പ്രദേശമാകെ വെഞ്ചരിക്കാന്‍ ചെറുവിമാനത്തില്‍ പുണ്യജലം

by admin | January 3, 2020 10:48 am

വാഷിംഗ്ടണ്‍: അമേരിക്കയിലെ ലൂയിസ്യാനയില്‍ കൗ ഐലന്‍ഡിലെ സെന്റ് ആന്‍ ഇടവകക്കാര്‍ ചുറ്റുവട്ടത്തുള്ളവര്‍ക്കെല്ലാം ക്രിസ്മസിന്റെ അനുഗ്രഹവര്‍ഷം ചൊരിഞ്ഞത് ആശീര്‍വദിച്ച തീര്‍ഥജലം പ്രദേശത്താകെ വര്‍ഷിച്ചുകൊണ്ട്. വലിയ കൃഷിയിടങ്ങളില്‍ വളവും കീടനാശിനിയും വിതറുന്നതിന് ഉപയോഗിക്കുന്ന ചെറുവിമാനം ഉപയോഗിച്ചുകൊണ്ടായിരുന്നു ഒറ്റയടിക്ക് ആകാശത്തുനിന്ന് സമഗ്രമായ വെഞ്ചരിപ്പ്.
ഇടവകയിലെ എഴുപതോളം അംഗങ്ങള്‍ വീടുകളില്‍ നിന്നും മറ്റുമായി കൊണ്ടുവന്ന 400 ലിറ്റര്‍ വെള്ളം ആശീര്‍വദിച്ചുകൊണ്ട് പ്രത്യേക പ്രാര്‍ഥനയും ദിവ്യബലിയും അര്‍പ്പിച്ചാണ് വിമാനത്തില്‍ നിന്ന് ലഫായറ്റിന് 30 മൈല്‍ തെക്കുകിഴക്കായി കൗ ഐലന്‍ഡിലെ കൃഷിയിടങ്ങളും സ്‌കൂളും ഉള്‍പ്പെടെയുള്ള പ്രദേശമാകെ നേര്‍ത്തതോതില്‍ തീര്‍ഥം തളിച്ചത്.
‘ഞങ്ങളുടെ ഈ സമൂഹത്തിന്റെമേല്‍, ഈ മണ്ണില്‍ ദൈവാനുഗ്രഹം വര്‍ഷിക്കണമേ എന്നു പ്രാര്‍ഥിക്കാനുള്ള ഒരു മാര്‍ഗമായാണ് ഈ ആകാശവെഞ്ചരിപ്പു നടത്തിയത്,’ ഇടവക വികാരി ഫാ. മാത്യു ബര്‍സാരെ പറഞ്ഞു.
സെന്‍ട്രല്‍ ഒഹായോയില്‍ ഡമാസ്‌കസ് കാത്തലിക് മിഷന്‍ ക്യാമ്പസില്‍ പ്രേഷിതദൗത്യം നിര്‍വഹിക്കുന്ന ഇടവകാംഗമായ ഇരുപത്തിമൂന്നുകാരി ലിറൈന്‍ ഡിട്രാസ് ആണ് ഈ ആശയം മുന്നോട്ടുവച്ചത്. സമൂഹത്തെ ഒന്നിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് ഡിട്രാസ് വിശദീകരിച്ചു.

Source URL: https://jeevanaadam.in/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%ae%e0%b4%be%e0%b4%95%e0%b5%86-%e0%b4%b5%e0%b5%86%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8/