ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണം

ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണം

മാവോയിസ്റ്റ് തീവ്രവാദി ബന്ധം ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി ഈശോസഭയുടെ ഝാര്‍ഖണ്ഡ് ജംഷേദ്പുര്‍ പ്രോവിന്‍സ് അംഗവും മനുഷ്യാവകാശപ്രവര്‍ത്തകനുമായ എണ്‍പത്തിമൂന്നുകാരനായ ഫാ. സ്റ്റനിസ്ലാവുസ് ലൂര്‍ദുസ്വാമിയെ റാഞ്ചി നാംകുമിലെ ബഗൈചാ ജസ്വിറ്റ് സോഷ്യല്‍ സെന്ററിലെ വസതിയില്‍ നിന്ന് ഒക്ടോബര്‍ എട്ടിന് രാത്രി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റു ചെയ്ത് കൊവിഡ് മഹാമാരിയുടെ മൂര്‍ധന്യാവസ്ഥയിലും 2,025 കിലോമീറ്റര്‍ അകലെയുള്ള മുംബൈയിലേക്ക് കൊണ്ടുപോയി നവിമുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലടച്ചത് രാഷ്ട്രീയ വിരോധമുള്ളവരെ ജാമ്യമില്ലാതെ, വിചാരണ കൂടാതെ അതികഠിന വകുപ്പുകളുടെ കൂച്ചുവിലങ്ങിട്ട് പാഠം പഠിപ്പിക്കുന്ന മോദി ഗവണ്‍മെന്റിന്റെ ചട്ടുകങ്ങളായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിണമിക്കുന്നതിന്റെ ഏറ്റവും ആപല്‍ക്കരവും ദാരുണവുമായ പുതിയ ദൃഷ്ടാന്തമാണ്. ഇന്ത്യന്‍ ഭരണഘടനയ്ക്കും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള രാജ്യാന്തര ഉടമ്പടികള്‍ക്കും വിരുദ്ധമാണിത്. ജനാധിപത്യബോധമുള്ളവര്‍ രാഷ്ട്രീയത്തിന് അതീതമായി മനുഷ്യത്വരഹിതമായ ഈ നടപടിയെ എതിര്‍ക്കുകതന്നെ ചെയ്യും.
മഹാരാഷ്ട്രയിലെ പുനെ ഭീമ കൊറെഗാവില്‍ 2018 ജനുവരിയിലുണ്ടായ അക്രമസംഭവത്തിന്റെ ക്രിമിനല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസിലാണ് പാര്‍ക്കിന്‍സണ്‍സ് രോഗവും പ്രായാധിക്യത്തിന്റെ മറ്റ് അസുഖങ്ങളുമുള്ള ഈ സന്ന്യസ്തപ്രേഷിതവര്യനെ, ഒളിവില്‍ പോകാതെ, നിയമപരമായ ഏത് അന്വേഷണത്തിനും ചോദ്യംചെയ്യലിനും പൂര്‍ണമായി സഹകരിക്കാനുള്ള സന്നദ്ധതയും രോഗാവസ്ഥയുടെ സാഹചര്യത്തില്‍ യാത്രചെയ്യാനുള്ള വൈഷമ്യവും ബോധിപ്പിച്ചിട്ടും, മഹാമാരിയെ വെല്ലുന്ന നിഹന്താക്കളെപോലെ പാതിരാത്രി നിര്‍ദയം പിടിച്ചുകെട്ടി മുംബൈയ്ക്കു കൊണ്ടുപോയത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഭീമ കൊറേഗാവ് സന്ദര്‍ശിച്ചിട്ടില്ലാത്ത ഫാ. സ്റ്റാന്‍ സ്വാമി ‘നഗര മാവോയിസ്റ്റുകള്‍’ എന്നു മുദ്രകുത്തി മഹാരാഷ്ട്രയിലെ മുന്‍ ബിജെപി ഗവണ്‍മെന്റ് രാജ്യദ്രോഹക്കേസില്‍ കുടുക്കിയ അഭിഭാഷകരും പ്രഫസര്‍മാരും എഴുത്തുകാരും മനുഷ്യാവകാശപ്രവര്‍ത്തകരുമടങ്ങുന്ന പ്രതിപ്പട്ടികയില്‍ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ്. ഈ കേസില്‍ രണ്ടു കൊല്ലമായി തടങ്കലില്‍ കഴിയുന്ന എണ്‍പതുകാരനായ തെലുങ്ക് കവി വര്‍വരാ റാവുവിന് ഇതേ ജയിലറയില്‍ കൊവിഡ് ബാധിച്ചിരുന്നു.

പുനെ പൊലീസിനോടൊപ്പം ഝാര്‍ഖണ്ഡിലെ അന്നത്തെ ബിജെപി സര്‍ക്കാരിന്റെ പൊലീസും ചേര്‍ന്ന് 2018 ഓഗസ്റ്റില്‍ റാഞ്ചിയിലെ ബഗൈചാ ക്യാമ്പസില്‍ റെയ്ഡ് നടത്തി ഫാ. സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പും ടാബ്ലറ്റും ക്യാമറയും കുറെ ഓഡിയോകസെറ്റുകളും സിഡികളും മറ്റും പിടിച്ചെടുത്തിരുന്നു. പിന്നീട് കേസ് ഏറ്റെടുത്ത എന്‍.ഐ.എ കഴിഞ്ഞ ജൂലൈ 27 മുതല്‍ 30 വരെയും ഓഗസ്റ്റ് ആറിനുമായി അഞ്ചുദിവസം 15 മണിക്കൂര്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുകയുണ്ടായി. മാവോയിസ്റ്റ് തീവ്രവാദി ബന്ധത്തിനു തെളിവുകള്‍ കെട്ടിച്ചമയ്ക്കുന്നതിന്റെ ഭാഗമായി തന്റെ കംപ്യൂട്ടറില്‍ നിന്ന് കണ്ടെടുത്തതാണെന്നു പറഞ്ഞ് ചില ടെക്‌സറ്റിന്റെ ഭാഗങ്ങളും സന്ദേശങ്ങളും എന്‍.ഐ.എ എടുത്തുകാട്ടിയത് മുഴുവന്‍ വ്യാജമാണെന്ന് ഫാ. സ്റ്റാന്‍ വ്യക്തമാക്കിയിരുന്നു.

പുനെയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഭീമ കൊറെഗാവില്‍ 1818 ജനുവരി ഒന്നിന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മഹാര്‍ റെജിമെന്റിലെ അഞ്ഞൂറോളം വരുന്ന ദലിത് സൈനികര്‍ മറാത്താ സാമ്രാജ്യത്തിലെ ബ്രാഹ്മണ പേഷ്വാ ബാജിറാവു രണ്ടാമന്റെ സൈന്യത്തിനുമേല്‍ നേടിയ നിര്‍ണായക വിജയം ദലിത് മുന്നേറ്റ ചരിത്രത്തിലെ മഹാസംഭവമായാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. ആ യുദ്ധത്തിന്റെ 200-ാം ‘ശൗര്യദിന്‍ പ്രേരണ അഭിയാന്‍’ വാര്‍ഷികാഘോഷത്തിന്  ഭീമ കൊറേഗാവില്‍ ഒരു ലക്ഷത്തോളം ദലിതര്‍ സമ്മേളിച്ചിടത്താണ് 2018 ജനുവരി ഒന്നിന് മറ്റൊരു വിഭാഗം ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ഒരാള്‍ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ഒട്ടേറെ വാഹനങ്ങള്‍ അഗ്നിക്കിരയാവുകയും ചെയ്ത അക്രമസംഭവത്തിലേക്കു നയിച്ചത് തലേന്ന് പുനെ നഗരത്തിലെ ശനിവാര്‍വാഡയില്‍ സംഘടിപ്പിക്കപ്പെട്ട എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തിലെ പ്രകോപനമാണെന്നായിരുന്നു പുനെ പൊലീസിന്റെ കണ്ടെത്തല്‍. ആ സമ്മേളനം മാവോയിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് എന്‍.ഐ.എ ഫാ. സ്റ്റാന്‍ ഉള്‍പ്പെടെ 16 പ്രതികള്‍ക്കെതിരെ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്. അതേസമയം ഭീമ കൊറെഗാവ് അക്രമസംഭവുമായി ബന്ധപ്പെട്ട് പിംപ്രി ശിക്രപുര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസില്‍ പ്രതികളായ ആര്‍എസ്എസിന്റെ സമസ്ത ഹിന്ദു അഘാഡി പ്രസിഡന്റ് മിലിന്ദ് ഏക്‌ബൊടേ, ശിവ് പ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ നേതാവ് സംഭാജി ഭിഡെ എന്നിവരെ ഇതേവരെ ആരും ചോദ്യംചെയ്തിട്ടുപോലുമില്ല.
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയായ ഫാ. സ്റ്റനിസ്ലാവുസ് സ്വാമി, സഭ പാവപ്പെട്ടവരുടെ പക്ഷത്ത് നിലയുറപ്പിക്കണമെന്ന വിമോചന ദൈവശാസ്ത്രത്തിന്റെ തരംഗം ആഞ്ഞടിക്കുന്ന കാലത്ത് ഫിലിപ്പീന്‍സിലാണ് ഉപരിപഠനം നടത്തിയത്. ബ്രസീലില്‍ പട്ടാളഭരണത്തിന്റെ സമഗ്രാധിപത്യത്തില്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി ധീരമായി പൊരുതിയ ഒലീന്തയിലെ ആര്‍ച്ച്ബിഷപ് ഹെല്‍ഡര്‍ പെസോവ കമറാ (‘ഞാന്‍ ദരിദ്രര്‍ക്കു ഭക്ഷണം കൊടുക്കുമ്പോള്‍ എന്നെ വിശുദ്ധന്‍ എന്നു വിളിക്കുന്നു; അവരെങ്ങനെ ദരിദ്രരായി എന്നു ഞാന്‍ ചോദിച്ചാല്‍ എന്നെ കമ്യൂണിസ്റ്റ് എന്നു വിളിക്കുന്നു’ എന്നു പറഞ്ഞ ലാറ്റിന്‍ അമേരിക്കന്‍ വിമോചന ദൈവശാസ്ത്രജ്ഞന്‍) അക്കാലത്ത് അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. 1980കളില്‍ ബാംഗളൂരിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന അദ്ദേഹം ഝാര്‍ഖണ്ഡിലേക്കു മടങ്ങിച്ചെന്നത് ജംഷേദ്പുറിലെ തൊഴിലാളി കോളനിയിലേക്കാണ്. അന്യാധീനപ്പെട്ടുപോയ പൈതൃകഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസി ഗോത്രവര്‍ഗ ജനസമൂഹങ്ങള്‍ക്ക് സ്വന്തം മണ്ണിലെ ധാതുസമ്പത്തിലും പ്രകൃതിവിഭവങ്ങളിലും വനത്തിലുമുള്ള അവകാശം വീണ്ടെടുക്കാനുള്ള പോരാട്ടങ്ങള്‍ക്കായി കൃത്യമായ ഡേറ്റ ശേഖരണം, വിശകലനം, നിയമസഹായത്തിനുള്ള കര്‍മപദ്ധതി, ഐക്യദാര്‍ഢ്യം, പുനരധിവാസം തുടങ്ങി സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മുന്നേറ്റത്തിനുള്ള സമഗ്ര ദര്‍ശനം അദ്ദേഹത്തിന്റെ അനുധാവനത്തെ വ്യത്യസ്തമാക്കി.

പശ്ചിമ സിംഹ്ഭൂമിലെ ചായീബാസയില്‍ ആദിവാസികളോടൊപ്പം ഒരു കുടിലില്‍ താമസിച്ചുകൊണ്ടാണ്, ഏഴു യുറേനിയം ഖനികളുള്ള ആ മേഖലയിലെ ജനങ്ങളെ നിശബ്ദമായി കൊല്ലുകയും ഗര്‍ഭസ്ഥശിശുക്കളില്‍ വൈകല്യം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്ന ആണവപ്രസരണ ഭീഷണിയുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ തുടങ്ങിയത്. യുറേനിയം കോര്‍പറേഷന്‍ ഇന്ത്യ ഖനികളില്‍ നിന്നു പുറംതള്ളുന്ന അവശിഷ്ടങ്ങളും മലിനജലവും ശേഖരിക്കുന്ന ടെയ്‌ലിങ് ഡാമുകള്‍ക്കു ചുറ്റുവട്ടത്തായി താമസിക്കുന്നവരുടെ പുനരധിവാസത്തിനായി, യുറേനിയം റേഡിയേഷനെതിരെ ഝാര്‍ഖണ്ഡ് സംഘടന (ജൊവാര്‍) എന്ന പ്രസ്ഥാനത്തിനു രൂപം നല്‍കി. ഒരു കിലോ യുറേനിയം ഖനനം ചെയ്‌തെടുക്കുമ്പോള്‍ 1,750 കിലോ റേഡിയോആക്റ്റീവ് മാലിന്യം ടെയ്‌ലിങ് തടാകത്തിലേക്കു വന്നടിയുന്ന അവസ്ഥയില്‍ ജാദൂഗോഡയിലും തുരാമടീഹിലും മറ്റും പുതിയ ഡാമുകള്‍ മരണം വിതയ്ക്കുന്നതു തടയാന്‍ ഈ സംഘടനയുടെ നേതൃത്വത്തില്‍ ജനമുന്നേറ്റമുണ്ടായി.

കോര്‍പറേറ്റ് ഭീമന്മാര്‍ക്കുവേണ്ടി ആദിവാസി മേഖലയിലെ കൃഷിഭൂമി കല്‍ക്കരി, ധാതു ഖനികള്‍ക്കും വ്യവസായത്തിനും ടൗണ്‍ഷിപ്പുകള്‍ക്കുമായി വന്‍തോതില്‍ അക്വയര്‍ ചെയ്യുന്നതിന് ഭൂനിയമം ഭേദഗതി ചെയ്യാനും ലാന്‍ഡ് ബാങ്ക് സൃഷ്ടിക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കങ്ങളെ ചെറുക്കുന്നതിന് പരമ്പരാഗത ആദിവാസി സ്വയംഭരണ ഗ്രാമസഭാ സംവിധാനം ശക്തിപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. ആദിവാസി, മൂലവാസി ക്ഷേമത്തിനായി ഗവര്‍ണറെ ഉപദേശിക്കാന്‍ ഗോത്രവര്‍ഗ പ്രതിനിധികളുടെ സമിതി രൂപീകരിക്കണമെന്ന ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ നടപ്പാക്കാത്തതില്‍ നിന്നു തുടങ്ങി, ഗോത്ര മേഖലയ്ക്കായുള്ള 1996ലെ പഞ്ചായത്ത് നിയമം (പെസ), 2006ലെ വനാവകാശ നിയമം, മണ്ണിനടയിലെ ധാതുക്കളുടെ ഉടമസ്ഥത ഭൂവുടമയ്ക്കാണെന്ന 1997ലെ സുപ്രീം കോടതി വിധി, 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം എന്നിവയെ ആധാരമാക്കി, ഭൂമി, ജലം, ധാതുസമ്പത്ത്, വനവിഭവങ്ങള്‍, ആദിവാസികളുടെ ആദിമ സര്‍ണാ വിശ്വാസപാരമ്പര്യം ഉള്‍പ്പെടെയുള്ള പൈതൃക സംസ്‌കാര സ്വരൂപങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ പരമാധികാരം ഗ്രാമസഭകള്‍ക്കാണെന്നു സ്ഥാപിച്ച് സ്വയംഭരണമേഖലയുടെ അടയാളമായി ഗ്രാമാതിര്‍ത്തിയില്‍ വലിയ കരിങ്കല്‍ശില നാട്ടുന്ന പഥല്‍ഖടി ജനകീയ മുന്നേറ്റം സംഥാല്‍ പര്‍ഗന, പശ്ചിമ സിംഹ്ഭൂം, ഖൂംടി, തെക്കന്‍ ഛോട്ടാനാഗ്പുര്‍ മേഖലകളില്‍ പടര്‍ന്നുപിടിച്ചത് അങ്ങനെയാണ്.

പഥല്‍ഖടി മുന്നേറ്റം അടിച്ചമര്‍ത്തുന്നതിന് ബിജെപി മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ സര്‍ക്കാര്‍ വിചാരണ കൂടാതെ ജയിലിലടച്ച നൂറുകണക്കിന് ആദിവാസി യുവാക്കളെ മോചിപ്പിക്കാന്‍ നിയമപോരാട്ടത്തിനിറങ്ങിയ ഫാ. സ്റ്റാന്‍ സ്വാമിക്കെതിരെ 2018 ജൂലൈയില്‍ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു. പീഡിതരായ തടവുകാരുടെ ഐക്യദാര്‍ഢ്യ സമിതി എന്ന പേരില്‍ ഒരു പ്രസ്ഥാനത്തിനു രൂപം നല്‍കിയ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബഗൈചാ ഗവേഷക സംഘം വിചാരണതടവുകാരെക്കുറിച്ച് പുറത്തിറക്കിയ ‘ഉലുൃശ്‌ലറ ീള ഞശഴവെേ ീ്‌ലൃ ചമൗേൃമഹ ഞലീൌൃരല,െ കാുീ്‌ലൃശവെലറ അറശ്മശെ െഏല േജൃശീെി’ എന്ന പഠനഗ്രന്ഥം പലരെയും അസ്വസ്ഥരാക്കി. നക്‌സലൈറ്റുകള്‍ എന്നു മുദ്രകുത്തി തടവിലാക്കപ്പെട്ട 4,000 യുവാക്കളില്‍ 98 ശതമാനം പേരും നിരപരാധരാണെന്നും അവരുടെ വിചാരണ നീണ്ടുപോകുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കണമെന്നും വാദിച്ച് റാഞ്ചി ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചു. വക്കീല്‍ ഫീസ് നല്‍കാന്‍ കഴിവില്ലാത്ത അവര്‍ക്കെല്ലാം നിയമസഹായം നല്‍കി. പലപ്പോഴും സ്വന്തം ജാമ്യത്തില്‍ അവരെ ജയിലില്‍ നിന്നിറക്കി. അദ്ദേഹം 15 വര്‍ഷം മുന്‍പ് റാഞ്ചി നാംകുമില്‍ ആരംഭിച്ച ബഗൈചാ സാമൂഹിക ഗവേഷണ പരിശീലന കേന്ദ്രത്തില്‍ നിന്ന് നേരത്തെ ബിജെപിയുടെ ഝാര്‍ഖണ്ഡ് പൊലീസും മഹാരാഷ്ട്ര പൊലീസും ഇപ്പോള്‍ എന്‍ഐഎയും പിടിച്ചെടുത്തതായി പറയുന്ന രേഖകളില്‍ ആരോപിക്കപ്പെടുന്ന മാവോയിസ്റ്റ് ബന്ധത്തിന് ആധാരം മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഇത്തരം ഇടപെടലുകളാണ്.

ബഗൈചായിലെ വസതിയില്‍ നിന്ന് എന്‍ഐഎ പിടിച്ചുകൊണ്ടുപോകുന്നതിന് രണ്ടു ദിവസം മുന്‍പ് ഝാര്‍ഖണ്ഡ് ജനാധികാര്‍ മഹാസഭ വഴി പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍, തന്നെ തീവ്രവാദിയെന്നു മുദ്രകുത്തി അകത്താക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ താല്പര്യത്തെക്കുറിച്ച് ഫാ. സ്റ്റാന്‍ സംസാരിക്കുന്നുണ്ട്. ”ഞാന്‍ മൂകസാക്ഷിയല്ല. രാഷ്ട്രീയ വിയോജിപ്പിനും ഭിന്നാഭിപ്രായത്തിനും വലിയ വിലനല്‍കേണ്ടിവരുമെന്നത് എന്റെ മാത്രം അനുഭവമല്ലെന്ന് എനിക്കറിയാം. രാജ്യത്തെമ്പാടും സാമൂഹികപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും എഴുത്തുകാരും കവികളും വിദ്യാര്‍ഥികളും ബുദ്ധിജീവികളുമൊക്കെയായി എതിരഭിപ്രായം പറയുന്നവരെയെല്ലാം വേട്ടയാടികൊണ്ടിരിക്കയാണ്. മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്ന ആ വലിയ കൂട്ടായ്മയുടെ ഭാഗമാകുന്നതില്‍ എനിക്കു ചാരിതാര്‍ഥ്യമുണ്ട്. ഇതിന്റെ പേരില്‍ എന്തിനെയും നേരിടാന്‍ ഞാന്‍ ഒരുക്കമാണ്.”

നവിമുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലറയില്‍ സ്റ്റനിസ്ലാവുസ് ലൂര്‍ദുസ്വാമി എന്ന വന്ദ്യവയോധികനായ സന്ന്യസ്തവൈദികന്‍ അനുഭവിക്കുന്ന മനോവ്യഥയുടെയും യാതനയുടെയും ഓരോ യാമവും ഇന്ത്യയിലെ ജനാധിപത്യ സമൂഹവും രാഷ്ട്രവും നേരിടുന്ന മഹാവിപത്തിന്റെ തീവ്രതയെന്തെന്ന്, അത് കൊവിഡ് മഹാമാരിയെക്കാള്‍ എത്രയോ മാരകമാണെന്ന് നമ്മെയും ലോകരാഷ്ട്രസമൂഹങ്ങളെയും സാര്‍വലൗകിക സാഹോദര്യത്തിന്റെ മാനവികബോധത്തെയും വ്യാകുലപ്പെടുത്തിക്കൊണ്ടിരിക്കും.


Related Articles

വിശുദ്ധിക്ക് ദുര്‍മുഖമല്ല, നര്‍മഭാവം വേണം

വിശുദ്ധിയുടെ അടയാളമാണ് ആനന്ദം. വിശുദ്ധിയെ ഭയക്കേണ്ടതില്ല; അത് നിങ്ങളുടെ ഊര്‍ജമോ വീര്യമോ സന്തോഷമോ ഇല്ലാതാക്കുകയില്ല. ‘ആനന്ദിച്ചാഹ്ലാദിക്കുവിന്‍’ (ഗൗദേത്തേ എത്ത് എക്‌സുല്‍താത്തേ) എന്ന് ഉദ്‌ഘോഷിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ സമകാലീന

യുദ്ധജ്വരത്തിന്റെ ഉഷ്ണതരംഗത്തില്‍

ഭ്രാന്തമായ യുദ്ധവെറി തീവ്രദേശീയവാദികളുടെ അടയാളമാണ്. അപ്രഖ്യാപിത യുദ്ധത്തിന്റെ അന്തരീക്ഷത്തില്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ ഷെല്ലാക്രമണവും ജമ്മു-കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലും ആള്‍നാശവും തുടരുമ്പോള്‍ രാജ്യരക്ഷയ്ക്കായുള്ള സുശക്തമായ നടപടികളും നിതാന്ത ജാഗ്രതയും പരമ

സാമൂഹിക സേവനത്തില്‍ രാഷ്ട്രീയം ഇടങ്കോലിടുമ്പോള്‍

കൊവിഡ് മഹാമാരിക്കാലത്ത് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ സാമൂഹിക സേവന വിഭാഗങ്ങള്‍ ജനങ്ങള്‍ക്കും സര്‍ക്കാരിനും ഭരണസംവിധാനങ്ങള്‍ക്കും ഒപ്പംനിന്ന് അര്‍പ്പിക്കുന്ന സേവനങ്ങളുടെയും കര്‍മ്മപദ്ധതികളുടെയും വ്യാപ്തിയും പ്രഭാവവും, വൈവിധ്യവും വ്യത്യസ്തയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*