പ്രവാസിത്ത്വ ചിന്തകള്‍

ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍
(പ്രവാസികള്‍ക്കു വേണ്ടിയുള്ള കെആര്‍എല്‍സിബിസി കമ്മീഷന് വൈസ്ചെയര്‍മാന്‍)
ലോകത്തിന്റെ സ്വരവും മനസ്സാക്ഷിയുമായി മാറിയിരിക്കുന്ന ഫ്രാന്‍സിസ് പാപ്പ, തന്റെ പരമാചാര്യശുശ്രൂഷ ആരംഭിച്ച നാള് മുതല്‍ പ്രവാസികളോടുകാണിക്കുന്ന പ്രത്യേക പരിഗണന ഏറെ ശ്രദ്ധേയമാണ്. പ്രവാസികളുടെ ആകുലതകളും ആശങ്കകളും തന്റെ പൂര്‍വ്വികരില്‍നിന്നും ശരിക്കും മനസ്സിലാക്കിയിട്ടുള്ള പാപ്പ പ്രവാസികളോടുള്ള ഏവരുടേയും സമീപനം എന്തായിരിക്കണമെന്ന് നിരന്തരം ഉദ്ബോധിപ്പിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ലോകത്തു ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഏവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പ്രവാസികളുടെ ക്ലേശങ്ങള്‍ അറിയേണ്ടവരാണ്. ഓരോ വ്യക്തിയുടേയും ജീവിതത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ നിരവധിയാണല്ലോ. അതില്‍ പഠനവും ജോലിസ്ഥലവും, എന്തിന് പറയുന്നു, വിവാഹത്തോടെ ആരംഭിക്കുന്ന കുടുംബജീവിതവും ഒരു പ്രവാസിജീവിതം പ്രതിഫലിപ്പിക്കുന്നുണ്ട്. ഈ പ്രവാസിത്ത്വം സ്വാഭാവികമാണെങ്കിലും ആദ്യമായി പാഠശാലയില്‍ പോകുന്ന കുഞ്ഞിന്റെ കരച്ചിലും തൊഴില്‍ ചെയ്യാന്‍ പോകുന്നവരുടെ ആകുലതകളും ഏവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുമല്ലോ. ഈ ആകുലതകളുടെ വ്യാപ്തി സ്വന്തം ഭവനത്തില്‍ നിന്നുമുള്ള ദൂരത്തെ ആശ്രയിച്ചിരിക്കും. ഈ സ്വാഭാവിക പ്രവാസിത്ത്വത്തില്, പക്ഷേ, സുരക്ഷിതത്ത്വമുണ്ട്. എനിക്ക് ഒരു ഇടമുണ്ട്; എന്നെ സംരക്ഷിക്കാന്‍ ആരെങ്കിലുമുണ്ട്. എന്നാല്‍ സുരക്ഷിതത്ത്വം നഷ്ടപ്പെടുന്നവരുടെ പ്രവാസിത്ത്വം ശരിക്കും മനസ്സിലാക്കാനും സമയോചിതമായും അടിയന്തരമായും മനസ്സിലാക്കാനുമാണ് ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെടുന്നത്.
ലോകത്തെ മുഴുവനും ബാധിച്ചിരിക്കുന്ന കൊവിഡ്-19ന്റെ പശ്ചാത്തലത്തിലും പ്രവാസികളുടെ കാര്യത്തിലുള്ള പാപ്പയുടെ ഇടപെടലുകള്‍ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നതാണ്. പ്രവാസികളുടെയും അഭയാര്‍ത്ഥികളുടെയും 106-ാമത് ലോകദിന സന്ദേശത്തോടനുബന്ധിച്ച് (2020 മെയ് 13-ാം തീയതി) പാപ്പ നല്‍കിയിരുന്ന പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ അടിയന്തരമായി ഏവരും സ്വീകരിക്കേണ്ടതാണ്.
2018ല്‍ പാപ്പ പ്രവാസികളെ സ്വാഗതം ചെയ്യാനും പരിരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സമന്വയിപ്പിക്കാനും നമ്മോടു ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഈ വര്‍ഷം ആറു കാര്യങ്ങള്‍കൂടി കൂട്ടിച്ചേര്‍ക്കുകയാണ്. ഒന്നാമതായി പ്രവാസികളെക്കുറിച്ച് ശരിയായ അറിവുണ്ടാകണം വെറും സ്ഥിതിവിവരകണക്കുകളില്‍ ഒതുക്കാത്ത അറിവ് ആവശ്യമാണ്. രണ്ടാമതായി ഭയവും മുന്‍വിധികളും മാറ്റിവച്ച് പ്രവാസിയുടെ അടുത്തായിരിക്കാന്‍ ശ്രമിക്കണം. മൂന്നാമതായി പ്രവാസിയെ ശരിക്കും ശ്രവിക്കേണ്ടതുണ്ട്. സന്ദേശങ്ങള്‍ (messages) പെരുകുകയും കേള്‍ക്കുകയും ചെയ്യുന്ന ശീലം (Practice of Listening) നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ ശ്രവണത്തിന് വലിയ പ്രാധാന്യമുണ്ട്. നാലാമതായി ദൈവം നമുക്ക് നല്‍കിയിരിക്കുന്ന വിഭവങ്ങള്‍ ആദിമക്രൈസ്തവ സഭയുടെ ചൈതന്യത്തില്‍ പങ്കുവെയ്ക്കേണ്ടതുണ്ട്. പ്രകൃതി വിഭവങ്ങള്‍ ചുരുക്കം ചിലര്‍ക്ക് മാത്രം ലഭ്യമാക്കാന്‍ ദൈവം ആഗ്രഹിക്കുന്നില്ലെന്ന് പാപ്പ ഊന്നിപ്പറയുന്നു. അഞ്ചാമതായി പ്രവാസികളെ പ്രോത്സാഹിപ്പിക്കാന്‍ ഏവര്‍ക്കും സാധിക്കണം. യേശുക്രിസ്തു സമരിയാക്കാരി സ്ത്രീയെ സത്യത്തിലേക്ക് നയിക്കാന്‍ പ്രോത്സാഹിപ്പിച്ചതുപോലെ നമ്മുടെ പ്രോത്സാഹനംമൂലം സമൂഹത്തിന്റെ നിര്‍മ്മിതിയില്‍ പങ്കുകാരാകാന്‍ പ്രവാസികള്‍ക്കും സാധിക്കും. ആറാമതായി സമൂഹത്തിന്റെ നിര്‍മ്മിതിക്കും ദൈവരാജ്യത്തിന്റെ കെട്ടിപ്പടുക്കലിനും അനിവാര്യമായ ഘടകമാണ് പരസ്പര സഹകരണം. അസൂയ, അനൈക്യം, വിഭജനം തുടങ്ങിയ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ സഹകരിക്കാന്‍ നാം പഠിക്കേണ്ടതുണ്ടെന്നും പാപ്പ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം ഉള്‍ക്കൊണ്ട് നമ്മുടെ ചുറ്റുപാടുകളില്വസിക്കുന്ന അന്യസംസ്ഥാനവാസികളോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്താം. നാമും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രവാസികളാണെന്ന കാര്യം മറക്കാതിരിക്കാം.
Related
Related Articles
പെട്ടിമുടി ഓര്‍മ്മിപ്പിക്കുന്നത്
ഫാ. ഷിന്റോ വെളിപ്പറമ്പില്‍ പെട്ടിമുടി ദുരന്തം സംഭവിച്ചിട്ട് 2020 സെപ്റ്റംബര്‍ ആറിന്ഒരുമാസം ആകുന്നു.അതുകൊണ്ടുതന്നെ പെട്ടിമുടി സംഭവത്തിന്റെവാര്ത്താപ്രാധാന്യംമാധ്യമങ്ങളെ സംബന്ധിച്ച് അവസാനിച്ചു കഴിഞ്ഞു. എന്നാല്മൂന്നാറില് അതേല്പ്പിച്ചആഘാതവും ഭീതിയും
കെആര്‍എല്‍സിസി നീതിസംഗമം പരിഗണന ആവശ്യപ്പെടുന്നത് സാമാന്യനീതി മാത്രം
കേരളത്തിലെ ലത്തീന്‍ കത്തോലിക്കാസഭ ഡിസംബര്‍ എട്ട് ഞായറാഴ്ച സമുദായദിനമായി ആഘോഷിക്കുകയാണ്. അധികാര പങ്കാളിത്തം, സമനീതി എന്നീ രണ്ട് ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് ദിനാചരണത്തിന് നാം ഒരുങ്ങുന്നത്. അധികാര വിതരണത്തിലെ
‘ഫോളോ ജീസസ് ക്രൈസ്റ്റ് ഗോ’: കത്തോലിക്ക സഭയുടെ സ്വന്തം പോക്കിമോന്‍ പുറത്തിറങ്ങി
വത്തിക്കാന്‍ സിറ്റി: കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ സ്വാധീനിച്ച ‘പോക്കിമോന്‍ ഗോ’ എന്ന വീഡിയോ ഗെയിമിന്റെ ചുവടുപിടിച്ച് വത്തിക്കാന്‍ പിന്തുണയോട് കൂടി കത്തോലിക്ക സഭയുടെ സ്വന്തം ഗെയിം പുറത്തിറങ്ങി.