പ്രസന്നതയുടെ നിത്യസ്മിതം ആന്‍സന്‍ കുറുമ്പന്തുരുത്ത്‌

by admin | September 25, 2021 6:40 am

വായന മരിക്കുന്നുവോ എന്ന സംശയത്തിലാണ് ആന്‍സന്‍ കുറുമ്പന്തുരുത്ത് എന്ന അധ്യാപകന്‍ കഥ പറയാന്‍ തുടങ്ങിയത്. മറ്റുള്ളവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ പ്രചോദനകരമായിരിക്കണം കഥകളെന്നു മാത്രമേ കരുതിയുള്ളൂ. അതിനു വേണ്ടി തിരഞ്ഞെടുത്ത മാധ്യമം വാട്‌സ്ആപ്പായിരുന്നു. ആ കഥപറച്ചില്‍ ഇപ്പോള്‍ ആറു വര്‍ഷത്തിലേക്കെത്തുകയാണ്. കൊവിഡ് വ്യാപനകാലത്ത് കേള്‍വിക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നു.

സമൂഹസമ്പര്‍ക്ക മാധ്യമങ്ങള്‍ വായനയെ ഇല്ലാതാക്കിയപ്പോള്‍ വായന നിലനിര്‍ത്താന്‍ ആരംഭിച്ച പരിപാടിക്ക് വേദിയൊരുക്കിയതും നവമാധ്യമം തന്നെ.

കയ്യിലുള്ള കഥകളും കവിതകളുമൊക്കെ പ്രചോദനാത്മക സന്ദേശങ്ങളായി റെക്കോര്‍ഡ് ചെയ്ത് വാട്‌സ്ആപ്പിലൂടെ അയക്കാന്‍ തീരുമാനിച്ചു. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് അയച്ചുതുടങ്ങിയ സന്ദേശങ്ങള്‍ക്ക് പുഞ്ചിരിയുടെ ശബ്ദം (വോയ്‌സ് ഓഫ് സ്‌മൈല്‍ ) എന്നു പേര് നല്‍കി. തന്റേതായ ഭാഷയില്‍ മൂന്നോ നാലോ വാക്യങ്ങളില്‍ രാത്രിയില്‍ അയക്കുന്ന പുഞ്ചിരിയുടെ വാക്കുകളും (വേര്‍ഡസ് ഓഫ് സ്‌മൈല്‍) കൂട്ടിനെത്തി. ആദ്യമൊക്കെ പ്രചരണം വളരെ കുറവായിരുന്നു. അധികം പേരിലേക്ക് സന്ദേശങ്ങള്‍ എത്തില്ലായിരുന്നു. എന്നാല്‍ പിന്മാറാതെ ശ്രമം തുടര്‍ന്നു. അധികം താമസിയാതെ ഈ ഉദ്യമം ജനങ്ങള്‍ ഏറ്റെടുത്തു. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇന്ന് ഒരു ലക്ഷത്തിലധികം ആളുകളിലേക്ക് ഈ സന്ദേശങ്ങള്‍ കൈമാറി എത്തുന്നു.

ആറു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഒരു ദിനം പോലും മുടങ്ങിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉറ്റ ബന്ധുക്കള്‍ മരിച്ച ദിനങ്ങളില്‍ പോലും പുഞ്ചിരിയുടെ മധുരിത ശബ്ദം മുഴങ്ങിയിരുന്നു. ഇരുന്നൂറില്‍ പരം ദിവസങ്ങള്‍ പലവിധ കാരണങ്ങളാല്‍ ആശുപത്രിവാസമുണ്ടായി. ആശുപത്രി മുറി പലപ്പോഴും റെക്കോര്‍ഡിങ് സ്റ്റുഡിയോ ആയി മാറിയെന്നല്ലാതെ രോഗത്തിനും ദുഃഖത്തിനും ആന്‍സനെ തളര്‍ത്താന്‍ കഴിഞ്ഞില്ല.

അറിയപ്പെടുന്ന ചവിട്ടുനാടക കലാകാരന്‍ കൂടിയാണ് ആന്‍സന്‍. സര്‍ക്കാര്‍ അധ്യാപകനും മുന്‍ അധ്യാപകപരിശീലകനുമായ ആന്‍സന്‍ എടവനക്കാട് ബിആര്‍സിയില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസറായി സേവനമനുഷ്ഠിക്കുമ്പോഴാണ് വാട്സ്ആപ്പിലൂടെയുള്ള കഥപറച്ചില്‍ ആരംഭിക്കുന്നത്. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയായിരുന്നു തുടക്കം. വര്‍ഷങ്ങളായി എടവനക്കാട് എസ്പിഡിവൈകെപിഎം ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ പ്രസംഗം പരിശീലിപ്പിക്കുന്നത് ആന്‍സന്‍ കുറുമ്പത്തുരുത്താണ്.

കേന്ദ്ര സംഗീത നാടക അക്കാദമി ഉള്‍പ്പെടെ 300ല്‍പരം വേദികളില്‍ ചവിട്ടുനാടകം അവതരിപ്പിച്ചു. നിരവധി പുരസ്‌കാരങ്ങളും നേടി. ഫ്ളവേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്ത ഒരു നിമിഷം എന്ന പ്രസംഗ റിയാലിറ്റിഷോയിലും കോമഡി ഉത്സവം, ഉത്സവം സൂപ്പര്‍ സ്റ്റാര്‍ എന്നിവയിലും മികച്ച പ്രകടനം കാഴ്ചവച്ചു. ശ്രീകണ്ഠന്‍ നായരുടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഷോയില്‍ പങ്കെടുത്ത് ഗിന്നസ് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി. ഗാനമേളകളിലും പൊതുപരിപാടികളിലും അവതാരക വേഷത്തിലും മികവു പുലര്‍ത്തുന്നു. 2019ലെ ഏറ്റവും മികച്ച യുവപ്രതിഭയ്ക്കുള്ള കെആര്‍എല്‍സിസി പുരസ്‌കാരവും അധ്യാപകരിലെ പ്രതിഭ എന്ന നിലയില്‍ ഇന്‍സ്പയര്‍ അവാര്‍ഡും കരസ്ഥമാക്കി. പുഞ്ചിരിയുടെ ശബ്ദം ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് മിന്നിത്തിളങ്ങുന്നത്.

എറണാകുളം ജില്ലയിലെ ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കുറുമ്പത്തുരുത്ത് എന്ന ഗ്രാമത്തില്‍ ജനിച്ചു. ഇപ്പോള്‍ പുത്തന്‍വേലിക്കരയ്ക്കടുത്ത് താമസം. അങ്കമാലി ഉപജില്ലയിലെ പീച്ചാനിക്കാട് ഗവ. യു.പി സ്‌കൂളിലാണ് സേവനമനുഷ്ഠിക്കുന്നത്. ഭാര്യ സബിത ആന്‍സന്‍ സിവില്‍ പൊലീസ് ഓഫീസറാണ്. മകള്‍ ആന്‍സലീന ആന്‍സന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a4/