Breaking News

പ്രതിയാകുന്നത് പൂവന്‍കോഴികള്‍ മാത്രമല്ല സര്‍!

പ്രതിയാകുന്നത് പൂവന്‍കോഴികള്‍ മാത്രമല്ല സര്‍!

എന്തിനെക്കുറിച്ച് പറയുന്നു എന്നതു പോലെ പ്രധാനപ്പെട്ടതാണല്ലോ എങ്ങനെ പറയുന്നുവെന്നതും. ‘ക്രിസ്തമസിന്റെ തലേന്നാള്‍ ചെലവായ മദ്യം’ എന്ന വാര്‍ത്ത അത്ര നിഷ്‌കളങ്കമായ ഭാഷാപ്രയോഗമല്ല. സകലമാന മദ്യപന്മാരും ക്രിസ്മസില്‍ തടിച്ചുകൂടി കേരളത്തിന്റെ ഖജനാവിന് കാര്യമായ ഉണര്‍വ് നല്‍കിയെന്നാണ് വാര്‍ത്തയുടെ ഉള്ളടക്കം. ഓടിക്കൂടിയവരും മദ്യം വാങ്ങിയവരും ഖജനാവിന് കനംവയ്പിച്ചവരും ക്രിസ്മസ് ആഘോഷക്കാരായിരുന്നവെന്ന നിലയില്‍ വാര്‍ത്ത വരുന്നതിന്റെ പശ്ചാത്തലം ക്രൈസ്തവ നിലപാടുകള്‍ക്കെതിരെ പൊതുസമൂഹം ഇന്ന് കൊണ്ടാടുന്ന പല കാര്യങ്ങളുമെന്നതുപോലെ തന്നെ ഗൗരവതരമായ ആരോപണമായി വായിച്ചെടുക്കാവുന്നതാണ്. റെയ്മണ്ട് വില്യംസിനെപ്പോലുള്ള സാംസ്‌കാരിക ചിന്തകര്‍ പറയുന്നതുപോലെ നിരന്തരമായി പറഞ്ഞ് ഉറപ്പിച്ചെടുക്കുന്ന ചില പ്രയോഗങ്ങള്‍, സാമൂഹ്യമായ യാഥാര്‍ഥ്യങ്ങളെ രൂപപ്പെടുത്തുന്ന ബലതന്ത്രങ്ങളാണ്. ക്രിസ്ത്യാനികളുടെ ജീവിതവുമായി ബന്ധപ്പെട്ട് മാംസഭോജനവും കള്ളുകുടിയും ആഘോഷത്തിന്റെ ഭാഗം തന്നെയായിട്ടാണല്ലോ പൊതുബോധത്തിനായി കലാകാരന്മാര്‍ നിര്‍മിച്ചു നല്‍കിയിരിക്കുന്നത്. ഈ പൊതുബോധ നിര്‍മിതിക്ക് പ്രധാനമായും പങ്കുവഹിച്ചെത്തുന്ന സിനിമകള്‍, കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ പൊതുവായ സാമൂഹ്യജീവിതം ഈ നിലയിലാണ് എന്ന കഥ മെനഞ്ഞെടുത്ത് കൊടുക്കുകയും ചെയ്തിട്ടുണ്ട്. പഴയകാലത്ത് സിനിമാപ്രദര്‍ശനത്തിനുമുന്‍പ് എഴുതിക്കാണിച്ചിരുന്ന വാക്യം ഓര്‍മയുണ്ടോ? ‘ഈ കഥയും ഇതിലെ കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആളുകളുമായി യാതൊരുവിധത്തിലും ബന്ധമുള്ളതല്ല. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍ അത് തികച്ചും യാദൃഛികം മാത്രം’. നിയമപരമായ ചില മുന്‍കരുതലായിട്ടാണ് ഈ വാചകമടി മനസിലാക്കപ്പെടുന്നത്. പിന്നീട് സിനിമ തുടങ്ങുമ്പോള്‍ നമ്മള്‍ കാണുന്നു, വില്ലന്‍ കഴുത്തില്‍ കുരിശും തൂക്കി മയക്കുമരുന്നും വിറ്റ്, കൊലപാതകവും നടത്തി കാര്യങ്ങള്‍ ബഹുജോറാക്കുന്നു. ചില മതന്യൂനപക്ഷങ്ങളിലെ പേരുകാര്‍ മാത്രമാണ് ഇങ്ങനെ അവതരിപ്പിക്കപ്പെടുന്ന കഥാപാത്രങ്ങള്‍. കഥാപാത്രങ്ങള്‍ക്ക് ഏതെങ്കിലും പേരുകള്‍ കൊടുക്കേണ്ടേ? അത് സാങ്കല്പികമല്ലേ? അതിന് മതങ്ങള്‍, സമുദായങ്ങള്‍ എന്നിവ ഇത്തരത്തില്‍ ക്ഷുഭിതരാകേണ്ടതുണ്ടോ? കലയുടെ സ്വതന്ത്രമായ ആവിഷ്‌ക്കാരങ്ങളെ മതത്തിന്റെയും സമുദായത്തിന്റെയും കണ്ണടകള്‍വച്ച് നോക്കിക്കാണേണ്ടതുണ്ടോ? ഇങ്ങനെയുള്ള ചോദ്യങ്ങളാണ് എതിര്‍വാദമായി ഉയര്‍ത്തപ്പെടുന്നത്. നല്ല ചോദ്യങ്ങളാണ്. പക്ഷേ അല്പം പഴക്കമുള്ളവയാണെന്നു മാത്രം. സന്തോഷ് ഏച്ചിക്കാനം എഴുതിയ ‘ബിരിയാണി’ എന്ന കഥയെ വിമര്‍ശിച്ച് റോബിന്‍ ഡിക്രൂസ് കഴിഞ്ഞിടെ എഴുതിയ കുറിപ്പ് കഥയിലെ സാംസ്‌കാരിക പരിസരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിരുന്നു. സാംസ്‌കാരിക നിരൂപണമായിവരുന്ന പുതുകാലപഠനങ്ങള്‍ ഗൗരവതരമായി സാംസ്‌കാരിക ബിംബങ്ങളെ കാണുന്നുണ്ട്. ബോധപൂര്‍വമായോ അല്ലാതെയോ കലാരൂപങ്ങളിലൂടെ സമൂഹത്തിലേക്ക് ചൊരിഞ്ഞിടുന്ന സാംസ്‌കാരിക ബിംബങ്ങള്‍ അവയുടെ ധര്‍മമായി പൊതുബോധ നിര്‍മിതിയെ ഏറ്റെടുക്കുന്നുണ്ട്. ‘പൂമുഖ വാതില്ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളായി ഭാര്യ’ നില്ക്കുന്നത് ഇത്തരമൊരു പൊതുബോധ നിര്‍മിതിയുടെ ഭാഗമായാണ്.
കുടിയേറ്റ ക്രൈസ്തവരെയും തീരദേശക്രൈസ്തവരെയും ആഘോഷമായി അവതരിപ്പിച്ച സിനിമകള്‍ സംസ്‌കാര പഠനങ്ങള്‍ക്ക് വിധേയമാക്കിയാല്‍ പൊതുസമൂഹത്തില്‍ ഈ സമുദായങ്ങള്‍ക്ക് വന്നുഭവിക്കുന്ന പരിക്കുകള്‍ വ്യക്തമാകും. ഇത് സിനിമയ്ക്ക് മാത്രം ബാധകമായ കാര്യമല്ല. മാധ്യമങ്ങള്‍ പൊതുവെ സ്വീകരിക്കുന്ന നിലപാടുകള്‍, ഭാഷാപ്രയോഗങ്ങള്‍ തുടങ്ങിയവയെല്ലാം പൊതുബോധ നിര്‍മിതിയില്‍ പങ്കുപറ്റുന്നുണ്ട്. ഇതിന്റെ വെളിച്ചത്തിലാണ് ‘ക്രിസ്മസ് മദ്യവ്യാപാരം’ എന്ന ഭാഷാപ്രയോഗത്തെ പരിശോധിക്കേണ്ടത്.
ക്രൈസ്തവ വിശ്വാസജീവിത പരിസരങ്ങളെ അവമതിപ്പോടെ അവതരിപ്പിക്കുന്ന പ്രവണതയെയും നിശിതമായ വിമര്‍ശനബുദ്ധിയോടെ നമ്മള്‍ കാണേണ്ടതുണ്ട്. ഏറ്റവും അടുത്ത ഉദാഹരണമായി ഉണ്ണി ആര്‍-ന്റെ ‘സങ്കടം’ എന്ന ചെറുകഥയെ അധികരിച്ച്, അദ്ദേഹത്തിന്റെ തന്നെ ഒരു നോവലെറ്റിന്റെ തലക്കെട്ട് സ്വീകരിച്ച് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘പ്രതി പൂവന്‍ കോഴി’ എന്ന സിനിമയെ പരിശോധിക്കുക. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമമാണ് ചര്‍ച്ച ചെയ്യുന്ന പ്രമേയം. ഗൗരവതരമായ വിഷയമാണ് ലളിതമായി, ദുര്‍ഗ്രഹതയുടെ ജാടയില്ലാതെ, വൈകാരികക്ഷോഭത്തിന്റെ പ്രകടനമായി സിനിമ അവതരിപ്പിക്കുന്നത്. കുറ്റത്തെയും ശിക്ഷയെയുംകുറിച്ചുള്ള ജനാധിപത്യ സംവിധാനങ്ങളിലെ അന്വേഷണം പക്ഷേ, സിനിമയുടെ പ്രമേയ പരിസരത്തിലില്ല. കുറ്റവാളികള്‍ ഉടനടി ശിക്ഷിക്കപ്പെടണമെന്നാണ് സിനിമയുടെ പക്ഷം. പ്രേക്ഷകര്‍ക്കും അതില്‍ സന്തോഷം. അടുത്തിടെ നാട്ടില്‍ ചര്‍ച്ചയായ ചില കൊലപാതകങ്ങള്‍, ശിക്ഷയായി ചര്‍ച്ച ചെയ്യപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നല്ലോ. കുറ്റാരോപിതര്‍ക്ക് ഉടനടി ശിക്ഷ എന്ന സാമൂഹ്യാവശ്യത്തിന്റെ പ്രമേയപരിസരത്തോടൊപ്പം ഇരയാകുന്നവര്‍ പ്രതികരിക്കേണ്ടതുണ്ടെന്നും പുരുഷാധിപത്യത്തെ ചെറുക്കേണ്ടതുണ്ടെന്നും തുടങ്ങിയ പാഠങ്ങളും സിനിമ മുന്നോട്ടുവയ്ക്കുന്നു. താല്പര്യത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രമേയമാണെങ്കിലും ഈ കുറിപ്പിന്റെ താല്പര്യവും ശ്രദ്ധയും പക്ഷേ, തിരക്കഥയിലെ മറ്റു ചില കാര്യങ്ങളിലാണ്. കോട്ടയം അങ്ങാടിയില്‍ തരക്കേടില്ലാത്ത ഗുണ്ടായിസം കാണിക്കുന്ന ആന്റപ്പന്റെ ഇടിപ്രയോഗങ്ങളെ തിരക്കഥാകൃത്തും സംവിധായകനും തമാശയാക്കി പറയുന്നത് ‘കുര്‍ബാനയും കൂദാശയുമെന്നാണ്.’ കുനിച്ചുനിര്‍ത്തി ആന്റപ്പന്റെ മുതുകത്ത് ‘കുര്‍ബാന’ കൊടുക്കണമെന്ന് നായികയെക്കൊണ്ട് പറയിപ്പിക്കുന്നതിലെ ‘ഹാസ്യം’ എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല. നാട്ടിലെ ചെറിയൊരു സമൂഹം അവരുടെ വിശ്വാസസംബന്ധിയായി പാവനമായി കരുതുന്ന വാക്കുകള്‍, വിശ്വാസത്തിന്റെ അടയാളങ്ങള്‍ ഒരു സെക്യുലര്‍ ജനാധിപത്യരാഷ്ട്രത്തില്‍ തമാശയായും അവഹേളനപരമായും അവതരിപ്പിക്കപ്പെടുന്നെങ്കില്‍, ഏത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലായാലും അതിന്റെ ഉദ്ദേശ്യം അത്രയ്ക്ക് നിഷ്‌ക്കളങ്കമല്ല. പണ്ട്, സത്യന്‍ അന്തിക്കാടിന്റെ ‘മനസിനക്കരെ’ സിനിമയിലും ഇത്തരമൊരു പ്രമേയം കേട്ടിരുന്നു. ‘കുനിച്ചുനിര്‍ത്തി മുതുകത്ത് എത്ര കുര്‍ബാന കിട്ടി മോനേ’ എന്ന നിലയില്‍. ഉണ്ണിയുടെ തിരക്കഥയുടെ ഉദ്ദേശ്യങ്ങളില്‍ നുഴഞ്ഞുകയറിയ മറ്റു ചില സാംസ്‌കാരിക കാര്യങ്ങളുമുണ്ട്. സിനിമയിലെ നായികയുടെ കൂട്ടുകാരി റോസമ്മ (അത് പിന്നെ റോസി തന്നെ ആകണമല്ലോ) തന്റെ കന്നത്തരങ്ങള്‍ക്കിടയില്‍ വിവാഹിതയാകുന്നു. തന്റെ ഭര്‍ത്താവ് എത്ര നിഷ്‌ക്കളങ്കനാണെന്ന് കൂട്ടുകാരിയോട് പറയുന്നു. പിന്നെ ആത്മഗതമാണ്: ‘എല്ലാം തിരുക്കുടുംബത്തിനുവേണ്ടിയാണല്ലോ എന്നോര്‍ത്ത് ആശ്വസിക്കുകയാണ് ഞാന്‍’. കുടുംബത്തിന്റെ കന്നത്തരങ്ങള്‍, തിരുക്കുടുംബമെന്ന പാവനമായ ആശയത്തോട് കുരുക്കിയിടുന്ന സാംസ്‌കാരികരൂപം, മഹാകഷ്ടമല്ലേ എഴുത്തുകാരാ! താങ്കളുടെ ‘ഒറ്റപ്പെട്ടവന്‍’ പോലുള്ള കഥകള്‍ ഈ സമൂഹത്തെ കുറെക്കൂടി ധ്യാനാത്മകമാക്കിയിരുന്നല്ലോ! സിനിമയിലെ ഇത്തരം പ്രയോഗങ്ങള്‍ പക്ഷേ, പൊതുവായ മതവിരോധത്തില്‍നിന്ന് ഉടലെടുക്കുന്നതല്ല തന്നെ. പ്രതികാരത്തിനായി ഇറങ്ങിത്തിരിക്കുന്ന നായികയുടെയും അവളുടെ കൂട്ടുകാരിയുടെയും മുന്നില്‍ വെട്ടേറ്റുവീഴുന്ന ആന്റപ്പനെ, അവര്‍ രണ്ടുപേരും തന്നെയാണ് ആശുപത്രിയിലെത്തിക്കുന്നത്. ആ വഴിയേ വരുന്ന ടാക്‌സി ഡ്രൈവര്‍ അവരെ സഹായിക്കുന്നു. ആന്റപ്പനെ ആശുപത്രിയിലാക്കുന്നു. ടാക്‌സി മുന്നോട്ടുപോകുന്ന വഴിയില്‍ ഡ്രൈവര്‍ അവരോട് ചോദിക്കുന്നു: ‘ഇയാള്‍ നിങ്ങളുടെ ആരാ?’ ഞങ്ങളുടെ ആരുമല്ലായെന്ന് കൂട്ടുകാരികള്‍ പറയുന്നു. ഡ്രൈവര്‍ ആത്മഗതം ചെയ്യുന്നു: ‘പടച്ചോനെ കാത്തുകൊള്ളണേ’. ഇതും സാംസ്‌കാരിക വിനിമയമാണ്. ഇത് മതപരമായ സ്പര്‍ശമുള്ള വാക്യമാണ്. പക്ഷേ, അത് പ്രസരിപ്പിക്കുന്ന ചൈതന്യം പ്രസാദകരമാണ്. വളരെ നല്ലത്. പക്ഷേ, ഇകഴ്ത്തലിനും പുകഴ്ത്തലിനും വിധേയമാകുന്ന മതാത്മകതയുടെ സാംസ്‌കാരിക-രാഷ്ട്രീയ പരിസരങ്ങളിലെ വകതിരിവുകളും വേറുകൂറുകളും കാണികള്‍ക്ക് പിടികിട്ടില്ലായെന്ന് എഴുത്തുകാര്‍ ശഠിക്കരുത്. അവാര്‍ഡൊക്കെ രണ്ടുകൈയും നീട്ടി സ്വീകരിച്ചോളൂ. അതിലൊന്നും പരാതികളില്ല. പക്ഷേ, സാംസ്‌കാരികമായി വിനിമയം ചെയ്യുന്ന അര്‍ഥങ്ങള്‍ സാമൂഹ്യജീവിതത്തിലെ ചില വിഭാഗങ്ങള്‍ക്കെങ്കിലും പരിക്കുകളേല്പിക്കുന്നുണ്ട്. ബുദ്ധിജീവി നാട്യങ്ങളില്ലാതെയുള്ള സത്യസന്ധമായ നേട്ടങ്ങള്‍ കലയേയും സ്വാതന്ത്ര്യത്തെയും ചിലപ്പോഴെങ്കിലും പ്രതിക്കൂട്ടിലാക്കിയേക്കാം. പ്രതി എപ്പോഴും പൂവന്‍കോഴി മാത്രമായിരിക്കില്ല! പൂവന്‍കോഴിയെ അണിയിച്ചൊരുക്കുന്ന സാംസ്‌കാരിക പൊതുബോധ നിര്‍മിതികളുമാകാം. ഇതുകൂടി വിമര്‍ശനബുദ്ധ്യാ നോക്കുമ്പോഴാണല്ലോ കലയുടെ പ്രമേയപരിസരങ്ങളില്‍ നാറുന്ന സാംസ്‌കാരിക വിസര്‍ജ്യങ്ങള്‍ ചിതറിയിട്ടുണ്ടെന്ന് തിരിച്ചറിയാനാകുന്നത്. ഒരു വിശ്വാസീസമൂഹത്തെ അതിന്റെ അനുഷ്ഠാനപരതകളുടെ പേരില്‍ അവഹേളിക്കുന്ന ഹാസ്യം അത്രയ്ക്ക് നിഷ്‌ക്കളങ്കമായ ശ്രമമല്ലെന്ന് ചുരുക്കം. കലയുടെ കച്ചവടത്തിനായി ചില വിട്ടുവീഴ്ചകള്‍ നടത്തുന്നുവെന്ന് മാത്രമായി ഈ ശ്രമങ്ങളെ കാണാനാകുമോ? കച്ചവടത്തിന്റെ പേരില്‍ ഒരു സമൂഹത്തെ സാംസ്‌കാരികമായി അരികിലാക്കണമോ? വര്‍ഷാവസാനത്തിന്റെ മദ്യക്കച്ചവട കണക്കിനെ ക്രിസ്മസിന്റെ കള്ളിയില്‍ എഴുതിച്ചേര്‍ക്കുന്ന മാധ്യമ ധര്‍മക്കാര്‍, മാസം മുഴുവന്‍ മദ്യം വില്ക്കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ സംസ്‌കാരിക അപചയത്തെ കാണാതെ പോകുകയാണോ? അതോ കണ്ടില്ലെന്ന് നടിക്കുകയാണോ?


Related Articles

കണ്ണൂർ വിമാനത്താവളം: ടിക്കറ്റ് ബുക്കിംഗ് തിങ്കളാഴ്ച തുടങ്ങും

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഡിസംബർ ഒൻപതിന് വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്താൻ എയർ ഇന്ത്യാ എക്സ്‌പ്രസിന് അനുമതി ലഭിച്ചു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് വെള്ളിയാഴ്ച

വേണം, പൗരോഹിത്യത്തിന്റെ ആഴങ്ങളിലേക്കൊരു തീര്‍ത്ഥാടനം

മനുഷ്യനായി തീര്‍ന്ന തമ്പുരാന്‍ അപ്പമാകാന്‍ കൊതിച്ചപ്പോള്‍ ദിവ്യകാരുണ്യം ജനിച്ചു. മഹാകാരുണ്യവും ദിവ്യമായ സ്‌നേഹവും വിളിച്ചോതുന്ന പരിശുദ്ധ ബലിയുടെ സ്ഥാപനം ഓര്‍മിക്കുന്ന പുണ്യദിനമാണ് വിശുദ്ധവാരത്തിലെ പെസഹാവ്യാഴം. സ്‌നേഹത്തിന്റെ ആ

ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിൽ

ഇന്ത്യയിൽ മനുഷ്യാവകാശ പ്രവർത്തകർ വലിയ സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാച്ച്‌ലറ്റ് പ്രസ്താവനയിൽ പറഞ്ഞു. പൗരാവകാശ പ്രവർത്തകരെ പ്രതികളാക്കുന്നത് ഒഴിവാക്കണമെന്നു യുഎൻ മനുഷ്യാവകാശ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*