പ്രതിരോധ കോട്ട തീര്‍ക്കാം പുതുവര്‍ഷത്തില്‍

പ്രതിരോധ കോട്ട തീര്‍ക്കാം പുതുവര്‍ഷത്തില്‍

പുതുവത്സരപ്പിറവിയില്‍ കേരളം ലോക റെക്കോഡുകളുടെ ഗിന്നസ് ബുക്കില്‍ രണ്ടുമൂന്ന് ഇനങ്ങളിലെങ്കിലും ഇടം നേടും – കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ തീരദേശ ജില്ലകളിലായി ദേശീയപാതയില്‍ പടിഞ്ഞാറെ ഓരംചേര്‍ന്ന് വടക്കുതെക്കായി 620 കിലോമീറ്റര്‍ നീളത്തില്‍ അണിനിരക്കുന്ന ഇടതുപക്ഷ മതേതര പുരോഗമന പ്രസ്ഥാനങ്ങളിലെയും നിരവധി സാമുദായിക-ജാതി സംഘടനകളിലെയും വനിതകളുടെ നിരയടുക്കുകൊണ്ടു തീര്‍ക്കുന്ന മതിലും അതിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് സമാന്തരമായി നിലയുറപ്പിക്കുന്ന പുരുഷന്മാരുടെ നിരയും ചേര്‍ന്നു സൃഷ്ടിക്കുന്ന മീറ്റര്‍തോതുവച്ച് അളക്കാവുന്നതും ഉപഗ്രഹ നിരീക്ഷണംകൊണ്ട് സ്ഥിരീകരിക്കാവുന്നതുമായ ഭൗതിക വിസ്മയത്തിന്റെ റെക്കോഡാണ് പ്രാഥമികം. 30 ലക്ഷത്തിലേറെ വനിതകളുടെ മതില്‍ എന്നാണ് സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയും സിപിഎം സംസ്ഥാന കമ്മിറ്റിയും നവോത്ഥാനമൂല്യ സംരക്ഷണ സമിതിയും പുരോഗമനവാദികളും അവകാശപ്പെടുന്നത്. റിഹേഴ്‌സലും പ്രതിജ്ഞയെടുക്കലുമായി അഭൂതപൂര്‍വമായ ഈ മഹാസംഭവം കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണ ചരിത്രത്തിലെ നാഴികക്കല്ലാകുന്നതോടൊപ്പം ഗിന്നസ് റെക്കോഡുമാകുമെന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
കേരളത്തിന്റെ അസ്തിവാരം തകര്‍ത്ത നൂറ്റാണ്ടിലെ മഹാദുരന്ത പ്രളയത്തിന്റെ ആഘാതം വിലയിരുത്തി മാനുഷികതലത്തിലുള്ള മുന്‍ഗണനാക്രമം നോക്കി ദുരിതാശ്വാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലോ ഏകോപിപ്പിക്കുന്നതിലോ ഈ സംഘാടന മികവിന്റെയോ ജാഗ്രതയുടെയോ ശതാംശംപോലും പ്രകടിപ്പിക്കാത്ത സംസ്ഥാന ഭരണകൂടത്തിന് ഈ വനിതാമതില്‍ എന്തിനാണെന്നോ ആര്‍ക്കുവേണ്ടിയാണെന്നോ അതു സംഘടിപ്പിക്കുന്നതിനുള്ള ചെലവ് ആരു വഹിക്കുമെന്നോ നേരേ ചൊവ്വേ ജനങ്ങളോടു പറയാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സംസ്ഥാന നിയമസഭയിലും കേരള ഹൈക്കോടതിയിലും പൊതുവേദികളിലും മുഖ്യധാരാ മാധ്യമങ്ങളിലും തികച്ചും വൈരുദ്ധ്യം നിറഞ്ഞ, ആശയക്കുഴപ്പങ്ങള്‍ക്ക് ആഴവും വ്യാപ്തിയും കൂട്ടുന്ന, സത്യസന്ധമോ വസ്തുനിഷ്ഠമോ അല്ലാത്ത നിലപാടുകളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ലിംഗസമത്വത്തിനും സ്ത്രീകളുടെ ആരാധനാസ്വാതന്ത്ര്യത്തിനും വേണ്ടിയാണ് നമ്മുടെ സാംസ്‌കാരിക പൈതൃകവും നവോത്ഥാനപാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്ന പെണ്‍മതില്‍ ആശയം ഉയിര്‍ക്കൊണ്ടതെന്ന് സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയ അഖില ഹൈന്ദവ സംഘടനകളുടെ ആദ്യ ആലോചനായോഗത്തില്‍ തുറന്നു സമ്മതിച്ച മുഖ്യമന്ത്രിയും കൂട്ടരും അവസരവാദ രാഷ്ട്രീയത്തില്‍ മുഴുകിനില്‍ക്കുന്ന, വിഭാഗീയത വളര്‍ത്തുന്ന ചില ജാതിമത സംഘടനകള്‍ക്ക് സമൂഹത്തില്‍ രാഷ്ട്രീയമാന്യതയും നവോത്ഥാനപാരമ്പര്യകുത്തകയും ചാര്‍ത്തിക്കൊടുക്കാനും ശ്രമിച്ചു. പൊതുഖജനാവിലെ പണം മതിലിനായി ചെലവഴിക്കുകയില്ലെന്ന് നിയമസഭയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള പദ്ധതികള്‍ക്കു ബജറ്റില്‍ വകയിരുത്തിയ 50 കോടി രൂപ സ്ത്രീസുരക്ഷാമതിലിനായി ചെലവാക്കുമെന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. പിറ്റേന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും മലക്കംമറിഞ്ഞത് സര്‍ക്കാരിന്റെ ഒരു പൈസപോലുമെടുക്കാതെ സഖാക്കള്‍ മതില്‍ സംഘടിപ്പിക്കുമെന്ന് മാലോകരോട് വിളിച്ചുപറഞ്ഞുകൊണ്ടാണ്.
സംസ്ഥാന ചീഫ് സെക്രട്ടറി നേരത്തെ ഇറക്കിയ ഉത്തരവില്‍ കല്പിച്ചതിന്‍പ്രകാരം സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് മതിലില്‍ അണിചേര്‍ക്കുകയില്ലെന്ന് കോടതിക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. പതിനെട്ടു വയസിനു താഴെയുള്ള പെണ്‍കുട്ടികളെ ഈ പാഴ്മതില്‍ പ്രക്രിയയില്‍നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍ ആര്‍ക്കും പങ്കെടുക്കാവുന്ന മതനിരപേക്ഷ മതിലാണിതെന്നാണ് ഏറ്റവുമൊടുവിലെ പാര്‍ട്ടി ആഹ്വാനത്തില്‍ പറഞ്ഞുകേട്ടത്. മതിലിന്റെ നിര്‍വചനംതന്നെ ആകെ മാറിപ്പോയിരിക്കുന്നു. പ്രളയാനന്തര കേരളത്തില്‍ എല്ലാംകൊണ്ടും വലഞ്ഞ ജനങ്ങളെ ഇങ്ങനെ വിഡ്ഢിവേഷം കെട്ടിക്കുന്ന അത്ഭുതകരമായ രാഷ്ട്രീയവൈഭവത്തിന് ഒരു ലോകോത്തര ഗിന്നസ് റെക്കോഡ് ഉറപ്പാണ്.
ശബരിമലയില്‍ മണ്ഡലകാലത്തെ ഏറ്റവും തിരക്കേറിയ ദിനങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന് നമ്മുടെ പൊലീസ് ഉദ്യോഗസ്ഥരുടെ തന്ത്രപരമായ ഒത്താശയോടെ ഒരുപറ്റം യുവതികളെ കൂട്ടിക്കൊണ്ടുവന്ന് ആചാരസംരക്ഷകരെ വെല്ലുവിളിച്ചുകൊണ്ട് സന്നിധാനത്ത് അവരെ എത്തിക്കാനുള്ള സാഹസികയജ്ഞം അയ്യപ്പഭക്തരുടെ ചെറുത്തുനില്പിനുമുന്‍പില്‍ ദയനീയമായി പൊളിഞ്ഞപ്പോള്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിയുടെമേല്‍ കുതിരകയറാനാണ് ദേവസ്വം മന്ത്രി ശ്രമിച്ചത്. രാജ്യാന്തരതലത്തില്‍ വിഖ്യാതമായ ശബരിമല എന്ന പുണ്യസങ്കേതത്തില്‍ അതിശക്തമായ പൊലീസ് നിയന്ത്രണങ്ങളുടെയും ആഴ്ചവട്ടത്തില്‍ നീട്ടിക്കൊണ്ടിരുന്ന നിരോധനാജ്ഞയുടെയും കോട്ട കെട്ടിയിട്ടും ഈ സീസണില്‍ സര്‍ക്കാരിന് പെണ്‍മതിലിന്റെ പ്രതീകാത്മക വെന്നിക്കൊടി പാറിക്കാന്‍ പേരിന് ഒരു യുവതിയെപോലും സുരക്ഷിതമായി സന്നിധാനത്ത് എത്തിക്കാന്‍ കഴിയാത്തതിനുമാകാം മറ്റൊരു ഗിന്നസ്.
ഇന്ത്യയുടെ ഭരണഘടനാവ്യവസ്ഥയ്ക്കും ജനാധിപത്യഭരണക്രമത്തിനും ഏറെ നിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന പുതുവര്‍ഷത്തില്‍ പ്രളയദുരന്തത്തില്‍ നിന്ന് ഇനിയും കരകയറാത്ത കേരളത്തിലെ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ആസൂത്രിതമായി വളര്‍ത്തിയെടുക്കുന്ന പുതിയ ജാതിപ്പോരിന്റെ രാഷ്ട്രീയത്തില്‍ വീണ്ടും മുങ്ങിപ്പോകുമെന്ന ആശങ്ക വളരുകയാണ്. അധികാരിവര്‍ഗത്തിനുനേരെയുള്ള വിമര്‍ശനങ്ങള്‍ രാജ്യദ്രോഹമായി ചിത്രീകരിക്കുകയും വ്യക്തിസ്വാതന്ത്ര്യവും പൗരന്റെ സ്വകാര്യത എന്ന മൗലികാവകാശവും പാര്‍ലമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ തടയുകയും ചെയ്യുന്ന രാഷ്ട്രീയ അടിയന്തരാവസ്ഥയുടെ ഗുരുതരവും അതിസങ്കീര്‍ണവുമായ അവസ്ഥാവിശേഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനത്തിനുവേണ്ടത് അതിജീവനത്തിന്റെയും ക്ഷേമപദ്ധതികളുടെയും പുനര്‍നിര്‍മിതിയുടെയും സുരക്ഷിതമായ കോട്ടയാണ്, വിഭാഗീയതയുടെയും വേര്‍തിരിവിന്റെയും വിവേചനത്തിന്റെയും മതില്‍ക്കെട്ടുകളല്ല.
ഓഖി പുനരധിവാസത്തിന്റെ കാര്യം തൊട്ട് മഹാപ്രളയത്തിന്റെ യഥാര്‍ഥ ഇരകളുടെ ദൈന്യാവസ്ഥ വരെ സംസ്ഥാന ഭരണകൂടം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട വസ്തുനിഷ്ഠമായ ചില കണക്കുകളുടെയും വിവരങ്ങളുടെയും അടിയന്തര പ്രാധാന്യമാണ് പുതുവര്‍ഷപ്രതിജ്ഞയുടെ മുന്‍ഗണനാപട്ടികയില്‍ ആദ്യം ഉയര്‍ത്തിക്കാട്ടേണ്ടത്. പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്ന സംവിധാനത്തിന്റെ ആവശ്യകത ഇക്കഴിഞ്ഞയാഴ്ച ഇന്തൊനേഷ്യയിലുണ്ടായ സുനാമി വീണ്ടും നമ്മെ ഓര്‍മപ്പെടുത്തുന്നു. ദുരന്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും അവ എങ്ങനെ തരണം ചെയ്യണമെന്ന് ജനങ്ങളെ പരിശീലിപ്പിക്കുന്നതിനും ദുരന്താഘാത ലഘൂകരണത്തിനും അടിയന്തര ദുരിതാശ്വാസത്തിനുമുള്ള സ്ഥായിയായ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതിന് കെല്പുള്ള പാര്‍പ്പിടങ്ങളും അടിസ്ഥാന ഭൗതികസൗകര്യങ്ങളും ആസൂത്രണം ചെയ്യാനും സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ ഏവര്‍ക്കും ലഭ്യമാക്കുന്നതിനുമുള്ള പദ്ധതികള്‍ ഇനിയും വൈകിക്കൂടാ. സ്ത്രീസുരക്ഷയുടെ പേരില്‍ വകകൊള്ളിച്ച കോടികള്‍ ഏതെങ്കിലും പാര്‍ട്ടിയുടെയോ ജാതിസംഘടനകളുടെയോ സൈദ്ധാന്തിക വിളംബരത്തിനായി വകമാറ്റാതെ ജനങ്ങളുടെ പ്രാണഭയം അകറ്റാനെങ്കിലും പ്രയോജനപ്പെടുത്തണം. കേരള നവോത്ഥാനരാഷ്ട്രീയത്തിന്റെ ജാതിമാഹാത്മ്യം ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനപരേഡ് ഫ്‌ളോട്ടിലല്ലെങ്കില്‍ ചരിത്രവും കാലവും നിശ്ചയിക്കട്ടെ.


Related Articles

രാജ്യത്ത് മതനിരപേക്ഷതയും ഐക്യവും അഭിവൃദ്ധിപ്പെടുത്തണം

-കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്‌ബെനൗളിമിന്‍, ഗോവ: രാജ്യത്തെ മതനിരപേക്ഷതയും ഐക്യവും അഭിവൃദ്ധിപ്പെടുത്താന്‍ പരിശ്രമിക്കണമെന്ന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്

പെൺകുട്ടികൾക്കുള്ള വിവിധ സ്കോളർഷിപ്പുകിൽ ചിലത്

പെൺകുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും, പഠനത്തിന് പ്രോത്സാഹനം നൽകുന്നതിനുമായി സർക്കാരും സർക്കാരിതര ഏജൻസികളും ഒന്നാം ക്ലാസ് മുതൽ ഗവേഷണ പഠനം വരെയും വിവിധ സ്കോളർഷിപ്പുകൾ നൽകിവരുന്നുണ്ട്. ഇവയിൽ

വിശുദ്ധ ഔസേപ്പിതാവിന്റെ വര്‍ഷം

അമലോത്ഭവമാതാവിന്റെ തിരുനാള്‍ ദിവസമായ ഡിസംബര്‍ 8-ാം തീയതി മുതല്‍ ആഗോളസഭയില്‍ വിശുദ്ധ ഔസേപ്പിതാവിന്റെ വര്‍ഷാചരണം ആരംഭിച്ചിരിക്കുകയാണ്. 1870 ഡിസംബര്‍ 8-ാം തീയതിയാണ് ഒന്‍പതാം പീയൂസ് പാപ്പ തന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*