പ്രവചനാതീതമായ പരിണതികളിലേക്ക്

പ്രവചനാതീതമായ പരിണതികളിലേക്ക്

ഇന്നു ജീവിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ ആയുസിലെ ഏറ്റവും വിധിനിര്‍ണായകമായ തെരഞ്ഞെടുപ്പു ഫലമാണിത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും വോട്ടെണ്ണിതീരുമ്പോള്‍ തെളിയുന്ന കക്ഷിനിലയും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളും എന്തായാലും ഭാരതം എന്ന സങ്കല്പവും ഇന്ത്യന്‍ ജനാധിപത്യവും ഇനി തിരിച്ചുപോക്കില്ലാത്തവണ്ണം ഒരു ദശാന്തരത്തിലെത്തിയിരിക്കുന്നു. രണ്ടാമൂഴത്തിനായുള്ള പടപുറപ്പാടില്‍ തന്നെ നരേന്ദ്ര മോദി എന്ന മഹാപ്രതിഭാസം ഇന്ത്യയുടെ രാഷ്ട്രീയ പൊതുബോധത്തെയും ജനമനസുകളെയും വിഭാഗീയതയുടെയും തീവ്രഹിന്ദുത്വ ദേശീയതയുടെയും അതിഭീഷണ വികാരത്തള്ളിച്ചയില്‍ അപ്പാടെ ഇളക്കിമറിക്കുന്നതു കണ്ട് അമ്പേവിളിക്കാനേ നമുക്കായുള്ളൂ. ഇന്ത്യയ്ക്ക് ഇനി പഴയ ഇന്ത്യയാകാനാവുമോ?
ജനവിധി പവിത്രമാണ്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ തകരാറും തിരിമറിയും, വോട്ടു കൃത്യമായി രേഖപ്പെടുത്തിയെന്നതിനു തെളിവായി രശീത് പ്രിന്റ് ചെയ്യുന്ന വിവിപാറ്റ് (വോട്ടര്‍ വേരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രെയ്ല്‍) നൂറു ശതമാനവും ടാലി ചെയ്യാത്തതും, തെരഞ്ഞെടുപ്പു പ്രചാരണത്തിലെ പെരുമാറ്റച്ചട്ടലംഘനങ്ങളുടെ കാര്യത്തില്‍ പ്രധാനമന്ത്രിയെയും ബിജെപി ദേശീയ പ്രസിഡന്റിനെയും നിര്‍ദോഷികളായി പ്രഖ്യാപിച്ച് കേന്ദ്ര ഇലക്ഷന്‍ കമ്മീഷനിലെ മൂന്നില്‍ രണ്ട് അംഗങ്ങള്‍ കണ്ണടച്ച് തുരുതുരാ ക്ലീന്‍ ചിറ്റ് നല്‍കിയതും, പശ്ചിമ ബംഗാളിലുണ്ടായ അക്രമസംഭവങ്ങളുടെ പേരില്‍ പ്രധാനമന്ത്രിയുടെ പ്രചാരണ റാലികളെ തെല്ലും ബാധിക്കാത്തവണ്ണം അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണ സമയം അടിയന്തരമായി വെട്ടിക്കുറച്ചതും, തന്റെ മണ്ഡലമായ വാരാണസിയില്‍ ഉള്‍പ്പെടെ ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന വേളയില്‍ ദേശീയ ടെലിവിഷന്‍ ചാനലുകളുടെയും രാജ്യാന്തര മാധ്യമസംഘത്തിന്റെ അകമ്പടിയോടെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥ്, ബദരീനാഥ് തീര്‍ഥാടനത്തിനും രുദ്രധ്യാനഗുഹയിലെ ടെലിവൈസ്ഡ് ധ്യാനത്തിനും പെരുമാറ്റച്ചട്ടം നോക്കാതെ ഇലക്ഷന്‍ കമ്മീഷന്‍ അനുമതി നല്‍കിയതുമൊന്നും ലോകത്തിലെ ഏറ്റവും ബൃഹത്തായ ജനാധിപത്യ പ്രക്രിയ എന്നു വാഴ്ത്തപ്പെടുന്ന 2019ലെ പതിനേഴാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിധിതീര്‍പ്പിന്റെ യശോധാവള്യത്തിന് എന്തെങ്കിലും മങ്ങലോ കളങ്കമോ ഏറ്റുന്നില്ല. ഇലക്ഷന്‍ കമ്മീഷന്റെ പക്ഷപാതവും വീഴ്ചകളും ചായ്‌വുകളും കൈക്കുറ്റപ്പാടും ഉപേക്ഷയുമൊക്കെ കൃത്യമായ ഓഡിറ്റിനും ജുഡീഷ്യല്‍ അന്വേഷണത്തിനും വിധേയമാക്കേണ്ടതാണെന്നു വന്നാല്‍ പോലും ജനഹിതം ആത്യന്തികമായി പരമാദരണീയമാണ്.
വോട്ടെടുപ്പ് മാറ്റിവച്ച വെല്ലൂര്‍ മണ്ഡലം ഒഴികെ 542 സീറ്റിലേക്ക് ഏഴു ഘട്ടങ്ങളിലായി 39 ദിവസം നീണ്ട തെരഞ്ഞെടുപ്പില്‍ രാജ്യത്തെ സമ്മതിദാനാവകാശമുള്ള 90 കോടി പൗരന്മാരില്‍ 60 കോടി ആളുകള്‍ വോട്ടുകുത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം (67.11) കൈവരിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടം (സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വേണ്ടെന്നുവച്ച ജമ്മു-കശ്മീരില്‍ ഈ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തത് 29.39 ശതമാനം പേര്‍ മാത്രമാണെന്നത് മറ്റൊരു വശം). 2014ലെ തെരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് 830 ലക്ഷം പുതിയ വോട്ടര്‍മാരുടെ പേരു ചേര്‍ത്തിട്ടുണ്ട്; ഇതില്‍ 150 ലക്ഷം പേര്‍ 18-19 പ്രായപരിധിയിലുള്ളവരാണ്. ഒരു കോടിയോളം കന്നിവോട്ടര്‍മാര്‍ ഇക്കുറി പോളിംഗ് ബൂത്തിലെത്തിയത് പല സമവാക്യങ്ങളെയും തകിടംമറിച്ചുകൊണ്ടാണ്.
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യത്തെ കോണ്‍ഗ്രസ് ഇതര ഗവണ്‍മെന്റ് അധികാരത്തിലേറിയ 1977നു ശേഷം കഴിഞ്ഞ 11 പൊതുതെരഞ്ഞെടുപ്പുകളില്‍ കേന്ദ്രത്തില്‍ ഭരണം കൈയാളാനുള്ള പാര്‍ട്ടിയുടെ അല്ലെങ്കില്‍ മുന്നണിയുടെ സ്ഥാനാര്‍ഥികളെ മാത്രം ഒരു പിഴവും കൂടാതെ കൃത്യമായി ജയിപ്പിച്ച ചരിത്രമുള്ള ഏക ലോക്‌സഭാ മണ്ഡലം ഗുജറാത്തിലെ വല്‍സാഡ് ആണ്. എന്തെല്ലാം തരംഗമുണ്ടായാലും ഇതിനു സമാനമായ മണ്ഡലങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഒരിക്കലും കാണാനാവില്ലെന്നാണ് തെരഞ്ഞെടുപ്പ് പ്രവചനത്തില്‍ അദ്വിതീയനായ പ്രണയ് റോയിയെപോലുള്ളവര്‍ പറയുന്നത്. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി വലിയ കോളിളക്കം സൃഷ്ടിക്കുമ്പോഴും തെക്ക് വലിയ ചലനമൊന്നും സംഭവിക്കുന്നില്ല. അല്ലെങ്കിലും ഹൈന്ദവ ഭൂരിപക്ഷ ഉത്തരമേഖലയെന്നും ‘ന്യൂനപക്ഷത്തിന്’ മേല്‍ക്കൈയുള്ള ദക്ഷിണമേഖലയെന്നും രാജ്യത്തെ രണ്ടായി വിഭജിച്ചുകാണുന്നവരാണല്ലോ അമിത് ഷായും കൂട്ടരും.
ആറാഴ്ച നീണ്ട കാലയളവില്‍ രാജ്യത്തെ 10 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളില്‍ പല മാനദണ്ഡങ്ങള്‍ നോക്കി തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വോട്ടു ചെയ്തിറങ്ങുന്നവരില്‍ നിശ്ചിത ശതമാനം പേരെ നേരിട്ടു കണ്ട് ചോദിച്ചറിയുന്ന കാര്യങ്ങളെ ആധാരമാക്കി നടത്തിയ വിശകലനത്തിലൂടെയാണ് ഇക്കുറി രാജ്യത്തെ പ്രമുഖ ഗവേഷണ-സര്‍വേ ഏജന്‍സികളുടെ സഹായത്തോടെ വാര്‍ത്താമാധ്യമങ്ങള്‍ അവസാന ഘട്ട വോട്ടെടുപ്പു പൂര്‍ത്തിയായ നിമിഷം തൊട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടത്. ദേശീയ തലത്തില്‍ 13 എക്‌സിറ്റ് പോളുകള്‍ ബിജെപിക്കും എന്‍ഡിഎ സഖ്യത്തിനും വന്‍ വിജയം പ്രവചിച്ചപ്പോള്‍ എബിപി-നീല്‍സന്‍ മാത്രം ആ നേട്ടത്തിന്റെ തോത് ലേശം പരിമിതപ്പെടുത്തി – കേവല ഭൂരിപക്ഷത്തിന് 272 സീറ്റു മതി എന്നിരിക്കെ 267 സീറ്റാണ് അവര്‍ ബിജെപിയുടെ സഖ്യത്തിന് നിര്‍ണയിച്ചത്. 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി 282 സീറ്റു നേടി – 30 വര്‍ഷത്തിനിടെ ഒരു പാര്‍ട്ടി ഒറ്റയ്ക്ക് നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷം. എന്‍ഡിഎ സഖ്യത്തില്‍ 336 അംഗങ്ങളുണ്ടായിരുന്നു. 40,000 മുതല്‍ 20 ലക്ഷം വരെയുള്ള സാമ്പിളിന്റെ തോതു വച്ചാണ് എക്‌സിറ്റ് പോള്‍ പ്രവചനം നടത്തുന്നതെങ്കിലും ഈ കണക്കുകൂട്ടലൊന്നും പൂര്‍ണമായി ഫലിക്കണമെന്നില്ല. അതിനാലാണ് 22 പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് വോട്ടിംഗ് യന്ത്രത്തിന്റെയും വിവിപാറ്റ് രശീതിന്റെയും കാര്യത്തില്‍ ഏറ്റവും ജാഗ്രതയോടെ നിലകൊള്ളാനും ഇലക്ഷന്‍ കമ്മീഷനെ അതിന്റെ ഗൗരവം ബോധ്യപ്പെടുത്താനും അവസാന മണിക്കൂറിലും ശ്രമിച്ചത്.
യുഎസ് പ്രസിഡന്റിനെയും മറ്റും തെരഞ്ഞെടുക്കുന്ന മട്ടില്‍ അജയ്യനായ നേതാവിന്റെ നേതൃഗുണവും വ്യക്തിപ്രഭാവവും ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി പ്രചാരണം നടത്തിയത്. ഗുജറാത്തിലെ വംശീയ കൂട്ടക്കുരുതിയുടെ ചരിത്രമെല്ലാം തിരുത്തിയെഴുതി വികസനത്തിന്റെ നായകനായ ടെക്‌നോക്രാറ്റിക് മോഡേണൈസര്‍ ആയി രംഗപ്രവേശം ചെയ്ത മോദിക്ക് തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനായില്ലെങ്കിലും തീവ്രദേശീയതയുടെ ഹിന്ദുത്വവികാരം ആളിപ്പടര്‍ത്താനാവും എന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ തിരിച്ചറിയുന്നു. തന്റെ പ്രത്യയശാസ്ത്രം ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിചേര്‍ക്കാന്‍ മോദിക്കു കഴിയുമെന്ന പ്രത്യാശയിലാണവര്‍. തെരഞ്ഞെടുപ്പിനു മുന്‍പ് ബിജെപി വിരുദ്ധ സഖ്യത്തിനായി കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ച പ്രാദേശിക കക്ഷികള്‍ ഇനി അവസരത്തിനൊത്ത് കളം മാറാനാവും നോക്കുക. ബിജു ജനതാ ദളിന്റെ നവീന്‍ പട്‌നായിക്കും, തൃണമൂല്‍ കോണ്‍ഗ്രസിന്റെ മമതാ ബാനര്‍ജിയും, യുവജന ശ്രമിക റൈത്തു കോണ്‍ഗ്രസിന്റെ വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയും, തെലങ്കാന രാഷ്ട്ര സമിതിയുടെ കെ. ചന്ദ്രശേഖര്‍ റാവുവും, ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ മായാവതിയും, സമാജ്‌വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവും, ഡിഎംകെയുടെ എം.കെ. സ്റ്റാലിനും, ജനതാ ദള്‍-എസിന്റെ എച്ച്.ഡി. ദേവഗൗഡയും, തെലുഗു ദേശം പാര്‍ട്ടിയുടെ ചന്ദ്രബാബു നായിഡുവും ഉള്‍പ്പെടെയുള്ള പ്രാദേശിക രാഷ്ട്രീയ ഛത്രപതിമാര്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താനാകുന്ന സാഹചര്യമാണ് ഒരുങ്ങിവന്നത്.
ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികളുടെ സാമ്പത്തിക ഭാരം ഏറ്റവും ചുരുങ്ങിയത് 700 കോടി ഡോളര്‍ (49,150 കോടി രൂപ) വരുമെന്നാണ് നിരീക്ഷകരുടെ കണക്ക്. ഇതില്‍ ഏറ്റവും വലിയ പങ്ക് ബിജെപിയുടേതാണ്. കര്‍ണാടകത്തിലും മധ്യപ്രദേശിലും കാലുമാറ്റത്തിന് എംഎല്‍എമാര്‍ക്ക് 25 കോടിയും മറ്റും ഓഫര്‍ ചെയ്യാന്‍ കെല്പുള്ള പാര്‍ട്ടി ഇന്ന് അവര്‍ മാത്രമാണല്ലോ. വിശാല ഭാരതത്തില്‍ ബിജെപിക്കു ബദലാകാന്‍ കോണ്‍ഗ്രസിനു കഴിയാത്തതിനു പിന്നില്‍ സാമ്പത്തിക പരാധീനതയും വലിയൊരു ഘടകമാണ്.
ഭരണഘടന ഉറപ്പുനല്‍കുന്ന പരമാധികാര സ്വാതന്ത്ര്യത്തോടെ, ആരുടെ മുമ്പിലും മുട്ടുമടക്കാതെ 1952 മുതല്‍ കാര്യക്ഷമമായും നിഷ്പക്ഷമായും പ്രവര്‍ത്തിച്ചുവന്ന മൂന്നംഗ ഇലക്ഷന്‍ കമ്മീഷന്‍ എത്രത്തോളം ദുര്‍ബലമായെന്നു വെളിപ്പെടുത്തുന്നതായിരുന്നു ഈ പൊതുതെരഞ്ഞെടുപ്പ്. ഇന്ത്യന്‍ സൈന്യം പോലും കക്ഷിരാഷ്ട്രീയത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുകയാണ്. 1975ല്‍ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 21 മാസം രാഷ്ട്രത്തിന്റെ ഭരണഘടന മരവിപ്പിച്ച് സമഗ്രാധിപതിയായി വാണ നാളുകള്‍ക്കുശേഷം ഇന്ത്യയിലെ നീതിന്യായവ്യവസ്ഥ ഏറ്റവും വലിയ ഭീഷണി നേരിടുകയാണിപ്പോള്‍. മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും ന്യൂനപക്ഷ സംരക്ഷണത്തിന്റെയും മഹത്തായ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് ഇനിയും കൂടുതല്‍ വ്യാകുലപ്പെടാനാകുമോ ഈ ജനവിധി?


Related Articles

ഓച്ചന്തുരുന്ത് കുരിശിങ്കലില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ പേരില്‍ റോഡ്

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ ജന്മനാടായ ഓച്ചന്തുരുത്ത് കുരിശിങ്കലില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി റോഡ് നാമകരണം ചെയ്തു. 50-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ

ക്രിസ്തുമസ്

ആഗമനകാലത്തിലെ കാത്തിരിപ്പ് കഴിഞ്ഞ് ഉണ്ണിയേശുവിന്റെ ജനനത്തിരുനാള്‍ ആഗതമായിരിക്കുകയാണ്. ക്രിസ്തുമസിന്റെ എല്ലാവിധ ആശംസകളും ഏവര്‍ക്കും സ്‌നേഹപൂര്‍വ്വം നേരുകയാണ്. ഇന്നത്തെ സുവിശേഷത്തില്‍ നാം വായിച്ചു കേള്‍ക്കുക അബ്രഹാം വരെ ചെന്നു

മാഹി പള്ളിയില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു

കോഴിക്കോട്: മാഹി സെന്റ് തെരേസാ തീര്‍ഥാടന കേന്ദ്രത്തില്‍ മെയ് ഒന്നിന് ഇടവക ദിനമായി ആചരിച്ചു. രാവിലെ 10.45ന് അര്‍പ്പിച്ച ദിവ്യബലിക്ക് വികാരി റവ. ഡോ. ജെറോം ചിങ്ങന്തറ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*