ഫ്രഞ്ച് ബൈബിള്‍

ഫ്രഞ്ച് ബൈബിള്‍

സുവിശേഷം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുക എന്നത് ജ്ഞാനസ്‌നാനം സ്വീകരിച്ച ഏതൊരു വ്യക്തിയുടെയും കടമയാണ്. തന്റെ ഈ കടമയെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്ന ഒരു സ്ത്രീയായിരുന്നു മിസിസ് മാര്‍ഗരറ്റ്. പക്ഷേ, ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അവര്‍ക്ക് വേണ്ടത്ര ഔപചാരിക വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. വായിക്കാനും എഴുതാനും അവര്‍ക്കറിവില്ലായിരുന്നു. എങ്കിലും തന്നെകൊണ്ട് ചെയ്യാവുന്നതിന്റെ പരമാവധി യേശുവിന്റെ രക്ഷാകര സന്ദേശം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുവാന്‍ അവര്‍ ആഗ്രഹിച്ചു. ഒരിക്കല്‍ മാര്‍ഗരറ്റ് തന്റെ ഇടവക വികാരിയെ കണ്ട് തനിക്ക് ഫ്രഞ്ച് ഭാഷയിലുള്ള ഒരു ബൈബിള്‍ വേണമെന്ന് ആവശ്യപ്പെട്ടു. വികാരിയച്ചന് അത്ഭുതമായി. മാര്‍ഗരറ്റിന് തന്റെ മാതൃഭാഷയായ ഇറ്റാലിയന്‍ അല്ലാതെ മറ്റൊരു ഭാഷയും അറിയില്ല എന്നദ്ദേഹത്തിന് അറിയാമായിരുന്നു. മാത്രമല്ല വായിക്കാനും അറിയില്ല. പിന്നെ എന്തിനാണ് ഒരു വിദേശ ഭാഷയിലുള്ള ബൈബിള്‍? എങ്കിലും മാര്‍ഗരറ്റിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം അവര്‍ക്ക് ഒരു ഫ്രഞ്ച് ബൈബിള്‍ വാങ്ങിച്ചുകൊടുത്തു. ബൈബിള്‍ കിട്ടിയപ്പോള്‍ അവര്‍ അച്ചനോട് വീണ്ടും ഒരു കാര്യം ആവശ്യപ്പെട്ടു. അതിലെ യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം പതിനാറാമത്തെ വാക്യം ചുവപ്പുമഷിയാല്‍ അടിവരയിടുവാന്‍. എന്നിട്ട് ആ പേജില്‍ ഒരു ബുക്ക്മാര്‍ക്ക് വച്ചിട്ട് അവര്‍ പോയി.
യോഹന്നാന്‍ 3:16 ലെ വാക്യം ഇതാണ്. എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
എന്താണ് മാര്‍ഗരറ്റ് ഇനി ചെയ്യാന്‍ പോകുന്നതെന്നറിയാന്‍ വികാരിയച്ചന് ആകാംക്ഷയായി. അദ്ദേഹം അവര്‍ അറിയാതെ അവരെ വീക്ഷിച്ചു. മാര്‍ഗരറ്റാകട്ടെ ആ ബൈബിളും കൊണ്ട് അടുത്തുള്ള സ്‌കൂള്‍ ഗേറ്റിനടത്തുചെന്നുനിന്നു. അതിലെ കടന്നുപോകുന്ന യുവാക്കളുടെ അടുക്കലെത്തി അവര്‍ക്കാര്‍ക്കെങ്കിലും ഫ്രഞ്ച് വായിക്കാനറിയാമോ എന്നു ചോദിക്കും. അറിയാമെന്നു പറഞ്ഞാല്‍ തന്റെ കൈയിലിരിക്കുന്ന ബൈബിളിലെ ചുവപ്പുമഷിയില്‍ അടിവരയിട്ടിരിക്കുന്ന ഭാഗം ഒന്നു വായിച്ചുകേള്‍പ്പിക്കാമോ എന്നു ചോദിക്കും. മിക്കവാറും യുവാക്കള്‍ മാര്‍ഗരറ്റ് ആവശ്യപ്പെടുന്നതുപോലെ ചെയ്തു.
അത് വായിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് മര്‍ഗരറ്റ് അവരോട് ചോദിക്കും: നിങ്ങള്‍ക്കറിയാമോ ആരാണ് ദൈവത്തിന്റെ ഏകജാതനെന്ന്? അറിവില്ലാത്തവരോട് അവളപ്പോള്‍ യേശുവിനെക്കുറിച്ചും അവിടുത്തെ രക്ഷാകരദൗത്യത്തെക്കുറിച്ചും ക്രൂശുമരണത്തെക്കുറിച്ചും പറയും. അവരില്‍ ചിലരെങ്കിലും ആദ്യമായിട്ടായിരിക്കും യേശു ദൈവപുത്രനാണെന്നും അവിടുന്ന് നമ്മുടെ പാപപരിഹാരത്തിനായി സ്വന്തം ജീവന്‍ സമര്‍പ്പിച്ചതാണെന്നും മനസ്സിലാക്കുക.
ഓരോ ദിവസവും മാര്‍ഗരിറ്റങ്ങനെ പല സ്ഥലങ്ങളിലും പോയി തന്റെതായ രീതിയില്‍ സുവിശേഷം പ്രഘോഷിക്കും. അവരുടെ വികാരിയച്ചന്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: മാര്‍ഗരറ്റിന്റെ ഈ പ്രത്യേക രീതിയിലുള്ള പ്രേക്ഷിതപ്രവര്‍ത്തനം വഴി രണ്ട് ഡസനിലധികം യുവാക്കള്‍ യേശുവിനെക്കുറിച്ചു കൂടുതല്‍ അറിയാനായി തന്നെ സമീപിച്ചിട്ടുണ്ട് എന്ന്.
പന്ത്രണ്ട് ശിഷ്യന്മാരില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടാണ് യേശുനാഥന്‍ സ്വര്‍ഗത്തിലേക്ക് കരകയറിയത്. ആദിമസഭ രൂപം കൊണ്ടതും വളര്‍ന്നതും ഈ പന്ത്രണ്ടുപേരുടെ വിശ്വാസതീക്ഷ്ണതയും സുവിശേഷ പ്രഘോഷണവും മൂലമാണ്. ഇന്ന് ലോകത്തില്‍ യേശുവിന്റെ രക്ഷാകരദൗത്യം അറിവില്ലാത്തവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ കടപ്പെട്ടവരാണ് നമ്മളോരോരുത്തരും. യേശുവിന് നമ്മളെ വിശ്വസിക്കാമോ, നമ്മളെ ഭരമേല്‍പ്പിച്ചിരിക്കുന്ന ഈ ദൗത്യം വിശ്വാസതീക്ഷ്ണതയോടെ നിറവേറ്റുമെന്ന്?
ഒരു ചെറുപ്പക്കാരന്‍ സുവിശേഷവേല നിര്‍വ്വഹിക്കുന്നത് ഇപ്രകാരമാണ്. തനിക്കു ലഭിക്കുന്ന ശമ്പളത്തിന്റെ പത്തു ശതമാനം എല്ലാ മാസവും നമ്മുടെ പ്രാര്‍ത്ഥനകളും സുവിശേഷഭാഗങ്ങളും പ്രിന്റ് ചെയ്യുവാന്‍ നീക്കിവയ്ക്കും. എന്നിട്ട് ഈ ലീഫ്‌ലെറ്റുകള്‍ ബസ് സ്റ്റാന്റുകളിലും റെയില്‍വേ സ്റ്റേഷനിലും കൊണ്ടുപോയി വയ്ക്കും. ബസ്-ട്രെയിന്‍ കാത്തുനില്‍ക്കുന്ന ചിലരെങ്കിലു ഈ ലീഫ്‌ലെറ്റ് എടുത്തുവായിക്കും. അവരില്‍ ചിലരൊക്കെ ആദ്യമായിട്ടായിരിക്കും സുവിശേഷത്തിലെ ചില ഭാഗങ്ങളെങ്കിലും വായിക്കാനിടവരുന്നത്.
തന്റെ ഈ സുവിശേഷവേല വൃഥവിലല്ല എന്ന് അദ്ദേഹത്തിന് മനസിലായത് ഒരു സംഭാഷണം ശ്രവിക്കാനിടവന്നപ്പോഴാണ് രണ്ടുകൂട്ടുകാര്‍ തമ്മില്‍ സംസാരിക്കുകയായിരുന്നു. ഒരാള്‍ മറ്റൊരാളോട് പറഞ്ഞത് ഇങ്ങനെയാണ്: കഴിഞ്ഞ മാസം ഞാന്‍ ഒരു ബൈബിള്‍ വാങ്ങി. അതിന്റെ കാരണം ഈ ബസ്സ്റ്റാന്റില്‍ നിന്ന് ലഭിച്ച ഒരു ലീഫ്‌ലെറ്റാണ്. അതിലൂടെയാണ് ഞാന്‍ ആദ്യമായി ബൈബിളിലെ ചില വാക്യങ്ങള്‍ വായിക്കാനിടവന്നത്. മനോഹരമായ സന്ദേശങ്ങള്‍ അടങ്ങുന്ന ഈ പുസ്തകം വാങ്ങുവാന്‍ എനിക്ക് ആ ലീഫ്‌ലെറ്റ് ഇടയാക്കി.
ഓരോ ക്രിസ്ത്യാനിയും സുവിശേഷവും സുവിശേഷ പ്രഘോഷകനും ആകുമ്പോള്‍ ലോകം മുഴുവനും യേശുവിനെ അറിയുകയും അവിടുത്തെ രക്ഷകനായി സ്വീകരിക്കുകയും ചെയ്യും.
അടുത്ത ലക്കം
പിശാചിനെ വിരട്ടുന്ന കുതിരലാടം


Related Articles

ജപമാലയിലെ രഹസ്യങ്ങൾ

എന്തുകൊണ്ടാണ് ജപമാലയിലെ ആദ്യരഹസ്യങ്ങള്‍ സന്തോഷ രഹസ്യങ്ങളായി അറിയപ്പെടുന്നത്? രണ്ടു കാരണങ്ങളാണ് അതിന് നമുക്ക് കാണുവാന്‍ കഴിയുക. ആദത്തിന്റെ പാപംമൂലം സ്വര്‍ഗം നഷ്ടപ്പെട്ട മനുഷ്യ കുലത്തിന് ലഭിക്കാവുന്ന ഏറ്റവും

കാണാപ്പുറം: ഇനിയും ശേഷിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്റെ ജീവിതം

പുതുവര്‍ഷത്തില്‍ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ എന്നു അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്തിരുന്നവര്‍ക്കെല്ലാം കണക്കിനു കിട്ടി. കമ്യൂണിസ്റ്റുകാരുടെയും കോണ്‍ഗ്രസുകാരുടെയും അടിയും ഇടിയുമെല്ലാം ഒന്നുമല്ല മോനേ…എന്നു നടുംപുറത്ത് ഉണ്ടംപൊരി കണക്കെ വീര്‍ത്ത

ഇന്ത്യയിലെ ആദ്യത്തെ പൊലീസ്‌ റോബോട്ട്‌ കേരള പോലിസിൽ

പോലീസ് സേവനങ്ങൾക്കു ഇന്ത്യയിൽ ആദ്യമായി റോബോട്ട് സംവിധാനത്തെ ഉപയോഗിക്കുന്ന സേനയാകുകയാണ് കേരള പോലീസ്. കേരള പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഇന്ത്യ ഇക്കാര്യത്തിൽ ലോകത്ത് തന്നെ നാലാമത്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*