ഫാ. അദെയോദാത്തൂസ് ഒസിഡി സാധാരണക്കാരനായ ഒരു അസാധാരണ സന്യാസി

ഫാ. അദെയോദാത്തൂസ് ഒസിഡി സാധാരണക്കാരനായ ഒരു അസാധാരണ സന്യാസി

ബല്‍ജിയത്തിലെ കെല്‍ദുക്ക് എന്ന ചെറിയ ഗ്രാമത്തില്‍ 1896 ജനുവരി 27ന് അദെയോദാത്തൂസ് അച്ചന്‍ ജനിച്ചു. ദൈവഭക്തരായ ജോണും ലുദോവിക്ക് ഒഗാനയുമായിരുന്നു മാതാപിതാക്കള്‍. ജൂലിയന്‍ ബെക്ക് എന്നായിരുന്നു കുഞ്ഞിന്റെ മാമ്മോദീസാ പേര്. ദൈവഭക്തിയിലും ശരിയായ ശിക്ഷണത്തിലും ജൂലിയന്‍ വളര്‍ന്നു. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞപ്പോഴാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപുറപ്പെടുന്നത്. എല്ലാ യുവജനങ്ങളും നിര്‍ബന്ധിത സൈനികസേവനത്തില്‍ പങ്കെടുക്കണമെന്ന ആജ്ഞ ശിരസാവഹിച്ച ജൂലിയന്‍ രാജ്യത്തിനായി പോരാടുന്നതിന് സൈന്യത്തില്‍ ചേര്‍ന്നു. യുദ്ധത്തിനിടയില്‍ മറ്റനേകര്‍ക്കൊപ്പം ജൂലിയനും ജപ്പാന്‍കാരുടെ തടവിലായി. എന്നാല്‍ 1919ല്‍ ശത്രുക്കളുടെ തടങ്കല്‍പാളയത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. രക്ഷപ്പെട്ടതിനുശേഷം നേരെപോയത് ലൂര്‍ദ്ദിലെ പരിശുദ്ധ കന്യാമറിയത്തിന്റെ ഗ്രോട്ടയിലേക്കാണ്. അവിടെയെത്തി പരിശുദ്ധ അമ്മയോട് നന്ദിപറഞ്ഞ് പ്രാര്‍ഥിച്ചു.
ലൂര്‍ദ്ദില്‍നിന്നു ബെല്‍ജിയത്തിലെത്തിയ ജൂലിയന് സ്‌നേഹോഷ്മളമായ സ്വീകരണമാണ് നാട്ടുകാര്‍ നല്കിയത്. യുദ്ധകാലത്ത് അദ്ദേഹം അനുഭവിച്ച യാതനകളും തടങ്കല്‍പാളയത്തിലെ 11 മാസത്തെ സഹനജീവിതവും അവസാനം പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ സഹായത്താല്‍ രക്ഷപ്പെട്ടതും അദ്ദേഹം അവരുമായി പങ്കുവച്ചു. രോഗിയായ തന്റെ അമ്മയെ ശുശ്രൂഷിക്കാനായി ജൂലിയന്‍ ബെക്ക് വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഈ തീരുമാനം അറിഞ്ഞ അമ്മ മകന്‍ ഒരു വൈദികനാകണമെന്നതാണ് തന്റെ ആഗ്രഹമെന്ന് അറിയിച്ചു. അമ്മയുടെ ആഗ്രഹത്തെ ഹൃദയത്തില്‍ സ്വീകരിച്ച ജൂലിയന്‍ ബെക്ക് കാര്‍ക്കശ്യമുള്ള സന്യാസജീവിതത്തിന്റെ വഴി പുണരാന്‍ തിരഞ്ഞെടുത്തത് കര്‍മലീത്താ നിഷ്പാദുക സഭയായിരുന്നു. കര്‍മലീത്താ ഒന്നാം സഭയുടെ ബെല്‍ജിയത്തെ ഫ്‌ളോന്റേഴ്‌സ് പ്രോവിന്‍സില്‍ ചേര്‍ന്നു. 1920 ജൂലൈ 25ന് വ്രതവാഗ്ദാനം ചെയ്തു. ബ്രദര്‍ അദെയോദാത്തൂസ് എന്ന പേര് സ്വീകരിച്ചു.
ബെല്‍ജിയത്ത് കത്രയില്‍ ഫിലോസഫിയും ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം 1927 ജൂലൈ 31ന് കൊര്‍ട്രിയിക്കില്‍ തിരുപ്പട്ടം സ്വീകരിച്ചു. ആ സമയത്താണ് കര്‍മലീത്താ സഭ ഏതദ്ദേശീയര്‍ക്കായി കേരളത്തില്‍ നവസന്യാസ ഭവനം ആരംഭിക്കുവാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്തെ കാര്‍മല്‍ ഹില്‍ ആശ്രമം അതിനായി തിരഞ്ഞെടുത്തു.
അദെയോദാത്തൂസിന്റെ മിഷന്‍ തീക്ഷ്ണതയും വിശുദ്ധമായ ജീവിതവും തിരിച്ചറിഞ്ഞ മേലധികാരികള്‍ അദ്ദേഹത്തെ ഇന്ത്യയിലേ്ക്ക് അയക്കാന്‍ തീരുമാനിച്ചു. 31 വയസുമാത്രം പ്രായമുള്ള ഈ നവവൈദികന്‍ 1927 നവംബര്‍ 27ന് തിരുവനന്തപുരം കാര്‍മല്‍ ഹില്‍ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു.
മലബാര്‍ പ്രോവിന്‍സിലെ ആദ്യകാല വൈദിക വിദ്യാര്‍ത്ഥികളെ ലാറ്റിന്‍, ഗ്രീക്ക് ഭാഷകളും, ഫിലോസഫി, തിയോളജി എന്നീ വിഷയങ്ങളും പഠിപ്പിച്ചു. ആശ്രമത്തിന്റെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയും അച്ചനില്‍ നിക്ഷിപ്തമായി. കര്‍മലീത്ത ചൈതന്യത്തിന് ലേശവും മങ്ങലേല്‍ക്കാത്തവിധം പ്രാദേശിക മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം കര്‍മനിരതനായി. ജനങ്ങളുടെ ആധ്യാത്മിക രൂപീകരണത്തില്‍ ശ്രദ്ധാലുവായി. സന്യാസ ഭവനങ്ങളിലെ കുമ്പസാരക്കാരനായും ആത്മീയ ഉപദേഷ്ടാവായും ഈ വൈദികന്‍ തന്റെ കര്‍മമേഖലയില്‍ ജ്വലിച്ചുനില്‍ക്കുന്ന കെടാവിളക്കായി.
തന്റെ കഠിനാധ്വാനംകൊണ്ട് മലയാളഭാഷ എളുപ്പത്തില്‍ സ്വായത്തമാക്കിയ അദ്ദേഹം ജനഹൃദയങ്ങളില്‍ ജീവിക്കുന്ന വിശുദ്ധനാകാന്‍ അധികം സമയം വേണ്ടിവന്നില്ല. 1947 ജനുവരി 21 ഭാരതത്തിലെ കര്‍മലീത്താ സഭയുടെ ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട ദിവസമാണ്. വിദേശീയരാല്‍ ഭരിക്കപ്പെട്ട മലബാര്‍ സെമി പ്രോവിന്‍സിന്റെ സാരഥ്യം ഏതദ്ദേശീയരെ ഏല്പിച്ചു. മലബാര്‍ സെമി പ്രോവിന്‍സ് സ്വതന്ത്ര യൂണിറ്റായി. പുതിയ ക്രമീകരണം വന്നതോടെ വിദേശീയരായ മിഷനറിമാര്‍ മിക്കവരും സ്വന്തം നാട്ടിലേക്ക് മടങ്ങി.
എന്നാല്‍ ഈ നാടിനോടും നാട്ടുകാരോടുമുള്ള സ്‌നേഹം ഹൃദയത്തില്‍ സൂക്ഷിച്ച രണ്ടു പുണ്യവൈദികര്‍ അവരുടെ ജീവിതം ഇവിടെ തുടരാന്‍ തീരുമാനിച്ചു. ഫാ. ലൂക്കാസും ഫാ. അദെയോദാത്തൂസുമായിരുന്നു ആ ധന്യവൈദികര്‍. ഫാ. ലൂക്കാസ് ഗോവയില്‍ ആശ്രമം സ്ഥാപിക്കുന്നതിനായി പോയി. അദെയോദാത്തൂസ് അച്ചന്‍ തിരുവനന്തപുരം രൂപതയുടെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനത്തില്‍ മുഴുകി. അന്നത്തെ ബിഷപ്പായിരുന്ന വിന്‍സെന്റ് ദെരേരാ അദെയോദാത്തൂസച്ചനെ മുതിയാവിള ഇടവക വികാരിയായി നിയമിച്ചു.
കര്‍മനിരതവും ത്യാഗോജ്വലവും ഫലസമൃദ്ധവുമായ മിഷന്‍ പ്രവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങളെ അദ്ദേഹം കീഴടക്കി. സ്‌നേഹനിധിയായ ആ വല്യച്ചനെ ജനം മുതിയാവിള വല്യച്ചനെന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചു. ഏതോരു വൈദികനും മാതൃകയാക്കേണ്ട സുകൃതത്തിന്റെയും സഹനത്തിന്റെയും പ്രവര്‍ത്തനശൈലി. മുതിയാവിളയുടെ കീഴില്‍ ഇരുപതോളം സ്റ്റേഷനുകളുണ്ടായിരുന്നു. അവരുടെ ആത്മീയ കാര്യങ്ങള്‍ക്കായി കാല്‍നടയായും സൈക്കിളിലും എത്തി. കൈയില്‍ ഒരുവടി, തോളില്‍ ഭാരമുള്ള സഞ്ചി, തവിട്ടു നിറത്തിലുള്ള ളോഹ, നരച്ച് നീണ്ട താടി, കൊച്ചുമക്കളേയെന്ന് സ്‌നേഹപൂര്‍വ്വമുള്ള വിളി – വാല്‍സല്യനിധിയായ ഈ പിതാവിനെ പഴയ തലമുറ ഇന്നും ഓര്‍ക്കുന്നു.
അന്ന് ഏറ്റവും ദൈര്‍ഘ്യമുള്ളതും ക്ലേശകരവുമായ രണ്ടു പ്രദേശങ്ങള്‍ കുടിയേറ്റ മേഖലകളായ മായവും അമ്പൂരിയുമായിരുന്നു. 1930കളില്‍ ഇവിടേയ്ക്ക് കുടിയേറിയ ഒരു ജനതയുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളില്‍ ഈ ധന്യാത്മാവ് കര്‍മനിരതനായി. പുല്ലുമേഞ്ഞ ഷെഡുകളില്‍ ദിവ്യബലിയര്‍പ്പിച്ചു; രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അജപാലനദൗത്യം നിര്‍വഹിച്ചുകൊണ്ട് സ്‌നേഹനിധിയായ ഈ പിതാവ് അവരുടെ ആത്മീയ കാവല്‍ദൂതനായി.
1931 ജനുവരി മുതല്‍ 1947 വരെ തിരുവനന്തപുരത്തെ പൂജപ്പുരയിലുള്ള സെന്‍ട്രല്‍ ജയിലില്‍ ആധ്യാത്മികനിയന്താവായി. ജയിലില്‍ കിടക്കുന്നവര്‍ക്കുവേണ്ടി ദിവ്യബലിയര്‍പ്പിച്ചു. അവരുടെ കുമ്പസാരം കേട്ടു. വധശിക്ഷയ്ക്കു കാത്തിരിക്കുന്നവരെ അവരുടെ ശിക്ഷാവിധിയുടെ തലേന്ന് അവിടെച്ചെന്ന് കുമ്പസാരിപ്പിച്ച് ഒരുക്കും. ആ ധന്യാത്മാവ് തുടങ്ങിവച്ച ഈ ആത്മീയ ശുശ്രൂഷ കാര്‍മല്‍ഹില്‍ ആശ്രമത്തിലെ വൈദികര്‍ ഇന്നും തുടരുന്നു. തിരുവനന്തപുരത്തു പേരൂര്‍ക്കടയിലുള്ള മാനസികരോഗികള്‍ക്കായുള്ള ആശുപത്രിയില്‍ 1927 മുതല്‍ 1947 വരെ അദ്ദേഹം രോഗികളെ കണ്ട് ആശ്വസിപ്പിക്കാന്‍ പോകുമായിരുന്നു.
അമ്പൂരി, മായം, വാവോട്, മുതിയാവിള, കൊളവുപാറ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഈ പുണ്യാത്മാവ് തന്റെ ആത്മീയ വിശുദ്ധിയുടെ വെളിച്ചം പകര്‍ന്നു കടന്നുപോയി. ഇവിടത്തെ ദൈവജനം കര്‍മ്മനിരതനായ ഈ കര്‍മ്മലീത്താ സന്യാസിയെ ഇന്നും നെഞ്ചിലേറ്റുന്നു. ആ പുണ്യശ്ലോകന്റെ മാദ്ധ്യസ്ഥ്യം തേടി പ്രാര്‍ഥിക്കുന്നു. അവര്‍ക്ക് ഇന്നും ഈ വലിയച്ചന്റെ ശക്തി അനുഭവവേദ്യമാകുന്നു.
1968 ഒക്‌ടോബര്‍ 20ന് സ്വര്‍ഗീയ സന്നിധിയിലേക്ക് അദെയോദാത്തൂസ് അച്ചന്‍ യാത്രയായി. ആ വിശുദ്ധിയും പരിമളവും 50 വര്‍ഷങ്ങള്‍ക്കുശേഷവും കൂടുതല്‍ കൂടുതല്‍ അനുഭവവേദ്യമാകുന്നു. ദൈവദാസപദവിയിലേക്ക് ഈ ധന്യാത്മാവ് ഉയിര്‍ത്തപ്പെടുമ്പോള്‍ അള്‍ത്താര വണക്കത്തിലുയര്‍ത്തപ്പെടുന്ന നാളുകള്‍ക്കായി ജനം പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുന്നു.


Related Articles

ആര്‍ച്ച്ബിഷപ് ഡോ. ആന്തണി പൂല ദളിതരില്‍ നിന്ന് പ്രഥമ കര്‍ദിനാള്‍

; വത്തിക്കാന്‍ സിറ്റി: ഇന്ത്യയിലെ റോമന്‍ കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ സമിതി (സിസിബിഐ) അധ്യക്ഷന്‍ ഗോവ-ദമന്‍ ആര്‍ച്ച്ബിഷപ്പും ഈസ്റ്റ് ഇന്‍ഡീസ് സ്ഥാനിക പാത്രിയാര്‍ക്കീസുമായ ഡോ. ഫിലിപ് നേരി

എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി

അഞ്ചു വര്‍ഷത്തെ ദാമ്പത്യജീവിതം പിന്നിട്ടവര്‍ക്കായി കുടുംബജീവിതത്തെക്കുറിച്ച് ഒരു സെമിനാര്‍ നടക്കുകയായിരുന്നു. ചില അംഗങ്ങള്‍ ക്ലാസില്‍ അശ്രദ്ധയോടെ ഇരിക്കുന്നതുകണ്ട അധ്യാപകന്‍ പറഞ്ഞു: ‘നമുക്ക് ചെറിയൊരു എക്‌സര്‍സൈസ് ചെയ്യാം. എല്ലാവരും

ഫാ. ജോഷി കല്ലറക്കല്‍ പൗരോഹിത്യരജതജൂബിലി നിറവില്‍

കോട്ടപ്പുറം: മതിലകം സെന്റ് ജോസഫ്‌സ് ലത്തീന്‍ പള്ളി വികാരി ഫാ. ജോഷി കല്ലറയ്ക്കല്‍ പൗരോഹിത്യരജതജൂബിലിയുടെ നിറവില്‍. 28ന് വൈകീട്ട് 4 മണിക്ക് മതിലകം പള്ളിയില്‍ കൃതജ്ഞതാ ദിവ്യബലി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*