പ്രളയത്തിന് ഒടുവിലെ മഴവില്ല്

പ്രളയത്തിന് ഒടുവിലെ മഴവില്ല്

കൊച്ചി: ഒരു ഫോണ്‍ കോള്‍ ആയിരുന്നു തുടക്കം. 16-ാം തീയതി വൈകീട്ട് വിദേശത്തുള്ള കൂട്ടുകാരന്‍ ഫിറോസ് തന്റെ പ്രായമായ ഭാര്യാപിതാവിനെയും മാതാവിനെയും ആലുവയില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുമോ എന്ന് ഫോണ്‍ വിളിച്ചുചോദിച്ചു കൂടുതലൊന്നും ആലോചിക്കാതെ കൂട്ടുകാരന്റെ ടാക്‌സി വിളിച്ചു അവരെ കൊച്ചിയില്‍ എത്തിച്ചു. വരുന്ന വഴി സെന്റ് ആല്‍ബര്‍ട്‌സ് കോളജില്‍ പ്രളയദുരിതബാധിതര്‍ക്കുള്ള ക്യാമ്പ് തുടങ്ങിയ വിവരം അറിഞ്ഞു എരമല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകയുടെ തെക്കു കിഴക്കു അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന അമലോത്ഭവമാതാ ചാപ്പലിലെ കുറച്ചു ചെറുപ്പക്കാരെയും കൂട്ടി പിറ്റേന്ന് രാവിലെ തന്നെ എറണാകുളത്തേക്കു പോയി. പിന്നീട് നടന്നതെല്ലാം ദൈവനിയോഗം പോലെയായിരുന്നു. ക്യാമ്പില്‍ ചെറിയ ജോലികളൊക്കെ ചെയ്തു നില്‍ക്കുമ്പോഴാണ് മൈക്കിള്‍ അച്ചന്‍ വരാപ്പുഴ ഭാഗത്തെ സ്ഥിതി വളരെ മോശമാണെന്നും വള്ളങ്ങള്‍ ഉണ്ടെങ്കില്‍ ആ ഭാഗത്തേക്ക് പോകാമോ എന്നും ചോദിച്ചത.് ആലപ്പുഴയില്‍ നിന്ന് വള്ളങ്ങള്‍ എത്തിക്കാനായി അടുത്ത ശ്രമം. വാട്‌സാപ്പില്‍ വന്ന ഒരു മെസേജ് സഹായമായി. അര്‍ത്തുങ്കല്‍ ഭാഗത്തു വള്ളങ്ങള്‍ ഉണ്ട്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തയ്യാറാക്കിയാല്‍ എത്താം എന്ന ഉറപ്പു കിട്ടി. ഒരു മണിക്കൂറിനുള്ളില്‍ മൂന്നു വള്ളങ്ങള്‍ തയ്യാറായി എത്തി. ഇന്ധനം വാങ്ങാനായി എറണാകുളത്ത് എത്തിയപ്പോള്‍ പറവൂര്‍ ഭാഗത്തേക്ക് പോകാനാണ് നിര്‍ദ്ദേശം കിട്ടിയത്. അതേസമയം വരാപ്പുഴ ഭാഗത്തു നിന്ന് ഫോണ്‍കോളുകള്‍ വന്നുകൊണ്ടേയിരുന്നു. അവസാനം വരാപ്പുഴക്കു തന്നെ പോകാന്‍ തീരുമാനിച്ചു.
ഗായത്രി, ജനുവരി 10, ഏയ്ഞ്ചല്‍ ക്വീന്‍ എന്നീ വള്ളങ്ങളിലായി ഞങ്ങള്‍ 12 പേര്‍. അതൊരു തുടക്കമായിരുന്നു. വള്ളങ്ങള്‍ പോകുവാന്‍ ഏറെ ബുദ്ധിമുട്ടുള്ള കൊങ്ങോര്‍പ്പിള്ളി ഭാഗത്തേക്കായിരുന്നു ആദ്യദിവസം പോയത്. കൊങ്ങോര്‍പ്പിള്ളി ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും നിരവധി പേരെ കൂനമ്മാവ് ക്യാമ്പിലേക്ക് എത്തിച്ചു. എങ്ങും വെള്ളം നിറഞ്ഞുകിടന്നിരുന്നതിനാല്‍ കരയേതെന്നറിയാന്‍ കഴിയുമായിരുന്നില്ല. വൈദ്യുതി കമ്പികളെ മാത്രം ആശ്രയിച്ചു മണിക്കൂറുകള്‍ സഞ്ചരിക്കേണ്ടിവന്നു. വഴി അറിയാതെ കുടുങ്ങി പോകും എന്ന അവസരങ്ങളില്‍ പോലും അര്‍ത്തുങ്കല്‍ നിന്നുള്ള നമ്മുടെ സ്വന്തം സൂപ്പര്‍ഹീറോസ്- ബെന്നിചേട്ടന്റെ നേതൃത്വത്തിലുള്ള ഒന്‍പതു മല്‍സ്യത്തൊഴിലാളികള്‍-പാറപോലെ ഉറച്ചുനിന്നു-ആ വലിയ മീന്‍പിടുത്തക്കാരനായ പത്രോസിനെ പോലെ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടെ നില്‍ക്കാന്‍ ചെറുപ്പക്കാരുടെ എണ്ണം കൂടിവന്നു. അതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമായി. തുടര്‍ന്നുള്ള രണ്ടുദിവസങ്ങളും കൊങ്ങോര്‍പ്പിള്ളി, പാനായിക്കുളം, മുട്ടിനകം, നീറിക്കോട്, കരിങ്ങാംതുരുത്ത് ഭാഗങ്ങളില്‍ നിന്നു പരമാവധി ആളുകളെ വിവിധ ക്യാമ്പുകളിലേക്ക് എത്തിച്ചു.
കൂടെനിന്ന ചെറുപ്പക്കാരുടെ ആവേശം-അതായിരുന്നു എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജമായത്. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും സ്വന്തം ജോലിയില്‍നിന്നെല്ലാം ലീവെടുത്ത ഒരുപറ്റം ചെറുപ്പക്കാര്‍ ഇന്നും അത്ഭുതമാണ്. കൊച്ചിയുടെയും ചേര്‍ത്തലയുടെയും പലഭാഗത്തുനിന്നുള്ളവര്‍ ഒറ്റക്കെട്ടായി നിന്നു. പ്രളയത്തില്‍ നിന്നും ദൈവം തങ്ങളെ രക്ഷിച്ചത് ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് സഹായമാകാനാണെന്ന യുവസുഹൃത്ത് ജയ്ജിന്റെ വാക്കുള്‍ക്കു വല്ലാത്ത ശക്തിയും നിശ്ചയദാര്‍ഢ്യവും ഉണ്ടായിരുന്നു. തുടര്‍ന്ന് പറവൂര്‍ മനക്കപടി ഇടവകയില്‍ ശുചീകരണ പ്രവര്‍ത്തങ്ങള്‍ക്കായി പോകണം എന്ന ആശയം ഉയര്‍ന്നപ്പോള്‍ തിരുവോണദിവസം അടക്കം മൂന്നു ദിവസം പകലന്തിയോളം 24 പേരടങ്ങുന്ന ആ കൂട്ടായ്മ ഒന്നായി പ്രവര്‍ത്തിച്ചു. വെള്ളത്തിന്റെ ഒഴുക്കോ ആഴമോ ചെളിയുടെ മടുപ്പിക്കുന്ന മണമോ ഒന്നും അവരെ പിന്തിരിപ്പിച്ചില്ല. നമ്മുടെ നാടിനു വേണ്ടി നമ്മള്‍ അല്ലാതെ വേറെ ആരാ ചെയ്യുക എന്ന കൂട്ടത്തില്‍ കുഞ്ഞന്‍ ആയ ഗ്ലാഡ്വിന്റെ വാക്കുകള്‍.
മനുഷ്യത്വം മരിക്കാതെ ഇന്നും മനുഷ്യന്റെ ഉള്ളിലുണ്ടെന്നു അനുഭവം കൊണ്ട് പഠിച്ച ദിവസങ്ങള്‍. എന്ത് സഹായത്തിനും കൂടെ നിന്ന പേരു പോലും അറിയാത്ത കുറെ നല്ല മനുഷ്യര്‍-ഒറ്റവിളിയില്‍ പാഞ്ഞെത്തിയ നമ്മുടെ സ്വന്തം സൂപ്പര്‍ഹീറോസ്. ഉല്പത്തി പുസ്തകത്തില്‍ നോഹയുടെ കാലത്തുണ്ടായ പ്രളയത്തിനൊടുവില്‍ ദൈവം സ്ഥാപിച്ച മഴവില്ലു പോലെ എന്റെനാട്-അല്ല, നമ്മുടെ നാട്-ഇന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. ഈ സൗന്ദര്യം എന്നും നിലനില്‍ക്കട്ടെ എന്നു മാത്രം പ്രാര്‍ത്ഥന.
വാല്‍ക്കഷണം:
There are two kinds of Heros. Sung Heros and the unsung Heros. അതെ അതിജീവനത്തിന്റെ ഈ കഥയില്‍ പ്രതിനായകന്മാര്‍ ഇല്ല. ഉപനായകന്മാര്‍ ഇല്ല. നായകന്മാര്‍ മാത്രം. ആഘോഷിക്കാതെ, പാടപ്പെടാതെ പോയ നായകന്മാര്‍ക്ക് സമര്‍പ്പണം.
തയ്യാറാക്കിയത്: ഫാ. ലൂയീസ് ഫ്രാന്‍സിസ്‌


Related Articles

തൊഴിലാളിയും സമഗ്രവികസനവും

ബിഷപ് ഡോ. അലക്‌സ് വടക്കുംതല (ചെയര്‍മാന്‍, സിബിസിഐ, കെസിബിസി ലേബര്‍ കമ്മീഷന്‍) മരപ്പണിക്കാരനെന്നും (മര്‍ക്കോ 6:3) മരപ്പണിക്കാരന്റെ മകനെന്നും (മത്താ 13:55) അറിയപ്പെട്ടിരുന്ന ക്രിസ്തു തൊഴിലിനെയും തൊഴില്‍

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

2021 സമ്മാനമായി ജീവനാദം നവവത്സര പതിപ്പ്

ജീവനാദത്തിന്റെ പതിനഞ്ചാംവാര്‍ഷീകത്തിന്റെ ഭാഗമായി നവവല്‍സരപ്പതിപ്പ് 2021 പുറത്തിറക്കി. ഇന്നലെ വരാപ്പുഴ അതിരൂപത മെത്രാസന മന്തിരത്തില്‍  നടന്ന പ്രകാശന ചടങ്ങില്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സംഗീത സംവിധായകൻ ജെറി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*