പ്രതിഷേധത്തിന്റെ ദൈവികതലം

പ്രതിഷേധത്തിന്റെ ദൈവികതലം

”അവര്‍ അലസരാണ്” (പുറ 5:8). യഹൂദരെക്കുറിച്ചുള്ള ഫറവോയുടെ അഭിപ്രായമാണിത്. അവരുടെ ദൈവത്തിന് ബലിയര്‍പ്പിക്കാന്‍ മൂന്നു ദിവസത്തെ യാത്ര മാത്രമാണ് മോശ ഫറവോയോട് ആവശ്യപ്പെടുന്നത്. അത് നിരാകരിക്കുക മാത്രമല്ല അവന്‍ ചെയ്യുന്നത്, മോശയെ വ്യാജപ്രവാചകനായി ചിത്രീകരിക്കുകയും അവന്റെ വാക്കുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ യഹൂദര്‍ക്ക് കൂടുതല്‍ ജോലി നല്കാനുമാണ് കല്പിക്കുന്നത്. എല്ലാ മുതലാളിമാര്‍ക്കും പൊതുവേയുള്ള ഒരു മനോഭാവമാണിത്: തന്റെ കീഴിലുള്ളവര്‍ ബലഹീനരും മടിയന്മാരുമാണ് എന്ന ചിന്തയും അവരുടെ ഇടയിലേക്ക് വ്യത്യസ്ത ചിന്തകളുമായി കടന്നുവരുന്നവരെ വ്യാജരായി ചിത്രീകരിക്കാനുള്ള പ്രവണതയും. ഒരു ഇടവേളയും കൊടുക്കാതെ തൊഴിലാളികളെക്കൊണ്ട് എത്രത്തോളം ജോലി എടുപ്പിക്കാന്‍ സാധിക്കുമോ അത്രത്തോളം ഈ മുതലാളിമാര്‍ സന്തോഷിക്കും. ഫറവോയ്ക്ക് അറിയാം മേല്‌നോട്ടക്കാരുടെയും മേസ്തരികളുടെയും അടി കിട്ടിയാല്‍ മാത്രമേ ദൈവിക കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത അടിമകളില്‍ നിന്ന് എടുത്തുമാറ്റാന്‍ സാധിക്കൂ. കാരണം, ദൈവിക ചോദന എവിടെയുണ്ടോ അവിടെ സ്വാതന്ത്ര്യത്തിനായുള്ള ദാഹവും ഉണ്ടാകും. അതിന് അവന്‍ കണ്ടെത്തുന്ന മാര്‍ഗം ഏറ്റവും നീചമാണ്: ”ഇനി നിങ്ങള്‍ക്കു വയ്‌ക്കോല്‍ തരുകയില്ല…നിങ്ങള്‍തന്നെ പോയി കിട്ടാവുന്നിടത്തുനിന്നെല്ലാം വയ്‌ക്കോല്‍ ശേഖരിക്കുവിന്‍. എന്നാല്‍, പണിയില്‍ യാതൊരു കുറവും വരരുത്” (5: 1011).

ഫറവോയെ പോലുള്ള ചക്രവര്‍ത്തിമാര്‍ ഇന്ന് നമ്മുടെയിടയിലില്ല. പക്ഷേ, അയാളെ പോലെ തൊഴിലാളികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന മുതലാളിമാരും നേതാക്കളും ഇന്നും ഇവിടെയുണ്ട്. ഇല്ലാത്ത ‘വയ്ക്കോലിനു’ വേണ്ടി ഓടി നടക്കുന്നവര്‍ ചില കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ എസി മുറികളിലുണ്ട്. തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദവും അസ്വസ്ഥതയും മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും അവിടങ്ങളില്‍ വര്‍ധിക്കുന്നുമുണ്ട്. ശരിയാണ്, തൊഴിലിടങ്ങളില്‍ ബലഹീനരും മടിയന്മാരും ഉണ്ട്, പക്ഷേ അവര്‍ നമ്മള്‍ ചിന്തിക്കുന്നതിലും വളരെ കുറവാണ്. നമ്മുടെ പ്രധാന പ്രശ്നം മറ്റുള്ളവരുടെ കുറവുകളെ അമിതവത്കരിക്കുകയും നമ്മുടേതിനെ കുറച്ചുകാണുകയും ചെയ്യുന്നുവെന്നതാണ്.

പുറപ്പാട് പുസ്തകത്തിന്റെ അഞ്ചാം അധ്യായത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മേല്‌നോട്ടക്കാരുടെ പ്രതിഷേധമാണത്. ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ആദ്യ പ്രതിഷേധമാണത്. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ മാനേജര്‍മാരുടെ ആദ്യ പ്രതിഷേധം. വിശുദ്ധഗ്രന്ഥ താളുകളിലെ ഏറ്റവും മനോഹരവും പ്രാധാന്യമര്‍ഹിക്കുന്നതുമായ പ്രതിഷേധങ്ങളില്‍ ഒന്നാണത്.

ഫറവോയുടെ തൊഴിലിടത്തിലെ നേതാക്കന്മാരെ രണ്ടു വിഭാഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്: ഫറവോയുടെ ഉദ്യോഗസ്ഥരും യഹൂദരായ മേല്‌നോട്ടക്കാരും. ഫറവോയുടെ പുതിയ കല്പനയോടുള്ള ഈ രണ്ടു കൂട്ടരുടെയും പ്രതികരണങ്ങള്‍ ഉത്തരവാദിത്വത്തിന്റെയും നേതൃത്വത്തിന്റെയും വ്യത്യസ്തവും വിരുദ്ധവുമായ രണ്ടു സംസ്‌കാരങ്ങളെ വെളിപ്പെടുത്തുന്നുണ്ട്. തൊഴിലാളികളുടെ ഇഷ്ടികനിര്‍മാണത്തില്‍ കുറവു സംഭവിച്ചപ്പോള്‍ ഫറവോയുടെ ഉദ്യോഗസ്ഥര്‍ യഹൂദരായ മേല്‌നോട്ടക്കാരുടെ മേല്‍ കുറ്റമാരോപിക്കുന്നു: ”ഫറവോയുടെ ഉദ്യോഗസ്ഥന്മാര്‍ ജോലിയുടെ മേല്‌നോട്ടത്തിനു നിയമിച്ചിരുന്ന ഇസ്രായേല്‍ക്കാരെ പ്രഹരിച്ചുകൊണ്ടു ചോദിച്ചു: നിങ്ങള്‍ ഇതുവരെ ഉണ്ടാക്കിക്കൊണ്ടിരുന്നത്ര ഇഷ്ടികകള്‍ ഇന്നലെയും ഇന്നും ഉണ്ടാക്കാഞ്ഞതെന്ത്?” (5 : 14). എന്നിട്ടും ആ മേല്‍നോട്ടക്കാര്‍ തൊഴിലാളികളെ തല്ലുന്നില്ല. ഈജിപ്തിലെ സൂതികര്‍മിണികളെപ്പോലെ അവര്‍ തൊഴിലാളികളുടെ നൊമ്പരങ്ങളോടൊപ്പം നിന്നു. ശമ്പളത്തിനു മുന്‍പില്‍ അവര്‍ മനുഷ്യത്വത്തെ പണയം വച്ചില്ല. അവര്‍ക്ക് വേണമെങ്കില്‍ ഫറവോയുടെ ഉദ്യോഗസ്ഥരെ പോലെ തൊഴിലാളികളോട് ദേഷ്യപ്പെടാമായിരുന്നു. പക്ഷേ, അവര്‍ പരാതിയുമായി ഫറവോയുടെ അടുത്തേക്കു പോകുന്നു. അപ്പോഴും അവര്‍ക്കു കിട്ടിയ മറുപടി ”നിങ്ങള്‍ അലസരാണ്” എന്നാണ് (17).

ദുര്‍ബലരുടെ നൊമ്പരങ്ങളും പേറിവന്നവരുടെ മുഖത്തുനോക്കി ശക്തനായവന്‍ പറയുന്നു, ”നിങ്ങള്‍ അലസരാണ്.” അപമാനത്തിന്റെ അങ്ങേയറ്റമാണിത്. പക്ഷേ, വലിയൊരു പാഠമുണ്ട് ഇവിടെ. ഈ മേല്‌നോട്ടക്കാരെപ്പോലെ നമ്മെ ഏല്പിച്ചിരിക്കുന്നവരുടെ കുറവുകളും പോരായ്മകളുമായി ബന്ധപ്പെട്ട് ചില റിസ്‌കുകളെടുക്കാന്‍ നമുക്കും സാധിക്കണം. ഈ അപകടസാധ്യതയില്‍ ഐക്യദാര്‍ഢ്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും യുക്തിയുണ്ട്. ഇത് ആടുകള്‍ക്കുവേണ്ടി ജീവന്‍ നല്കുന്ന നല്ല ഇടയന്റെ യുക്തിയാണ്. ഈ യുക്തി നഷ്ടപ്പെടുമ്പോഴാണ് നമ്മള്‍ കൂലിപ്പണിക്കാരാകുന്നത്.

ഫറവോയോടുള്ള അവരുടെ പ്രതിഷേധം പരാജയപ്പെട്ടിരിക്കുന്നു. അവര്‍ക്കു വേണമെങ്കില്‍ എല്ലാ ദേഷ്യവും കൂടി തൊഴിലാളികളുടെമേല്‍ അടിച്ചേല്പിക്കാം. പക്ഷേ, അവര്‍ മോശയുടെയും അഹറോന്റെയും മുന്‍പില്‍ വന്ന് നിലവിളിക്കുകയാണ്: ”കര്‍ത്താവ് നിങ്ങളുടെ പ്രവൃത്തി കണ്ടു നിങ്ങളെ വിധിക്കട്ടെ. ഫറവോയുടെയും അവന്റെ സേവകരുടെയും മുന്‍പില്‍ നിങ്ങള്‍ ഞങ്ങളെ അവജ്ഞാപാത്രങ്ങളാക്കി. ഞങ്ങളെ വധിക്കാന്‍ നിങ്ങള്‍ അവരുടെ കൈയില്‍ വാള്‍ കൊടുത്തിരിക്കുന്നു” (5:21).

ഈജിപ്തിലേക്കു തിരിച്ചുവന്നതിനു ശേഷം മോശ, ഇതാ, ആദ്യമായി ആന്തരികമായ സംഘര്‍ഷത്തിലൂടെ കടന്നു
പോകുന്നു. മേല്‌നോട്ടക്കാരുടെ നിലവിളികളുടെ മുന്‍പില്‍ അവന്‍ നിസ്സഹായനാകുന്നു. അങ്ങനെ അവന്‍ തന്നെ വിളിച്ച ദൈവത്തിലേക്കു തിരിയുന്നു. നോക്കുക, മേല്‌നോട്ടക്കാരുടെ സഹോദരസ്നേഹവും വിശ്വസ്തതയും മറ്റൊരു ദൈവാനു
ഭവത്തിനു കാരണമാകുന്നു. ദൈവവുമായുള്ള ഒരു പുതിയ കൂടിക്കാഴ്ച്ച, ഒരു പുതിയ വിളി: ”അപ്പോള്‍ മോശ കര്‍ത്താവിനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങ് എന്തിനാണ് ഈ ജനത്തോട് ഇത്ര ക്രൂരമായി പെരുമാറുന്നത്? എന്തിനാണ് അങ്ങ് എന്നെ ഇങ്ങോട്ടയച്ചത്?” (5:22). അപ്പോള്‍ ദൈവം അവനോട് പറഞ്ഞു: ”അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും
വാഗ്ദാനം ചെയ്ത ദേശത്തേക്കു നിങ്ങളെ ഞാന്‍ നയിക്കും; അതു നിങ്ങള്‍ക്ക് അവകാശമായിത്തരുകയും ചെയ്യും. ഞാന്‍ കര്‍ത്താവാണ്” (6: 89).

സഹജരുടെ നൊമ്പരങ്ങളുടെ മുന്‍പില്‍ നിസ്സംഗനായി നില്ക്കുക എന്നതിനെക്കാള്‍ വലിയ അപരാധം ഈ ലോകത്ത് വേറെയില്ല. ചില നേരങ്ങളില്‍ നമ്മള്‍ ശബ്ദമുയര്‍ത്തണം, പ്രതിഷേധിക്കണം. മേല്‌നോട്ടക്കാരുടെ പ്രതിഷേധം അവര്‍ക്ക് നല്കിയത് അപമാനമാണെങ്കിലും വിമോചനത്തിന്റെ പാത തുറക്കുന്നതിന് അത് ഒരു നിമിത്തമാകുന്നുണ്ട്. അവരുടെ നിലവിളി മോശയെ ഹോറെബ് മലയിലെ ആദ്യ അനുഭവത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്നു. അവന്‍ ദൈവത്തെ വീണ്ടും കണ്ടുമുട്ടുന്നു. അങ്ങനെ അവന്‍ വീണ്ടും വിളിക്കപ്പെട്ടവനായി അനുഭവപ്പെടുന്നു. ഇതൊരു അദ്ഭുതമാണ്. സഹജരുടെ നൊമ്പരങ്ങള്‍ കണ്ട് പ്രതിഷേധസ്വരമുയര്‍ത്തിയ ചിലര്‍ സംഭാവനചെയ്ത അദ്ഭുതം.

നമ്മുടെ തൊഴിലിടങ്ങളിലുമുണ്ട് ഫറവോയുടെ ഉദ്യോഗസ്ഥരും യഹൂദരായ മേല്‌നോട്ടക്കാരും. മുതലാളിമാരെ തൃപ്തിപ്പെടുത്താന്‍ കീഴുദ്യോഗസ്ഥരെ ‘തല്ലുന്ന’ എക്സിക്യൂട്ടീവുകളുടെ അതിപ്രസരത്തില്‍ തൊഴിലിടങ്ങള്‍ ഇന്ന് ഈജിപ്തിലെ ഇഷ്ടികക്കളങ്ങളാകുകയാണ്. ഫറവോയുടെ ഉദ്യോഗസ്ഥര്‍ അരങ്ങു വാഴുന്നു. വയ്ക്കോല്‍ ഇല്ലാതെ ഇഷ്ടിക നിര്‍മിക്കാന്‍ പലരും നിര്‍ബന്ധിതരാകുന്നു. അസാധ്യമായ ഉല്‍പാദനത്തിന്റെ ഭാരം മൂലം തൊഴിലിടങ്ങളിലെ ആത്മഹത്യ സ്ഥിരം സംഭവമാകുന്നു. പക്ഷേ നമ്മുടെ ചുറ്റിനുമുള്ള ഫറവോ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നതിനെക്കാള്‍ കൂടുതലാണ്.


Related Articles

പ്രളയകാലത്തെ നിശബ്ദ വിപ്ലവകാരികൾ..

By – Clinton N C Damian തുറന്നെഴുത്തുകൾക്ക് സമയം അതിക്രമിച്ചിരിക്കുന്നു. പ്രളയബാധിത കേരളത്തിനായി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ നടത്തിയ ധീരസേവനങ്ങൾക്കിടയിൽ അവർക്ക് കരുത്ത് പകർന്ന ചില നിശബ്ദ

നമുക്കും ഒരു മാറ്റം വേണ്ടേ: തപസ്സുകാലം രണ്ടാം ഞായർ

തപസ്സുകാലം രണ്ടാം ഞായർ വിചിന്തനം:- നമുക്കും ഒരു മാറ്റം വേണ്ടേ (ലൂക്കാ 9: 28-36) വലിയ നോമ്പുകാലത്തിലെ രണ്ടാമത്തെ ഞായറാഴ്ചയായ ഇന്ന് തിരുസഭ നമുക്കു നല്‍കുന്ന വചനഭാഗം

കൃത്രിമ പാരുകളിലൂടെ മത്സ്യസമ്പത്തിനെ തിരിച്ചുപിടിക്കാന്‍ ശ്രമം

തിരുവനന്തപുരം: കേരളത്തിന്റെ തീരങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വന്‍ തകര്‍ച്ചയുടെ ഭാഗമായി കാലക്രമേണ കുറഞ്ഞു വന്ന മത്സ്യസമ്പത്തിനെ തിരിച്ചുപിടിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്  സ്ഥാപിച്ച കൃത്രിമ പാരുകളുടെ പരീക്ഷണം വിജയകരമാകുന്നു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*