ബസ് സ്റ്റാന്‍ഡിലെ മദ്യവില്പന ആരുടെ വിമുക്തിക്ക്?

ബസ് സ്റ്റാന്‍ഡിലെ മദ്യവില്പന ആരുടെ വിമുക്തിക്ക്?

ജനങ്ങളില്‍ മദ്യാസക്തി വളരുന്നത് സാമൂഹിക വിപത്താണെന്ന് ഇടതുമുന്നണി തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ അംഗീകരിക്കുകയും മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് സര്‍ക്കാര്‍ മദ്യനയത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ സംസ്ഥാന റോഡ് ഗതാഗത കോര്‍പറേഷന്റെ (കെഎസ്ആര്‍ടിസി) ബസ് ടെര്‍മിനലുകളില്‍ വരെ വിദേശമദ്യവില്പനയ്ക്ക് വിപുലമായ സൗകര്യമൊരുക്കാനുള്ള നീക്കത്തിലാണ് മഹാമാരിക്കാലത്തെ തുടര്‍ഭരണത്തില്‍ പിണറായി ഗവണ്‍മെന്റ്. സംസ്ഥാനത്തെ ഏറ്റവും വലിയ കുത്തകവ്യാപാരമായ ബെവറേജസ് കോര്‍പറേഷന്റെ (ബെവ്കോ) മദ്യക്കച്ചവടത്തിന് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിതമായ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ പോലും വീഴ്ചവരുത്തന്നതിനെ കേരള ഹൈക്കോടതി വിമര്‍ശിച്ചതിനെ മറയാക്കി ബെവ്കോ വില്പനകേന്ദ്രങ്ങളുടെ എണ്ണം ആറിരട്ടി കൂട്ടാനാണ് ഒരുമ്പാട്.

നിരോധിക്കപ്പെട്ട വ്യാജച്ചരക്ക് ഇടപാടുപോലെ മദ്യം വില്‍ക്കുന്ന സമീപനം മാറണമെന്നും ഏതൊരു ഉത്പന്നവും വാങ്ങാനെത്തുന്ന ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന മാന്യമായ പരിഗണന ബെവ്കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ഔട്ട്ലെറ്റുകളിലും ഉറപ്പാക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ പരാമര്‍ശമുണ്ടായത് വഴിയോരത്ത് പൊതുജനത്തിന് ശല്യമാവുകയും ക്രമസമാധാനപ്രശ്നങ്ങളുണ്ടാവുകയും ചെയ്യുന്ന അന്തരീക്ഷത്തില്‍ മദ്യവില്പന നടത്തുന്നതിനെതിരെ നടപടിയെടുക്കാന്‍ നാലുകൊല്ലം മുന്‍പ് സംസ്ഥാന എക്സൈസ് കമ്മീഷണര്‍ക്ക് നല്‍കിയ ഉത്തരവ് പാലിക്കാത്തതിന് കോടതിയലക്ഷ്യനടപടി ആവശ്യപ്പെടുന്ന ഹര്‍ജിയുമായി ബന്ധപ്പെട്ടാണ്. ബെവ്കോയുടെ 96 വില്പനകേന്ദ്രങ്ങളില്‍ വേണ്ടത്ര അടിസ്ഥാനസൗകര്യമില്ലെന്ന്
കണ്ടെത്തിയിരുന്നു. കൊറോണവൈറസ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കുമ്പോഴും മദ്യവില്പനകേന്ദ്രങ്ങള്‍ക്കു മുമ്പില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന സാഹചര്യത്തില്‍ അടിയന്തരമായ ഇടപെടല്‍ ആവശ്യമാണെന്ന് കോടതി താക്കീതുനല്‍കുകയുണ്ടായി. എക്സൈസ് കമ്മീഷണര്‍ നിര്‍ദേശിച്ചതുപ്രകാരം മാറ്റിസ്ഥാപിക്കേണ്ട 89 വില്പനകേന്ദ്രങ്ങളില്‍ 27 ഇടങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞുവെന്നാണ് ബെവ്കോ ഏറ്റവുമൊടുവില്‍ കോടതിയില്‍ ബോധിപ്പിച്ചത്.

ഇതിനിടെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കെഎസ്ആര്‍ടിസിയെ കരകയറ്റുന്നതിനുള്ള ഉപാധി എന്ന നിലയില്‍ ബസ് ടെര്‍മിനല്‍ കോംപ്ലക്സുകളില്‍ ബെവ്കോ ഔട്ട്ലെറ്റുകള്‍ അനുവദിക്കുക എന്ന ആശയം കോര്‍പറേഷന്‍ എംഡിയും ഗതാഗതമന്ത്രിയും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. നിര്‍മിക്കുക, ഓപ്പറേറ്റ് ചെയ്യുക, പിന്നെ കൈമാറുക (ബിഒടി) എന്ന വ്യവസ്ഥയില്‍ കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ നിയന്ത്രണത്തിലുള്ള അങ്കമാലി, കോഴിക്കോട്, തിരുവല്ല, തിരുവനന്തപുരം തമ്പാ
നൂര്‍ എന്നിവിടങ്ങളിലെ കൂറ്റന്‍ ബസ് ടെര്‍മിനല്‍ സമുച്ചയങ്ങളില്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകളില്‍ വാടകക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്നിടങ്ങളിലും മദ്യത്തിന്റെ ചില്ലറവില്പനയ്ക്ക് സൗകര്യമൊരുക്കും. കൊട്ടാരക്കര ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള വര്‍ക്ഷോപ് ഭാഗത്തും, കോഴിക്കോട് എടപ്പാള്‍, തിരുവനന്തപുരം പാപ്പനംകോട് എന്നിവിടങ്ങളിലും മദ്യവില്പനയ്ക്ക് വിപുലമായ സംവിധാനങ്ങളോടെ പുതിയ സമുച്ചയങ്ങള്‍ നിര്‍മിച്ചുനല്‍കാനും നിര്‍ദേശമുണ്ട്. ബസ് ടെര്‍മിനലുകളില്‍ മദ്യം വാങ്ങാനുള്ള നീണ്ട ക്യൂ ഒഴിവാക്കുന്നതിന് ടോക്കണ്‍ വാങ്ങി ഊഴം കാത്തിരിക്കുന്നതിന് പ്രത്യേക ഹാളും മറ്റും ഒരുക്കുമത്രെ.

പണ്ടേ നഷ്ടത്തിലോടിയിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് കൊവിഡ് നിയന്ത്രണങ്ങളുടെയും ഡീസല്‍വിലക്കയറ്റത്തിന്റെയും ആഘാതത്തില്‍ നട്ടംതിരിയുമ്പോള്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ സ്ത്രീകളും കുട്ടികളും അന്യദേശക്കാരും വിദേശ ടൂറിസ്റ്റുകളുമടക്കം നൂറുകണക്കിന് യാത്രക്കാര്‍ പലപ്പോഴും ഏറെസമയം ചെലവഴിക്കുന്ന ബസ് ടെര്‍മിനലുകളില്‍ മദ്യവില്പന തുടങ്ങുന്നതിന്റെ സാമ്പത്തികനേട്ടം എന്തായാലും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ എന്തായിരിക്കും എന്ന് പരിശോധിക്കേണ്ടതുണ്ട്. ലഹരിവിമുക്തി പ്രചാരണത്തിന്റെ പേരില്‍ കോടികള്‍ മുടക്കുന്ന ഗവണ്‍മെന്റ് മദ്യം സാര്‍വത്രികമായി ലഭ്യമാക്കുന്നതിലെ വൈരുധ്യം ഒരുഭാഗത്ത്. ഉത്സവങ്ങളും പെരുന്നാളുകളും വോട്ടെടുപ്പും മറ്റും നടക്കുന്ന പ്രദേശങ്ങളില്‍ വലിയ ആള്‍ക്കൂട്ടവും ക്രമസമാധാനപ്രശ്നവും ഉണ്ടാകുമെന്നുകണ്ടാണ് 48 മണിക്കൂര്‍ മദ്യവില്പന നിരോധിക്കുന്നത്. വര്‍ഷത്തില്‍ 365 ദിവസവും ആള്‍ക്കൂട്ടമുണ്ടാകാറുള്ള ബസ് ടെര്‍മിനലുകളെ മദ്യാസക്തരുടെ താവളമാക്കുന്നത് സുരക്ഷിതമാണോ?

മദ്യം വാങ്ങാന്‍ കൂടുതല്‍ ആളുകള്‍ ബസ് ടെര്‍മിനലുകളിലേക്കു യാത്രചെയ്യുന്നതിലൂടെ കെഎസ്ആര്‍ടിസി ടിക്കറ്റ് വരുമാനം കൂടുമെന്നാണ് ഒരു വാദം. മദ്യക്കുപ്പികളുമായി യാത്രചെയ്യാന്‍ നിലവിലെ നിയമം അനുവദിക്കുന്നുണ്ടോ? ബസില്‍ മദ്യപരുടെ എണ്ണം പെരുകുന്നത് സാധാരണ യാത്രക്കാര്‍ക്ക് അത്ര സുഖകരമായ അനുഭവമാകാനിടയില്ല. അതിനെക്കാള്‍ ആപല്‍ക്കരമാണ് മദ്യാസക്തിയുള്ള ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഏതു സ്റ്റാന്‍ഡിലും മദ്യം സുലഭമാകുന്ന അവസ്ഥ. ഇപ്പോഴത്തെ നിയമപ്രകാരം മദ്യം കൈവശം വച്ചുകൊണ്ട് ഒരു ജീവനക്കാരനും ജോലിക്കു കയറാന്‍ പാടില്ല. മദ്യപിച്ച് വണ്ടിയോടിക്കുന്നയാള്‍, അത് ‘ആനവണ്ടി’യായാലും, ഒരു മനുഷ്യബോംബ് തന്നെയാണ്.

ദേശീയപാതയോരത്ത് മദ്യവില്പന പാടേ നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെ മറികടക്കാന്‍ എന്തെല്ലാം വളഞ്ഞവഴികളാണ് നമ്മുടെ ഭരണാധികാരികള്‍ തേടിയത്! സംസ്ഥാനത്തെ മദ്യലോബിയുടെ ശക്തി എന്തെന്ന് തിരിച്ചറിയുന്നവരാണ് ഇടതുമുന്നണി ഭരണനേതൃത്വം. സംസ്ഥാനത്തെ 748 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പതനം നാമെല്ലാം കണ്ടതാണ്. യുഡിഎഫ് അധികാരമൊഴിയുമ്പോള്‍ 29 ബാറുകള്‍ മാത്രമാണ് സംസ്ഥാനത്ത് അവശേഷിച്ചിരുന്നത് എന്നോര്‍ക്കണം. ബെവ്കോയുടെ ഔട്ട്ലെറ്റുകള്‍ 10 ശതമാനം
വീതം അനുക്രമം കുറച്ചുകൊണ്ടുവരുമെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു. പിണറായി സര്‍ക്കാര്‍ ആദ്യം 407 ബാറുകളുടെ ലൈസന്‍സ് പുതുക്കിനല്‍കി; 182 പുതിയ ബാറുകള്‍ അനുവദിക്കുകയും ചെയ്തു. കണ്‍സ്യൂമര്‍ഫെഡിന്റെ 29, ബെവ്കോയുടെ 270 വില്പനകേന്ദ്രങ്ങള്‍ക്കു പുറമെ കൊവിഡ്കാലത്ത് പുറത്തേക്കുള്ള
വില്പന കൂടി അനുവദിച്ച ബാര്‍ കൗണ്ടറുകള്‍ കൂടി കൂട്ടുമ്പോള്‍ 906 ഔട്ട്ലെറ്റുകള്‍ ഇപ്പോള്‍തന്നെയുണ്ട്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നികുതി (244% മുതല്‍ 254% വരെ) ചുമത്തിയിട്ടും കേരളത്തില്‍ മദ്യവില്പനയില്‍ ഒരു ഇടിവും ഉണ്ടാകുന്നില്ല എന്നത് എത്ര വലിയ സാമൂഹിക രോഗലക്ഷണമാണ്! കൊവിഡ് ദുരിതസാഹചര്യങ്ങളും രാഷ്ട്രീയ നേട്ടത്തിനായി ചൂഷണം ചെയ്യുന്നവര്‍ മദ്യാസക്തിയെ എങ്ങനെയൊക്കെ മുതലാക്കാം എന്നതില്‍ ശ്രദ്ധയൂന്നുന്നതില്‍ എന്ത് ആശ്ചര്യം!

 


Tags assigned to this article:
bevcoKsrtc

Related Articles

തീരശോഷണത്തിന് ശാശ്വത പരിഹാരം തേടണം

ആര്‍ക്കും പ്രവചിക്കാവുന്ന ചാക്രിക പ്രതിഭാസമാണ് കാലവര്‍ഷവും കടല്‍ക്ഷോഭവും തീരദേശ ജനതയുടെ പ്രാണനൊമ്പരവും. ദീര്‍ഘകാല പരിപ്രേഷ്യത്തോടുകൂടി പ്രകൃതിദുരന്താഘാത പ്രതിരോധശേഷിയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി കേരളം പുനര്‍നിര്‍മിച്ചുകൊണ്ടിരിക്കുന്നതായി ‘പ്രത്യേക മാനസികാവസ്ഥയുള്ള’

പൊലീസ് ക്രിമിനലുകളെ പോറ്റുന്നതാര്?

മര്യാദയോടെ, എന്നാല്‍ ദൃഢമായി: ഇതാണ് കേരള പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ അടയാളവാക്യം. കുറ്റകൃത്യങ്ങളും കുറ്റവാളികളെയും ട്രാക്ക് ചെയ്യാനുള്ള നെറ്റ്‌വര്‍ക്കും സിസ്റ്റവും, തൊഴില്‍ തേടുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റിനും ഉദ്യോഗാര്‍ഥിയുടെ

പ്രവചനാതീതമായ പരിണതികളിലേക്ക്

ഇന്നു ജീവിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ ആയുസിലെ ഏറ്റവും വിധിനിര്‍ണായകമായ തെരഞ്ഞെടുപ്പു ഫലമാണിത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും വോട്ടെണ്ണിതീരുമ്പോള്‍ തെളിയുന്ന കക്ഷിനിലയും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളും എന്തായാലും ഭാരതം എന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*