പ്രളയഭീതിയകറ്റാന്‍ കൈപ്പുസ്തകം മതിയെങ്കില്‍

പ്രളയഭീതിയകറ്റാന്‍ കൈപ്പുസ്തകം മതിയെങ്കില്‍

ഒരാഴ്ച വൈകിയെങ്കിലും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളതീരത്ത് വന്നണഞ്ഞത് ‘വായു’ ചുഴലിക്കാറ്റിന്റെ കേളികൊട്ടുമായാണ്. മലയാളക്കരയില്‍ 90 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമായി മാറിയ കഴിഞ്ഞ വര്‍ഷത്തെ പെരുമഴക്കാലത്തിന്റെ നടുക്കുന്ന ഓര്‍മയില്‍, തീവ്ര മഴയ്ക്ക് സാധ്യത മുന്‍നിര്‍ത്തി നാലു ജില്ലകളില്‍ റെഡ് അലര്‍ട്ടും അതീവ ജാഗ്രതാനിര്‍ദേശവും മറ്റിടങ്ങളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചാണ് സംസ്ഥാനം കാലവര്‍ഷത്തെ വരവേറ്റത്. സംസ്ഥാനത്തെ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അതോറിറ്റിയാകട്ടെ (കെഎസ്ഡിഎംഎ) ദുരന്ത മാനേജ്‌മെന്റിനുള്ള ഓറഞ്ച് കൈപ്പുസ്തകത്തിലെ അംഗീകൃത നടപടിക്രമങ്ങളും (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജര്‍) പ്രോട്ടോകോളും പരിഷ്‌കരിച്ചതിനു പുറമെ മുന്‍പെങ്ങുമില്ലാത്തവണ്ണം ‘കാലവര്‍ഷ മുന്നൊരുക്കവും അടിയന്തര പ്രതികരണ പദ്ധതിയും’ എന്ന പുത്തന്‍ മാര്‍ഗരേഖയുണ്ടാക്കി സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍, ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ജില്ലാ ദുരന്ത മാനേജ്‌മെന്റ് അതോറിറ്റി, കേന്ദ്ര ഏജന്‍സികള്‍, 29 സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ പ്രത്യേക ചുമതലകള്‍ വ്യക്തമായി നിര്‍വചിക്കുകയും ചെയ്തിരിക്കുന്നു.
കാലാവസ്ഥ പ്രവചനത്തിനൊന്നും ഇട നല്‍കാതെ പൊടുന്നനെ ഉരുണ്ടുകൂടിയ ഓഖി ചുഴലിക്കാറ്റിനും, മുന്നറിയിപ്പൊന്നും കൂടാതെ ഒറ്റയടിക്ക് ഡാമുകള്‍ തുറന്നുവിട്ടതിനാല്‍ ആഴവും പരപ്പുമേറിയ മഹാപ്രളയത്തിനും കേട്ട പഴിക്കൊക്കെ പ്രായശ്ചിത്തമായി തലങ്ങും വിലങ്ങും അതീവ ജാഗ്രതാനിര്‍ദേശമിട്ട് അമ്മാനമാടുകയാണ് സര്‍ക്കാര്‍. പ്രളയം മൂലമുണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കുക എന്നതിലുപരി പ്രകൃതിദുരന്തങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത നവകേരളത്തെ സൃഷ്ടിക്കുക എന്ന തന്റെ റീബില്‍ഡ് കേരള ഇനീഷ്യറ്റീവിന്റെ മഹിമ ജനീവയില്‍ ഐക്യരാഷ്ട്രസഭയും ലോക ബാങ്കും യൂറോപ്യന്‍ കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച ലോക പുനര്‍നിര്‍മാണ കോണ്‍ഗ്രസിലെ മുഖ്യപ്രഭാഷണത്തില്‍ വര്‍ണിക്കാനും, അതിജീവനത്തിനായുള്ള വിഭവസമാഹരണത്തിനു പുതുവഴി തേടുന്നതിനിടെ കുറച്ചുനാള്‍ മുന്‍പ് ട്രേഡ് ചെയ്തുതുടങ്ങിയ കിഫ്ബി മസാല ബോണ്ടിന്റെ പേരില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഒരു ദിവസത്തെ ട്രേഡിംഗ് ഉദ്ഘാടനത്തിന് മണിയടിക്കാനും നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച അനന്യസാധാരണമായ നിയോഗം തന്നെ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിലേക്ക് ലോകത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിക്കാന്‍ പോന്നതായിരുന്നുവെന്നാണ് ഇടതുചിന്തകരുടെ വിലയിരുത്തല്‍. നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശത്തില്‍ നിന്നു കിട്ടിയ ‘റൂം ഫോര്‍ റിവര്‍’ ആശയം ഇവിടെ നടപ്പാക്കുമെന്നു രണ്ടാഴ്ചത്തെ യൂറോപ്യന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രി പറയുമ്പോഴേക്കും കേരളത്തിലെ വോട്ടര്‍മാര്‍ ചുഴറ്റിവിട്ട രാഷ്ട്രീയ സുനാമിയില്‍ റെഡ് സല്യൂട്ടിന്റെ ജയഭേരികളൊക്കെതന്നെ കൂത്തിയൊലിച്ചുപോയിരുന്നു.
ഇക്കൊല്ലം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ സാധാരണ തോതിലായിരിക്കുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാല്‍ ‘വായു’ പോലുള്ള അപ്രതീക്ഷിത വാതമണ്ഡലികളുടെ കടന്നുവരവ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കാനും മതി. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 2,346.6 മില്ലിമീറ്റര്‍ മഴയാണു പെയ്തിറങ്ങിയത്. സാധാരണ ലഭിക്കുന്നതിനെക്കാള്‍ 42% വര്‍ധന. കഴിഞ്ഞ ജൂണില്‍ 15% വര്‍ധനയും ജൂലൈയില്‍ 18% വര്‍ധനയും ഓഗസ്റ്റില്‍ 164% വര്‍ധനയുമാണുണ്ടായത്. പൊതുവെ 23 ശതമാനം മഴയുണ്ടാകുമെന്നാണ് പ്രവചിച്ചിരുന്നതെങ്കിലും പ്രളയദുരന്തത്തിന്റെ നാളുകളില്‍ അത് 300 മുതല്‍ 400% വരെയായി. 453 മനുഷ്യജീവനെടുത്ത ആ പ്രളയത്തില്‍ 2,80,000 വീടുകളാണ് ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നത്. 1,40,000 ഹെക്ടറില്‍ കാര്‍ഷികവിളനാശമുണ്ടായി, 70,000 കിലോമീറ്റര്‍ റോഡ്ശൃംഖലയ്ക്ക് കേടുപാടു സംഭവിച്ചു. കിഫ്ബിയുടെ മസാല ബോണ്ടിനും ഓറഞ്ച് കൈപ്പുസ്തകത്തിനും എന്തെല്ലാം വീണ്ടെടുക്കാന്‍ കഴിയും? ഇക്കൊല്ലം കൂടുതല്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്.
അതിതീവ്ര മഴയ്ക്കിടെ ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ചു ഷട്ടറുകളും തുറക്കും വരെ കേരളത്തില്‍ ആരും പ്രളയദുരന്തത്തെക്കുറിച്ച് വേവലാതിപ്പെട്ടിരുന്നില്ല. ദേശീയ ദുരന്ത മാനേജമെന്റ് അതോറിറ്റി നിഷ്‌കര്‍ഷിക്കുന്ന എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ എന്ന മാര്‍ഗരേഖ കേരളത്തിലെ ഒരു ഡാമിലും ഉണ്ടായിരുന്നില്ല. ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 16 ഡാമുകളില്‍ 13 എണ്ണത്തില്‍ ഈ കാലവര്‍ഷത്തിനു മുന്‍പ് ആക്ഷന്‍ പ്ലാന്‍ രൂപപ്പെടുത്താന്‍ ശ്രമമുണ്ടായി. ഇവയ്ക്ക് ഇനിയും കേന്ദ്ര ജല കമ്മീഷന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള അന്‍പതിലേറെ ഡാമുകളുടെ റിസര്‍വോയറിലെ ജലനിരപ്പ് വൈദ്യുതി ഉത്പാദനവുമായി ബന്ധപ്പെടുത്തിയാണ് നിലനിര്‍ത്തിവരുന്നത്. പ്രളയം നിയന്ത്രിക്കുന്നതിനെക്കാള്‍ വെള്ളം സംഭരിച്ചുനിര്‍ത്തുന്നതിനാണ് ഈ ഡാമുകള്‍ പ്രാമുഖ്യം നല്‍കുന്നത്.
എന്തായാലും ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതിന് 36 മണിക്കൂര്‍ മുന്‍കൂട്ടി പ്രാഥമിക മുന്നറിയിപ്പു നല്‍കണമൈന്നും, ആദ്യത്തെയും മൂന്നാമത്തെയും മുന്നറിയിപ്പിനിടയില്‍ 24 മണിക്കൂര്‍ ഇടവേള വേണമെന്നും, വൈകുന്നേരം ആറു മുതല്‍ പുലര്‍ച്ചെ ആറു വരെ ഡാമില്‍ നിന്നു വെള്ളം തുറന്നുവിടരുതെന്നും ഇപ്പോള്‍ ഗവണ്‍മെന്റ് നിര്‍ദേശിക്കുന്നുണ്ട്.
മഴക്കാല പൂര്‍വ ശുചീകരണം എന്ന പേരില്‍ നാട്ടിലെങ്ങും കാനകളിലെയും തോടുകളിലെയും കനാലുകളിലെയും മാലിന്യങ്ങള്‍ നീക്കാനും നീരൊഴുക്കിന്റെ തടസങ്ങള്‍ ഒഴിവാക്കാനും യജ്ഞങ്ങള്‍ നടത്തിയതായി പറയുന്നുണ്ടെങ്കിലും ജലസ്രോതസുകളിലെയും കായലോരത്തെയും വയലുകളിലെയും തോടുകളിലെയും മാലിന്യകൂമ്പാരങ്ങള്‍ക്ക് ഇപ്പോഴും ഒരു കുറവുമില്ല. കൈയേറ്റങ്ങളൊന്നും ഒഴിപ്പിച്ചിട്ടുമില്ല.
പ്രളയത്തിനുശേഷം കൊടുംവറുതിയുടെ നീണ്ട പര്‍വത്തില്‍, കടല്‍ക്ഷോഭത്തിന്റെയും ചുഴലിക്കാറ്റിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആദ്യ ഇരകളാകുന്ന തീരദേശവാസികള്‍ കടലോരത്തെ തങ്ങളുടെ വീടുകളുടെയും ജീവനോപാധികളുടെയും അരക്ഷിതാവസ്ഥയെക്കുറിച്ച് മുറവിളികൂട്ടിക്കൊണ്ടിരുന്നു. ചെല്ലാനത്തും ഒറ്റമശേരിയിലും ആറാട്ടുപുഴയിലും വലിയതുറയിലും എറിയാടും വലിയതുറയിലും പുതുപൊന്നാനിയിലുമൊക്കെ അതിശക്തമായ കടലാക്രമണത്തില്‍ തീരശോഷണം ഏറിവരുന്നതു കണ്ട് കടല്‍ഭിത്തി, പുലിമുട്ട് നിര്‍മാണം ഉള്‍പ്പെടെയുള്ള തീരസംരക്ഷണ പദ്ധതികള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പലയിങ്ങളിലും ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നു. കാലവര്‍ഷക്കെടുതികളുടെ വേലിയേറ്റത്തിനു മുന്‍പേ പല തീരപ്രദേശങ്ങളിലും നിരവധി പുരയിടങ്ങളും പൊതുജീവിതത്തിന്റെ അടിസ്ഥാനസൗകര്യങ്ങളും വലകളും വള്ളപ്പുരകളും തെങ്ങിന്‍തോപ്പുകളുമൊക്കെ കടലെടുത്തുതുടങ്ങിയിരുന്നു. കടലോരത്ത് നൂറുകണക്കിന് വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. മത്സ്യത്തൊഴിലാളികളുടെയും മറ്റു തീരദേശവാസികളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും എന്നും കടല്‍ക്ഷോഭത്തിന്റെ ഇരകളായി അഭയാര്‍ഥികളായി കഴിയേണ്ടിവരുന്നവരെ പുനരധിവസിപ്പിക്കാനും സത്വര നടപടി വേണം. ജീവിക്കാനുള്ള അവകാശത്തിനായി പെരുമഴയത്ത് സ്ത്രീകളും കുട്ടികളും തെരുവില്‍ സത്യഗ്രഹമിരിക്കേണ്ടിവരുന്ന ഹൃദയഭേദകമായ അവസ്ഥയ്ക്ക് അറുതിവേണം.
മത്സ്യങ്ങളുടെ പ്രജനനകാലത്ത് സമുദ്രവിഭവസംരക്ഷണം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നമ്മുടെ സമുദ്രാതിര്‍ത്തിയില്‍ നടപ്പാക്കുന്ന 52 ദിവസത്തെ ട്രോളിംഗ് നിരോധനം നിലവില്‍ വന്നുകഴിഞ്ഞു. തീരത്ത് പഞ്ഞമാസങ്ങളില്‍ അനുവദിക്കുന്ന സൗജന്യ റേഷനു പുറമെ, പല തീരസംസ്ഥാനങ്ങളിലും മത്സ്യത്തൊഴിലാളികള്‍ക്ക് വര്‍ധിപ്പിച്ച തോതില്‍ നല്‍കിവരുന്ന ദുരിതാശ്വാസ സഹായധനം ഇവിടെയും വിതരണം ചെയ്യണം. കര്‍ഷകര്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ മാതൃകയില്‍ മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക ധനസഹായത്തിന് സംവിധാനമുണ്ടാക്കണം. ട്രോളിംഗ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ആവശ്യത്തിന് ഡീസല്‍ ലഭ്യമാക്കാന്‍ മത്സ്യഫെഡിന്റെ ഡീസല്‍ ബങ്കുകള്‍ പ്രവര്‍ത്തിപ്പിക്കണം. നിരോധനം നിലവില്‍ വരുന്നതിനിടെ പ്രതികൂല കാലാവസ്ഥയില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഹാര്‍ബറില്‍ മടങ്ങിയെത്താന്‍ കഴിയാതിരുന്ന ഇതര സംസ്ഥാനക്കാരുടെ ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കാട്ടുന്ന ചുമതലാബോധം കടലില്‍ അപകടത്തില്‍ പെടുന്നവരെ രക്ഷിക്കുന്നതിലും പ്രകടമാക്കിയാല്‍ കൊള്ളാം.


Related Articles

കെസിവൈഎം ഭക്ഷ്യധാന്യ സമാഹരണം നടത്തി

എറണാകുളം: കെസിവൈഎം നസ്രത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഈസ്റ്റര്‍ ദിനത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനായി ഭക്ഷ്യധാന്യ സമാഹരണം നടത്തി. കെസിവൈഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തപസ്സു കാലത്ത്

കാന്‍സറിനെതിരെ സന്ദേശ പ്രചരണ ജലയാത്ര

വിജയപുരം: വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കാന്‍സര്‍ സാന്ത്വനപദ്ധതിയായ ആശാകിരണത്തിന്റെ ആഭിമുഖ്യത്തില്‍ ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് കാന്‍സറിനെതിരെയുള്ള സന്ദേശപ്രചരണ ജലയാത്ര സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം എന്നിവയുടെ

നഗര മാവോയിസ്റ്റുകളും ചില ആട്ടിന്‍കുട്ടികളും

  നഗരം കേന്ദ്രീകരിച്ച് തീവ്രവാദ ആശയപ്രചാരണം നടത്തുന്ന മാവോവാദികള്‍ എന്നു മുദ്രകുത്തി നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിന്റെ (യുഎപിഎ) കുപ്രസിദ്ധ വകുപ്പുകള്‍ പ്രകാരം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ബ്രാഞ്ച്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*