പ്രതിസന്ധികള്‍ അതിജീവിച്ച് അന്നക്കുട്ടി നേടിയത് ഒന്നാം റാങ്ക്

പ്രതിസന്ധികള്‍ അതിജീവിച്ച് അന്നക്കുട്ടി നേടിയത് ഒന്നാം റാങ്ക്

 

ഒറ്റമശ്ശേരി സെന്റ് ജോസഫ് ഇടവക കുരിശിങ്കല്‍ ജോര്‍ജിന്റെയും ലിസിയുടെയും മകളായ അന്ന ജോര്‍ജാണ് എം എസ് ഡബ്ലയു വുന് കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്. തീര്‍ത്തും നിര്‍ദ്ദന കുടുംബത്തില്‍ നിന്നും റാങ്കിന്റെ നിറവില്‍ നില്‍ക്കുമ്പോഴും അന്നയ്ക്ക് പറയാനുള്ളത്
തന്റെ പഠനയാത്രയില്‍ താങ്ങും തണലുമായി നിന്ന നിരവധി പേരെക്കുറിച്ചാണ്.

അപ്പനും അമ്മയും അടങ്ങുന്ന കൊച്ചു കുടുംബമാണ് അന്നക്കുട്ടിയുടെത്. ചേച്ചി 11 വര്‍ഷങ്ങള്‍ക്ക് മുന്നേ മരിച്ചു. മത്സ്യത്തൊഴിലാളിയായ ജോര്‍ജിന്റെ തുച്ഛമായ വരുമാനത്തില്‍ കീഴില്‍ നിന്നാണ് ഈ കൊച്ചുമിടുക്കി തിളക്കമാര്‍ന്ന വിജയം കൈവരിച്ചത്.

ഒറ്റമശ്ശേരി സെന്റ് ജോസഫ് എല്‍പി സ്‌ക്കൂളിലാണ് പ്രാഥമീക വിദ്യാഭ്യാസം നേടിയത്. പന്ത്രണ്ടാം ക്ലാസ്സ് വരെ എച്ച് എസ് എസ് കണ്ടമംഗലത്ത് ആയിരുന്നു. ചേര്‍ത്തല എസ് എന്‍ കോളേജില്‍ നിന്നും ബി എ ഫിലോസഫിയില്‍ ഡിഗ്രിയും കരസ്ഥമാക്കിയതിനുശേഷം ആണ് തിരുവനന്തപുരം ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ ചേര്‍ന്നത്.

എസ് എന്‍ കോളേജിലെ വിഭാഗം മേധാവിയായ സൗമ്യ ടീച്ചറാണ് അന്നയ്ക്ക് മാര്‍ഗദര്‍ശിയായി നിന്നത്. ഡിഗ്രി കാലഘട്ടത്തില്‍ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളെകുറിച്ചുള്ള ചിന്തകളാണ് അന്നക്കുട്ടിക്ക് ഇഷ്ടപ്പെട്ട പ്രവര്‍ത്തനമേഖല എന്ന് മനസ്സിലാക്കി സൗമ്യ ടീച്ചര്‍ തന്റെ അനിയത്തി വഴിയാണ് ലയോള കോളേജില്‍ ചേരാന്‍ അന്നയെ സഹായിച്ചത്.

കോളേജിലെ ഇന്റര്‍വ്യൂകളും ഗ്രൂപ്പ് ഡിസ്‌കഷനും കഠിനമായിരുന്നെങ്കിലും കൂടെ ഉണ്ടായിരുന്ന കൂട്ടുകാരും അധ്യാപകരും തന്ന ആത്മവിശ്വാസം ഒന്ന് കൊണ്ട്മാത്രമാണ് തനിക്ക് എല്ലാ പ്രതിസന്ധികളും തരണം ചെയ്യാന്‍ കഴിഞ്ഞതെന്ന് അന്ന പറയുന്നു.

എം എസ് ഡബ്ലിയു വിന്റെ പരിശീലന കാലയളവില്‍ ഫീല്‍ഡ് വര്‍ക്കിനായി തിരുവനന്തപുരത്ത് പുതുച്ചിറയിലെ കടലോര മേഖലയില്‍ പോയി പ്രവര്‍ത്തിച്ചപ്പോഴാണ് കമ്മ്യൂണിറ്റി വര്‍ക്കാണ് തനിക്ക് കുറച്ചുകൂടി ഇഷ്ടം എന്ന് അന്ന മനസ്സിലാക്കിയത്. ആളുകളോട് സംസാരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന അന്ന അങ്ങനെയാണ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് എന്ന വിഷയത്തില്‍ സ്‌പെഷ്യലൈസ് ചെയ്യാന്‍ തീരുമാനിച്ചത്.

ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് അപ്പച്ചന് അസുഖം ബാധിച്ച് ചികിത്സയിലായത്. ആ സമയങ്ങളിലെല്ലാം സാമ്പത്തികമായും അല്ലാതെയും സഹായവുമായി എത്തിയത് തന്റെ കൂട്ടുകാരും അധ്യാപകരും ആണെന്ന് അന്ന പറയുന്നു.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ച സമയങ്ങളില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്ക് പോകുകയും കിട്ടുന്ന സമയം പഠിച്ചും ആണ് അന്ന കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിഗ്രിക്ക് മൂന്നാം റാങ്ക് കരസ്ഥമാക്കിയത്.

എംഎസ്ഡബ്ലിയു വിന് റാങ്ക് തനിക്കാണെന്ന് അറിഞ്ഞ നിമിഷം പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ആയിരുന്നു, ഒത്തിരി പേര്‍ തന്നെ വിളിച്ച് ആശംസകള്‍ അറിയിച്ചത് മറക്കാനാകാത്ത അനുഭവം ആണെന്നും അന്ന നിറപുഞ്ചിരിയോടെ പറയുന്നു.

കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിക്കാനാണ് അന്നയുടെ ഭാവിപരിപാടികള്‍. ഒരു എന്‍ജിഒ തുടങ്ങണമെന്നാണ് അന്നയുടെ ആഗ്രഹം. ഒരു മെന്റര്‍ഷിപ്പ് പ്രോഗ്രാം പോലെ കുട്ടികളെ ഏറ്റെടുത്ത് അവര്‍ക്ക് വിദ്യാഭ്യാസപരമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും ചെയ്തു കൊടുക്കാനും അതുവഴി പഠന വിഷയങ്ങളില്‍ സമര്‍ത്ഥരാക്കാന്‍ കഴിയുമെന്ന് അന്ന പറയുന്നു.

മക്കള്‍ക്ക് വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ പലപ്പോഴും നിരക്ഷരരായ നമ്മുടെ മാതാപിതാക്കള്‍ക്ക് സാധിച്ചെന്നു വരില്ല. അങ്ങനെയുള്ളവര്‍ക്ക് ആവശ്യമായത് ചെയ്തുകൊടുക്കാനും ഒപ്പം അവരുടെ സ്വഭാവരൂപീകരണത്തിനും വഴിയൊരുക്കുമെന്ന് അന്ന പറയുന്നു.

കൊറോണക്കാലത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ അന്ന ചെയ്തിട്ടുണ്ട്. 130 വീട്ടുകാര്‍ക്ക് കോളേജിലെ സഹായത്തോടെ നാല്‍പതിനായിരം രൂപ സമാഹരിക്കുകയും എല്ലാ വീട്ടുകാര്‍ക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് കൊറോണ ബോധവല്‍ക്കരണം നടത്തുകയും പരീക്ഷക്ക് പോകുമ്പോഴും വരുമ്പോഴും ഉള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു. കൊറോണ വ്യാപനം കൂടിയ സമയത്ത് വോളണ്ടിയര്‍ ആയി പ്രവര്‍ത്തിക്കാന്‍ അന്നയും കൂട്ടുകാരും ആരോഗ്യവകുപ്പിന്റെ കൂടെ ഉണ്ടായിരുന്നു. കൊറോണ സമയത്ത് തിരുവനന്തപുരം ഡിസ്ട്രിക്റ്റ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ ചേര്‍ന്ന് നിരവധി പേര്‍ക്ക് ഫോണ്‍ വഴി സൈക്കോളജിക്കല്‍ സപ്പോര്‍ട്ടും ചെയ്തിരുന്നു.

പന്ത്രണ്ടാം ക്ലാസ്സ് വരെ പള്ളിയുമായി ബന്ധപ്പെട്ട സംഘടനങ്ങളില്‍ അന്ന പ്രവര്‍ത്തിച്ചിരുന്നു. ഇടവക വികാരി ആയിരുന്ന രാജു കളത്തില്‍ അച്ചന്റെ നേതൃത്വത്തില്‍ ട്യൂഷന്‍ സെന്റര്‍ ഒറ്റമശ്ശേരി സെന്റ്. ജോസഫ് ഇടവകയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കി തന്നതും, അന്നയ്ക്കും കൂട്ടുകാര്‍ക്കും നല്ലൊരു വിജയ ശതമാനം നേടിയെടുക്കാന്‍ സാധിച്ചതും നന്ദിയോടെ അന്ന ഓര്‍ക്കുന്നു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
jeevanaadamjeevanaadamnewsjeevanaadamonlinewinner

Related Articles

വയനാടും മണ്ണിടിച്ചിലും

കേരളത്തിലെ, പ്രത്യേകിച്ച് വയനാട്ടിലെ, കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ഇതിനകം ഒരുപാട് പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വയനാട്ടിലെ റൂറല്‍ ഏജന്‍സി ഫോര്‍ സോഷ്യല്‍ ആന്‍ഡ് ടെക്‌നോളജിക്കല്‍ ആക്ഷനും ബംഗളൂരുവിലെ പബ്ലിക്ക് അഫയേഴ്‌സ്

കെഎൽസിഎ ഭവന നിർമാണ പദ്ധതി: താക്കോൽ ദാനം നടത്തി

  കൊച്ചി : വരാപ്പുഴ അതിരൂപത  കെഎൽസിഎ യുടെ നേതൃത്വത്തിൽ ദുരിതബാധിതർക്കായി നടപ്പിലാക്കുന്ന ഭവന നിർമ്മാണപദ്ധതിയുടെ മൂന്നാമത് ഭവനത്തിന്റെ താക്കോൽ ദാന കർമ്മം പ്രസിഡൻറ് സി ജെ

അമ്മ മനസ് തങ്ക മനസ്:ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്

                      മാതൃത്വത്തിന്റെ മഹനീയ നാമമാണ് പരിശുദ്ധമറിയം. സകലതും സഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സ്‌നേഹമാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*