പ്രത്യക്ഷവത്ക്കരണ തിരുനാൾ

പ്രത്യക്ഷവത്ക്കരണ തിരുനാൾ

പ്രത്യക്ഷവത്ക്കരണ തിരുനാൾ

വിചിന്തനം:-  രക്ഷകന്റെ നക്ഷത്രം (മത്താ 2: 1-12)

“ഞങ്ങൾ അവന്റെ നക്ഷത്രം കണ്ടു” (v.2).
നക്ഷത്രം – എല്ലാ തലമുറകളുടെയും ഭാവനയെ ഉത്തേജിപ്പിക്കുന്ന പ്രതീകം. വാനനിരീക്ഷകരും സാഹിത്യകാരന്മാരും കൂടി ചേർന്ന് ഒത്തിരി വിഭിന്നമായ പരികല്പനകൾ നൽകിയിട്ടുള്ള കൈയെത്താദൂരത്തെ ഒരു യാഥാർത്ഥ്യം. എത്തിപ്പെടാൻ സാധിക്കാത്ത ഒരു ബിംബമായി അത് നമ്മുടെ തലയ്ക്കുമുകളിൽ തെളിഞ്ഞു തന്നെ നിൽക്കുന്നു. അകന്നു നീങ്ങുന്ന ഒരു മരീചിക പോലെ അത് കിഴക്കുനിന്നും ജ്ഞാനികളെ ബേത്‌ലെഹെമിലെ ഒരു പുൽക്കൂട്ടിലേക്ക് ആനയിക്കുന്നു. അതെ, നക്ഷത്രം എത്തിപ്പെടാനുള്ള ഒരിടമല്ല, നമ്മുടെ സഞ്ചാരത്തിന്റെ മാർഗദർശിയാണ്. നക്ഷത്രം വഴികാട്ടി മാത്രമാണ്; അതിനെ പ്രകാശിപ്പിക്കുന്ന സൂര്യനിലേക്കുള്ള വഴികാട്ടി.

“രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജെറുസലേം മുഴുവനും” (v.3).
ദൈവീക ചോദന ചില അധികാരശക്തിയുമായി കൂട്ടിമുട്ടുമ്പോൾ ആ ശക്തിയുടെ വീര്യം ചോരുകയെന്നത് സർവ്വസാധാരണമാണ്. ഹെറോദേസിന്റെ പേക്കിനാവ് യാഥാർത്ഥ്യത്തെ കണ്ടുമുട്ടുന്നു; യഹൂദർക്ക് ഒരു രാജാവ് ജനിച്ചിരിക്കുന്നു. ആ യാഥാർത്ഥ്യത്തെ ഇല്ലാതാക്കാൻ അവൻ പല മാർഗ്ഗങ്ങളും അന്വേഷിക്കുന്നു. അങ്ങനെ അവൻ ചരിത്രത്തിലും പാരമ്പര്യത്തിലും മതത്തിലും അഭയം തേടുന്നു. അധികാരം അതിന്റെ ശക്തിയെ പിന്താങ്ങാൻ മറ്റു ശക്തികളെ ആശ്രയിക്കും. അങ്ങനെയാണ് രാജാവ് പ്രധാന പുരോഹിതരെയും നിയമജ്ഞരെയും വിളിച്ചു കൂട്ടിയത്. എന്നിട്ട് ജ്ഞാനികളോട് പറയുന്നു; സൂക്ഷ്മമായി കാര്യങ്ങൾ അന്വേഷിക്കുക.

ഒരു കുഞ്ഞിന്റെ ജനനത്തിൽ അധികാരത്തിന്റെ ഇടനാഴിയിൽ ആരൊക്കെയോ അസ്വസ്ഥരാകുന്നുണ്ട്. ചരിത്രത്തിന്റെയും മതഗ്രന്ഥത്തിന്റെയും യഥാർത്ഥ മാനം അവർ തിരിച്ചറിഞ്ഞിരിക്കുന്നു, എന്നിട്ടും പുൽക്കൂട്ടിലെ കുഞ്ഞിനെ അന്വേഷിച്ചു ഇറങ്ങിത്തിരിക്കാൻ അവർക്ക് മനസ്സുവരുന്നില്ല. മത-രാഷ്ട്രീയ-സാംസ്കാരിക-സാമ്പത്തിക ശക്തികൾ സ്വന്തം നിലനിൽപ്പിനും അധികാരത്തിനും വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. അവർക്കുള്ളത് പ്രത്യാശയില്ലാത്ത ഉറപ്പുകൾ മാത്രമാണ്. സൂക്ഷിക്കണം അവരെ, അവർ നിങ്ങളിൽ നിന്നും പലതും മറക്കുന്നതിനോടൊപ്പം നക്ഷത്രത്തെയും മറച്ചു നിർത്തും.

“കിഴക്കുകണ്ട നക്ഷത്രം അവര്‍ക്കു മുമ്പേ നീങ്ങിക്കൊണ്ടിരുന്നു” (v.9).
രാജകൊട്ടാരവും അവിടത്തെ പരിവാരവുമൊന്നും ജ്ഞാനികൾക്ക് ഒരു പ്രലോഭനമായില്ല. സിംഹാസനത്തിന്റെയും അധികാരത്തിന്റെയും മുമ്പിൽ നക്ഷത്രം പകർന്നു നൽകിയ ചലനാത്മകത അവർക്ക് നഷ്ടപ്പെടുന്നില്ല. കിഴക്ക് ദേശത്തുനിന്നും ജെറുസലേം വരെ അവരെ നടത്തിയ അവരുടെ സ്വപ്നം അവർ ഉപേക്ഷിച്ചില്ല. അവർ വീണ്ടും നടക്കുന്നു. പ്രലോഭനങ്ങളിൽ വീഴാത്തവരുടെ മുമ്പിൽ നക്ഷത്രം വീണ്ടും പ്രത്യക്ഷപ്പെടും. അത് അവർക്ക് മുമ്പേ നീങ്ങുകയും ചെയ്യും. സ്വപ്നം ദൈവികമാണെങ്കിൽ അതിന് ഒരിടത്തും തങ്ങിനിൽക്കാനാകില്ല. അത് നിങ്ങളെ ലക്ഷ്യത്തിലേക്ക് വേഗത്തിൽ തള്ളിക്കൊണ്ട് പോകും.

“അവര്‍ ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കണ്ടു” (v.11).
നക്ഷത്രത്തിന്റെ തെളിച്ചവും ജ്ഞാനികളുടെ സ്വപ്നവും വന്നുചേരുന്നത് പച്ചയായ ഒരു മനുഷ്യന്റെ മുമ്പിലാണ്. അല്ല, ഒരു കൈക്കുഞ്ഞിന്റെ മുമ്പിൽ. യാത്രയുടെ അവസാനമല്ല ഇത്. ഇനിയും ജീവിക്കേണ്ട ഒരു കഥയാണ്. ഇനിയും താണ്ടേണ്ട ഒരു ചക്രവാളമാണ്.

ജെറുസലേമിനു നേർവിപരീതമാണ് ബേത്‌ലെഹെം. അധികാരത്തിന്റെയും ആർഭാടത്തിന്റെയും ചരിത്രം അതിനില്ല. യൂദായായിലെ നഗരങ്ങളിൽ ഏറ്റവും താഴെയായ നഗരം. ആ ദരിദ്രനഗരത്തിൽ അമ്മയുടെ കരം പിടിച്ചിരിക്കുന്ന ഒരു കുഞ്ഞിനെ ജ്ഞാനികൾ ആരാധിക്കുന്നു. ഇവിടെ തുടങ്ങുന്നു എല്ലാ നാവും വാഴ്ത്തുവാനിരിക്കുന്നവന്റെ ചരിത്രവും ജീവിതവും.

“പൊന്നും കുന്തുരുക്കവും മീറയും അവർ കാഴ്‌ചയര്‍പ്പിച്ചു” (v.11)
കൈക്കുഞ്ഞിനു സമ്മാനമായി സംസ്കാരചടങ്ങിനുള്ള സാമഗ്രികൾ. മരണത്തിന്റെ മണമുള്ള സമ്മാനങ്ങൾ. പുൽക്കൂട്ടിൽ നിന്നും കുരിശിലേക്കുള്ള ദൂരം അത്ര വിദൂരമല്ല. അതെ, സുവിശേഷകന് പറയാനുള്ളത് കുരിശിന്റെ കഥ തന്നെയാണ്. അത്ഭുതശിശുവിന്റെ വാഴ്ത്തുപാട്ടല്ല സുവിശേഷം, അത് കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും ചരിത്രമാണ്. ആ രക്ഷാകര ചരിത്രത്തിലേക്കാണ് സുവിശേഷത്തിലെ ഓരോ ചെറിയ വാക്കും നമ്മെ നയിക്കുന്നത്. പുൽക്കൂട്ടിലെ അത്ഭുതം മാത്രമല്ല യേശു, കാൽവരിയിലെ അനുഭവം കൂടിയാണ്.

 

ഒന്നാം വായന
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍നിന്ന് (60 : 16)

(കര്‍ത്താവിന്റെ മഹത്വം നിന്റെമേല്‍ ഉദിച്ചിരിക്കുന്നു.)

ജെറുസലേമേ, ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാല്‍, കര്‍ത്താവ് നിന്റെ മേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും. ജനതകള്‍ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്‍മാര്‍ നിന്റെ ഉദയശോഭയിലേക്കും വരും. കണ്ണുകളുയര്‍ത്തി ചുറ്റും നോക്കിക്കാണുക; അവര്‍ ഒരുമിച്ചുകൂടി നിന്റെ അടു ത്തേക്കു വരുന്നു. നിന്റെ പുത്രന്‍മാര്‍ ദൂരെനിന്നു വരും; പുത്രിമാര്‍ കരങ്ങളില്‍ സംവഹിക്കപ്പെടും. ഇതെല്ലാം ദര്‍ശിച്ചു നീ തേജസ്വിനിയാകും. സമുദ്ര ത്തിലെ സമ്പത്ത് നിന്റെ അടുക്കല്‍ കൊണ്ടുവരു കയും ജനതകളുടെ ധനം നിനക്കു ലഭിക്കുകയും ചെയ്യുമ്പോള്‍ നിന്റെ ഹൃദയം ആനന്ദപുളകിത മാകും. 6 ഒട്ടകങ്ങളുടെ ഒരു പറ്റം, മിദിയാനിലെയും ഏഫായിലെയും ഒട്ടകക്കൂറ്റന്‍മാരുടെ കൂട്ടം, നിന്നെ മറയ്ക്കും. ഷേബായില്‍നിന്നുള്ളവരും വരും. അവര്‍ സ്വര്‍ണവും സുഗന്ധദ്രവ്യങ്ങളും കൊണ്ടുവരുകയും കര്‍ത്താവിന്റെ കീര്‍ത്തനം ആലപിക്കുകയും ചെയ്യും.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം
(72: 1-2, 7-8, 10-11, 12-13)

എല്ലാ രാജാക്കന്‍മാരും അവന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!
എല്ലാ ജനതകളും അവനെ സേവിക്കട്ടെ.

ദൈവമേ, രാജാവിന് അങ്ങയുടെ നീതിബോധവും രാജകുമാരന് അങ്ങയുടെ ധര്‍മനിഷ്ഠയും നല്‍ക ണമേ! അവന്‍ അങ്ങയുടെ ജനത്തെ ധര്‍മനിഷ്ഠ യോടും അങ്ങയുടെ ദരിദ്രരെ നീതിയോടുംകൂടെ ഭരിക്കട്ടെ!
എല്ലാ രാജാക്കന്‍മാരും ……
അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്ര നുള്ളിടത്തോളംകാലം സമാധാനം പുലരട്ടെ! സമുദ്രം മുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അതിര്‍ ത്തികള്‍ വരെയും അവന്റെ ആധിപത്യം നിലനില്‍ ക്കട്ടെ!
എല്ലാ രാജാക്കന്‍മാരും ……
താര്‍ഷീഷിലെയും ദ്വീപുകളിലെയും രാജാക്കന്‍മാര്‍ അവനു കപ്പം കൊടുക്കട്ടെ! ഷേബായിലെയും സേബാ യിലെയുംരാജാക്കന്‍മാര്‍ അവനു കാഴ്ചകള്‍ കൊണ്ടു വരട്ടെ! എല്ലാ രാജാക്കന്‍മാരും അവന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ!
എല്ലാ രാജാക്കന്‍മാരും ……
നിലവിളിക്കുന്ന പാവപ്പെട്ടവനെയും നിസ്‌സഹായ നായ ദരിദ്രനെയും അവന്‍ മോചിപ്പിക്കും. ദുര്‍ബല നോടും പാവപ്പെട്ടവനോടും അവന്‍ കരുണ കാണി ക്കുന്നു; അഗതികളുടെ ജീവന്‍ അവന്‍ രക്ഷിക്കും.
എല്ലാ രാജാക്കന്‍മാരും ……

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ എഫേസോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്ന് (3: 2-3a, 5-6)

(വിജാതീയര്‍ വാഗ്ദാനത്തില്‍ ഭാഗഭാക്കുകളുമാണെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു.)

സഹോദരരേ, പൗലോസായ ഞാന്‍, നിങ്ങള്‍ക്കുവേണ്ടി ദൈവകൃപ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടി രിക്കയാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാന്‍ മുമ്പ് ചുരുക്കമായി നിങ്ങള്‍ക്ക് എഴുതിയിട്ടുള്ളതുപോലെ, വെളിപാടുവഴിയാണ് രഹസ്യം എനിക്ക് അറിവായത്. ഇപ്പോള്‍ അവിടുത്തെ വിശുദ്ധരായ അപ്പസ്‌തോല ന്മാര്‍ക്കും പ്രവാചകര്‍ക്കും പരിശുദ്ധാത്മാവിനാല്‍ വെളിവാക്കപ്പെട്ടതുപോലെ, മറ്റു തലമുറകളിലെ മനു ഷ്യര്‍ക്ക് ഇതു വെളിവാക്കപ്പെട്ടിരുന്നില്ല. ഈ വെളിപാട നുസരിച്ച് വിജാതീയര്‍ കൂട്ടവകാശികളും ഒരേ ശരീര ത്തിന്റെ അംഗങ്ങളും സുവിശേഷത്തിലൂടെ യേശു ക്രിസ്തുവില്‍ വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളുമാണ്.

കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!
അല്ലേലൂയാ! (Mt. 2: 2b) ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കു കയാണ് അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തില്‍ നിന്നുള്ള വായന (2: 112)

((കിഴക്കില്‍നിന്ന് രാജാവിനെ ആരാധിക്കുവാന്‍ ഞങ്ങള്‍ വന്നിരിക്കുന്നു)

ഹേറോദേസ് രാജാവിന്റെ കാലത്ത് യൂദയായിലെ ബേത്‌ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യ ദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി. അവര്‍ അന്വേഷിച്ചു: എവിടെയാണ് യഹൂദന്‍മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരി ക്കുകയാണ്. ഇതുകേട്ട് ഹേറോദേസ് രാജാവ് അസ്വ സ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും. അവന്‍ പ്രധാനപുരോഹിതന്‍മാരെയും ജനത്തിന്റെ യിടയിലെ നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു. അവര്‍ പറഞ്ഞു: യൂദയായിലെ ബേത്‌ലെഹെമില്‍. പ്രവാച കന്‍ എഴുതിയിരിക്കുന്നു: യൂദയായിലെ ബേത്‌ലെ ഹെമേ, നീ യൂദയായിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും താഴെയല്ല; എന്റെ ജനമായ ഇസ്രായേലിനെ നയിക്കാ നുള്ളവന്‍ നിന്നില്‍ നിന്നാണ് ഉദ്ഭവിക്കുക. അപ്പോള്‍ ഹേറോദേസ് ആ ജ്ഞാനികളെ രഹസ്യമായി വിളിച്ച്, നക്ഷത്രം പ്രത്യക്ഷപ്പെട്ടതെപ്പോഴെന്നു സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു. അവന്‍ അവരെ ബേത്‌ലെഹെമിലേക്ക് അയച്ചുകൊണ്ടു പറഞ്ഞു: പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷി ക്കുക; അവനെ കണ്ടുകഴിയുമ്പോള്‍ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നെയും അറിയിക്കുക. രാജാവു പറഞ്ഞതുകേട്ടിട്ട് അവര്‍ പുറപ്പെട്ടു. കിഴക്കു കണ്ട നക്ഷത്രം അവര്‍ക്കുമുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നു നിന്നു. നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു. അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശു വിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക് ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു. ഹേറോദേസിന്റെ അടു ത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറി യിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി.
കര്‍ത്താവിന്റെ സുവിശേഷം.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെ


Related Articles

പെൺകുട്ടികൾക്കുള്ള വിവിധ സ്കോളർഷിപ്പുകിൽ ചിലത്

പെൺകുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും, പഠനത്തിന് പ്രോത്സാഹനം നൽകുന്നതിനുമായി സർക്കാരും സർക്കാരിതര ഏജൻസികളും ഒന്നാം ക്ലാസ് മുതൽ ഗവേഷണ പഠനം വരെയും വിവിധ സ്കോളർഷിപ്പുകൾ നൽകിവരുന്നുണ്ട്. ഇവയിൽ

ചികിൽസയിലൂടെ വേർപിരച്ച ഇരട്ട കുഞ്ഞുങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ ജ്ഞാനസ്നാനം നൽകി.

സംയോജിത തലയുമായി പിറന്ന് വത്തിക്കാനിലെ പീഡിയാട്രിക് ആശുപത്രിയിൽ ചികിൽസയിലൂടെ വേർപിരിഞ്ഞ ഇരട്ട കുഞ്ഞുങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ ജ്ഞാനസ്നാനം നൽകി. ഫ്രഞ്ച് പൗരത്വമുള്ള മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ മുൻമന്ത്രി

കോവില്‍ത്തോട്ടത്തിന്റെ കണ്ണീര്‍

ചരിത്രത്തിലൂടെ കൊല്ലം ജില്ലയിലെ ചവറ ഗ്രാമപഞ്ചായത്തിലെ കടലോര ഗ്രാമമാണ് കോവില്‍ത്തോട്ടം. സമ്പുഷ്ടമായ കരിമണല്‍കൊണ്ട് സമ്പന്നം. മത്സ്യത്തൊഴിലാളികള്‍ അധിവസിച്ചിരുന്ന ഗ്രാമം. പടിഞ്ഞാറ് അറബിക്കടല്‍, കിഴക്ക് ദേശീയജലപാത. ഇവയ്ക്ക് മധ്യത്തിലായി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*