Breaking News

പ്രവാസ ജീവിതരേഖകളും അഭയാര്‍ഥി പ്രശ്‌നവും

പ്രവാസ ജീവിതരേഖകളും അഭയാര്‍ഥി പ്രശ്‌നവും

”നിങ്ങള്‍ പരദേശിയെ ദ്രോഹിക്കുകയോ ഞെരുക്കുകയോ അരുത്. നിങ്ങള്‍ ഈജിപ്തില്‍ പരദേശികളായിരുന്നല്ലോ”(പുറ. 22:21). അഭയാര്‍ത്ഥി പ്രവാഹം ഒരു സമകാലിക രാഷ്ട്രീയ പ്രശ്‌നമായി മാധ്യമങ്ങളില്‍ നിറഞ്ഞാടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഏതു പത്രമെടുത്താലും ടെലിവിഷന്‍ തുറന്നാലും അഭയാര്‍ത്ഥികളെക്കുറിച്ചോ അതുമായി ബന്ധപ്പെട്ടോ ഏതെങ്കിലും വാര്‍ത്തകള്‍ ദിവസേന നമ്മുടെ മുമ്പിലെത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു മൂന്നുവര്‍ഷങ്ങളില്‍ യുദ്ധംകാരണം സിറിയായില്‍നിന്നും വിവിധരാജ്യങ്ങളിലേക്ക് പ്രാണരക്ഷാര്‍ത്ഥം നാടുവിട്ടുപോകുന്നതിന്റെയും അതില്‍ ആയിരങ്ങള്‍ കടലില്‍ മുങ്ങിമരിച്ചതിന്റെയൊക്കെ നടുക്കുന്ന വാര്‍ത്തകള്‍ നാം കണ്ടതാണ്. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ കുറെ അഭയാര്‍ത്ഥികളെ റോമിലേക്ക് കൊണ്ടുപോയി താമസിപ്പിച്ചതുപോലുള്ള വിപ്ലവകരമായ നടപടികളും നാം കണ്ടു. ലോകം വല്ലാത്തൊരു പ്രശ്‌നം പതിവില്ലാത്ത രീതിയില്‍ അഭിമുഖീകരിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നമ്മുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിലും ഈ പ്രവാസജീവിതരേഖകള്‍ കാണാന്‍ സാധിക്കും. ബൈബിളിലെ മനുഷ്യരക്ഷാകരകര്‍മ്മം പ്രവാസജീവിതങ്ങളുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്. അബ്രാഹവും യഹൂദരുടെ ഗോത്രപിതാക്കന്മാരും ദാവീദും പ്രവാചകന്മാരും ക്രിസ്തുവും പരിശുദ്ധ മറിയവും വിശുദ്ധ ജോസഫും എന്നിങ്ങനെ എല്ലാവരും ഏതെങ്കിലും തരത്തില്‍ പ്രവാസജീവിതമനുഭവിച്ചവരാണ്. ലോകചരിത്രം പരിശോധിച്ചാലും കാണുന്ന കാഴ്ചകള്‍ കൂടുതലും ഈ പ്രവാസത്തിലൂന്നിയതായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.
എന്താണ് പ്രവാസം?
ആരാണ് പ്രവാസി? ഉത്തരം വളരെ ലളിതമാണ്. ജീവിതമാര്‍ഗംതേടി സ്വന്തം നാടുവിട്ട് മറ്റു രാജ്യങ്ങളിലേക്ക് നാട്ടിലേക്ക്, കുടിയേറി, ജോലിയെടുത്തു ജീവിക്കുന്നതാണ് പ്രവാസം. അവരാണ് പ്രവാസി. അതു ചിലപ്പോള്‍ സ്ഥിരതാമസത്തിനായിരിക്കാം, താല്ക്കാലികമായിരിക്കാം. എന്തായാലും സ്വന്തം നാടുവിട്ടുപോയാല്‍ അയാല്‍ പിന്നെ പ്രവാസിയാണ്. നൂറ്റാണ്ടുകളായി മനുഷ്യകുലത്തില്‍ നടക്കുന്ന ഈ പ്രതിഭാസം നമ്മുടെ ഇന്ത്യ മഹാരാജ്യത്തും സംഭവിക്കുന്നുണ്ട്. വിദേശരാജ്യങ്ങള്‍ കുടിയേറി കഠിനാദ്ധ്വാനത്തിലൂടെ അന്യരാജ്യത്ത് തങ്ങളുടെ വിജയഗാഥ രചിച്ചവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. ഗൂഗിള്‍പോലുള്ള ശക്തമായ കമ്പനികളുടെ തലപ്പത്ത് ഇരിക്കുന്നവര്‍ കുടിയേറ്റക്കാരായ ഇന്ത്യക്കാരാണ് എന്നുള്ളത് ഇതിന്റെ ഉദാഹരണമാണ്. എങ്കിലും ഇന്ത്യയില്‍ കുടിയേറ്റത്തിലൂടെ എങ്ങനെ സ്വന്തം നാടു വികസിപ്പിക്കാമെന്നു തെളിയിച്ചതു കേരളീയരാണ്. കുടിയേറ്റം നടത്തി നടത്തി ഇപ്പോള്‍ ‘പ്രവാസം’ എന്നത് കേരളസംസ്‌കാരത്തിന്റെ ഭാഗമായി കഴിഞ്ഞു. നമ്മുടെ ഭാഷയിലും ചിന്തയിലും ഭക്ഷണത്തിലും പെരുമാറ്റത്തിലും വസ്ത്രധാരണരീതിയിലും ‘പ്രവാസം’ അതിന്റേതായ ഒരു അനിഷേധ്യസ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. മലയാളികളെന്നാല്‍ ഗള്‍ഫുകാരാണെന്നും മറ്റും ഇതര സംസ്ഥാനക്കാര്‍ പറയുമ്പോള്‍ പ്രവാസം നമ്മെ എന്തുമാത്രം സ്വാധീനിച്ചെന്നു നാം തിരിച്ചറിയുന്നു. കേരള സമ്പദ്ഘടനയുടെ നെടുംതൂണാണ് മലയാളിപ്രവാസികള്‍.
ഗള്‍ഫ് വസന്തം
സ്വന്തം നാടുവിട്ട് ജോലിതേടിപ്പോകുന്ന മലയാളികള്‍ ആദ്യകാലങ്ങളിലുണ്ടായിരുന്നെങ്കിലും അതൊരുസാമൂഹിക പ്രവണതയായി മാറിയത് ഗള്‍ഫ് വസന്തത്തിലൂടെയാണ്. 1792-1983 വരെയുള്ള കാലഘട്ടങ്ങളിലാണ് ഉയര്‍ന്നതോതില്‍ ഗള്‍ഫുരാജ്യങ്ങളിലേക്ക് മലയാളികളുടെ കുടിയേറിപാര്‍പ്പ് തുടങ്ങുന്നത്. 1930-കളില്‍ അറേബ്യന്‍ മണ്ണിനടയില്‍ എണ്ണകളുടെ ഉറവ കണ്ടുപിടിക്കുന്നതോടുകൂടി ഗള്‍ഫ് വസന്തം ആരംഭിക്കുന്നു. അതോടുകൂടി ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണയുത്പാദനത്തിലും കയറ്റുമതിയിലും മുന്‍പന്തിയിലായി. അവര്‍ സാമ്പത്തികമായി ഉയരുകയും വിവിധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. എങ്കിലും അവിടത്തെ ജനപ്പെരുപ്പത്തിലുള്ള കുറവ് തൊഴില്‍ മേഖലകളെ ബാധിക്കുമെന്നറിഞ്ഞപ്പോള്‍ കുടിയേറ്റം പ്രോത്സാഹിപ്പിക്കാന്‍ അറേബ്യന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതരായി. അതോടുകൂടിയാണ് മലയാളികളുടെ തലവര തെളിഞ്ഞത്. ഒപ്പം കേരളത്തിന്റേതും. ഇതോടൊപ്പം കേരളത്തിന്റെ സാമൂഹികപശ്ചാത്തലവും ചേര്‍ത്തു വായിക്കേണ്ടതാണ്. ഉയര്‍ന്ന സാക്ഷരതാനിരക്കും വിദ്യാഭ്യാസവും പ്രൊഫഷണല്‍ ജോലികളുടെ കുറവും കേരളം വിട്ടുപോകാനുള്ള കാരണമാണ്. തങ്ങളുടെ നാട്ടില്‍ കിട്ടാത്ത തൊഴിലവസരങ്ങളും ഉയര്‍ന്ന വേതനവും ഗള്‍ഫ് വസന്തത്തിലൂടെ ലഭിച്ചപ്പോള്‍, അറേബ്യന്‍ മണ്ണ് മലയാളികള്‍ക്ക് പ്രിയങ്കരമായി. ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കൂടുതലും മലയാളികളാണ്. യു.എ.ഇയില്‍ മാത്രമുള്ള 27% ഇന്ത്യക്കാരില്‍ മലയാളികളാണ് ഏറിയപങ്കും. ചഞഗഅഇ (ചീി ഞലശെറലി േഗലൃമഹശലേ അളളമശൃ)െ ന്റെ 2008-ലെ കണക്കനുസരിച്ച് കുവൈറ്റിലെ 80% ഇന്ത്യക്കാരെന്നു പറയുന്നത് മലയാളികളാണ്. അറബ് രാജ്യങ്ങളില്‍ 2.5 മില്യന്‍ മലയാളികളുണ്ട്. 2010-ലെ കണക്കനുസരിച്ച് അതു 3.5 മില്യനായി. 2016 ലെ കണക്കില്‍ മലയാളികളുടെ സാന്നിദ്ധ്യം 2.24 മില്യനായി കുറഞ്ഞെന്നു പറയുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ആരംഭിച്ചു സ്വദേശിവല്ക്കരണ നിയമങ്ങളാണ് കാരണം. എങ്കിലും അവിടേക്കുള്ള കുടിയേറ്റം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്നു ഗള്‍ഫില്‍ മാത്രമല്ല, യൂറോപ്പിലും അമേരിക്കന്‍ നാടുകളിലും ആഫ്രിക്കയിലും ഏഷ്യന്‍ രാജ്യങ്ങളിലും മലയാളി സാന്നിദ്ധ്യമുണ്ട്.
കേരളവസന്തം
മലയാളികള്‍ തൊഴിലന്വേഷിച്ച് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ തൊഴിലിന്റെ ലോട്ടറിയടിച്ചത് മറ്റൊരു സമൂഹത്തിനാണ്. ബംഗാളികള്‍ എന്നത് നാം പേരിട്ടുവിളിക്കുന്ന ഇതരസംസ്ഥാനക്കാര്‍. ഗള്‍ഫ് മലയാളികള്‍ക്കെന്നാണോ അതുതന്നെയാണ് ഇവര്‍ക്ക് കേരളവും മെച്ചപ്പെട്ട ജോലിയും ഉയര്‍ന്ന വേതനത്തിനാണ് മലയാളികള്‍ കേരളം വിടാന്‍ കാരണമെങ്കില്‍ ഇതരസംസ്ഥാനക്കാരുടെ കാരണങ്ങള്‍ പലതാണ്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള സംഘര്‍ഷങ്ങള്‍ വംശീയ പ്രശ്‌നങ്ങള്‍, ദാരിദ്ര്യം തൊഴിലില്ലായ്മ, കാര്‍ഷികമേഖലയുടെ തളര്‍ച്ച തുടങ്ങിയ കാരണങ്ങളാലാണ് ഇവര്‍ സ്വന്തം നാടുപക്ഷിക്കേണ്ടിവന്നത്. ഗുലാട്ടി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ 2013 -ല്‍ നടത്തിയ പഠനമനുസരിച്ച് 25 ലക്ഷം ഇതരസംസ്ഥാനക്കാര്‍ ഇപ്പോള്‍ കേരളത്തില്‍ ജോലി ചെയ്യുന്നു. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ഇക്കൂട്ടത്തിലുണ്ട്. കേരളത്തിലെ നിര്‍മ്മാണ മേഖലയുടെ നട്ടെല്ല് ഇന്നവരാണ്. അവരില്ലെങ്കില്‍ നിര്‍മ്മാണമേഖല സ്തംഭിക്കും എന്നതുവരെയെത്തി കാര്യങ്ങള്‍. തങ്ങളുടെ നാട്ടില്‍ കിട്ടുന്നതിനെക്കാള്‍ ഉയര്‍ന്ന വേതനം, തൊഴിലവസരങ്ങള്‍, സമാധാന അന്തരീക്ഷ ആരോഗ്യപരിരക്ഷാ കാരണങ്ങള്‍ തങ്ങളുടെ കുട്ടികള്‍ക്ക് കിട്ടുന്ന വിദ്യാഭ്യാസ സഹായം തുടങ്ങിയ അനേകം കാരണങ്ങള്‍ കൊണ്ടാണ് ഇതരസംസ്ഥാനക്കാര്‍ കേരളത്തില്‍ കുടിയേറാനിഷ്ടപ്പെടുന്നതെന്ന് സര്‍വേ നടത്തിയ ഡോ. മാനവ് പോള്‍ പറയുന്നത്.
കേരളത്തില്‍നിന്നകന്നു ജീവിക്കുന്ന മലയാളി പ്രവാസികളും കേരളത്തില്‍ ജീവിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളും നേരിടുന്ന പ്രശ്‌നങ്ങളുടെ സ്വഭാവത്തിനു സമാനതകളുണ്ട്. രണ്ടു കൂട്ടരും മാനസിക, സാംസ്‌കാരിക, ആധ്യാത്മികപ്രശ്‌നങ്ങള്‍ നേരിടുന്നു. രണ്ടു കൂട്ടരും പ്രവാസത്തിന്റെ ചൂടും തണുപ്പും ദുരിതങ്ങളും പിരിമുറുക്കങ്ങളും ഒക്കെ അനുഭവിക്കുന്നുണ്ട്. എങ്കിലും തങ്ങളുടെ കുടുംബത്തെയോര്‍ത്ത്, മക്കളെയോര്‍ത്ത് അവരുടെ ശോഭനമായ ഭാവിയെയോര്‍ത്ത്, അവര്‍ ആ സഹനങ്ങളെ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. അപരിചിതമായ സ്ഥലത്ത്, അറിയാത്ത ഭാഷ പഠിച്ച്, പരിചയമില്ലാത്ത സംസ്‌ക്കാരത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് പ്രവാസികള്‍. അതുകൊണ്ടുതന്നെ എല്ലാ രീതിയിലുള്ള സഹായം നല്കാന്‍ നമുക്ക് ധാര്‍മ്മികമായ കടമയുണ്ട്. നമ്മുടെ രൂപതകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ഈ കടമ തിരിച്ചറിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ഹൃദയാനന്ദം നല്കുന്ന കാര്യമാണ്.
പ്രവാസത്തിന്റെ ദുരിതമനുഭവിച്ച കേരളീയര്‍ തീര്‍ച്ചയായും തങ്ങളുടെ നാട്ടില്‍ജോലി ചെയ്യുന്ന ഇതരസംസ്ഥാനക്കാരെ അനുകമ്പാപൂര്‍വം വീക്ഷിക്കാന്‍ കടപ്പെട്ടവരാണ്. അവര്‍ ക്രിമിനലുകളും സംസ്‌കാരമില്ലാത്തവരുമാണെന്ന ധാരണ നമുക്കിടയില്‍ പ്രബലമാണ്. അതു പൂര്‍ണമായും ശരിയല്ല. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ അവരുടെയിടയില്‍ ഉണ്ടെന്നുള്ളത് സത്യമാണ്. എങ്കിലും മാന്യമായി ജോലി ചെയ്ത്, തദ്ദേശീയര്‍ക്ക് ഉപദ്രവമില്ലാതെ മലയാളികളുമായി സൗഹൃദത്തില്‍ ജീവിക്കുന്നവരാണ് കൂടുതലും അങ്ങനെ ആഗ്രഹിക്കുന്നവരും ഉണ്ട്. അത്തരക്കാരെ നമ്മുടെ നാടിന്റെ മക്കളായി, നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി സ്വീകരിക്കുമ്പോഴാണ് നല്ല അയല്‍ക്കാരായി നാം മാറുന്നത്.
പ്രവാസചിന്തക്ക് ഒരു ക്രിസ്തീയ മാനമുണ്ട്. ജനിച്ച ദിവസങ്ങളില്‍ത്തന്നെ പ്രവാസിയായി ജീവിക്കേണ്ടിവന്നവനാണ് തിരുക്കുടുംബവും ക്രിസ്തുവും. അതേ ക്രിസ്തുവിന്റെ ശിഷ്യരാണ് നാം. അതുകൊണ്ടുതന്നെ പ്രവാസികളെ സ്വീകരിക്കുകയെന്നാല്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നതിനു തുല്യമാണ്; അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയെന്നാല്‍ ക്രിസ്തുവിലുള്ള സേവനം പോലെയും.


Related Articles

ഇപ്പോഴാണ് തലവര തെളിഞ്ഞത്

അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഐ.വി.ശശിയുടെ ‘ഇതാ ഇവിടെ വരെ’ എന്ന സിനിമയില്‍ മിന്നിമറിഞ്ഞ ഒരു തോണിക്കാരന്റെ മുഖം പിന്നീട് മലയാള സിനിമാപ്രേമികള്‍ നെഞ്ചിലേറ്റിയത് മറക്കാനാവില്ല. മലയാള സിനിമയിലെ

വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ LPG ഉപഭോക്താക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

1) വീട്ടിൽ പ്രവേശിക്കുന്നതിന് മുൻപ് LPG യുടെ മണം ഉണ്ടോ എന്നു ശ്രദ്ധിയ്ക്കുക :- എല്‍‌പി‌ജിയുടെ ചോര്‍ച്ച മനസിലാക്കുന്നതിനുള്ള പ്രാഥമിക മാര്‍ഗം ആണ് അതിന്‍റെ മണം. എല്‍‌പി‌ജിയുടെ

മൂന്നു ശതാബ്ദങ്ങളില്‍ ജീവിച്ച സമുദായ ആചാര്യന്‍

ബ്രിട്ടീഷുകാര്‍ കൊച്ചി അടക്കിവാണിരുന്ന കാലം. പേരുപോലും ബ്രിട്ടീഷ് കൊച്ചിയെന്നാണ്. ആ കൊച്ചിയിലെ ഒരു പ്രഭാതം ഉണര്‍ന്നത് ഒരു പുതിയ കാഴ്ചയുമായാണ്. അമരാവതി റോഡരികിലുള്ള പീടികയ്ക്ക് മുകളിലെ ഒഴിഞ്ഞ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*