ബഷീറിന്റെ ആദ്യത്തെ കഥാരചന

ബഷീറിന്റെ ആദ്യത്തെ കഥാരചന

വൈകിയാണ് ബഷീര്‍ ഉണര്‍ന്നത്. പുസ്തകം വായിച്ചുവായിച്ചിരുന്ന് തലേന്ന് രാത്രി ഉറങ്ങിയത് അര്‍ദ്ധരാത്രി കഴിഞ്ഞായിരുന്നു. കിടന്ന പായ ചുരുട്ടി മുറിയുടെ മൂലയില്‍ ചാരിവച്ചു. തലയണയില്ല. പുറത്തുപോയി മുഖവും കൈയും കഴുകിവന്നപ്പോള്‍ ഒരു ചൂടുചായ കഴിക്കണമെന്നാഗ്രാഹിച്ചു. പക്ഷേ, ഹോട്ടലുകാരന്‍ സാമിക്ക് ഇപ്പോള്‍ തന്നെ കാണുമ്പോള്‍ മുഖം തെളിയാറില്ലല്ലോ എന്നോര്‍ത്തു.
ചായയും ഊണും കടം തരുന്നതിന്റെ പറ്റുകണക്ക് കൂടിക്കൂടി വരുന്നതിലുള്ള അതൃപ്തിയാണ് മുഖത്ത് നിഴലിക്കുന്നത് എങ്കിലും ചെന്നാല്‍ തരാതിരിക്കില്ല. സാമി നല്ല മനുഷ്യനാണ്.
എറണാകുളം ഷണ്‍മുഖം റോഡിനരികിലെ ഒരു ലോഡ്ജിന്റെ അറ്റത്തെ ഒരു മുറി വാടകയ്‌ക്കെടുത്താണ് ബഷീര്‍ താമസിക്കുന്നത്. ഇരിക്കാന്‍ കസേരയോ ബഞ്ചോയില്ല. മേശയില്ല, കട്ടിലില്ല, ആകെയുള്ളത് ഒരു തകരപ്പെട്ടിയാണ്. വസ്ത്രങ്ങളും അത്യാവശ്യ വസ്തുക്കളും കടലാസുകളും അതിലാണ്.
ബ്രിട്ടീഷ് ഭരണത്തിനെതിരായി സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കാലം. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന കാലം. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാനുള്ള ആവേശംകൊണ്ട് ഹൈസ്‌കൂള്‍ പഠനം ഉപേക്ഷിച്ച്, കോഴിക്കോടുപോയി ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത്, പൊലീസ് അറസ്റ്റ് ചെയ്തു. ലോക്കപ്പ് മര്‍ദ്ദനം അനുഭവിച്ചു, ജയില്‍ വാസവും.
അതിനുശേഷം പഠനം തുടരാനും നാട്ടില്‍ നില്‍ക്കാനും കഴിയാതെ നാടുവിട്ടു. കറാച്ചിയിലും ബോംബൈയിലും ഹൈദരാബാദിലും ഡല്‍ഹിയിലുമൊക്കെ അലഞ്ഞുനടന്നു. കൈയില്‍ പൈസയൊന്നുമില്ലാതെയാണ് സഞ്ചാരം. ജീവിക്കാന്‍വേണ്ടി പലവേഷങ്ങള്‍ കെട്ടി. തെരുവ് മാജിക്കുകാരന്‍, കൈരേഖാനോട്ടക്കാരന്‍, ചുമട്ടുകാരന്‍, പാചകക്കാരന്‍, ഹോട്ടല്‍ പണിക്കാരന്‍, പത്രമാഫീസില്‍ ഹെല്‍പ്പര്‍ അങ്ങനെ പലതുമായി ജീവിച്ചു. അതിനിടയില്‍ വിരസതയും വിഷമതകളും അകറ്റാന്‍ കിട്ടിയ പുസ്തകങ്ങള്‍ വായിച്ചു. വായന മാത്രമാണ് സന്തോഷവും മനഃസുഖവും നല്‍കിയത്.
പലഭാഷകള്‍ കേട്ടു, പലതരം വേഷങ്ങള്‍ കണ്ടു. പലമതവിശ്വാസികളെ പരിചയപ്പെട്ടു. പലവിധ ആചാരങ്ങള്‍ കണ്ടു. വൈവിധ്യമാര്‍ന്ന അനേകം സംസ്‌കാരങ്ങള്‍ക്കിടയിലൂടെ കടന്നുപോയി. എല്ലാവരേയും സ്‌നേഹിച്ചു. വൈവിധ്യങ്ങളും, വൈചിത്ര്യങ്ങളും നിറഞ്ഞ, നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങളും അറിവുകളുംകൊണ്ട് സമ്പന്നമായ ഒരു മനസിന്റെ ഉടമയായാണ്. ജന്മദേശമായ വൈക്കം തലയോലപ്പറമ്പിലെത്തിയത്.
അപ്പോഴെക്കും ബഷീര്‍ വിശാലമായ പ്രാപഞ്ചിക വീക്ഷണവും സ്വതന്ത്രചിന്തയും പ്രകൃതിസ്‌നേഹിയുമായ മാനവിക കാഴ്ചപ്പാടുള്ള ഒരു യുവാവായി മാറിയിരുന്നു. എങ്കിലും തൊഴിലും വരുമാനവുമില്ലാതെ വീട്ടില്‍ വാപ്പനെ ആശ്രയിച്ചുകഴിയാന്‍ ഇഷ്ടപ്പെട്ടില്ല. സ്വാതന്ത്ര്യത്തോടെ ജീവിക്കണം. അതിന് ഏന്തെങ്കിലുമൊരു ജോലി തേടിപ്പിടിപ്പിക്കണം അതിനുവേണ്ടിയാണ് എറണാകുളത്തുവന്ന് ലോഡ്ജ് മുറി വാടകയ്‌ക്കെടുത്ത് താമസമാക്കിയത്.
അവിടെ അനേകം സുഹൃത്തുക്കളെ നേടാന്‍ അനായാസം കഴിഞ്ഞെങ്കിലും ഒരു ജോലി സമ്പാദിക്കല്‍ അത്ര എളുപ്പമായിരുന്നില്ല. കൈയില്‍ കരുതിവച്ച കാശെല്ലാം തീര്‍ന്നു. സാമിയുടെ ഹോട്ടലില്‍നിന്നാണ് ആദ്യം മുതലേ ഊണും ചായയും. കാശുതീര്‍ന്നപ്പോള്‍ കടം പറയലായി.
എന്നിട്ടും പ്രത്യാശയോടെ കനിവറ്റ ലോകത്തിന്റെ മുഖത്തുനോക്കി ബഷീര്‍ പുഞ്ചിരിച്ചു. മനസുതളരുന്നുവെന്നു തോന്നുമ്പോള്‍ കൈവശമുള്ള പുസ്തകം എടുത്തുവായിക്കും. കഥകളും തത്വചിന്തകളുമാണ് ഇഷ്ടം. യാത്രകള്‍ക്കിടയില്‍ വാങ്ങിയ കുറച്ചു പുസ്തകങ്ങളാണ് ശേഷിക്കുന്ന സമ്പാദ്യം. അതെല്ലാം മുറിയില്‍ ഭിത്തിയോടു ചേര്‍ന്നുനിലത്ത് ഒരു പത്രക്കടലാസില്‍ അടക്കിവച്ചിട്ടുണ്ട്.
അന്നും കുളിച്ച്, കഴുകിയുണക്കിയ മുണ്ടും ഷര്‍ട്ടും ഭേഷായി ധരിച്ച് സുന്ദരനായി പുറത്തിറങ്ങി. അടുത്തുതന്നെയുള്ള സ്വാമിയുടെ ഹോട്ടലില്‍നിന്ന് രണ്ടു ദോശയും ഒരു ചായയും കഴിച്ച് പറ്റെഴുതി അദ്ദേഹം ജോലിയന്വേഷിച്ചിറങ്ങി. സ്‌നേഹനിധിയായ സൂര്യന്‍ വെളിച്ചവും ചൂടും ഉദാരമായി ചൊരിഞ്ഞനുഗ്രഹിച്ചു. വഴിയോര വൃക്ഷങ്ങള്‍ ശീതളഛായ വിരിച്ചുകൊടുത്തു. കായല്‍ക്കാറ്റുവന്നു സ്‌നേഹത്തോടെ തലോടി അതെല്ലാം ആസ്വദിച്ചങ്ങനെ നടക്കുമ്പോള്‍ ഒരു ചെറിയ ബോര്‍ഡ് കണ്ടു.
”ജയകേസരി പത്രം, ഓഫീസ്”
കൊള്ളാമല്ലോ, ഒന്നു കേറിനോക്കിയാലോ? ബോംബൈയില്‍വച്ചു കുറച്ചുനാള്‍ ഒരിംഗ്ലീഷ് പത്രമാപ്പീസില്‍ സഹായിയായി പണിയെടുത്തിട്ടുള്ള പരിചയമുണ്ട്. പിന്നെ സംശയിച്ചുനിന്നില്ല. നേരെ കയറിച്ചെന്നു. മുട്ടുവിന്‍ തുറക്കപ്പെടും എന്നാണല്ലോ.
ഒരു ചെറിയ, ഓടിട്ട കെട്ടിടം. മുറിയില്‍ ഒരാള്‍ മേശയ്ക്കരികെയിരുന്ന് എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. സുമുഖനും ശാന്ത പ്രകൃതിയുമുള്ള ഒരു മുപ്പത്തഞ്ചുകാരന്‍ നെറ്റിയില്‍ ചന്ദനം, ഗോപിക്കുറി. അത് ജയകേസരി പത്രാധിപര്‍ പത്മനാഭ പൈയാണ്. അദ്ദേഹം തലനിവര്‍ത്തി സൗമ്യമായി പുഞ്ചിരിച്ച് ആഗതനെ സ്വീകരിച്ചിരുത്തി.
”എന്തിനാണാവോ, വന്നത്?”-സവിനയം അദ്ദേഹം ആരാഞ്ഞു.
ബഷീര്‍ ഒന്നു പുഞ്ചിരിച്ച് വിനയപൂര്‍വം സ്വയം പരിചയപ്പെടുത്തി. ബോംബെയിലും ഡല്‍ഹിയിലുമൊക്കെ സഞ്ചരിച്ചലഞ്ഞതിനെക്കുറിച്ചും, ഒരു ഇംഗ്ലീഷ് പത്രമാപ്പീസില്‍ കുറച്ചുനാള്‍ ജോലി ചെയ്ത പരിചയത്തെക്കുറിച്ചുമെല്ലാം സരസമായി പറഞ്ഞു. പത്മനാഭ പൈ എല്ലാം സകൗതുകം കേട്ടു.
”എനിക്കിവിടെ എന്തെങ്കിലുമൊരു ജോലി തരാമോ?-ബഷീര്‍ വിനയത്തോടെ അഭ്യര്‍ഥിച്ചു.
പത്മനാഭ പൈ ഹൃദ്യമായൊന്നു ചിരിച്ചു. എന്നിട്ട് സ്വരംതാഴ്ത്തി പറഞ്ഞു.
ഈ പത്രമാപ്പീസില് ഞാന്‍ മാത്രേ ഒരു ജോലിക്കാരനായുള്ളൂ. പത്രമുടമയും പത്രാധിപരും ഞാന്‍ തന്നെ. പ്രൂഫ് നോട്ടവും എഴുത്തുകാരനും വിതരണവും ഞാന്‍ തന്നെ. ഓഫീസ് പ്യൂണും, അടിച്ചുവാരല്‍ക്കാരനും ഞാന്‍ തന്നെ. ഇനി മറ്റൊരാള്‍ക്ക് എന്തുജോലിനല്‍കും? അതിനൊള്ള വരുമാനം കൂടി വേണല്ലൊ?
പത്മനാഭ പൈ എന്ന ജയകേസരി പത്രാധിപരെ ബഷീര്‍ അത്ഭുതസ്തബ്ധനായി നോക്കി നിശബ്ദനായി. ആളൊരു രസികന്‍ തന്നെ ഇനി ഒന്നും പറയാനില്ല. ഇറങ്ങിപ്പോകാം എന്നുവിചാരിക്കെ പത്രാധിപര്‍ ചോദിച്ചു.
ആട്ടെ, താങ്കള്‍ക്കു കഥയെഴുതാവ്വോ?
വീഴാന്‍ പോകുന്നവന് ഒരു പിടിവള്ളി തടഞ്ഞതുപോലെ! ബഷീര്‍ പറഞ്ഞു.
‘ഓ, കഥയെഴുതാമല്ലോ’
എന്നാ ഒരു കഥയെഴുതി കൊണ്ടരൂ… പത്മനാഭ പൈ പുഞ്ചിരിയോടെ പറഞ്ഞു.
ആശ്വാസത്തോടെ നന്ദിപറഞ്ഞ് ബഷീര്‍ ഇറങ്ങി. എന്നാല്‍ യഥാര്‍ഥത്തില്‍ ബഷീര്‍ അതുവരെ കഥയൊന്നും എഴുതിയിരുന്നില്ല. കഥകള്‍ ധാരാളം വായിക്കാറുണ്ട്. കഥയെഴുതണമെന്നു തീവ്രമായി മോഹിച്ച് ചിലതൊക്കെ കുത്തിക്കുറിച്ചു നോക്കിയിട്ടുണ്ട്. പക്ഷേ, ഒന്നും മുഴുവനായില്ല. എഴുതിയതൊന്നും തൃപ്തിയായി തോന്നിയില്ല. എങ്കിലും കഥയെഴുതണമെന്ന ഒരു ഭ്രമം ഉള്ളിലുണ്ട്. മുമ്പ് ചില കുറിപ്പുകളും ചെറുലേഖനങ്ങളുമെഴുതി ചില പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ഇനിയിപ്പോള്‍ ജീവിതത്തില്‍ പിടിച്ചുനില്ക്കണമെങ്കില്‍ എങ്ങനെയെങ്കിലും ഒരു കഥ പടച്ചുണ്ടാക്കിയേ പറ്റൂ.
ലോഡ്ജ് മുറിയില്‍ തിരിച്ചെത്തിയ ബഷീര്‍ തന്റെ തകരപ്പെട്ടിയില്‍ സൂക്ഷിച്ച, മുമ്പെഴുതിയ കടലാസുകള്‍ എടുത്തു കുത്തിയിരുന്നു വായിച്ചുനോക്കി. സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നു രൂപപ്പെടുത്തിയ സംഗതികളാണ് അവയിലുള്ളത്. അനുഭവങ്ങളെ അതേപടി എഴുതിയാല്‍ കഥ നന്നാവില്ലെന്നു തോന്നി. ലേഖനമെഴുതാന്‍ പ്രയാസമില്ല. അതുപോലെയല്ല കഥാരചന. ആശയത്തെ ഉള്ളിലൊളിപ്പിച്ച് സംഭവത്തെ ഔചിത്യത്തോടെ ആവിഷ്‌ക്കരിക്കണം. കഥാപാത്രങ്ങളിലൂടെ വൈകാരിക ഭാവങ്ങളും കാഴ്ചപ്പാടുകളും ആഖ്യാനത്തിലൂടെ പ്രകടമാക്കണം. പാത്രസൃഷ്ടി മിഴിവുള്ളതാകണം. സങ്കീര്‍ണമായ രചനാതന്ത്രങ്ങള്‍ ആവശ്യമാണ്. വാക്കുകള്‍ സൂക്ഷ്മതയോടെ പ്രയോഗിക്കണം. അതത്രഎളുപ്പമുള്ള കാര്യമല്ല.
കുറെ ബുദ്ധിമുട്ടിയിട്ടാണെങ്കിലും ഒരു കഥയെഴുതിയൊപ്പിക്കാതെ പറ്റില്ല. പത്മനാഭ പൈക്ക് കഥയിഷ്ടപ്പെടുകയും വേണം. മുമ്പെഴുതിയവയിലൊന്ന് കുറെ മാറ്റം വരുത്തി തിരുത്തിയെഴുതി മുഴുമിപ്പിച്ചാല്‍ തരക്കേടില്ലാത്ത കഥയാക്കാം എന്നു തോന്നി. കുറച്ചുസമയം അതിനെക്കുറിച്ചാലോചിച്ചും സങ്കല്പിച്ചും ഇരുന്നു. പിന്നെ നിലത്തിരുന്ന് തകരപ്പെട്ടിമേല്‍ കടലാസുവച്ച് എഴുതാന്‍ തുടങ്ങി. കുറച്ചെഴുതി കഴിഞ്ഞ് അതു വായിച്ച് വാക്കുകളും വാചകവുമൊക്ക വെട്ടിയും തിരുത്തിയും പകര്‍ത്തിയെഴുതിയും കഥയെഴുത്ത് മുന്നോട്ടുകൊണ്ടുപോയി. രണ്ടു ദിവസത്തെ പരിശ്രമംകൊണ്ട് കഥ പൂര്‍ത്തിയാക്കി. അതു വീണ്ടും വീണ്ടും വായിച്ചുനോക്കി ചില തിരുത്തലും കൂട്ടിച്ചേര്‍ക്കലുമൊക്കെ നടത്തി. അവസാനം അതു പകര്‍ത്തിയെഴുതി ജയകേസരി ഓഫീസില്‍ കൊണ്ടുപോയി പത്രാധിപരുടെ കൈയില്‍ കൊടുത്തു.
എങ്കിലും ബഷീറിന് ഒരു ശങ്ക, പത്മനാഭ പൈക്ക് ഇഷ്ടപ്പെടുമോ? അള്ളാ…!
പത്മനാഭ പൈ അപ്പോള്‍ത്തന്നെ കഥനിവര്‍ത്തി മുന്നില്‍വച്ചു വായന തുടങ്ങി. മനസിലൊരു പരിഭ്രമം തോന്നിയ ബഷീര്‍ പുറത്തേക്കിറങ്ങിപ്പോയി. കുറച്ചുനേരം കഴിഞ്ഞ് ഒരു ചായ കുടിച്ച് അല്പം ഉന്മേഷവാനായി തിരിച്ചുചെന്നു. ഉള്ളില്‍ ഒരു പടപടപ്പ്…
വിടര്‍ന്ന മുഖത്തോടും തിളങ്ങുന്ന മിഴികളോടുംകൂടി പത്മനാഭ പൈ ബഷീറിനെ കെട്ടിപ്പിടിച്ചുകൊണ്ടുപറഞ്ഞു;
‘കഥ അസലായ്ട്ട്ണ്ട് ടോ! തകര്‍പ്പന്‍ കഥ!’
സന്തോഷംകൊണ്ട് ബഷീറിന്റെ മിഴികളില്‍ നനവൂറി. തനിക്കു കഥയെഴുതാന്‍ കഴിയും എന്ന് ഒരു പത്രാധിപര്‍ അംഗീകരിച്ചിരിക്കുന്നു! ബഷീറിന് ആത്മ വിശ്വാസം തോന്നി.
അടുത്ത ലക്കം ‘ജയകേസരി’യില്‍ ബഷീറിന്റെ ആദ്യത്തെ കഥ ‘തങ്കം’ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കഥയുടെ പേര് തങ്കം. കഥയിലെ കഥാനായികയുടെ പേരാണത്. തങ്കം പോലെ തിളങ്ങുന്ന സുന്ദരിയാണ് കഥാനായിക എന്നു പേരുകേള്‍ക്കുമ്പോള്‍ തോന്നിയേക്കാം. എന്നാല്‍ കഥാകൃത്തിന്റെ വിവരണം നോക്കുക.
കവികളെല്ലാം ചുറ്റുംനിന്നു വാഴ്ത്തത്തക്ക ആകാരസൗഷ്ടവത്തിന്റെ സൗന്ദര്യ സമ്പത്തിന്റെയും സമ്മോഹനമായ സമ്മേളനമാണ് എന്റെ തങ്കം എന്നു നിങ്ങള്‍ വിശ്വസിച്ചുപോയിട്ടുണ്ടെങ്കില്‍ അതൊരു വലിയ തെറ്റു തന്നെയാണ്. എന്റെ തങ്കത്തിന്റെ നിറം തനി കറുപ്പാണ്. വെള്ളത്തില്‍ മുക്കിയെടുത്ത ഒരു തീക്കൊള്ളി. കറുപ്പല്ലാതുള്ള ശരീരഭാഗം കണ്ണിന്റെ വെള്ള മാത്രം. എങ്കിലും ശരീരഘടനയില്‍ യുവത്വത്തിന്റെ സുന്ദരശില്പം പോലെയാണ്. തങ്കം എന്റെ പ്രാണനാഥയാണ്. തങ്കത്തിന്റെ പ്രേമവല്ലരി പടര്‍ന്നുവളരുന്ന ആ ഏകതേന്മാവാണു ഞാന്‍! പവിത്രമായ തങ്കത്തിന്റെ പ്രേമത്തിനു പാത്രമായ എന്നോട് അല്പം അസൂയയും അനല്പമായ ബഹുമാനവും നിങ്ങള്‍ക്കുണ്ടെന്നെനിക്കറിയാം.
നര്‍മ്മരസം കലര്‍ന്ന ഒരു ആഖ്യാന ശൈലി ഈ ആദ്യകഥയില്‍ത്തന്നെ ബഷീറിന്റെ അനുഗൃഹീതസിദ്ധിയെ പ്രകാശിപ്പിക്കുന്നു. ആരെയും ആഹ്ലാദിപ്പിക്കുന്ന ഒരു ഹാസ്യഭാവം വിവരണത്തിലുണ്ട്. തുടര്‍ന്ന് കഥാനായകന്‍ സ്വന്തം രൂപസൗന്ദര്യത്തെക്കുറിച്ചു പറയുന്നു.
കാലിനു മുടന്തുണ്ട്. ഉണങ്ങിച്ചുങ്ങിയ വേലിപ്പത്തലുപോലെയാണതിന്റെ സ്ഥിതി. പിന്നെ ചാക്കില്‍ക്കെട്ടി പുറത്തുതൂക്കിയ ചക്കപോലെ ഒരു കൂനുമുണ്ട്. ശിരോഭാഗമാണെങ്കില്‍ മത്തങ്ങപോലെ. കണ്ണുകള്‍ രണ്ടു ഭിന്നാഭിപ്രായക്കാരും!
ഇങ്ങനെയുള്ള നായികാനായകന്മാര്‍ തമ്മിലാണ് പ്രേമം. അവര്‍ തമ്മില്‍ കണ്ടുമുട്ടിയ അനര്‍ഘ മുഹൂര്‍ത്തത്തെക്കുറിച്ച് പറയുന്നതിങ്ങനെ.
യാചകനായ കഥാനായകന്‍ കര്‍ക്കടക മാസത്തിലെ കറുത്തവാവു രാത്രിയില്‍, കോരിച്ചൊരിയുന്ന മഴയില്‍ ഒരു വലിയ വീടിന്റെ ഉമ്മറത്തൊരു കോണിയില്‍ കയറി ചുരുണ്ടുകൂടിയിരുന്നു. അവിടത്തെ കൊച്ചെജമാനന്‍ അയാളെ അടിച്ചും ചവിട്ടിയും ഇറക്കിവിട്ടു. ഇരുട്ടിലൂടെ നനഞ്ഞൊലിച്ച് വേച്ചുവേച്ചു നടക്കുമ്പോള്‍ ഒരു കൊച്ചുചെറ്റക്കുടിലിനകത്ത് നേര്‍ത്ത വെട്ടം കണ്ടു. അയാള്‍ ആ കുടിലിന്റെ ചെറ്റയില്‍ തട്ടി വിളിച്ചു..
വാതില്‍ തുറന്നത് അവിട തനിച്ചു താമസിക്കുന്ന തങ്കം. അവള്‍ കരുണയോടെ അയാളെ അകത്ത് കയറ്റിയിരുത്തി. അയാള്‍ തന്റെ ദയനീയ കഥ പറഞ്ഞു. അതുകേട്ട് അവള്‍ കരഞ്ഞു. അതുകണ്ട് അയാളും കരഞ്ഞു. പിന്നെ ഇരുവരും ഒരുമിച്ചിരുന്നു കരഞ്ഞു.
ധനികന്റെ മനുഷ്യത്വരാഹിത്യത്തെയും സമാനദുഃഖിതരായ രണ്ടുപേരുടെ മാനസികൈക്യത്തെയുമാണ് ഈ കഥാസന്ദര്‍ഭം ദ്യോതിപ്പിക്കുന്നത്.
അങ്ങനെ അവരിരുവരും സസ്‌നേഹം ഒരുമിച്ചു താമസമാക്കുന്നു. കഥ അവസാനിക്കുന്നത് കഥാനായകന്റെ ആഹ്ലാദവചനങ്ങളോടെയാണ്. ഞങ്ങളങ്ങനെ കഴിയുകയാണ്. ആനന്ദത്തിന്റെ ആരാമത്തില്‍ തങ്കരശ്മികല്‍ ചിതറുന്ന പൊന്‍ പുലരിയില്‍ സ്‌നേഹത്തിന്റെ പൂഞ്ചിറകുകള്‍ വിരുത്തി പാറിപ്പറക്കുന്ന രണ്ടു പൈങ്കിളികളാണു ഞങ്ങള്‍.
‘തങ്കം! എന്റെ തങ്കം തനിത്തങ്കം തന്നെയാണ്. മഴവില്ലൊളിയാല്‍ പൊന്നുടുപ്പിട്ട വസന്ത പ്രഭാതമാണവള്‍”
ഈ കഥ വായിച്ചുകഴിയുമ്പോള്‍ വായനക്കാരന്റെ മനസിലുണ്ടാകുന്ന വെളിച്ചമെന്താണ്? വൈരൂപ്യത്തിനകത്തും സൗന്ദര്യമുണ്ട്. സ്‌നേഹവും മനുഷ്യത്വവുമാണ് ആ സൗന്ദര്യം.
ആദ്യകഥയില്‍ത്തന്നെ ബഷീറിന് ജീവിതത്തെക്കുറിച്ച് ഒരു ദാര്‍ശനികവീക്ഷണം ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞു. പ്രതിദാധനനായ ഒരെഴുത്തുകാരന്റെ പിറവിയായിരുന്നു അത്.
ബഷീറിന്റെ ആദ്യകഥയ്ക്കു പ്രതിഫലമായി പത്മനാഭപൈ 12 അണ കൊടുത്തു. 16 അണയാണ് ഒരു രൂപ. മുക്കാല്‍ രൂപ കിട്ടിയപ്പോള്‍ താനൊരു ധനികനായതുപോലെ ബഷീറിനു തോന്നിയത്രെ. ഒരണ കൊടുത്താല്‍ ഹോട്ടലില്‍ നിന്നു ഒരു ഊണുകിട്ടുന്ന കാലമായിരുന്നു അത്.
പിന്നീട് മലയാള കഥാസാഹിത്യത്തിലെ സുല്‍ത്താന്‍ എന്ന ബഹുമതി ബഷീര്‍ സ്വന്തമാക്കി. ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ശബ്ദങ്ങള്‍, ജന്മദിനം, ന്റുപ്പാപ്പയ്‌ക്കൊരാനേണ്ടാര്‍ന്നു, മരണത്തിന്റെ നിഴലില്‍, പ്രേമലേഖനം, മുച്ചീട്ടുകളിക്കാരന്റെ മകള്‍, ആനവാരിയും പൊന്‍കുരിശും തുടങ്ങി എത്രയെത്ര മികച്ച കൃതികള്‍ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന സുല്‍ത്താന്റേതായുണ്ട്.
ആദ്യത്തെ കഥയെഴുത്ത് അനുഗ്രഹീതമായ ഒരു യാദൃശ്ചികതയായിരുന്നു എന്നുപറയാം.
കടപ്പാട്: പ്രൊഫ. എം.കെ.സാനുവിന്റെ ‘ബഷീര്‍ ജീവിതവും കഥകളും’.


Related Articles

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ബാക്കി പരീക്ഷകള്‍ മേയ് രണ്ടാംവാരം

തിരുവനന്തപുരം: ലോക്ഡൗണ്‍ മാറ്റിയാല്‍ മേയ് രണ്ടാംവാരം എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി എന്നിവയുടെ അവശേഷിക്കുന്ന പരീക്ഷകള്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നൊരുക്കം തുടങ്ങി. കൊവിഡ് പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിശദവും സൂക്ഷ്മവുമായി

ലോഗോസ് ഫമിലിയ സമ്മാനം ആലപ്പുഴ രൂപതയ്ക്ക്

എറണാകുളം: കെസിബിസി ബൈബിള്‍ സൊസൈറ്റി സംഘടിപ്പിച്ച ലോഗോസ് ഫമിലിയ ക്വിസില്‍ ആലപ്പുഴ രൂപതയിലെ മോസസ് വാച്ചാക്കല്‍, ആനി, കിഷന്‍ എന്നിവരടങ്ങുന്ന കുടുംബം ഒന്നാം സ്ഥാനത്തെത്തി. ദൈവവചനത്തില്‍ അടിത്തറയിട്ട

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായര്‍

Daily Reading for Sunday February 7, 2021 Reading 1, Job 7:1-4, 6-7 Responsorial Psalm, Psalms 147:1-2, 3-4, 5-6 Reading 2, First Corinthians 9:16-19,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*