by admin | July 10, 2018 11:31 am
എറണാകുളം: ആലപ്പുഴ രൂപതാംഗം ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കലിനെ ജീവനാദത്തിന്റെ പുതിയ മാനേജിംഗ് എഡിറ്ററായി നിയമിച്ചു. ജീവനാദത്തിന്റെ എപ്പിസ്കോപ്പല്‍ ചെയര്‍മാനായ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. ജൂലൈ 10ന് ജീവനാദം ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിയമന ഉത്തരവ് കൈമാറി. അസോസിയേറ്റ് മാനേജിംഗ് എഡിറ്റര്‍ തസ്തികയില്‍ നിന്ന് മാനേജിംഗ് എഡിറ്ററായി ആറര വര്‍ഷത്തോളം ജീവനാദത്തെ നയിച്ച ഫാ. ആന്റണി വിബിന് സേവ്യര്‍ വേലിക്കകത്ത് ഉപരിപഠനത്തിനും സഭാസേവനത്തിനുമായി അയര്‍ലണ്ടിലെ ഡബ്ലിന്‍ അതിരൂപതയിലേക്ക് പോകുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.
കൊച്ചി രൂപതാംഗമായ ഫാ. ജോസഫ് അലോഷ്യസ് മാളിയേക്കലിനെ (ഫാ. വിപിന്‍) ജീവനാദത്തിന്റെ അസോസിയേറ്റ് മാനേജിംഗ് എഡിറ്ററായും, വരാപ്പുഴ അതിരൂപതാംഗമായ ഫാ. അനില്‍ ആന്റണി തെരുവിലിനെ അസിസ്റ്റന്റ് മാനേജിംഗ് എഡിറ്ററായും നിയമിച്ചിട്ടുണ്ട്. വരാപ്പുഴ അതിരൂപതാംഗം സിബി ജോയിയെ കോ-ഓര്‍ഡിനേറ്റര്‍/ ഓഫീസ് ഇന്‍ചാര്‍ജായും നിയമിച്ചു.
ജീവനാദത്തിന്റെ ഉന്നമനത്തിനായി സ്തുത്യര്‍ഹമായ സേവനമാണ് ഫാ. ആന്റണി വിബിന് സേവ്യര്‍ ചെയ്തതെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുസ്മരിച്ചു. ജീവനാദത്തിന്റെ ഓണ്‍ലൈന്‍ എഡീഷന് തുടങ്ങിയതുള്‍പ്പെടെ നിരവധി സംഭാവനകള്‍ അദ്ദേഹത്തിന്റേതായുണ്ട്. സഭയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളിലും മാധ്യമശുശ്രൂഷയുടെ ഭാഗമായ പബ്ലിക് റിലേഷന്‍സ് തലത്തില്‍ സത്വരമായി ഇടപെടാനും പരിഹരിക്കുവാനും ഫാ. ആന്റണി വിബിന് സേവ്യര്‍ ശ്രമിച്ചിട്ടുണ്ട്. പുതിയ മാനേജിംഗ് എഡിറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടന്റെ നേതൃത്വത്തില്‍ ജീവനാദം പുതിയ ഉയരങ്ങളിലെത്തുമെന്ന് ആര്‍ച്ച്ബിഷപ് പ്രതീക്ഷ പ്രകടിപ്പിച്ചു. ലത്തീന്‍ സഭയുടെ എല്ലാ രൂപതകളുടെയും പങ്കാളിത്തത്തോടെ കെആര്‍എല്‍സിസിയുടെ മേല്‍നോട്ടത്തില്‍ ഒരു ദിനപത്രമെന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകണമെന്നും ആര്‍ച്ച്ബിഷപ് നിര്‍ദേശിച്ചു.
കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപറമ്പില്‍, സമുദായ വക്താവും കെആര്‍എല്‍സിസി വൈസ് പ്രസിഡന്റുമായ ഷാജി ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജീവനാദം ചീഫ് എഡിറ്റര്‍ ജെക്കോബി സ്വാഗതവും ഫാ. ആന്റണി വിബിന് സേവ്യര്‍ നന്ദിയും പറഞ്ഞു
Source URL: https://jeevanaadam.in/%e0%b4%ab%e0%b4%be-%e0%b4%b8%e0%b5%86%e0%b4%ac%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d/
Copyright ©2022 JEEVANAADAM official newspaper of Roman catholics (latin rite) of Kerala, owned by KRLCBC unless otherwise noted.