ബജറ്റ് പ്രഖ്യാനത്തിന് എന്തു പഞ്ഞം!

ബജറ്റ് പ്രഖ്യാനത്തിന് എന്തു പഞ്ഞം!

 

കൊവിഡാനന്തര കേരളത്തിന്റെ വികസന മുന്‍ഗണനകളുടെയും മുന്‍കൈകളുടെയും രൂപരേഖ എന്ന ആമുഖത്തോടെ ധനമന്ത്രി ടി.എം. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയുടെ രൂപഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ ആശ്ചര്യമില്ല. ഡിജിറ്റല്‍ ഇക്കോണമി, വിജ്ഞാനസമ്പദ്ഘടന, 2021-22 വര്‍ഷത്തില്‍ എട്ടുലക്ഷം തൊഴിലവസരം, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ 20 ലക്ഷം പേര്‍ക്ക് അഞ്ചുവര്‍ഷംകൊണ്ട് ജോലി, വിശപ്പുരഹിത കേരളം, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള അഞ്ചു ലക്ഷം കുടുംബങ്ങള്‍ക്കായി 7,000 കോടിയുടെ മൈക്രോ പ്ലാന്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ജനതയുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള, പുതിയ കാലത്തിലേക്കുള്ള ഉണര്‍വിന്റെ ബജറ്റ് എന്തുകൊണ്ടും ആകര്‍ഷകമായ തിരഞ്ഞെടുപ്പു പാക്കേജാണ്.

”താരതമ്യേന കൂടുതല്‍ ദരിദ്രരുള്ള മത്സ്യത്തൊഴിലാളി മേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്” 2021-22 സാമ്പത്തികവര്‍ഷത്തില്‍ 1,500 കോടി രൂപ ചെലവഴിക്കും. ലൈഫ് മിഷന്‍ പദ്ധതിയില്‍ 300 കോടി രൂപ ചെലവില്‍ 7,500 പേര്‍ക്ക് വീട്. കടലില്‍ നിന്ന് 50 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്ന 2,500 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനര്‍ഗേഹം പദ്ധതിയില്‍ പുനരധിവസിപ്പിക്കാന്‍ 250 കോടി. ചേര്‍ത്തല-ചെല്ലാനം പോലുള്ള തീരപ്രദേശങ്ങളില്‍ കടല്‍ഭിത്തി സംരക്ഷണത്തിന് കിഫ്ബിയില്‍ നിന്ന് 100 കോടി. ഒന്നിന് 1.7 കോടി രൂപ വീതം ചെലവു വരുന്ന 100 ആഴക്കടല്‍ മത്സ്യബന്ധനയാനത്തിന് 25 ശതമാനം സബ്‌സിഡിയോടെ വായ്പ. ഓണ്‍ലൈന്‍ മീന്‍വില്പനയ്ക്കായി ഇ-ഓട്ടോ വാങ്ങാന്‍ 25 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയില്‍ മത്സ്യഫെഡ് വായ്പ. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ലിറ്ററിന് 25 രൂപ നിരക്കില്‍ മണ്ണെണ്ണ. പത്തു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള മണ്ണെണ്ണ എന്‍ജിന്‍ പെട്രോളിലേക്കു മാറ്റാനായി മോട്ടോറൈസേഷന്‍ സബ്‌സിഡി. ചെറുകിട ഇന്‍ബോര്‍ഡ് യന്ത്രവത്കൃത വള്ളങ്ങള്‍ക്ക് ഇന്ധന സബ്‌സിഡിക്കായി 10 കോടി. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പാതിവിലയ്ക്ക് ലാപ്‌ടോപ്- ഇതൊക്കെയാണ് ബജറ്റ് പ്രഖ്യാപനത്തിലുള്ളത്.

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 5,000 കോടിയുടെ അഞ്ചുവര്‍ഷത്തെ പ്രത്യേക പാക്കേജിനെക്കുറിച്ച് ധനമന്ത്രി സൂചിപ്പിക്കുന്നുണ്ട്. മാര്‍ച്ചില്‍ പൂര്‍ത്തിയാകുന്ന മൂന്നെണ്ണം ഉള്‍പ്പെടെ അഞ്ച് ഫിഷിംഗ് ഹാര്‍ബറുകള്‍ പുതുതായി നിര്‍മിച്ചതിനെക്കുറിച്ചും ബജറ്റില്‍ എടുത്തുപറയുന്നു. ഏതാനും ദിവസം മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്ത് ആഘോഷിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങളില്‍ പ്രാവര്‍ത്തികമാകുന്നത് എത്രത്തോളമെന്നും ഏതൊക്കെയെന്നും അറിയാന്‍ ഒരു അവലോകന റിപ്പോര്‍ട്ട് എവിടെ കിട്ടും? തീരദേശത്തിനായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇടതുമുന്നണി പ്രഖ്യാപിച്ച പദ്ധതികളില്‍ തീരത്തു നടപ്പാക്കിയത് എന്തൊക്കെയാണെന്ന് വസ്തുനിഷ്ഠമായി പരിശോധിക്കാന്‍ ഒരു സോഷ്യല്‍ ഓഡിറ്റ് സംവിധാനം കൂടിയേതീരൂ. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ നഷ്ടപരിഹാര പാക്കേജ്, പുനരധിവാസ പദ്ധതികള്‍ എന്നിവയെക്കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയായി ഇത്തരം ഒരു ഓഡിറ്റ് നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. തിരഞ്ഞെടുപ്പിനു മുന്‍പെങ്കിലും ആ റിപ്പോര്‍ട്ട് വെളിച്ചം കാണുമോ?

കാലാവസ്ഥവ്യതിയാനം മൂലം മത്സ്യലഭ്യത കുറഞ്ഞുകൊണ്ടിരിക്കെ, പ്രകൃതിക്ഷോഭങ്ങള്‍, കൊവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍, ട്രോളിങ് നിരോധനം, ഇന്ധനവില വര്‍ധന തുടങ്ങി പലവിധ പ്രശ്‌നങ്ങളെ നേരിടേണ്ടിവന്ന കേരളതീരത്തെ രണ്ടരലക്ഷം തൊഴിലാളികളുമായി ബന്ധപ്പെട്ട മത്സ്യബന്ധന മേഖലയ്ക്കും, 20,000 കോടി രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന മത്സ്യസംസ്‌കരണ മേഖലയ്ക്കും ഈ ബജറ്റ് പ്രഖ്യാപനത്തില്‍ ആഹ്ലാദിക്കാന്‍ കാര്യമായി എന്തെങ്കിലുമുണ്ടോ? തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള ബോട്ടുകള്‍ നിയന്ത്രണങ്ങളൊന്നുമില്ലാതെ നമ്മുടെ തീരത്തുനിന്ന് നിരോധിക്കപ്പെട്ട വലകളുമായി വന്‍തോതില്‍ മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, കേരളത്തിലെ ബോട്ടുകള്‍ മാസങ്ങളോളം കെട്ടിയിടേണ്ട സ്ഥിതിയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള പണിക്കാരെ കൊണ്ടുവരുന്നതിലുള്ള നിയന്ത്രണം നീങ്ങിയപ്പോഴും അവര്‍ക്ക് ഇവിടെ 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരുന്നു. കൊവിഡ് ലോക്ഡൗണ്‍ കാലത്തെ അടച്ചുപൂട്ടലിന്റെ പശ്ചാത്തലത്തില്‍ മറ്റു തീരങ്ങളില്‍ ട്രോളിങ് നിരോധനത്തിന് കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ച ഇളവുകള്‍ ഇവിടെ നടപ്പാക്കിയില്ല. കേരളം ഒഴികെ, രാജ്യത്തെ എട്ട് കടലോര സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലും മത്സ്യബന്ധന ബോട്ടുകളുടെ രജിസ്‌ട്രേഷന്‍, ലൈസന്‍സ് ഫീ 1,000 രൂപ മുതല്‍ 3,000 രൂപ വരെയാണ്; ഇവിടെ 5,000 രൂപ മുതല്‍ 25,000 രൂപ വരെയും. പ്രത്യേക സാഹചര്യം പരിഗണിച്ച് മറ്റു സംസ്ഥാനങ്ങളില്‍ ഇക്കൊല്ലം ഇത്തരം ഫീസുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇവിടെ അത്തരം ആശ്വാസനടപടിയൊന്നും പ്രസക്തമല്ലല്ലോ! ബോട്ടുകള്‍ക്ക് ഡീസല്‍ വില ലിറ്ററിന് 80 രൂപ കടക്കുമ്പോഴും സംസ്ഥാനത്തിന് അത്രയും കൂടുതല്‍ വില്പനനികുതി കിട്ടുമെന്ന ആശ്വാസത്തിലാവും ധനമന്ത്രി.

മത്സ്യലേലം, വിപണനം, ഗുണനിലവാരം എന്നിവയുമായി ബന്ധപ്പെട്ട് 2020-ല്‍ കൊവിഡ് ദുരന്തകാലത്ത് അടിയന്തരമായി ഇറക്കിയ ഓര്‍ഡിനന്‍സ് സൃഷ്ടിക്കുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള പരാതികള്‍ക്ക് നിയമസഭ ചേരുമ്പോഴെങ്കിലും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാനും മത്സ്യത്തിന്റെ ആദ്യവില്പനാവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പാക്കാനുമായാണ് ഈ ഓര്‍ഡിനന്‍സ് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. ഫിഷിംഗ് ഹാര്‍ബറുകളിലും ലാന്‍ഡിങ് സെന്ററുകളിലും ഉദ്യോഗസ്ഥമേധാവിത്വത്തില്‍ രൂപവത്കരിക്കുന്ന മാനേജ്‌മെന്റ് സൊസൈറ്റികള്‍ അടിസ്ഥാനവില നിശ്ചയിച്ച് മീന്‍ വില്‍ക്കണമെന്നാണ് പുതിയ ചട്ടം. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ വഴി മത്സ്യഫെഡ് വായ്പ കൊടുത്ത ഗ്രൂപ്പുകളില്‍ നിന്ന് ലേല കമ്മിഷന്‍ സ്വീകരിച്ചിരുന്നിടത്ത് ഇപ്പോള്‍ കേരളത്തിലെ മുഴുവന്‍ മത്സ്യത്തൊഴിലാളികളില്‍ നിന്നും ബോട്ടുടമകളില്‍ നിന്നും അഞ്ചു ശതമാനം ലേല കമ്മിഷന്‍ വാങ്ങുന്നു. മത്സ്യത്തൊഴിലാളി ബോണസ്, മത്സ്യഫെഡ് ക്ഷേമപദ്ധതി എന്നിവയ്ക്കായി നീക്കിവച്ചിരുന്ന ലേല കമ്മിഷന്‍ വിഹിതം ഇപ്പോള്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണ് ലഭിക്കുന്നത്. പിടിച്ച മത്സ്യത്തിന്റെ ഉറവിടം, പിടിച്ചെടുത്ത മാര്‍ഗം, ഗുണനിലവാരം എന്നിവ സാക്ഷ്യപ്പെടുത്തിയല്ലാതെ മീന്‍ വിറ്റാല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും ഒരു വര്‍ഷം വരെ ജയില്‍വാസവും വ്യവസ്ഥചെയ്തിട്ടുണ്ട്. മാനേജ്‌മെന്റ് കമ്മിറ്റി, മത്സ്യ ഗുണനിലവാര പരിപാലന കമ്മിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥന്മാര്‍ക്കോ ഏതെങ്കിലും അധികാരസ്ഥാനത്തിനോ എതിരായി യാതൊരു വ്യവഹാരമോ പ്രോസിക്യൂഷനോ മറ്റു നിയമനടപടികളോ നിലനില്‍ക്കുന്നതല്ല. കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടുവന്നിരിക്കുന്ന പുതിയ കാര്‍ഷിക നിയമങ്ങളിലും ഇതേ വ്യവസ്ഥകളുണ്ട്! മത്സ്യത്തൊഴിലാളികള്‍ക്ക് ദ്രോഹകരമായ ഓര്‍ഡിനന്‍സ് ചട്ടങ്ങള്‍ക്കെതിരെ പ്രക്ഷോഭം നയിക്കാന്‍ തിരഞ്ഞെടുപ്പുകാലമായിട്ടും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് ആരും മുന്നോട്ടുവരുന്നില്ല. നമ്മുടെ ജനായത്തവ്യവസ്ഥിതിയില്‍ തീരദേശജനതയുടെ രാഷ്ട്രീയവിലപേശല്‍ശക്തി അത്രയ്‌ക്കേയുള്ളൂ!

 

 


Related Articles

ജനകീയ ശുശ്രൂഷയുടെ മണിമുഴങ്ങുമ്പോള്‍

വിശുദ്ധവസ്തുക്കള്‍ സൂക്ഷിക്കുന്ന ആലയത്തിന്റെ കാര്യസ്ഥനാണ് കപ്യാര്‍. ആദിമകാലത്ത് സഭയില്‍ സ്ഥിരം ഡീക്കന്മാര്‍ വഹിച്ചിരുന്ന പദവിയാണ് പള്ളിയിലെ പൂജാപാത്രങ്ങളും തിരുവസ്ത്രങ്ങളും സൈത്തും ആരാധനക്രമഗ്രന്ഥങ്ങളും സൂക്ഷിക്കുന്ന നിക്ഷേപാലയത്തിന്റെ സൂക്ഷിപ്പുകാരന്‍ എന്ന

അന്തരീക്ഷ മലിനീകരണവും ഹാര്‍ട്ടറ്റാക്കും

ഹൃദയധമനികളിലെ ബ്ലോക്കിന്റെ വലിപ്പവും ഹാര്‍ട്ടറ്റാക്കും തമ്മില്‍ വലിയ ബന്ധമില്ലെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘകാലം ആപത്ഘടകങ്ങള്‍ക്ക് വിധേയമായാല്‍ ഹൃദയധമനികളുടെ ഉള്‍പ്പോളകളില്‍ കൊഴുപ്പും മറ്റു ഘടകങ്ങളും അടിഞ്ഞുകൂടി ഉള്‍വ്യാസം

റിൻസി ഇനി ചെറിയാച്ചനോടൊപ്പം സ്വർഗത്തിൽ…

ഏഴു വർഷം മുമ്പ് ഫാ. ചെറിയാൻ നേരേവീട്ടിൽ സ്വന്തം കിഡ്നി നല്കി ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്ന റിൻസി സിറിൾ കട്ടായത്ത് (25) അച്ചനു പിന്നാലേ സ്വർഗത്തിലേക്കു യാത്രയായി. കാൻസർ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*