ഫാത്തിമാനാഥയുടെ ലാവണ്യശോഭയില്‍ ധന്യരായി മരിയഭക്തര്‍

ഫാത്തിമാനാഥയുടെ ലാവണ്യശോഭയില്‍ ധന്യരായി മരിയഭക്തര്‍

 

കൊല്ലം: പോര്‍ച്ചുഗലിലെ പരിശുദ്ധ ജപമാലരാജ്ഞിയുടെ വിഖ്യാത തീര്‍ഥാടനകേന്ദ്രമായ ഫാത്തിമാ ബസിലിക്കയിലെ റെക്ടര്‍ മോണ്‍. കാര്‍ലോസ് കബെസിഞ്ഞ്യാസ് കൊല്ലം രൂപതയിലെ മരിയഭക്തര്‍ക്ക് കൊറോണവൈറസ് മഹാമാരിയുടെ ദുരിതകാലത്ത് ആശ്വാസദായകമായ അനുഗ്രഹവര്‍ഷം ചൊരിഞ്ഞുകൊണ്ട് ഫാത്തിമാനാഥയുടെ പ്രശോഭയും ലാവണ്യവും നിറഞ്ഞുതുളുമ്പുന്ന തിരുസ്വരൂപം സമ്മാനിച്ചു. ജപമാലവണക്കവും മരിയഭക്തിയും പ്രചരിപ്പിക്കുന്നതിന് വര്‍ഷങ്ങളായി രൂപതാംഗമായ ഫാ. റെജിസണ്‍ റിച്ചാര്‍ഡ് ചെയ്തുവരുന്ന വൈവിധ്യമാര്‍ന്ന അനുഷ്ഠാനശുശ്രൂഷകളുടെ ആധ്യാത്മിക തീക്ഷ്ണത തിരിച്ചറിഞ്ഞാണ് ഫാത്തിമായില്‍ നിന്ന് മൂന്ന് അടി ഉയരമുള്ള പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം സുവര്‍ണ കിരീടവും മൂന്ന് പ്രാവുകളുമടക്കം ഫാത്തിമാ ബസിലിക്കയില്‍ നിന്ന് ഉപഹാരമായി അയച്ചുകൊടുത്തത്.

ഫാത്തിമായില്‍ നിന്ന് ആശീര്‍വദിച്ച് കാര്‍ഗോ വഴി എത്തിച്ച തിരുസ്വരൂപം കിട്ടിയ ഉടന്‍ ഫാ. റെജിസണ്‍ അത് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരിയുടെ കരങ്ങളില്‍ ഏല്പിച്ചു. തുടര്‍ന്ന് എമിരത്തൂസ് ബിഷപ്പുമാരായ ഡോ. സ്റ്റാന്‍ലി റോമന്‍, ഡോ. ജോസഫ് ജി. ഫെര്‍ണാണ്ടസ് എന്നിവരുടെ പക്കലും കൊണ്ടുപോയി. ”ഈ തിരുസ്വരൂപത്തില്‍ എന്തോ ഒരു പ്രത്യേകത ഉണ്ട് എന്നായിരുന്നു പോള്‍ പിതാവിന്റെ ആദ്യ പ്രതികരണം. അതോടൊപ്പം പിതാവ് ഒരു നിയോഗവും മന്ത്രിച്ചു: ‘അമ്മേ, ഞങ്ങളെ ദിവ്യകാരുണ്യ ഈശോയിലുള്ള വിശ്വാസത്തില്‍ വളര്‍ത്തണമേ. മതപീഡനത്തില്‍നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.’ ഫാത്തിമാ നാഥയുടെ തിരുസ്വരൂപം തങ്ങളുടെ കരങ്ങളില്‍ എടുത്തുനിന്ന മൂന്നു പിതാക്കന്മാരുടെയും മുഖത്തെ ആനന്ദവും കൃതജ്ഞതയും വളരെ വലുതായിരുന്നു. അവരുടെ കരസ്പര്‍ശം ഏറ്റ ഈ തിരുസ്വരൂപത്തിന്റെ മുന്നില്‍ വന്ന് അനുതാപത്തോടെ പ്രാര്‍ഥിക്കുന്ന ഏതൊരു വിശ്വാസിക്കും തീര്‍ച്ചയായും ദൈവകൃപയുടെ തേന്‍ നുകരാന്‍ സാധിക്കും,” ഫാ. റെജിസണ്‍ പറഞ്ഞു.

കാറില്‍ ഫാത്തിമാ മാതാവിന്റെ രൂപം കണ്ട്, ”മോന്റെ കൂടെ എന്നും ഫാത്തിമാനാഥയുണ്ട്” എന്ന് ഒന്‍പതുകൊല്ലം മുന്‍പ് സന്തോഷത്തോടെ അനുഗ്രഹിച്ച അമ്മ ലീലാ റിച്ചാര്‍ഡിന്റെ അടുക്കലേക്കും അത്യന്ത ശോഭയുള്ള ഈ തിരുസ്വരൂപം ഫാ. റെജിസണ്‍ അനുഗ്രഹദര്‍ശനത്തിനായി കൊണ്ടുപോയി. ”എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുക്കല്‍ വരുവാനുള്ള ഭാഗ്യം…എന്നും ജപമാല എടുക്കുന്ന ഈ കൈകളില്‍ അമ്മയെ തന്നു,” ഹൃദയം നിറഞ്ഞുതുളുമ്പുന്ന സന്തോഷം കണ്ണീര്‍തുള്ളിയായി. ”എന്റെ മോനെ പുരോഹിതനാക്കിയ അമ്മേ നന്ദി,” ആ അമ്മ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം ചുംബിച്ചുകൊണ്ടു പറഞ്ഞു.

കൊറോണവൈറസ് ഭീതിയില്‍ നിന്ന് നാടിനെ മുക്തമാക്കണമെന്ന നിയോഗത്തോടെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന്, പരിശുദ്ധ കന്യകമറിയത്തിന്റെ ജനനതിരുനാളോടനുബന്ധിച്ച്, താന്‍ സേവനം അനുഷ്ഠിച്ചിരുന്ന വലിയപെരുമ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ്, ചെന്നിത്തല ഫാത്തിമ മാതാ ദേവാലയങ്ങളിലെ വിശ്വാസികളെ ഒരുമിച്ചുകൂട്ടി ഫാ. റെജിസണ്‍ നടത്തിയ മരിയന്‍ സൈക്കിള്‍ പ്രദക്ഷിണം സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ”ഫെയ്സ്ബുക്കിലൂടെ ഈ മരിയന്‍ പ്രദക്ഷിണത്തിന്റെ വീഡിയോ കണ്ട്, 2006 – 2009 കാലത്ത് എന്റെ കൂടെ റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബാനിയാനാ യൂണിവേഴ്‌സിറ്റിയില്‍ സഭാനിയമം പഠിച്ചിരുന്ന വിദേശീയരായ ചില വൈദികരെ നീണ്ട 11 വര്‍ഷങ്ങള്‍ക്കുശേഷം എനിക്കു തിരിച്ചുകിട്ടി. അവരില്‍ ഒരു ആഫ്രിക്കന്‍ പുരോഹിതന്‍ വഴിയാണ് ഫാത്തിമായിലെ റെക്ടര്‍ അച്ചനുമായി സെപ്റ്റംബര്‍ 25ന് ബന്ധപ്പെട്ടത്. ഫാത്തിമായില്‍ എന്റെ കത്തു ലഭിച്ച ഉടനെ അവര്‍ മറുപടിയും തന്നു. നാളിതുവരെ ഞാന്‍ നടത്തിയ എല്ലാ മരിയന്‍, ജപമാലസംഗമങ്ങളുടെയും ചിത്രങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമായുള്ള പത്രവാര്‍ത്തകളും റെക്ടര്‍ അച്ചന് അയച്ചുകൊടുത്തിരുന്നു. റെക്ടറച്ചനും ഫാത്തിമായിലെ കമ്യൂണിറ്റിക്കും എന്റെ മരിയന്‍ തീക്ഷ്ണത ബോധ്യമായി. അവര്‍ എന്നെ അഭിനന്ദിക്കുകയും എന്റെ പ്രാര്‍ഥനാ സഹായം ആവശ്യപ്പെടുകയും ചെയ്തു. ഏറെ അനുഗ്രഹം ചൊരിഞ്ഞുകൊണ്ട്, വളരെ പ്രസന്നതയും ആകര്‍ഷണവും ഉള്ള ഫാത്തിമ മാതാവിന്റെ ആശീര്‍വദിച്ച തിരുസ്വരൂപവും കിരീടവും മൂന്നു പ്രാവുകളും എനിക്ക് അയച്ചുതരാനും അവര്‍ സന്മനസുകാട്ടി,” ഫാ. റെജിസണ്‍ അനുസ്മരിച്ചു.

ഫാത്തിമായില്‍ പരിശുദ്ധ മാതാവിന്റെ ദര്‍ശനമുണ്ടായവരില്‍ ഒരാളായ സിസ്റ്റര്‍ ലൂസിയുടെ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ജപമാലരാജ്ഞിയുടെ തിരുസ്വരൂപം ആദ്യമായി ഫാത്തിമായില്‍ പ്രദക്ഷിണമായി എഴുന്നള്ളിച്ചപ്പോള്‍ മൂന്ന് വെള്ളപ്രാവുകള്‍ പറന്നെത്തി ആ തിരുസ്വരൂപത്തിന്റെ ചുവട്ടില്‍ ഇരിപ്പുറപ്പിച്ചതിനെ അനുസ്മരിച്ചുകൊണ്ടാണ് ഫാത്തിമാനാഥയുടെ ചിത്രീകരണത്തില്‍ ആ പ്രാവുകളെയും ഉള്‍പ്പെടുത്തുന്നതെന്ന് ബിഷപ് പോള്‍ ആന്റണി മുല്ലശേരി ചൂണ്ടിക്കാട്ടി. ലോകസമാധാനത്തിനുവേണ്ടി ജപമാല ചൊല്ലണമെന്നാണ് പരിശുദ്ധ അമ്മ ഫാത്തിമാ ദര്‍ശനത്തില്‍ ഓര്‍മിപ്പിച്ചത്. സന്തോഷം, ദുഃഖം, മഹിമ എന്നിങ്ങനെ ജപമാലയുടെ മൂന്നു ദിവ്യരഹസ്യങ്ങളുടെ പ്രതീകം കൂടിയാണ് മൂന്നു പ്രാവുകള്‍.

കൊല്ലം രൂപത ലിറ്റര്‍ജി കമ്മീഷന്‍ ഡയറക്ടര്‍ ആയിരിക്കെ, 2015 ജൂലൈ 16ന് രൂപത മധ്യസ്ഥയായ കര്‍മല മാതാവിന്റെ തിരുനാള്‍ ദിവസം കത്തീഡ്രല്‍ ദേവാലയത്തില്‍ 2,500 വിശ്വാസികളെ ഉള്‍പ്പെടുത്തികൊണ്ടുള്ള ആഘോഷമായ ദിവ്യബലി അര്‍പ്പണത്തിനും, എല്ലാ ഇടവകകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 150 ഗായകര്‍ അടങ്ങുന്ന കൊല്ലം രൂപതാ ഗായകസംഘത്തിനും നേതൃത്വം വഹിച്ച ഫാ. റെജിസണ് 2016 ജനുവരി 31ന് രൂപതയില്‍ സേവനം ചെയ്തവരും വിവിധ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി ശുശ്രൂഷ ചെയ്യുന്നവരുമായ കൊല്ലം രൂപതാംഗങ്ങളായ സമര്‍പ്പിതരില്‍ നിന്ന് 850 പേരെ കൊട്ടിയം നിത്യസഹായമാതാ ദൈവാലയമുറ്റത്ത് ഒരുമിച്ചുകൂട്ടാനും കഴിഞ്ഞു.

ബിഷപ് സ്റ്റാന്‍ലി റോമന്റെ സെക്രട്ടറി ആയിരിക്കെ, 2017 ഒക്ടോബര്‍ 18ന് ഫാ. റെജിസണ്‍ അയ്യായിരത്തിലധികം കുഞ്ഞുങ്ങളെ വിളിച്ചുകൂട്ടി രൂപതയിലെ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ ഫാത്തിമ മാതാവിന്റെ കുരിശടിയില്‍ വെച്ച് ആദ്യമായി ജപമാല സംഗമം സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപതയിലെ എടവനക്കാട് സെന്റ് അംബ്രോസ് പള്ളിയില്‍ മാതാവിന്റെ ദര്‍ശനം ലഭിച്ചതായി പറയുന്ന അംബ്രോസിയ, റ്റെസ്‌ന എന്നീ കുട്ടികളായിരുന്നു ആ സംഗമത്തിലെ മുഖ്യാതിഥികള്‍. രൂപതയിലെ ഏറ്റവും വലിയ ഇടവകയായ ഇരവിപുരത്ത് ആദ്യമായിട്ട് ആറായിരത്തിലധികം പേര്‍ പങ്കെടുത്ത ജപമാല സംഗമം 2018 ഫെബ്രുവരി 11ന് സംഘടിപ്പിച്ചു. ചെറിയ ഇടവകയായ വലിയപെരുമ്പുഴയില്‍ 1,500 പേര്‍ പങ്കെടുത്ത മരിയന്‍ ജപമാല സംഗമം 2018 മേയ് 13ന് നടത്തി. വലിയപെരുമ്പുഴ, ചെന്നിത്തല, മുട്ടം എന്നീ ഇടവകകളില്‍ നിന്ന് 2019 മാര്‍ച്ച് 25ന് കാരിച്ചാല്‍ ഹോളി ഫാമിലി ദേവാലയത്തിലെ മാതാവിന്റെ ഗ്രോട്ടോയിലേക്ക് തീര്‍ത്ഥാടന പദയാത്ര സംഘടിപ്പിച്ചു.

കൊറോണവൈറസില്‍ നിന്നു ലോകജനതയെ രക്ഷിക്കാന്‍ വേണ്ടി 2020 സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെ വലിയപെരുമ്പുഴയില്‍ റോസറി ചെയിന്‍ നടത്തിയായിരുന്നു സെപ്റ്റംബര്‍ എട്ടിലെ മരിയന്‍ സൈക്കിള്‍ പ്രദക്ഷിണം. കൊറോണവൈറസില്‍ നിന്നു ഭാരതത്തിലെ 194 കത്തോലിക്കാ വൈദികമേലധ്യക്ഷന്മാരും ദൈവജനവും ലോകജനതയും സുരക്ഷിതരായിരിക്കണം എന്ന നിയോഗത്തോടെ ആറു ഭൂഖണ്ഡങ്ങളിലായി വൈദികരും സമര്‍പ്പിതരും ദൈവജനവും 194 വസതികളില്‍ ആയിരുന്നുകൊണ്ട് 2020 സെപ്റ്റംബര്‍ 29ന് ദൈവകാരുണ്യ ശൃംഖല (ഡിവൈന്‍ മേഴ്സി ചെയിന്‍) പ്രാര്‍ഥനകള്‍ അര്‍പ്പിച്ചു. ജപമാല മാസമായ ഒക്ടോബറില്‍ വെളുപ്പിന് മൂന്നുമണിക്ക് ജപമാല ചൊല്ലി തത്സമയം സംപ്രേഷണം ചെയ്തു. ജപമാല മാസത്തില്‍ വിശ്വാസികളെകൊണ്ട് 52,000 ജപമാല ചൊല്ലിച്ച് മാതാവിന് സമര്‍പ്പിച്ചു. ഒക്ടോബര്‍ 31ന് വടക്കുംഭാഗം ദേവാലയത്തില്‍ മാതാവിനെ തോളില്‍ വഹിച്ചുകൊണ്ട് മരിയന്‍ പദയാത്ര നടത്തി. വലിയപെരുമ്പുഴ ഇടവക അംഗങ്ങളുമായി വേളാങ്കണ്ണി, എടവനക്കാട് സെന്റ് അബ്രോസ് ദേവാലയം, വല്ലാര്‍പാടം ബസിലിക്ക എന്നിവടങ്ങളിലേക്ക് തീര്‍ത്ഥാടനയാത്ര നടത്തി. ഇതിന്റെയൊക്കെ റിപ്പോര്‍ട്ടുകളും ചിത്രങ്ങളും ഫാത്തിമായിലേക്ക് അയച്ചുകൊടുത്തിരുന്നു.

കൊവിഡ് കാലഘട്ടത്തില്‍ ദിവ്യകാരുണ്യ തിരുനാള്‍ ദിവസം, ജൂണ്‍ 14ന് കാറില്‍ ദിവ്യകാരുണ്യം എഴുന്നള്ളിച്ചു നടത്തിയ പ്രദക്ഷിണം എല്ലാ ഭവനങ്ങളുടെയും മുന്‍പില്‍കൂടി കടന്നുപോകാന്‍ കഴിയാഞ്ഞതിലെ വിഷമം മാറ്റാനായാണ് മരിയന്‍ സൈക്കിള്‍ പ്രദക്ഷിണത്തെക്കുറിച്ച് ആലോചിച്ചത്. പകര്‍ച്ചവ്യാധിയില്‍ നിന്ന് വലിയപെരുമ്പുഴ, ചെന്നിത്തല പ്രദേശങ്ങളെ രക്ഷിക്കുക, മരിയ ഭക്തി എങ്ങും പ്രചരിപ്പിക്കുക എന്നീ ഉദ്ദേശ്യവും അതിനു പിന്നിലുണ്ടായിരുന്നു.

റോമിലെ പഠനകാലത്ത് 2007 സെപ്റ്റംബറില്‍ ഫാത്തിമയിലേക്ക് ഫാ. റെജിസണ്‍ തീര്‍ഥാടനം നടത്തിയിരുന്നു. ഉണ്ണിയേശുവിന്റെ നാമത്തിലുള്ള വിഖ്യാത തീര്‍ഥാടനകേന്ദ്രം കൂടിയായ മൂതാക്കര വിശുദ്ധ പത്രോസ് ശ്ലീഹായുടെ ഇടവകയില്‍ പരേതനായ എ. റിച്ചാര്‍ഡിന്റെയും ലീലയുടെയും അഞ്ചു മക്കളില്‍ മൂന്നാമനായ ഫാ. റെജിസണ്‍ റിച്ചാര്‍ഡ് ഇപ്പോള്‍ രൂപതാ ട്രൈബ്യൂണല്‍ ജഡ്ജിയും ബിഷപ്പിന്റെ തിരുക്കര്‍മങ്ങളിലും മറ്റും മാസ്റ്റര്‍ ഓഫ് സെറിമണിയുമാണ്. പുനലൂര്‍ രൂപതാ ട്രൈബ്യൂണലിലും അദ്ദേഹത്തിന്റെ സേവനം ലഭ്യമാക്കാന്‍ മെത്രാന്മാര്‍ നിശ്ചയിച്ചിട്ടുണ്ട്. പരിശുദ്ധ മാതാവിന്റെ മുന്‍പില്‍ ലോകജനത്തിനായി തീക്ഷ്ണതയോടെ പ്രാര്‍ഥിക്കുന്നതിന്റെ പുണ്യകൃപാകടാക്ഷത്തെക്കുറിച്ച് ഫാ. റെജിസണ്‍ എന്നും വാചാലനാകുന്നു.

കൊല്ലം ബിഷപ്സ് ഹൗസില്‍ ചാപ്പലില്‍ സൂക്ഷിച്ചിരിക്കുന്ന ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപം ജനുവരി 16ന് വൈകുന്നേരം നാലുമണിക്ക് ബിഷപ് പോള്‍ ആന്റണി മുല്ലശ്ശേരിയുടെ ആശീര്‍വാദത്തോടെ കെസിവൈഎം യുവജനങ്ങളുടെ നേതൃത്വത്തില്‍ തുറന്നവാഹനത്തില്‍ ആഘോഷപ്രദക്ഷിണമായി വടക്കുംഭാഗം വിശുദ്ധ ജെറോമിന്റെ ദേവാലയത്തിലേക്കു കൊണ്ടുപോകും. ഫെബ്രുവരി 14 വരെ, 30 ദിവസം, രാവിലെ ആറു മുതല്‍ വൈകുന്നേരം എട്ടുമണിവരെ തുടര്‍ച്ചയായി ജപമാല അര്‍പ്പണത്തിനും തിരുസ്വരൂപം വണങ്ങി പ്രത്യേക നിയോഗസമര്‍പ്പണത്തിനും വടക്കുംഭാഗം പള്ളിയില്‍ ക്രമീകരണമുണ്ടാകുമെന്ന് ഫാ. റെജിസണ്‍ അറിയിച്ചു. ചവറ സൗത്ത് ഫൊറോനയുടെ കീഴില്‍ സബ്സ്റ്റേഷനായിരുന്ന വടക്കുംഭാഗം കഴിഞ്ഞ ഒക്ടോബര്‍ 19ന് ആണ് സ്വതന്ത്ര ഇടവകയായി ഉയര്‍ത്തിയത്. ഈ ദേവാലയത്തിലെ പ്രഥമ വികാരിയാണ് ഫാ. റെജിസണ്‍.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

വൈദീക കൂട്ടായ്മയിൽ വീണ്ടും പുണ്യം പരക്കുന്നു..

  തിരദേശത്തിന് സഹായവുമായി വൈദീക കൂട്ടായ്മ. തീരദേശ മേഖലയിൽ ജനങ്ങൾ കടലാക്രമണത്താലും വെള്ളപൊക്കത്താലും വലയുന്ന അവസരത്തിലാണ് തങ്ങളുടെ തുച്ചമായ വരുമാനത്തിൽ ഒരു പങ്ക് ഈ വൈദീകർ മാറ്റിവെക്കുന്നത്.

തിരുക്കുടുംബത്തിന്റെ തിരുനാൾ

വിചിന്തനം:- വിശുദ്ധിയുടെ കൽപ്പടവ് (ലൂക്കാ 2: 41-52) വീടാണ് ഏറ്റവും ദുർബലമായ ഇടമെന്ന് പലപ്രാവശ്യവും ഓർക്കാറുണ്ട്. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഏറ്റവും വിശുദ്ധമായ ഇടം.  കൃത്യതയോടെ കൈകാര്യം

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ ആശങ്കയെന്ന് കെഎല്‍സിഎ

ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ആലപ്പുഴ കൊല്ലം എന്നീ പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് മുന്നണികള്‍ നടത്തുന്ന ചര്‍ച്ചകളില്‍ ആശങ്കയുണ്ടെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*