്ട്രീയമായും ക്ഷയിപ്പിച്ചതെന്ന ചരിത്ര സത്യം ലോകം ഇനിയും മറന്നിട്ടില്ല.
ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍, അത് ഏതു രാഷ്ട്രീയ പാര്‍ട്ടികളാല്‍ രൂപീകൃതമായാലും, ഭരണഘടനയെയും ജനാധിപത്യ സംസ്കൃതിയെയും മതനിരപേക്ഷതയെയും ബഹു ഭാഷാ-മത-ന്യൂനപക്ഷ സംസ്ക്കാരങ്ങളെയും നിലനിര്‍ത്തുന്ന, ആദരിക്കുന്ന ഗവണ്മെന്റായിരിക്കണം. ഇന്ത്യയ്ക്കും ഈ നിലപാടുകള്‍ ബാധകമാണ്. വമ്പന്‍ കോര്‍പറേറ്റുകളും ക്രോണിക്യാപ്പിറ്റലിസത്തിന്റെ തലതൊട്ടപ്പന്മാരും ചേര്‍ന്ന് രചിക്കുന്ന തെരഞ്ഞെടുപ്പ് തിരക്കഥകള്‍ക്കനുസരിച്ച് ജനാധിപത്യത്തിന്റെ തെരഞ്ഞെടുപ്പുകള്‍ അധഃപതിക്കുന്നുവെന്നത് അടിസ്ഥാനരഹിത ആരോപണമല്ല. ഇന്ത്യയിലെ ജനാധിപത്യ തെരഞ്ഞടുപ്പുകളില്‍ മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്തുണയുമായെത്തുന്ന, പ്രധാനമായും സാമ്പത്തിക പിന്തുണയുമായെത്തുന്ന, സ്വയംസന്നദ്ധ സംഘങ്ങള്‍, വ്യക്തികള്‍, പാര്‍ട്ടികള്‍ക്കായി നല്കുന്ന തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ എന്നിവയെല്ലാം സുതാര്യമല്ലാതായിരിക്കുന്നുവെന്ന അറിവ് മേല്‍സൂചിപ്പിച്ച വാദമുഖത്തിന് കരുത്തേകുന്നുണ്ട്. ജനാധിപത്യവും തെരഞ്ഞെടുപ്പും രാജ്യഭരണവും ഏറ്റവും ലാഭകരമായ കച്ചവടമായി മാറുന്നുണ്ടോ എന്നത് ഖേദകരമായി, അടിസ്ഥാനമുള്ള സംശയം തന്നെ. തെരഞ്ഞെടുപ്പ് ഫലം വന്നിരിക്കേ, ആര് ഭരണത്തിലേറിയാലും മറക്കരുതാത്ത ചില കാര്യങ്ങളുണ്ട്. എത്രയേറെ പോരായ്മകളുണ്ടായാലും, ജനാധിപത്യ പ്രക്രിയയിലൂടെ തന്നെയാണ് ഇപ്പോഴും ഭരണകക്ഷികളും പ്രതിപക്ഷകക്ഷികളും നിര്‍ണ്ണയിക്കപ്പെടുന്നത്. ഭൂരിപക്ഷം കിട്ടിയെന്ന ഹുങ്കില്‍ പ്രതിപക്ഷസ്വരങ്ങളെ അവഗണിക്കാമെന്ന നിലപാട് ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യ സംസ്കൃതിയില്‍ പാര്‍ലമെന്റ് ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും സംവാദസ്ഥലമാണ്. സംവാദസ്ഥലങ്ങള്‍ തച്ചുടയ്ക്കപ്പെടുന്നിടത്താണ് ഫാസിസം തലനീട്ടുന്നത്. മാധ്യമങ്ങളെ കാണാത്ത, പാര്‍ലമെന്റിന്റെ ചര്‍ച്ചകളെ അവഹേളിക്കുന്ന ഭരണാധികാരികള്‍ ഏകാധിപത്യ സ്വഭാവം പ്രകടിപ്പിക്കുന്നു വെന്നത് യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ ഗവണ്മെന്റിന് നേതൃത്വം നല്‍കിയവരുടെ പല നിലപാടുകളും ഏകാധിപത്യ പ്രവണത പ്രകടിപ്പിച്ചുവെന്ന വിമര്‍ശനത്തില്‍ കഴമ്പില്ലാതില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്ക്കാരികവുമായ നിലപാടുകളെ നാല്പതുകളിലെ യൂറോപ്പിന്റെ നാസിസ്റ്റ്-ഫാസിസ്റ്റ് നിലപാടുകളോട് താരതമ്യം ചെയ്തു നടത്തിയിട്ടുള്ള പഠനങ്ങള്‍ ജനാധിപത്യബോധമുള്ളവരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ബഹുസ്വരതയെയും വിമര്‍ശനങ്ങളെയും അവഗണിക്കുന്ന, മതാധിഷ്ഠിത ദേശീയതയെ അനുകൂലിക്കുന്ന, ന്യൂനപക്ഷ സംസ്ക്കാരങ്ങളെയും നിലപാടുകളെയും രണ്ടാം തരമായി എണ്ണുന്ന വമ്പന്‍ സാമ്പത്തിക സങ്കല്പങ്ങളാല് തൊഴിലിന്റെയും കാര്‍ഷിക വ്യവസ്ഥയുടെയും നട്ടെല്ലൊടിക്കുന്ന, ജീവല്‍ സംബന്ധിയായ പ്രശ്നങ്ങളെ അവഗണിച്ച് ദേശാഭിമാനത്തിന്റെ പൊള്ളയായ ബോധം സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ക്ക് ഏകാധിപത്യ താല്പര്യങ്ങളിലേക്കുള്ള ദൂരം കുറവായിരിക്കും.
തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷനിരയില്പ്പെട്ട പാര്‍ട്ടികള്‍ ഉയര്‍ത്തിയ പല പ്രശ്നങ്ങള്‍ക്കും ജനഹൃദയങ്ങളില്‍ വേണ്ടത്ര വേരോട്ടം നടത്താനായില്ല. ശക്തവും ക്രമീകൃതവുമായ നിലയില്‍ ഭരണസംവിധാനങ്ങളുടെ സഹായത്തോടെ ഭരിക്കുന്ന പാര്‍ട്ടി നടപ്പിലാക്കിയ അജണ്ട തന്നെയാണ് വോട്ടര്‍മാരെ സ്വാധീനിച്ചത്. എങ്കിലും ഒരു സ്വരവും പാഴായിപ്പോകുന്നില്ല. പ്രതിപക്ഷ സ്വരങ്ങളും ജനാധിപത്യത്തിന്റെ ഭാഗം തന്നെ. ജാഗ്രതയോടെയുള്ള നിലനില്‍പ്പാണ് ജനാധിപത്യത്തിന്റെ ബലം നിര്‍ണ്ണയിക്കുന്നത്.
സാമ്പത്തിക കൂട്ടങ്ങള്‍ നിര്‍മ്മിച്ച് രാഷ്ട്രം മുന്നേറുന്നത് വിമര്‍ശനപരമായി ശ്രദ്ധിക്കണം. ഉദാഹരണമായി ‘ബ്രിക്സ്’ സാമ്പത്തിക ഒത്തുചേരലിനെ പരിശോധിക്കുക. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങളുടെ സാമ്പത്തിക ഒത്തുചേരല്‍ കൂട്ടം. ഇതില്‍ ബ്രസീലും റഷ്യയും ചൈനയും ഏതാണ്ട് പൂര്‍ണ്ണമായും ജനാധിപത്യ വിരുദ്ധ സര്‍ക്കാരുകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. സാമ്പത്തിക മുന്നേറ്റത്തിന് ജനാധിപത്യത്തിന്റെ പ്രതിപക്ഷ-വിമത സ്വരങ്ങളെ അമര്‍ച്ച ചെയ്ത് തങ്ങളുടെ താല്പര്യങ്ങളെ ദേശീയ താല്പര്യമാക്കി അവതരിപ്പിക്കുന്ന നിലപാടുകളാണ് ഈ രാഷ്ട്രങ്ങളിലുള്ള ഭരണാധികാരികള്‍ക്കും അവരുടെ പാര്‍ട്ടികള്‍ക്കുമുള്ളത്. ഇന്ത്യയും ആ വഴിക്കുതന്നെ
യാണോ നീങ്ങുന്നത്? ഭരണകൂടസ്ഥാപനങ്ങളെ ബലപ്പെടുത്തിയും ജാഗ്രതയോടെ നിലകൊണ്ടും ബൗദ്ധികമായ വിശകലനത്തില്‍ അതിവൈകാരികതയ്ക്ക് അടിപ്പെടാതെയും നീങ്ങുന്ന പ്രതീക്ഷ സ്വരങ്ങളാണ് ജനാധിപത്യത്തെ നിലനിര്‍ത്തുന്നത്. പുതിയ സര്‍ക്കാരിന്റെ കാലത്തും പ്രതിപക്ഷസ്വരം മുഴങ്ങേണ്ടതുണ്ട്. ജാഗ്രതയുടെ ബലമുണ്ടാകേണ്ടതുണ്ട്. ജനാധിപത്യം പുലരേണ്ടതുണ്ട്.
Related
Related Articles
കോവിഡ് പശ്ചാത്തലത്തില്‍ കൊച്ചിന് കാര്‍ണിവല്‍ ആഘോഷങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി.
കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാനിച്ച് 2020 ഡിസംബര്‍ മാസത്തെ കൊച്ചിന് കാര്‍ണിവല്‍ ആഘോഷപരിപാടികളും ഡിസംബര്‍ 31 നുള്ള ക്രിസ്തുമസ് പപ്പയെ കത്തിക്കലും
ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണം; പ്രാരംഭ അന്വേഷണത്തിന് തുടക്കമായി എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ്
അട്ടിപ്പേറ്റിയുടെ നാമകരണത്തിനുള്ള കാനോനികമായ പ്രാരംഭ അന്വേഷണത്തിന് തുടക്കം കുറിച്ചു. ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ 49-ാം ചരമവാര്‍ഷിക അനുസ്മരണത്തോടനുബന്ധിച്ച് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന ദിവ്യബലിയില്‍ ആര്‍ച്ച്ബിഷപ്
കണ്ണൂര്‍ രൂപത പ്രതിഷേധ ജ്വാല
കണ്ണൂര്‍: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന് അധ്യക്ഷയുടെ ശുപാര്‍ശ വിശ്വാസികളെ ഞെട്ടിച്ചുവെന്ന് കെഎല്‍സിഎ കണ്ണൂര്‍ രൂപതാ സമിതി. പ്രതിഷേധ സൂചകമായി തല ശേരി പഴയ ബസ്