പൗളയിലെ വിശുദ്ധ ഫ്രാന്‍സിസ്

പൗളയിലെ വിശുദ്ധ ഫ്രാന്‍സിസ്
മെഡിറ്ററേനിയന്‍ കടലിനു സമീപമുള്ള പൗള എന്ന കൊച്ചുനഗരത്തിലാണ് 1416ല്‍ ഫ്രാന്‍സിസിന്റെ ജനനം. ജെയിംസ്-മാര്‍ട്ടൊട്ടില്ലെ ദമ്പതികളുടെ നിരന്തരമായ പ്രാര്‍ത്ഥനകളുടെ ഫലമായി ലഭിച്ച മകനായതുകൊണ്ട് അവര്‍ തങ്ങളുടെ മദ്ധ്യസ്ഥന്റെ പേരായ ഫ്രാന്‍സിസിന്റെ പേര് അവനു നല്‍കി.  ചെറുപ്പത്തില്‍ത്തന്നെ ഫ്രാന്‍സിസ് ഉപവാസത്തിലും ഏകാന്തതയിലും പ്രാര്‍ത്ഥനയിലും ആനന്ദം കണ്ടെത്തി. 13 വയസായപ്പോള്‍ മാതാപിതാക്കള്‍ അവനെ ഫ്രാന്‍സിസ്‌കന്‍ ആശ്രമത്തില്‍ ചേര്‍ത്തു.
ഏതാണ്ട് ഒരു വര്‍ഷം ആശ്രമത്തില്‍ കഴിഞ്ഞശേഷം ഫ്രാന്‍സിസ് തന്റെ മാതാപിതാക്കള്‍ക്കൊപ്പം അസീസിയിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി. തിരികെ പൗളയിലെത്തിയ അദ്ദേഹം 1432ല്‍ മാതാപിതാക്കളുടെ അനുവാദത്തോടെ കടല്‍ത്തീരത്ത് ജനവാസമില്ലാത്ത സ്ഥലത്ത് ഒരു പാറയില്‍  ഒരു ഗുഹ നിര്‍മിച്ച് അവിടെ ഏകാന്തവാസം ആരംഭിച്ചു. പാറയിലും പലകയിലും ഉറങ്ങിയിരുന്ന ഫ്രാന്‍സിസിന്റെ ഭക്ഷണം സസ്യങ്ങള്‍ മാത്രമായിരുന്നു. അദ്ദേഹത്തിന് 20 വയസ്സുള്ളപ്പോള്‍ 2 പേര്‍ കൂടി ഫ്രാന്‍സിസിനോടൊപ്പം ചേര്‍ന്നു. തുടര്‍ന്ന് ആളുകളുടെ എണ്ണം വര്‍ദ്ധിച്ചു. 1436 ആയപ്പോഴേക്കും സന്യസ്തര്‍ ധാരാളമായി. 1454 ല്‍ സഭയുടെ അംഗീകാരത്തോടെ ഈ സന്യസ്തര്‍ക്കായി അതേ സ്ഥാനത്ത് തന്നെ ഒരു വലിയ ദൈവാലയവും ആശ്രമവും പണികഴിപ്പിച്ചു. ഇതിന്റെ നിര്‍മിതിക്കായി ജനങ്ങള്‍ നന്നായി സഹകരിച്ചു. ഇതിന്റെ നിര്‍മാണസമയത്ത് തന്നെ ഫ്രാന്‍സിസ് ധാരാളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി പറയപ്പെടുന്നു.
തേടി വരുന്നവര്‍ക്കെല്ലാം വിശുദ്ധന്‍ നല്ലൊരു ഉപദേശകനായിരുന്നു. തന്റെ എളിമയാല്‍ത്തന്നെ  ദൈവികത നിറഞ്ഞവനായിരുന്നു. അനുതാപവും കാരുണ്യവും എളിമയുമായിരുന്നു വിശുദ്ധന്റെ നിയമസംഹിതയുടെ അടിസ്ഥാനം. മറ്റുള്ള എല്ലാ സന്യാസ സഭകളുടെയും സവിശേഷതകള്‍ വിശുദ്ധന്‍ തന്റെ സന്യാസസഭയില്‍ സ്വാംശീകരിച്ചു. നോമ്പുനോക്കുവാന്‍ അദ്ദേഹം തന്റെ അനുയായികളെ ഉപദേശിച്ചു. പുരാണ നിയമങ്ങളില്‍ നോമ്പുകാലത്ത് നിഷിദ്ധമായിരുന്നതെല്ലാം വര്‍ജ്ജിക്കുവാന്‍ അദ്ദേഹം തന്റെ അനുയായികളെ പ്രേരിപ്പിച്ചു.
തന്റെ കാരുണ്യപൂര്‍വമായ മനോഭാവം സന്യാസസമൂഹത്തിന്റെ അടയാളവുമാക്കി. എളിമ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പുണ്യമായിരുന്നു. എപ്പോഴും മറ്റുള്ള മനുഷ്യരില്‍ നിന്നകന്ന് ഏകാന്തവാസം നയിക്കുവാന്‍ വിശുദ്ധന്‍ ഇഷ്ടപ്പെട്ടിരുന്നു. 1474 മെയ് 23ന് സിക്സ്റ്റസ് നാലാമന്‍ പാപ്പ ഫ്രാന്‍സിസിന്റെ സഭയെയും അതിന്റെ നിയമവലിയെയും  അംഗീകരിച്ചു. ”മിനിംസ് സന്യാസ-സഭ” എന്ന പേരില്‍ ഇത് അറിയപ്പെടുന്നു.
ഒരിക്കല്‍ കത്തുന്ന തീക്കനല്‍ കൈയില്‍ പിടിച്ചുകൊണ്ട് യാതൊരു ഭാവമാറ്റവും കൂടാതെ നില്‍ക്കുന്ന വിശുദ്ധനെക്കണ്ട് അത്ഭുതപ്പെട്ടുനിന്ന ഒരു പുരോഹിതനോട് വിശുദ്ധന്‍ പറഞ്ഞു. ”പൂര്‍ണഹൃദയത്തോടുകൂടി ദൈവത്തെ സേവിക്കുന്നവനെ എല്ലാ ജീവികളും അനുസരിക്കേണ്ടതുണ്ട്”.  ഈ വാക്യം ലിയോ പത്താമന്‍ പാപ്പ ഫ്രാന്‍സിസിന്റെ വിശുദ്ധീകരണത്തിനുള്ള ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവിച്ചിരുന്നപ്പോള്‍ത്തന്നെ ധാരാളം അത്ഭുതങ്ങള്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മരിച്ചവരെ ഉയര്‍പ്പിച്ച സംഭവം വരെ അദ്ദേഹത്തിന്റേതായി രേഖപ്പെടുത്തിയിരിക്കുന്നു.
1508 ഏപ്രില്‍ 2ന് തന്റെ 91-ാം വയസിലാണ് അദ്ദേഹം സ്വര്‍ഗീയഭവനത്തിലേക്ക് യാത്രയായത്.1510ല്‍ ലിയോ പത്താമന്‍ പാപ്പ ഫ്രാന്‍സിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
പ്രിയ കുട്ടികളേ, വിശുദ്ധനെപ്പോലെ നമുക്കും ദൈവത്തെ പൂര്‍ണഹൃദയത്തോടെ സേവിക്കുന്നവരാകാം.

Related Articles

പ്രണയകുടീരമായി മാറിയ അല്‍കൊബാക മൊണാസ്ട്രി

മധ്യ പോര്‍ച്ചുഗലിലെ അല്‍കൊബാകയിലെ പുരാതന സന്യാസആശ്രമമാണ് അല്‍കൊബാക മൊണാസ്ട്രി. പോര്‍ച്ചുഗിസ് രാജവാഴ്ചയുമായി അഭേദ്യബന്ധമാണ് ഈ ആശ്രമത്തിനുള്ളത്. 12, 13 നൂറ്റാണ്ടുകളില്‍ യൂറോപ്പിലാകമാനം മൊണാസ്ട്രികളുടെ സ്വാധീനം ഏറെ പ്രകടമായിരുന്നു.

ഇതത്ര ചെറിയ പുഷ്പമല്ല

ഫാ. ജോഷി മയ്യാറ്റിൽ ദൈവവിളിതിരിച്ചറിയലിന് കൂട്ടുപിടിക്കാവുന്ന ഒരു വിശുദ്ധയാണ് വി. കൊച്ചുത്രേസ്യ! സന്ന്യാസിനിയാകാനുള്ള തന്റെ ദൈവവിളി തിരിച്ചറിയാന്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ കൊച്ചുത്രേസ്യയ്ക്കു കഴിഞ്ഞു. എങ്കിലും ആത്യന്തികമായ സ്വന്തം

ആരുമറിയാതെ കടന്നുപോയി നമ്മുടെ മാതൃഭാഷാദിനം

ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി സമാചരിച്ചുവരികയാണ്. സ്വത്വാവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പിറന്നാളാണ് മാതൃഭാഷാദിനം. ആത്മാവിന്റെ ഭാഷയെ മൂര്‍ത്തമാക്കുന്ന മാതൃഭാഷാദിനാചരണം എന്നാല്‍, മലയാളിക്ക് വേണ്ടെങ്കിലോ? വൈദേശികമായെന്തും മെച്ചപ്പെട്ടതാണെന്ന മലയാളികളുടെ മിഥ്യാധാരണയ്ക്ക് എന്ന് അറുതിയുണ്ടാകും?

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*