പ്രവാസികളും ലോക്ഡൗണും

പ്രവാസികളും ലോക്ഡൗണും

 

ഫാ. മെട്രോ സേവ്യര്‍ ഒ.എസ്.എ

അതുല്‍ യാദവ് എന്ന ഫോട്ടോഗ്രഫര്‍ കൊറോണ ലോക്ഡൗണ്‍ കാലത്ത് എടുത്ത ഹൃദയസ്പര്‍ശിയായ ഒരു ഫോട്ടോയുണ്ട്. റോഡരുകില്‍ ഇരുന്ന് കരയുന്ന ഒരു പിതാവിന്റെ ചിത്രം. കൊവിഡ് മഹാമാരി ഡല്‍ഹിയില്‍ വ്യാപിച്ചപ്പോള്‍ ജോലി നഷ്ടപ്പെട്ട് സ്വന്തം നാട്ടിലേക്ക് തിരിച്ചുനടക്കുകയായിരുന്നു ബീഹാര്‍ സ്വദേശിയായ റാം പുക്കാര്‍ പണ്ഡിറ്റ്. അപ്പോഴാണ് വീട്ടില്‍ നിന്ന് ആ ദുഃഖകരമായ വാര്‍ത്ത എത്തിയത് – അയാളുടെ ഒരു വയസ്സുള്ള മകന്‍ മരിച്ചുപോയി. നിസ്സഹായനായി റോഡരുകിലിരുന്ന് കരയുകയാണ് ആ പാവം പിതാവ്.


ലോക്ഡൗണ്‍ കാലത്ത് അന്യദേശങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ അനുഭവിച്ച മഹാവ്യഥകളുടെ, ഒടുങ്ങാത്ത ദുരന്തങ്ങളുടെ ആയിരമായിരം ദൃഷ്ടാന്തങ്ങളില്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പെട്ട ഒരെണ്ണം മാത്രമാണിത്. കൊവിഡ് കാലം മനുഷ്യന്റെ ജീവിതം മാറ്റിമറിച്ച, മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് നമുക്കു സമ്മാനിച്ചത്. അതിലേറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത് പ്രവാസികളാണെന്ന് നിസ്സംശയം പറയാന്‍ കഴിയും. വീടും നാടും വിട്ട് കുടുംബത്തിനുവേണ്ടി മറ്റു സംസ്ഥാനങ്ങളില്‍, അല്ലെങ്കില്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ ഈ മഹാമാരിക്കാലത്ത് അനുഭവിക്കുന്ന സങ്കടങ്ങള്‍ വിവരിക്കാനാവാത്തതാണ്. സ്വാതന്ത്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ഹൃദയഭേദകമായ കൂട്ടപലായനത്തിന്റെ ദൃശ്യങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് നാം കാണുകയുണ്ടായി. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ രാജ്യത്തെ ആഭ്യന്തര പ്രവാസികളുടെ, തൊഴിലിനായി പിറന്ന നാട്ടില്‍ നിന്ന് ഏറെ ദൂരെ താത്കാലിക കുടിയേറ്റക്കാരായി കഴിഞ്ഞുവന്നവര്‍ തൊഴില്‍ നഷ്ടപ്പെട്ടും പട്ടിണി ഭയന്നും രോഗഭീതിയിലും അരക്ഷിതാവസ്ഥയിലും അനിശ്ചിതത്വത്തിലുമായപ്പോള്‍ പരിഭ്രാന്തമായ മടക്കയാത്ര. യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രഖ്യാപിക്കപ്പെട്ട ദേശീയ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ യാത്രാസൗകര്യങ്ങളെല്ലാം അടഞ്ഞപ്പോള്‍ രണ്ടും കല്പിച്ച് സ്വന്തം നാട്ടിലേക്ക് കാല്‍നടയായി പോകാന്‍ തീരുമാനിച്ചിറങ്ങിയ പ്രവാസികളുടെ നിസ്സഹായതയും ദൈന്യവും കരളലിയിപ്പിക്കുന്നതായിരുന്നു. കത്തോലിക്കാ സഭയും സന്നദ്ധസംഘടനകളും സര്‍ക്കാരും മറ്റും അവരെ സഹായിച്ചുവെങ്കിലും ആ പലായനത്തിന് ഇടയാക്കിയ സാഹചര്യങ്ങളുടെ ആഘാതത്തില്‍ നിന്ന് അവരിനിയും കരകയറിയിട്ടില്ല.
ലോക്ഡൗണ്‍ കാലം ലക്ഷക്കണക്കിന് പ്രവാസികളെയാണ് ഗുരുതരമായി ബാധിച്ചത്. പതിനായിരങ്ങള്‍ സ്വന്തം നാട്ടിലേക്ക് നടന്നുപോകാന്‍ നിര്‍ബന്ധിതരായി. ഒന്നുകില്‍ പട്ടിണി കിടന്ന് മരിക്കും, അല്ലെങ്കില്‍ കൊവിഡ് ബാധിച്ച് മരിക്കും എന്നതായിരുന്നു അവസ്ഥ. മുന്നൂറിലേറെ പ്രവാസികളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ലോക്ഡൗണ്‍ കാലത്ത് മരണമടഞ്ഞത്. ജോലി നഷ്ടപ്പെട്ടവര്‍, ബിസിനസ് തകര്‍ന്നവര്‍, സാമ്പത്തികമായി തകര്‍ന്നവര്‍ ഒക്കെ ഇക്കൂട്ടത്തിലുണ്ട്. പ്രവാസികളിലധികവും ദിവസവേതനക്കാരായതുകൊണ്ടാണ് ഇത്തരം ഒരു ദുരവസ്ഥ ഉണ്ടായത്.
ലോക്ഡൗണ്‍ മറ്റൊരു പ്രശ്‌നവും കൂടി പ്രവാസികള്‍ക്ക് സമ്മാനിച്ചു: മാനസികപ്രശ്‌നങ്ങള്‍. ഏഷ്യന്‍ ജേര്‍ണല്‍ ഓഫ് സൈക്യാട്രി പ്രവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ നമ്മെ ഞെട്ടിക്കുന്ന, ആഴത്തില്‍ ചിന്തിപ്പിക്കുന്ന ഫലമാണ് വെളിപ്പെട്ടത്. ലോക്ഡൗണ്‍ കാരണം 73% പ്രവാസികള്‍ കടുത്ത വിഷാദത്തിനും, 51% പേര്‍ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയ്ക്കും അടിപ്പെട്ടിരിക്കുകയാണെന്ന് സര്‍വേയില്‍ കണ്ടെത്തി. 63% പേര്‍ കടുത്ത ഏകാന്ത അനുഭവിക്കുന്നു. 51% പേരില്‍ മരണഭയം ഉയര്‍ന്നു. 41.8% പേരില്‍ അമിതഭയം ഉണ്ടായി. 31.6% ആളുകള്‍ സാമൂഹികമായി അകന്നുപോയി. 48% സമൂഹത്തോടുള്ള ബന്ധം നഷ്ടപ്പെട്ടതിന്റെ ആഘാതം അനുഭവിക്കുന്നു. 44.9% ആളുകള്‍ക്ക് ഉറക്കം നഷ്ടപ്പെടുകയും ചെയ്തു. അതായത് ഭൂരിഭാഗം പ്രവാസികളും ലോക്ഡൗണ്‍ മൂലം മാനസികമായി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്.
കുറച്ചു നാളുകള്‍ക്കു മുന്‍പ് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ പ്രവാസി കമ്മീഷന്‍ യോഗത്തില്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ പറഞ്ഞത് ഓര്‍ക്കുന്നു: ‘പ്രവാസികള്‍ക്കായുള്ള പ്രവര്‍ത്തനം ഒരു ശുശ്രൂഷയാണ്.’ തീര്‍ച്ചയായും അത് ശരിതന്നെയാണ്. പ്രവാസികളില്‍ ക്രിസ്തുവിനെ കാണാന്‍ കഴിയുമ്പോഴാണ് അത് ശുശ്രൂഷയായി മാറുന്നത്.
ലോക അഭയാര്‍ത്ഥിദിനത്തിനായി ഫ്രാന്‍സിസ് പാപ്പാ നല്‍കിയ സന്ദേശത്തിന്റെ തലക്കെട്ട് ഇപ്രകാരമാണ്: ‘പലായനം ചെയ്യപ്പെട്ട ക്രിസ്തുവിനെ പോലെ.’ അഭയാര്‍ത്ഥികളില്‍ യേശുവിനെ കാണണമെന്നും സഹായിക്കണമെന്നും പാപ്പാ ആവശ്യപ്പെടുന്നു. ആ സന്ദേശത്തില്‍ ചില പരിഹാരങ്ങളും പാപ്പാ നിര്‍ദേശിക്കുന്നുണ്ട്: പ്രവാസികളെ സ്വീകരിക്കുക, പരിരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക, സമന്വയിപ്പിക്കുക. പ്രവാസികളുടെ ജീവിതത്തില്‍ നടക്കുന്ന സമകാലിക പ്രശ്‌നങ്ങളില്‍ കത്തോലിക്കാ സഭയ്ക്ക് ക്രിയാത്മകമായി ഇടപെടാനുള്ള പരിഹാരങ്ങളാണ് പരിശുദ്ധ പിതാവ് പറഞ്ഞുതരുന്നത്.
ആത്യന്തികമായി, പ്രവാസികളോടുള്ള സമൂഹത്തിന്റെ മനോഭാവമാണ് മാറേണ്ടത്. മനോഭാവം മാറുമ്പോള്‍ അവര്‍ക്കായുള്ള പ്രവര്‍ത്തനം ഒരു ശുശ്രൂഷയായി നമുക്ക് അനുഭവപ്പെടും. ഒരുപക്ഷേ പ്രവാസികള്‍ക്ക് വിദ്യാഭ്യാസം കുറവായിരിക്കാം. ജീവിതനിലവാരം താണതായിരിക്കാം. കൈകളില്‍ ജോലി ചെയ്തതിന്റെ അഴുക്കു പുരണ്ടിരിക്കാം. പക്ഷേ ഇതൊന്നും അവര്‍ക്കായുള്ള പ്രവര്‍ത്തനത്തിന് തടസമായി മാറുന്നില്ല. മറിച്ച്, പരസ്‌നേഹപ്രവര്‍ത്തനത്തിനായുള്ള അവസരമായേ മാറുന്നുള്ളൂ. പലായനം ചെയ്യപ്പെടാന്‍ നിര്‍ബന്ധിതനായ ഈശോയെ അവരില്‍ കാണുമ്പോള്‍ അതൊരു സേവനമായി മാറുന്നു. ഫ്രാന്‍സിസ് പാപ്പാ പറയുന്നതുപോ
ലെ, അവരെ സ്വീകരിക്കാനും ശക്തിപ്പെടുത്താനും കഴിയുമ്പോള്‍ യഥാര്‍ത്ഥ ക്രിസ്തുശിഷ്യരായി മാറാന്‍ നമുക്ക് കഴിയും.
(കുടിയേറ്റക്കാര്‍ക്കും പ്രവാസികള്‍ക്കും വേണ്ടിയുള്ള കെആര്‍എല്‍സിബിസി കമ്മീഷന്‍ സെക്രട്ടറിയാണ് ലേഖകന്‍)


Related Articles

ആര്‍ച്ച്ബിഷപ് ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു

എറണാകുളം: ‘പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന ഇടയലേഖനത്തിലൂടെ കേരളത്തില്‍ സാര്‍വത്രിക വിദ്യാഭ്യാസത്തിന് അടിത്തറപാകിയ വരാപ്പുഴ വികാരിയാത്തിന്റെ മുന്‍ വികാരി അപ്പസ്‌തോലിക് ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി ഒസിഡിയുടെ സ്മരണാര്‍ത്ഥം കേരള റീജ്യണ്‍

കണ്ണൂര്‍ രൂപത പ്രതിഷേധ ജ്വാല

കണ്ണൂര്‍: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ശുപാര്‍ശ വിശ്വാസികളെ ഞെട്ടിച്ചുവെന്ന് കെഎല്‍സിഎ കണ്ണൂര്‍ രൂപതാ സമിതി. പ്രതിഷേധ സൂചകമായി തല ശേരി പഴയ ബസ്

പ്രതിപക്ഷമെന്ന ജനാധിപത്യബോധം

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഫലം എത്തിയിരിക്കുന്ന ചരിത്ര സന്ദര്‍ഭത്തില്‍ ഗൗരവപൂര്‍ണമായ ചില കാര്യങ്ങള്‍ പറേയണ്ടതുണ്ട്. ജനാധിപത്യപരമായി പ്രസക്തമായ കാര്യങ്ങള്‍. ജീവനാദം പ്രസിദ്ധീകരിച്ച ചെറിയൊരു വാര്‍ത്തയില്‍ നിന്നാകട്ടെ ഈ കുറിപ്പിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*