പ്രേംനസീറിനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച പോള്‍ കല്ലുങ്കല്‍

കലാകേരളത്തിന്റെ വളര്‍ച്ചയോടൊപ്പം സഞ്ചരിച്ച പ്രസ്ഥാനമാണ് എറണാകുളത്തെ കൊച്ചിന് ആര്‍ട്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് (സിഎസി). വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള സിഎസിയുടെ ഭാഗമാണ് ഫ്രൈഡേ സിനിമ. കഴിഞ്ഞ പത്തുവര്‍ഷങ്ങളിലായി എല്ലാ വെള്ളിയാഴ്ചകളിലും (ദുഃഖവെള്ളി ഒഴികെ) ലോകോത്തര സിനിമകളുടെ പ്രദര്‍ശനം ഇവിടെ നടക്കുന്നു. സിഎസി ഫ്രൈഡേ സിനിമയുടെ ദശവത്സരാഘോഷ വേദി. ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍, സിനിമ പ്രേമിയും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് അലക്സാണ്ടര്‍ ജേക്കബ്, സംവിധായകന് ലാല്‍ ജോസ്, സംഗീതസംവിധായകന് ബിജിലാല്‍, തിരക്കഥാകൃത്ത് പി. എഫ്. മാത്യൂസ്, എഴുത്തുകാരായ സന്തോഷ് എച്ചിക്കാനം, അനന്തപത്മനാഭന് തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പ്രൗഢമായ ചടങ്ങ്. യോഗത്തിന്റെ അധ്യക്ഷന്‍ വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലുങ്കലായിരുന്നു. സ്വതവേ മിതഭാഷിയായ അദ്ദേഹത്തിന്റെ പ്രസംഗം വേദിയിലെയും സദസ്സിലെയും പ്രമുഖര്‍ സാകൂതം ശ്രദ്ധിച്ചു. പ്രധാനമായും രണ്ടുകാര്യങ്ങളാണ് അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. ആദ്യത്തേത് അദ്ദേഹം വൈദികനാകും മുമ്പ് ളോഹ ധരിച്ച സംഭവത്തെക്കുറിച്ചുള്ളതായിരുന്നു. ആ ളോഹയാകട്ടെ പ്രേംനസീര്‍ ‘ഗംഗാസംഗമം’എന്ന സിനിമയില്‍ ഉപയോഗിച്ചതും. തുടര്‍ന്ന് ആ ളോഹ ധരിക്കാനിടയാക്കിയ സാഹചര്യം അദ്ദേഹം വിശദീകരിച്ചു. മോണ്‍. മാത്യു കല്ലുങ്കലിന്റ പിതാവിന്റ ജ്യേഷ്ഠന് നിര്‍മ്മിച്ച രണ്ട് സിനിമകള്‍. അതില്‍ രണ്ടിലും പ്രേംനസീറായിരുന്നു നായകന്. 1952-ല്‍ പുറത്തിറങ്ങിയ ‘മരുമകള്‍’ എന്ന സിനിമയാണ് ആദ്യത്തേത്. രണ്ടാമത്തെ സിനിമ ‘ഗംഗാസംഗമം.’ അതില്‍ പ്രേംനസീര്‍ ഒരു വൈദികന്റെ റോളില്‍ അഭിനയിച്ചു. സിനിമാ ഷൂട്ടിങ്ങിനു ശേഷം കല്ലുങ്കല്‍ വീട്ടില്‍ സൂക്ഷിച്ച താരങ്ങളുടെ വസ്ത്രങ്ങളില്‍ പ്രേംനസീര്‍ ധരിച്ച ളോഹയും ഉണ്ടായിരുന്നു. അതാണ് പൗരോഹിത്യം സ്വീകരിക്കും മുന്‍പ് ബാലനായ മാത്യു ധരിച്ചത്.
ഈ കഥകളിലെ നായകന് പോള്‍ കല്ലുങ്കല്തന്നെയാണ് നമ്മുടെ കഥാപുരുഷനും. അദ്ദേഹമാണ് പ്രേംനസീറിനെ സിനിമയ്ക്ക് സമ്മാനിച്ചത്. ഈ വിശേഷം സിഎസിയുടെ ചടങ്ങില്‍ പങ്കെടുത്ത ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിനോ മറ്റു സിനിമാപ്രവര്ത്തകര്ക്കോ കേട്ടറിവ് പോലുമില്ലായിരുന്നു. അവരത് പ്രസംഗത്തില്‍ പങ്കുവെക്കുകയും ചെയ്തു. ചലച്ചിത്ര അക്കാദമി ആരംഭിക്കുന്ന മ്യൂസിയത്തിലേക്ക് പോള്‍ കല്ലുങ്കലിന്റെ ജീവചരിത്രവും ളോഹയും നല്‍കണമെന്ന് കമല്‍ പ്രത്യേകം ആവശ്യപ്പെട്ടു.
പോള്‍ കല്ലുങ്കല്‍ 1952ല്‍ നിര്‍മിച്ച ‘മരുമകള്‍’ സിനിമയിലൂടെയാണ് അബ്ദുള്‍ഖാദര്‍ എന്ന ചിറയിന്‍കീഴുകാരന്‍ ആദ്യമായി അഭ്രപാളിയിലെത്തുന്നത്. അന്ന് അയാള്‍ക്ക് പ്രായം 22 വയസ്. 750 രൂപ പ്രതിഫലത്തിലാണ് അഭിനയം. നെയ്യാറ്റിന്‍കര കോമളം ആയിരുന്നു ചിത്രത്തിലെ നായിക. എംപി പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്. നിര്‍മാതാവായ പോള്‍ കല്ലുങ്കല്‍ സിനിമയുടെ സംവിധാന ചുമതല എസ്.കെ. ചാരിയെയാണ് ഏല്‍പ്പിച്ചത്.
മരുമകള്‍ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തില്ല. സാമ്പത്തികമായി വന്‍ പരാജയം സംഭവിച്ചു. ‘മലയാള സിനിമ പിന്നിട്ട വഴികള്‍ ‘എന്ന പുസ്തകത്തില്‍ എം. ജയരാജ് മരുമകള്‍ സിനിമയെക്കുറിച്ച് ഇങ്ങനെയാണ് എഴുതിയിട്ടുള്ളത്: ”ദുഃസ്വഭാവിയായ ഒരമ്മായിയമ്മ നിഷ്കളങ്കയും സുശീലയുമായ മരുമകളുടെ ദാമ്പത്യജീവിതം ദുസ്സഹമാക്കിത്തീര്ക്കുന്ന ഈ കഥയില്‍ പ്രധാനമായ ഒരു ഉപകഥയുണ്ട്. സിനിമാക്കമ്പനികളുടെ ആവിര്‍ഭാവത്തെയും വളര്‍ച്ചയെയും ആക്ഷേപഹാസ്യത്തില്‍ ചിത്രീകരിച്ചിട്ടുള്ള ആ ഉപകഥ പ്രധാന കഥയാക്കിരുന്നുവെങ്കില് തരക്കേടില്ലാത്ത ഒരു ഹാസ്യചിത്രം എങ്കിലും വാര്‍ത്തെടുക്കാമായിരുന്നു.”
താരങ്ങള്‍ക്ക് ഫാന്‍സ് അസോസിയേഷനുകള്‍ ഒന്നും ഇല്ലാതിരുന്ന കാലത്ത് തിയേറ്ററുകളില്‍ സിനിമ നടന്നുകൊണ്ടിരിക്കുമ്പോള്‍ കൂവല്‍ സാധാരണമായിരുന്നില്ല. കറന്റ് പോയാലും മറ്റു സാങ്കേതിക തടസ്സങ്ങള്‍ മൂലം സിനിമ നിര്ത്തിവെക്കേണ്ടിവന്നാലുമാണ് കൂവല്‍ ആരംഭിക്കുക. എന്നാല്‍ ചിറയിന്‍കീഴ് അബ്ദുള്‍ ഖാദര്‍ നായകനായി അഭിനയിച്ച ആദ്യത്തെ സിനിമ മരുമകള്‍ പ്രദര്‍ശിപ്പിച്ച സിനിമാശാലകളിലെല്ലാം തുടക്കം മുതല്‍ അവസാനം വരെ കൂവലായിരുന്നു. തുടക്കത്തിലേറ്റ ഈ കനത്ത തിരിച്ചടി മാത്രം മതി ഒരു നടന്റെ സിനിമാജീവിതം എന്നന്നേക്കുമായി അവസാനിക്കാന്‍. എന്നാല്‍ നിര്‍മ്മാതാവ് കടക്കെണിയിലായെങ്കിലും നായകനടന് രക്ഷപ്പെട്ട ചരിത്രമാണ് പിന്നീട് നമ്മള് കാണുന്നത്. ഇരുപത്തിരണ്ടാം വയസ്സില്‍ സിനിമാഭിനയം തുടങ്ങിയ യുവാവ് 35 വര്‍ഷം സിനിമാലോകത്ത് നിത്യവസന്തമായി പ്രശോഭിച്ചു. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നായകനടന് എന്ന ലോക റെക്കോഡും സ്വന്തമാക്കി. പ്രേംനസീറിനെ കൂടാതെ നെയ്യാറ്റിന്‍കര കോമളം, കെടാമംഗലം സദാനന്ദന്, രേവതി, ടി. എസ് മുത്തയ്യ, എസ്. ജെ.ദേവ്, എസ.് പി. സുശീല എന്നിവരാണ് മരുമകളില്‍ അഭിനയിച്ചത്. അഭയദേവ് എഴുതിയ ഗാനങ്ങള്‍ക്ക് ഹിന്ദി പാട്ടുകളെ അനുകരിച്ച് ദിവാകര്‍ സംഗീതം നല്കി. കവിയൂര്‍ രേവമ്മയും അഗസ്റ്റിന് ജോസഫ് ഭാഗവതരും ഗാനങ്ങളാലപിച്ചു.
മരുമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുഞ്ചാക്കോ തന്റെ പുതിയ സിനിമയിലേക്ക് അബ്ദുള്‍ഖാദറിനെ ക്ഷണിക്കുന്നത്. അങ്ങനെ അബ്ദുള്‍ഖാദര്‍ ‘വിശപ്പിന്റെ വിളിയി’ലെ നായകനായി. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് അബ്ദുള്‍ഖാദര്‍ എന്ന പേര് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ പ്രേംനസീര്‍ എന്നാക്കിയത്. പ്രേംനസീറിന്റെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് ‘വിശപ്പിന്റെ വിളി’ആയിരുന്നു. 7000 രൂപയാണ് ഈ സിനിമയിലെ അഭിനയത്തിന് പ്രേംനസീറിന് പ്രതിഫലമായി ലഭിച്ചത്. വിശപ്പിന്റെ വിളി തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
തുടര്‍ന്ന് മലയാളസിനിമയില്‍ ഒരു പ്രേംനസീര്‍ യുഗം പിറന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ ജ്വലിച്ചുനില്‍ക്കുമ്പോഴും തന്റെ ആദ്യസിനിമയുടെ നിര്‍മ്മാതാവിനെക്കുറിച്ച് അന്വേഷിക്കാനും പ്രേംനസീര്‍ എന്ന മനുഷ്യസ്നേഹി മറന്നില്ല. ആദ്യസിനിമയുടെ നിര്‍മ്മാണം മൂലം കടം കയറിയ നിര്‍മ്മാതാവിനോട് പുതിയൊരു സിനിമ നിര്‍മ്മിക്കാന്‍ തയ്യാറാകണമെന്ന് പ്രേംനസീര്‍ ആവശ്യപ്പെട്ടു. ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ ആവശ്യം പ്രേംനസീര്‍ ഉന്നയിച്ചത് എന്നറിയുമ്പോള്‍ ആ നടന്റെ വ്യക്തിത്വ മഹിമ വെളിപ്പെടുന്നു; അത്ഭുതപ്പെടുത്തുന്നു. സിനിമാ രംഗത്തു നിന്നു മാറിനിന്ന് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പോള്‍ കല്ലുങ്കലിനെ അന്വേഷിച്ച് കണ്ടെത്തിയാണ് പ്രേംനസീര്‍ ഇക്കാര്യം ധരിപ്പിക്കുന്നത്. അങ്ങനെ മോഹന പ്രൊഡക്ഷന്‍സ് കമ്പനിക്ക് പോള്‍ കല്ലുങ്കല്‍ രൂപം കൊടുക്കുന്നു. ആ കമ്പിനിയുടെ കീഴിലാണ് ‘ഗംഗാസംഗമം’ എന്ന തന്റെ രണ്ടാമത്തെ സിനിമ 1971ല്‍ കല്ലുങ്കല്‍ നിര്‍മ്മിച്ചത്. ചിത്രത്തില്‍ വൈദികന്റെ വേഷത്തിലാണ് പ്രേംനസീര്‍ അഭിനയിച്ചത് എന്ന് നേത്തെ സൂചിപ്പിച്ചല്ലോ.
ഗോതുരുത്തിലാണ് പോള്‍ കല്ലുങ്കലിന്റെ കുടുംബചരിത്രം ആരംഭിക്കുന്നത്. 1921ല്‍ കല്ലുങ്കല്‍ ബാവു ഓസോയുടെയും മേരിയുടെയും എട്ടുമക്കളില്‍ അഞ്ചാമനായി പോള്‍ ജനിച്ചു. പിതാവ് വലിയ സമുദായസ്നേഹിയും കൃഷിക്കാരനും ബിസിനസുകാരനുമായായിരുന്നു. അക്കാലത്ത് സെന്റ് ആല്‍ബര്‍ട്സ് സ്കൂള്‍ പണികഴിപ്പിക്കുന്നതിനുവേണ്ടി അദ്ദേഹം 10,000 രൂപയാണ് സംഭാവന നല്‍കിയത്. സഭയോടും സമൂഹത്തോടും ബാവു ഔസോ പുലര്‍ത്തിയ പ്രതിബദ്ധതയുടെ അംഗീകാരമായി ‘പ്രോ എക്ലേസിയ ഏത്ത് പൊന്തിഫിച്ചിയേ’ ബഹുമതി നല്കി സഭ അദ്ദേഹത്തെ ആദരിച്ചു.
കുടുംബത്തിലെ നല്ല സാമ്പത്തികസ്ഥിതി സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പോളിന് തൃശിനാപ്പള്ളി സെന്റ്ജോസഫ് കോളജില്‍ പഠിക്കാന്‍ സഹായകരമായി. കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പി.എ തോമസായിരുന്നു അദ്ദേഹത്തിന്റെ വഴികാട്ടി. പാരമ്പര്യമായി ലഭിച്ച സ്വത്തും സ്വന്തം ബിസിനസും സിനിമാ നിര്‍മാണത്തിന് ശക്തിപകര്‍ന്നു. കൊച്ചിയിലെ അത്തിപ്പൊഴി കുടുംബത്തിലെ ലൂസിയെ ഭാര്യയായി സ്വീകരിച്ചു. അവര്‍ക്ക് രണ്ടു മക്കള്‍-ജോഷിയും അല്‍ഫോന്‍സയും. ഗംഗാസംഗമത്തിന്റെ നിര്‍മ്മാണക്കമ്പനിയായ ‘മോഹന’ പോള്‍ കല്ലുങ്കലിനെ വല്ലാതെ സ്വാധീനിച്ചു. അതുകൊണ്ടുതന്നെ മകള്‍ അല്‍ഫോന്‍സയുടെ പേര് ‘മോഹന’ എന്നാക്കി സിനിമയോടുള്ള സ്നേഹം പോള്‍ കല്ലുങ്കല്‍ പ്രകടിപ്പിച്ചു. ഗംഗാസംഗമം സാമ്പത്തിക നഷ്ടം ഉണ്ടാക്കിയില്ലെങ്കിലും വലിയ വിജയമായിരുന്നില്ല. പിന്നീട് അദ്ദേഹം സിനിമാരംഗത്ത് തുടര്‍ന്നില്ല. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് ബിസിനസില്‍ ഏര്‍പ്പെട്ടു. 1990 ഫെബ്രുവരി 8ന് അദ്ദേഹം തന്റെ ജീവിതയാത്ര പൂര്‍ത്തിയാക്കി.
കലയെ സ്നേഹിച്ച ആ മനുഷ്യനെ സിനിമാലോകം മറന്നു, മലയാളികളും. അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും വിനോദത്തിന്റെയും ഉല്ലാസത്തിന്റെയും ഒരിടവേള നല്കി അവരെ കഷ്ടപ്പാടിന്റെ ഓര്‍മ്മകളില്‍ നിന്ന് അല്പനേരത്തേെക്കങ്കിലും മോചിപ്പിക്കുക എന്ന ആനന്ദദായകമായ കര്‍മ്മമാണ് സിനിമ അനുഷ്ഠിക്കുന്നതെന്ന് സിനിമയെക്കുറിച്ചൊരു വാദമുണ്ട്. അങ്ങനെയെങ്കില്‍ മലയാള സിനിമയെ ആനന്ദദായകമാക്കുന്നതില് ക്രിയാത്മക ഇടപെടല്‍ നടത്തിയ വ്യക്തികളില്‍ പ്രമുഖനാണ് പോള്‍ കല്ലുങ്കല്‍. പ്രേംനസീറിനെ കണ്ടെത്തിയെന്നതുതന്നെയാണ് ആ വാദത്തിനുള്ള പിന്‍ബലവും.
Related
Related Articles
വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിച്ച് ഷെയറിംഗ് ലൈബ്രറി
കോട്ടപ്പുറം: ലോക്ഡൗണ്‍ കാലഘട്ടത്തില്‍ വീടുകളില്‍ കുടുങ്ങിയ കുട്ടികളെ വായനയുടെ ലോകത്തേക്ക് തിരികെ കൊണ്ടുവരുന്നതിന് നേതൃത്വം നല്കിയ പുത്തന്‍വേലിക്കര റസിഡന്‍സ് സമിതിക്ക് അഭിനന്ദനപ്രവാഹം. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചപ്പോള്‍
നെയ്യാറ്റിൻകര നിഡ്സ് സമരിറ്റൻ ടാസ്ക് ഫോഴ്സ് മൂന്നാമത്തെ കോവിഡ് മരണശുശ്രൂഷ നടത്തി
നെയ്യാറ്റിൻകര ഇൻറഗ്രൽ ഡവലപ്മെൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച *നിഡ്സ് സമരിറ്റൻ ടാസ്ക് ഫോഴ്സ്* കാരിത്താസ് ഇന്ത്യയും രൂപത KCYM യുമായസഹകരിച്ച് (മൂന്നാമത്തെ കോവിഡ് മരണശുശ്രൂഷ ) 09
പോലീസ് നിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി
വ്യാപകപ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ നിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. തല്ക്കാലം നിയമഭേദഗതി നടപ്പാകില്ല. തുടര്‍തീരുമാനം നിയമസഭയില്‍ ചര്‍ച്ചയിക്ക് ശേഷമെന്ന് മുഖ്യമന്ത്രിയുടെ പത്രക്കുറുപ്പില്‍ പറയുന്നു. കേന്ദ്ര നേതൃത്വത്തിന്റെ