Breaking News

പ്രതിപക്ഷവും വാഴട്ടെയെന്ന് ജനം

പ്രതിപക്ഷവും വാഴട്ടെയെന്ന് ജനം

ജനവിധിയുടെ നീതി അതിശയകരമാണ്. പ്രതിപക്ഷം തീര്‍ത്തും നിര്‍വീര്യമായ അവസ്ഥയില്‍, ഒരുപക്ഷെ 1952ലെയും 57ലെയും ആദ്യത്തെ രണ്ടു പൊതുതെരഞ്ഞെടുപ്പുകള്‍ മാറ്റിനിര്‍ത്തിയാല്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് ഇന്ത്യയില്‍ ഇത്രത്തോളം അനുകൂലമായ രാഷ്ട്രീയ സാഹചര്യം മറ്റൊരിക്കലും ഉണ്ടായിട്ടില്ല. അഞ്ചു മാസം മുന്‍പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അത്യുജ്വല വിജയത്തിന്റെ ഉന്മാദത്തിമിര്‍പ്പിന്റെ അലയൊലിയൊടുങ്ങും മുന്‍പേ, ബിജെപി തികച്ചും ഏകപക്ഷീയമായ അനായാസ വാക്കോവറാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് ഫലപ്രഖ്യാപനത്തിനു മുന്‍പായി കേദാര്‍നാഥ് ദര്‍ശനത്തിനുപോയി രണ്ടാമൂഴത്തിനായി തിലകം ചാര്‍ത്തിയെത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്ണവീസിന്റെ കുതിപ്പിന്മേല്‍ പൊടുന്നനെ ഒരു കടിഞ്ഞാണ്‍ വന്നുവീണു. ശിവസേനയുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടായിട്ടും 288 അംഗ അസംബ്ലിയില്‍ 220 സീറ്റു പ്രതീക്ഷിച്ചിടത്ത് ബിജെപിക്ക് കിട്ടിയത് 105 സീറ്റും ശിവസേനയ്ക്ക് 56 സീറ്റും. 2014 ഒക്‌ടോബറില്‍ ഒറ്റതിരിഞ്ഞുള്ള മത്സരത്തില്‍ ബിജെപിക്ക് 122 സീറ്റും ശിവസേനയ്ക്ക് 63 സീറ്റും ലഭിച്ചിരുന്നു. 145 തികഞ്ഞാല്‍ ഭൂരിപക്ഷമാകുമെങ്കിലും 50:50 അനുപാതത്തിലുള്ള അധികാര പങ്കാളിത്തത്തിന്റെ പേരില്‍ മന്ത്രിസഭാരൂപീകരണ ഘട്ടത്തില്‍തന്നെ ശിവസേന പിടിമുറുക്കുകയാണ്. ശിവസേനയുടെ അരനൂറ്റാണ്ടുകാലത്തെ ചരിത്രത്തില്‍ താക്കറെ കുടുംബത്തില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുപ്പിന് ഇറങ്ങിയ ആദിത്യ താക്കറെ എന്ന ഇരുപത്തൊമ്പതുകാരന് മുഖ്യമന്ത്രിയാകാനുള്ള ഊഴം നിശ്ചയിക്കാതെ കൂട്ടുഭരണ ധാരണയൊന്നുമില്ല എന്ന നിലപാടിലാണവര്‍.
ശരദ് പവാര്‍ നയിക്കുന്ന നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും (എന്‍സിപി), സംസ്ഥാനത്ത് പാര്‍ട്ടിനേതൃത്വം നാമാവശേഷമായ കോണ്‍ഗ്രസും ചേര്‍ന്ന് 98 സീറ്റ് പിടിച്ചടക്കി അപ്രതീക്ഷിത മുന്നേറ്റം നടത്തിയത് മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ രാഷ്ട്രീയ തന്ത്രം അജയ്യവും അപ്രതിരോധ്യവുമാണെന്ന മിഥ്യാസങ്കല്പത്തിന് മോദിയുടെ രണ്ടാമൂഴത്തിന്റെ ആദ്യപാദത്തില്‍തന്നെ ഏല്‍ക്കുന്ന കനത്ത അടിയാണ്. കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും കൂറുമാറി ബിജെപി, ശിവസേന സ്ഥാനാര്‍ത്ഥികളായ 35 പേരില്‍ 19 പെരെങ്കിലും തങ്ങളുടെ മണ്ഡലങ്ങളില്‍ തോറ്റു. ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ ഉള്‍പ്പെടെ മഹാരാഷ്ട്ര മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന എട്ടുപേര്‍ തറപറ്റി. എന്‍സിപിയില്‍ നിന്നു രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ഉദയന്‍രാജെ ഭോസ്‌ലേ – മറാഠാ ഛത്രപതി ശിവാജി മഹാരാജാവിന്റെ വംശപരമ്പരയില്‍പെട്ടയാള്‍ – സത്താറ ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നിലംപൊത്തി. പ്രധാനമന്ത്രി റാലിക്കെത്തിയ ഒന്‍പതിടങ്ങളില്‍ മൂന്നു മണ്ഡലത്തില്‍ ബിജെപിക്കു സീറ്റ് നഷ്ടപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ ഒതുക്കുന്നതിന് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ പ്രത്യേകം നിയോഗിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കുംഭകോണക്കേസില്‍ കള്ളപ്പണം വെളുപ്പിച്ചു എന്നതിന് ഇലക്ഷന്‍ സ്‌പെഷലായി എഴുപത്തൊമ്പതുകാരനായ ശരദ് പവാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയതിന് മറാഠാ ബൂത്തുകള്‍ ചുട്ട മറുപടി നല്‍കുകയായിരുന്നു.
ഹരിയാനയില്‍ ‘അബ് കീ ബാര്‍ സത്തര്‍ പാര്‍’ (ഇക്കുറി 70നും മേലേ) എന്ന മുദ്രാവാക്യവുമായാണ് 90 അംഗ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഭരണത്തുടര്‍ച്ച വാഗ്ദാനം ചെയ്തത്. 2014ല്‍ 47 സീറ്റു നേടി ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ഉറപ്പിച്ചിടത്ത് ഇക്കുറി കേവല ഭൂരിപക്ഷത്തിന് ആറു സീറ്റ് കുറവില്‍ 40 സീറ്റു മാത്രമാണ് ഭരണകക്ഷിക്കു കിട്ടിയത്. ഏഴു ബിജെപി മന്ത്രിമാര്‍ തോറ്റു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 സീറ്റില്‍ ഒതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ 31 സീറ്റ് നേടി ഏവരെയും അമ്പരപ്പിച്ചു. തുടര്‍ച്ചായി രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഒരൊറ്റ സീറ്റുപോലും ഹരിയാനയില്‍ കോണ്‍ഗ്രസിനു കിട്ടിയിരുന്നില്ല. പത്തുകൊല്ലം കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ജാട്ട് നേതാവ് ഭൂപിന്ദര്‍ സിംഗ് ഹുഡ്ഡ (72) അവഗണന സഹിക്കാനാവാതെ പാര്‍ട്ടി വിട്ടുപോകാനൊരുങ്ങുന്ന വേളയിലാണ് സോണിയാ ഗാന്ധി ഒരു മാസം മുന്‍പ് ഹുഡ്ഡയ്ക്ക് തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ പൂര്‍ണ ചുമതല നല്‍കുന്നത്. ഹുഡ്ഡ അങ്ങനെ ഒരു മാസംകൊണ്ട് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ചു, സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന് (58,213 വോട്ട്) റോഹ്തക്കിലെ ഗഡീ സംപ്‌ലാ കിലോയി മണ്ഡലത്തില്‍ വിജയം വരിക്കുകയും ചെയ്തു.
മുത്തച്ഛന്‍ ഓംപ്രകാശ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക്ദളില്‍ നിന്ന് വിഘടിച്ച് 10 മാസം മുന്‍പ് പ്രപിതാമഹന്‍ ദേവിലാലിന്റെ പേരില്‍ ജാട്ട് യുവനേതാവ് ദുഷ്യന്ത് ചൗട്ടാല രൂപം നല്‍കിയ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) 10 സീറ്റുകളില്‍ വിജയിച്ച് പൊടുന്നനെ കിംഗ് മേക്കറായി. 2012-ല്‍ ഒരു എയര്‍ ഹോസ്റ്റസിന്റെയും അവളുടെ അമ്മയുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലായ ഗോപാല്‍ കാണ്ഡാ എന്ന സ്വതന്ത്ര എംഎല്‍എ മറ്റ് ഏഴു സ്വതന്ത്രന്മാരുടെ പിന്തുണയും സമാഹരിച്ച് ബിജെപിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കിയെങ്കിലും കളങ്കിതനായ കാണ്ഡായുടെ പിന്തുണ സ്വീകരിക്കേണ്ട എന്ന നിലപാട് ശക്തമായതോടെയാണ് ദുഷ്യന്ത് ചൗട്ടാലയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കി ജെജെപിയുടെ പിന്തുണയോടെ ഖട്ടര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജാട്ടുകള്‍ പിന്നാക്ക ജാതിസംവരണത്തിനായി നടത്തിയ പ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞ ബിജെപിക്കൊപ്പം ഭരണപങ്കാളിത്തത്തിനു പോകുന്നത് ജനവഞ്ചനയാണെന്ന ആരോപണം ദുഷ്യന്ത് നേരിടുന്നുണ്ട്. ഹരിയാനയില്‍ ഗോവധം നരഹത്യയെക്കാള്‍ വലിയ ക്രിമിനല്‍കുറ്റമായി പ്രഖ്യാപിച്ച പഞ്ചാബിയായ മുഖ്യമന്ത്രി ഖട്ടര്‍ സംസ്ഥാനത്തെ കന്നുകാലി കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയിരുന്നു. 3,206 ജൂനിയര്‍ ബേസിക് അധ്യാപകരുടെ നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ 10 വര്‍ഷത്തെ തടവിനു വിധിക്കപ്പെട്ട് 2013 ജനുവരി മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന അജയ് ചൗട്ടാല മകന്‍ ഉപമുഖ്യമന്ത്രിയാകുമെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ രണ്ടാഴ്ചത്തെ പരോളില്‍ ഇറങ്ങി. ഹരിയാനയിലെ മുന്‍ മുഖ്യമന്ത്രിയും ദുഷ്യന്തിന്റെ മുത്തച്ഛനുമായ ഓംപ്രകാശ് ചൗട്ടാലയും ഈ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്.
ഒരു രാഷ്ട്രം, ഒറ്റ പാര്‍ട്ടി, ഒരേയൊരു നേതാവ് എന്ന ബിജെപിയുടെ പ്രസിഡന്‍ഷ്യല്‍ ഭരണ അജന്‍ഡയും, അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും തീവ്രവാദ ദേശീയതയുടെയും ഹിന്ദുത്വ വര്‍ഗീയതയുടെയും പ്രത്യയശാസ്ത്രവും, കോണ്‍ഗ്രസ്-മുക്ത ഭാരതം എന്ന ബിജെപിയുടെ സ്വപ്‌നവും നിരാകരിക്കുന്നതാണ് രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും 57 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും തെളിഞ്ഞുകാണുന്ന ജനവികാരം. ബിജെപിയെ എതിര്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സഖ്യങ്ങള്‍ക്കും വേണ്ടത്ര രാഷ്ട്രീയ ഇടമുണ്ടെന്നു കൂടി ജനം ഓര്‍മിപ്പിക്കുന്നു. ഇന്ത്യയിലെ ഏക മുസ്ലിം സംസ്ഥാനമായ ജമ്മു-കശ്മീരിനെ മൂന്നു കേന്ദ്രഭരണപ്രദേശങ്ങളായി ഒറ്റരാവുകൊണ്ട് വിഭജിച്ച്, ആ സംസ്ഥാനത്തിന് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കിയിരുന്ന പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയതും, അസമിലെ പൗരത്വ പരിശോധനയും ലക്ഷങ്ങളെ പൗരത്വമില്ലാത്തവരായി അഭ്യന്തര തടങ്കല്‍പാളയങ്ങളില്‍ തള്ളുന്ന നയവും ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയും ഉയര്‍ത്തിക്കാട്ടി തൊഴിലില്ലായ്മയും സാമ്പത്തികഞെരുക്കവും കൃഷിത്തകര്‍ച്ചയും മൂലം ഗതിമുട്ടിയ ജനങ്ങളുടെ വോട്ടു മുഴുവന്‍ പിടിക്കാമെന്ന് ആരും വ്യാമോഹിക്കരുത്.
ഗുജറാത്തില്‍ ബിജെപിയിലേക്കു കൂറുമാറിയ മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ അല്‍പേഷ് താക്കോറും ധവല്‍സിംഹ് ജാലയും ഉപതെരഞ്ഞെടുപ്പില്‍ തോറ്റമ്പി. അവിടെ ഉപതെരഞ്ഞെടുപ്പു നടന്ന ആറു സീറ്റില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് ജയിച്ചു. ബിഹാറില്‍ ബിജെപിയും സഖ്യകക്ഷിയായ ജെഡിയുവും തിരിച്ചടി നേരിട്ടു. ആര്‍ജെഡി രണ്ടു സീറ്റു പിടിച്ചെടുത്തു. അസദുദ്ദീന്‍ ഉവൈസിയുടെ അഖിലേന്ത്യാ മജിലിസെ ഇത്തിഹാദുല്‍ മുസലിമീന്‍ ബിഹാറില്‍ കന്നിവിജയം നേടിയതും ശ്രദ്ധേയമായി. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസും ബഹുജന്‍ സമാജ് പാര്‍ട്ടിയും ഒന്നിച്ചുനിന്നിരുന്നെങ്കില്‍ ബിജെപിയുടെ നില പരുങ്ങലിലായേനെ.
കേരളത്തില്‍ വടക്കും തെക്കും മധ്യകേരളത്തിലുമായി അഞ്ചിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും വോട്ടര്‍മാര്‍ പൂര്‍ണമായി നിരാകരിച്ചത് ബിജെപിയെയാണ്. ശബരിമല പോലുള്ള വൈകാരിക പ്രാധാന്യമുള്ള വിഷയവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അക്രമരാഷ്ട്രീയവും മറ്റും ഉയര്‍ത്തിക്കാട്ടിയിട്ടും എന്‍ഡിഎയ്ക്ക് ഇവിടെ പ്രത്യേകിച്ച് ഒരു ചലനവുമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തി കെട്ടുകെട്ടിച്ചതുതന്നെ മിച്ചം. പാലായ്ക്കു പിന്നാലെ യുഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളായ കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ് തകര്‍പ്പന്‍ അട്ടിമറി വിജയം നേടിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണമികവിനുള്ള അംഗീകാരമാണെന്ന് ബഹുഭൂരിപക്ഷം മലയാളികളും വിശ്വസിക്കാനിടയില്ല. കോണ്‍ഗ്രസിന്റെ തോല്‍വിക്കും തിരിച്ചടികള്‍ക്കും കാരണം ഉള്‍പ്പോരുകളും സ്ഥാനാര്‍ഥിനിര്‍ണയം തൊട്ടുള്ള വിഴുപ്പലക്കലും ഗ്രൂപ്പുകളിയുമാണെന്നതില്‍ തര്‍ക്കമില്ല. സവര്‍ണജാതി രാഷ്ട്രീയത്തിലെ ശരിദൂര നയം തിരിച്ചടിക്കും ജാതിധ്രുവീകരണത്തിനും ഇടയാക്കി എന്ന വ്യാഖ്യാനം പഠനാര്‍ഹമാണ്. വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും കോണ്‍ഗ്രസിന്റെ കരുത്തരായ എംഎല്‍എമാരെ – കെ. മുരളീധരനെയും അടൂര്‍ പ്രകാശിനെയും – ലോക്‌സഭാ സ്ഥാനാര്‍ഥികളാക്കിയതിനുള്ള വോട്ടര്‍മാരുടെ തിരിച്ചടിയല്ലേ അവിടെ നാം കണ്ടത്! അരൂരില്‍ ആദ്യമായി കോണ്‍ഗ്രസ്, അതും ഒരു വനിത, ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചത് എങ്ങനെയെന്നും എല്‍ഡിഎഫ് സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടതാണ്.
കനത്ത മഴയും വെള്ളക്കെട്ടും മൂലം പോളിംഗ് ഗണ്യമായി കുറഞ്ഞ എറണാകുളത്ത് യുഡിഎഫിന്റെ ടി.ജെ. വിനോദ് നേര്‍ത്ത ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്. ഹൈബി ഈഡന്‍ 21,949 വോട്ടിനു ജയിച്ച മണ്ഡലത്തില്‍ വിനോദിന്റെ ഭൂരിപക്ഷം 3,750 വോട്ടു മാത്രം. വ്യാപകമായ വെള്ളക്കെട്ടില്‍ ബൂത്തുകള്‍ മുങ്ങിയപ്പോള്‍ പോളിംഗ് നീട്ടാതിരുന്നത് യുഡിഎഫിനാകും കനത്ത ചേതമുണ്ടാകുക എന്ന കണക്കുകൂട്ടലിലായിരുന്നോ? 2016ല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ എം. അനില്‍കുമാര്‍ 35,870 വോട്ടു പിടിച്ചപ്പോള്‍ ഇക്കുറി ഇടതുസ്വതന്ത്രനായ മനു റോയിക്കു കിട്ടിയത് 33,843 വോട്ടാണ്. രണ്ടു പ്രധാന മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ ഇത്തവണ ലത്തീന്‍ സമുദായത്തില്‍ നിന്നായിരുന്നുതാനും.


Tags assigned to this article:
electionLDFnarendramodipoliticsUDF

Related Articles

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി. വിജയമോഹന്‍ അന്തരിച്ചു.

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി. വിജയമോഹന്‍(65) നിര്യാതനായി. മലയാള മനോരമ ഡല്‍ഹി  സീനിയര്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്നു. കോവിഡ് രോഗബാധയെത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. നെടുമങ്ങാട് കരിങ്ങയില്‍ കാരക്കാട്ടുകോണത്തു

ചെല്ലാനം തുറമുഖവും യാഥാര്‍ത്ഥ്യങ്ങളും

കടലിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിശോധിക്കാതെയും പഠനം നടത്താതെയും ലഭ്യമായ ഇടങ്ങള്‍ക്കും പൊഴികള്‍ക്കും പ്രാധാന്യം നല്‍കിയാണ് തുറമുഖ വകുപ്പ് പല തുറമുഖങ്ങളും ആരംഭിച്ചിട്ടുള്ളത്. നിര്‍മാണം പൂര്‍ത്തിയായതും പണി നടക്കുന്നതും

കൊവിഡ്: സെഹിയോന്‍ ധ്യാനകേന്ദ്രം വിട്ടുനല്‍കി

പത്തനംതിട്ട: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസലേഷന്‍ വാര്‍ഡ് ഒരുക്കാന്‍ കുന്നന്താനം സെഹിയോന്‍ ധ്യാനകേന്ദ്രം വിട്ടുനല്‍കി. ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സിറിയക് കോട്ടയിലില്‍നിന്ന് മാത്യു ടി. തോമസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*