ബഹുസ്വരത അമര്‍ച്ച ചെയ്യപ്പെടുമ്പോള്‍

ബഹുസ്വരത അമര്‍ച്ച ചെയ്യപ്പെടുമ്പോള്‍

ഈ കുറിപ്പെഴുതുമ്പോള്‍ ഡല്‍ഹിയിലെ സാകേതില്‍ ടി. എം കൃഷ്ണയുടെ കച്ചേരി അരങ്ങേറുന്നുണ്ട്. മാഗ്‌സസേ അവാര്‍ഡ് ജേതാവായ സംഗീതജ്ഞന്‍ മാത്രമല്ല ടി. എം കൃഷ്ണ. വിട്ടുവീഴ്ചയില്ലാത്ത തന്റെ നിലപാടുകള്‍ കൊണ്ട് തീവ്രവലതുപക്ഷ ചിന്തയെ വെല്ലുവിളിക്കുന്നതിലൂടെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി അദ്ദേഹം മാറിയിരിക്കുന്നു. സംഗീതത്തെ ചിന്തയുടെ പ്രസരണമായിക്കൂടി കരുതുകയും കര്‍ണാടക സംഗീതത്തിന്റെ വരേണ്യജാതിബോധത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു ഈ കലാകാരന്‍. ഏതെങ്കിലുമൊരു ജാതിയുടെയോ മതത്തിന്റെയോ വര്‍ഗത്തിന്റെയോ വംശത്തിന്റെയോ അധീശത്വം അംഗീകരിച്ച് വിഭിന്ന സംസ്‌കാരങ്ങള്‍ വായ്മൂടി ജീവിക്കുന്ന ഈ കാലത്ത് മേല്‍ക്കൈ നേടിയെടുത്ത ചിന്തയെ അദ്ദേഹം കടന്നാക്രമിക്കുന്നു. തന്റെ ആവിഷ്‌ക്കാര രൂപമായ സംഗീതത്തെ ജനാധിപത്യ സംസ്‌കാരത്തിന്റെ സ്വരമായി പരുവപ്പെടുത്തിയ ഈ ധിഷണാശാലിയെ സംഘടിത ശക്തികള്‍ ഹിംസാത്മകമായി നേരിടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡല്‍ഹിയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച തന്റെ (ടി. എം കൃഷ്ണയുടെ) സംഗീതക്കച്ചേരി അവസാന നിമിഷത്തില്‍ വേണ്ടെന്നു വച്ചത്. നെഹ്‌റു പാര്‍ക്കില്‍ സ്പിക്ക്മാക്കേയോട് ചേര്‍ന്ന് എ.എ.ഐ ഒരുക്കാനുദ്ദേശിച്ച മ്യൂസിക്ക് ഇന്‍ദ പാര്‍ക്ക് എന്ന പരിപാടി സംഘപരിവാറിന്റെ പിന്തുണയോടെ നടന്ന സൈബര്‍ ആക്രമത്തെ ഭയന്ന് പിന്‍വലിക്കുകയായിരുന്നു. ജനാധിപത്യ സംസ്‌കാരത്തെ വെല്ലുവിളിക്കുന്ന ഛിദ്രശക്തികളെ കരളുറപ്പോടെ നേരിടേണ്ട ഒരു പൊതുമേഖലാസ്ഥാപനം ഏതാനും ഓലപ്പാമ്പുകള്‍ കണ്ട് ഭയന്ന് പിന്‍മാറുന്ന കാഴ്ച അതിദയനീയമായിരുന്നു. തങ്ങള്‍ക്കു തന്നെ വ്യക്തതയില്ലാത്ത ഏതോ തട്ടാമുട്ടി ന്യായവും പരിപാടി റദ്ദാക്കിയതിനെപ്പറ്റി പത്രക്കുറിപ്പും നല്‍കി. ടി. എം കൃഷ്ണയ്ക്കും സംഘാടകര്‍ക്കുമെതിരെ ഉയര്‍ന്ന ജനാധിപത്യവിരുദ്ധ പരാമര്‍ശങ്ങളും ഭീഷണികളും നാട് ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എങ്ങനെ നോക്കിക്കാണുന്നു. എന്നതിനെപ്പറ്റി ഇതുവരെ ഔദ്യോഗികമായ വിശദീകരണമൊന്നുമില്ല. അല്ലെങ്കില്‍ത്തന്നെ അത്തരം വിശദീകരണങ്ങള്‍ക്ക് ഏതെങ്കിലും കാമ്പുണ്ടാകുമോ എന്ന് സന്ദേഹിക്കുന്നവരെ കുറ്റംപറയാനൊക്കില്ല. നാട് ഭരിക്കുന്ന പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം അനങ്ങിയില്ലെങ്കിലും ഉള്ളിലിരുപ്പ് വ്യക്തമാക്കാന്‍ ഡല്‍ഹി അസംബ്ലിയിലെ പ്രതിപക്ഷ നേതാവും ബിജെപിയുടെ തീവ്രനിലപാട് സ്വരവുമായ വിജേന്ദര്‍ ഗുപ്ത മുന്നോട്ടുവന്നു. റദ്ദാക്കിയ പരിപാടി ഏറ്റെടുത്ത് നടത്താന്‍ മുന്നോട്ട് വന്ന ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെയും ടി. എം. കൃഷ്ണയെയും ഭര്‍ത്സിച്ചുകൊണ്ട് നടത്തിയ പ്രസ്താവനകള്‍ അഹന്ത നിറഞ്ഞ ജനാധിപത്യവിരുദ്ധ പരാമര്‍ശങ്ങള്‍ തന്നെയാണ്. 2019ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ രാഷ്ട്രീയ ആയുധമായ ”നഗരകേന്ദ്രീകൃത നക്‌സലിസം” എന്ന പ്രയോഗമാണ് ടി. എം കൃഷ്ണയ്‌ക്കെതിരെ വിജേന്ദര്‍ ഗുപ്ത നടത്തിയത്. സുധാഭരദ്വാജിനെയും വരവരറാവുവിനെയും ആനന്ദ് തേല്‍തുംബഡേയും പോലുള്ള ബുദ്ധിജീവികളെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തത് ഈ ആയുധം പ്രയോഗിച്ചായിരുന്നല്ലോ. രാജ്യത്തെ പരമോന്നത നീതിപീഠം ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ നിരീക്ഷിച്ചതുപോലെ ജനാധിപത്യത്തില്‍ വിസമ്മതിക്കാനുള്ള അവകാശം വിനിയോഗിക്കുന്നവരെല്ലാം തീവ്രവാദികളാണെന്ന് കരുതേണ്ടതില്ലല്ലോ! ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പില്‍ സുധാദീദിയുടെ അറസ്റ്റ് ഗ്രാമീണ മേഖലകളില്‍ ചിലയിടത്തെല്ലാം ബിജെപിക്ക് തിരിച്ചടിയാകുന്നുണ്ടെന്നത് രാഷ്ട്രീയ സത്യമാണ്.
ഡല്‍ഹി ഗവണ്‍മെന്റിന്റെ പിന്തുണയോടെ ഗാര്‍ഡന്‍ ഓഫ് ഫൈവ് സെന്‍സസില്‍ പാടാനെത്തിയ ടി. എം കൃഷ്ണയെ കേള്‍ക്കാന്‍ രാഷ്ട്രീയ സാംസ്‌കാരികരംഗത്തെ നിരവധി പ്രമുഖരോടൊപ്പം ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. ജനാധിപത്യവിരുദ്ധതയുടെ വക്താക്കള്‍ക്ക് ഇത് അലോസരമുണ്ടാക്കുന്നുവെന്ന് തീര്‍ച്ച. അതാണ് പുറത്തുവന്ന പ്രതികരണങ്ങളില്‍ പലതും. പ്രകടമാക്കിയത്. എന്തായിരുന്നു ടി. എം കൃഷ്ണ എന്ന കര്‍ണാടക സംഗീതജ്ഞനില്‍ തീവ്രവലതുപക്ഷ നിലപാടുകളുള്ളവര്‍ കണ്ടെത്തിയ കുറ്റം? കര്‍ണാടക സംഗീതത്തിന്റെ തനത് രീതികളില്‍ നിന്ന് വിഭിന്നമായ ആലാപനം താന്‍ കൈക്കൊണ്ടു എന്ന കുറ്റം മാത്രമല്ല കൃഷ്ണയില്‍ ആരോപിക്കപ്പെട്ടത്. വിഭിന്നവും സമ്പന്നവുമായ സാംസ്‌കാരിക ശൈലി തന്റെ കലയില്‍ ഇണക്കിച്ചേര്‍ക്കാനും സമഭാവനയോടെ കാണാനും കലയെ വിമര്‍ശ പദ്ധതിയായി നിലനിര്‍ത്താനുമുള്ള പരിശ്രമങ്ങള്‍ സാസ്‌കാരികവും രാഷ്ട്രീയവുമായ മേല്‍ക്കോയ്മ നേടാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ നിലപാടായി വ്യാഖ്യാനിക്കപ്പെടുന്നിടത്താണ് ടി. എം കൃഷ്ണ വലതുപക്ഷ തീവ്രനിലപാടുകള്‍ക്ക് അനഭിമതനായി മാറുന്നത്. കൃഷ്ണ തന്റെ നിലപാടുകള്‍ അഭിമുഖങ്ങളിലും തന്റെ പുസ്തകങ്ങളിലും സംഗീക്കച്ചേരികളിലും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച മുംബൈയിലെ ടാറ്റാ തീയറ്ററില്‍ സംഘടിപ്പിച്ച കലയും ഇടപെടലും എന്ന ടാറ്റാ സാഹിത്യോത്സവത്തില്‍ സംസാരിക്കവേ കൃഷ്ണ പറഞ്ഞു: കലയെ രാഷ്ട്രീയ ഉപകരണമായും കാണേണ്ടതുണ്ട്. രാഷ്ട്രീയത്തിന്റെ സൂക്ഷ്മഭാവങ്ങളില്‍ ആകുകയെന്നാല്‍ മനോഹരമായ ഒരു വര്‍ത്തമാനത്തില്‍ നിങ്ങള്‍ എത്തപ്പെടുകയെന്നാണര്‍ത്ഥം.ടാറ്റാ സാഹിത്യോത്സവത്തില്‍ നടന്ന സജീവമായ സംവാദത്തില്‍ കൃഷ്ണ സൂചിപ്പിച്ച പല ആശയങ്ങളും ജനാധിപത്യത്തില്‍ വേരുകളൂന്നുന്ന കലയെയും ചിന്തകളെയും പറ്റിയായിരുന്നു. ജനാധിപത്യത്തിന്റെ അമൂല്യമായ ഔന്നത്യങ്ങള്‍ തിരഞ്ഞ് നീന്തുന്ന ഒരാളാണ് ഞാന്‍ അതിനിടയില്‍ സങ്കീര്‍ണമായ തിരകളിലുലഞ്ഞ് വ്യത്യസ്തങ്ങളായ അടരുകളിലൂടെ കടന്നുപോകേണ്ടതു തന്നെ. ഉയര്‍ന്ന കൈയടികളോടെ സദസ് കൃഷ്ണയെ കേട്ടുകൊണ്ടിരുന്നു. കലയെക്കുറിച്ചുള്ള നമ്മുടെ ചിന്തകളില്‍ ചില മറവികള്‍ പറ്റാറുണ്ട്. അത് നിരന്തരമായ മനുഷ്യപ്രയത്‌നവും അന്വേഷണവുമാണെന്ന കാര്യം മറക്കാറില്ലേ നമ്മള്‍? അതിന്റെ അരികുകളില്‍ ഏറ്റവും മോശപ്പെട്ടത് പറ്റിനില്‍ക്കുംവരെ ഈ മറവികള്‍ തുടരില്ലേ? ദേശീയോദ്ഗ്രഥനത്തിനുള്ള അവാര്‍ഡ് നേടിയ ഈ കലാകാരന് വേദി നിഷേധിക്കുംവിധത്തില്‍ ആള്‍ക്കൂട്ടം അക്രമാസക്തമാകുന്ന ഈ ആഴ്ചയില്‍ത്തന്നെയാണ് രാജ്യം ദേശീയോദ്ഗ്രഥനം ആഘോഷിക്കുന്നത്. ദേശീയോദ്ഗ്രഥനത്തെപ്പറ്റി കാര്യമായ വര്‍ത്തമാനങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് കണ്ടില്ല. ചര്‍ച്ചയാകേണ്ടവ എന്തെല്ലാമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ അധികാരമുപയോഗിച്ച് അജണ്ടകള്‍ നിര്‍ണയിക്കുന്ന കാലത്ത് നാട്ടുകാര്‍ ഇതൊക്കെ കേട്ടാല്‍ മതിയെന്ന് നേരത്തെ പറഞ്ഞുറപ്പിച്ചതുപോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ദേശീയോദ്ഗ്രഥനദിനത്തില്‍ തന്നെയാണ് ലോക പൗരദിനവും ലോക ടോയ്‌ലറ്റ് ദിനവും. ദേശീയോദ്ഗ്രഥനവും പൗരത്വബോധവും ചര്‍ച്ചയാകാതെ പോകുകയും വെളിയിടമുക്ത വിസര്‍ജന ഭാരതത്തെപ്പറ്റിയുള്ള മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെക്കുറിച്ച് നിറയെ പരിപാടികള്‍ ദേശീയ ടെലിവിഷന്‍, റേഡിയോ ചാനലുകളില്‍ പരന്നൊഴുകുകയും ചെയ്യുന്നു. ചിലത് പറയാതെ പോകുമ്പോഴും ചിലത് കൂടുതലായി പറയുമ്പോഴും അതിന്റെ രാഷ്ട്രീയം പകല്‍പോലെ വ്യക്തമാവും. ദേശീയോദ്ഗ്രഥനമെന്നത് വ്യത്യസ്ത സാംസ്‌കാരിക-സാമൂഹ്യ അടരുകളെ മായ്ച്ചുകളയലായെന്ന് തിരിച്ചറിയേണ്ടതാണ്. ഭാരതത്തിലൂടെ കടന്നുപോയ വ്യത്യസ്ത സാംസ്‌കാരിക പ്രത്യേകതകളെ കാത്തുസൂക്ഷിക്കേണ്ടതിനു പകരം സ്ഥലനാമങ്ങളെ അവയുടെ ഭൂതകാല സാംസ്‌കാരിക ബോധത്തോടെ മാച്ചുകളഞ്ഞ് പുതിയ പേരിട്ടുകളിക്കുന്ന രാഷ്ട്രീയ തങ്കത്തായം ഏതായാലും ദേശീയോദ്ഗ്രഥനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
ഡല്‍ഹി സര്‍ക്കാര്‍ ആതിഥ്യമരുളിയ കൃഷ്ണയുടെ കര്‍ണാടക സംഗീത കച്ചേരി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സദസിനോടു പറഞ്ഞു. ”നിങ്ങള്‍ ഇന്ന് കൃഷ്ണയുടെ സംഗീതം ആസ്വദിക്കാന്‍ മാത്രമല്ല എത്തിയിരിക്കുന്നത്. നിങ്ങളുടെ സാന്നിധ്യം ഒരു പ്രസ്താവനയാണ്- ഈ രാഷ്ട്രം എല്ലാവരുടേതുമാണെന്ന പ്രസ്താവന: വ്യത്യസ്ത സാമൂഹ്യ-സാംസ്‌കാരിക വിഭാഗങ്ങളുടെ പൊതുസ്വത്താണ് ഈ നാടെന്ന പ്രസ്താവന; ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചതിങ്ങനെയാണ്: ”ടി. എം കൃഷ്ണയുടെ അതിമനോഹരമായ കച്ചേരി സംഗീതം കഴിഞ്ഞു. ഇവിടെയെത്തിയ ഡല്‍ഹിക്ക് നന്ദി. ഇത് സംഗീതത്തെപ്പറ്റി മാത്രമല്ല ഈ നാട് വ്യത്യസ്തതകളുടേതാണെന്ന പ്രസ്താവനയെപ്പറ്റികൂടിയാണ്”. കച്ചേരി തുടങ്ങും മുന്‍പ് ടി. എം കൃഷ്ണ സദസിനോടായി പറഞ്ഞു: ”ഈ നിമിഷത്തിന്റെ ബഹുസ്വരതയെന്ന ചൈതന്യത്തോട് ഞാന്‍ ചേര്‍ന്നു നില്‍ക്കുന്നു. ഈ സംഗീത വേളയിലേക്ക് വ്യത്യസ്ത ശബ്ദങ്ങളെ, ഭാഷകളെ പാരമ്പര്യങ്ങളെ മതാനുഭൂതികളെ ഞാന്‍ ചേര്‍ത്തുപിടിക്കുന്നു.”
ടി. എം കൃഷ്ണയെന്ന സംഗീത പ്രതിഭയോടുള്ള ആദ്യത്തെ എതിര്‍പ്പു തുടങ്ങിയത് ക്രിസ്തീയ ആത്മീയാനുഭവഗാനങ്ങളെ കര്‍ണാടക സംഗീത പദ്ധതിയിലാക്കി അവതരിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു എന്നതിന്റെ പേരിലാണ്. സൂഫിസംഗീതത്തിന്റെയും ഹിന്ദുസ്ഥാനി രാഗ പദ്ധതികളുടെയും വിളക്കിച്ചേര്‍ക്കലുകള്‍ തന്റെ ആലാപനത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നു. ശുദ്ധസംഗീതത്തിന്റെയും സൗന്ദര്യത്തിന്റെയും വിമര്‍ശനങ്ങള്‍ മാത്രമായിരുന്നില്ല അത്. ശുദ്ധി അശുദ്ധി സങ്കല്‍പ്പങ്ങള്‍ സാംസ്‌കാരികവും രാഷ്ട്രീയവുമായ ധ്വനികള്‍ പേറിയിരുന്നു. കര്‍ണാടക സംഗീതത്തിന്റെ പ്രത്യേകമായും ഭാരതീയ സംഗീത പാരമ്പര്യങ്ങളുടെ പൊതുവായും ഉള്ള ചരിത്ര സാംസ്‌കാരിക പഠനങ്ങളെല്ലാം ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ സംഗീത പാരമ്പര്യങ്ങളെല്ലാം അതിസങ്കീര്‍ണമായ ചരിത്രവഴികളിലൂടെ സംഘടിച്ചാണ് ഇന്നത്തെ രൂപഭാവങ്ങളിലെത്തിച്ചേര്‍ന്നിട്ടുള്ളത്. വ്യത്യസ്ത പാരമ്പര്യങ്ങളുടെ ബഹുസ്വരതയുടെ നിഴലുകളും നിലാവെട്ടവും അവയില്‍ കലര്‍ന്നുകിടക്കുന്നു. സംഗീതത്തിന്റെ ശുദ്ധപാഠ പ്രയോക്താക്കള്‍ പോലും ഗമകസാധ്യതയുടെ തുറന്നിടലുകളെപ്പറ്റി പറയുന്നുണ്ടല്ലോ. ബഹുസ്വരതയുടെയും സാംസ്‌കാരിക മേളനത്തിന്റെയും ജനാധിപത്യതുറവികളുടെയും മഹത്തായ ചരിത്രപാരമ്പര്യത്തില്‍ തന്റെ സംഗീതത്തെ കണ്ണിചേര്‍ക്കാനാണ് ടി. എം കൃഷ്ണ ഇഷ്ടപ്പെടുന്നത്. അതുതന്നെയാണ് വലതുപക്ഷ തീവ്രനിലപാടുകാരെ ചൊടിപ്പിക്കുന്നത്. ‘എ സതേണ്‍ മ്യൂസിക്ക് കര്‍ണ്ണാടിക് ഹിസ്റ്ററി’ എന്ന പുസ്തകത്തിലും ‘റീഷെയ്ഡിംഗ് ആര്‍ട്ട് ‘ എന്ന പുസ്തകത്തിലും ടി.എം കൃഷ്ണ സംഗീതാനുഭൂതിയുടെ ചരിത്രപരവും സാംസ്‌കാരികവുമായ അടരുകളെ വിശകലനം ചെയ്യുന്നുണ്ട്.
‘കടല്‍ത്തുറൈ മ്യൂസിക്’, ‘പുറമ്പോക്ക് പാടല്‍’ എന്നിങ്ങനെയുള്ള സംഗീതപരീക്ഷണങ്ങളില്‍ തന്റെ പുസ്തകങ്ങളിലെ കാഴ്ചപ്പാടുകളെ ജീവിതാനുഭവ പരിസരങ്ങളിലേക്ക് ഉരുക്കിച്ചേര്‍ക്കുന്നു. കര്‍ണാടക സംഗീത ചരിത്രത്തില്‍ പറ്റിക്കൂടിയ ജാതിബോധത്തിനെതിരായ നിലപാടുകള്‍ കൂടിയായിരുന്നു കൃഷ്ണയുടെ ഈ പരിശ്രമങ്ങള്‍.
കൃഷ്ണയ്‌ക്കെതിരായ തീവ്രവാദ നിലപാടുകള്‍ ആവര്‍ത്തിക്കപ്പെട്ട നാളുകളില്‍ത്തന്നെയാണ് ഇങ്ങ് കേരളത്തില്‍ മഹാഭാരതത്തിന്റെ ബഹുസ്വരപാഠങ്ങളെപ്പറ്റി പ്രഭാഷണങ്ങള്‍ നടത്തുന്ന, കലാസാഹിത്യ അനുഭൂതികളുടെ ചരിത്ര ജീവിതത്തെപ്പറ്റി എഴുതുന്ന അധ്യാപകനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം ഭര്‍ത്സിക്കപ്പെട്ടതും അദ്ദേഹത്തിന്റെ ഓഫീസ് ആക്രമിക്കപ്പെട്ടതും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നു. ഇനിയും പലതും പ്രതീക്ഷിക്കാമല്ലോ! എന്നിരുന്നാലും കാര്‍മേഘങ്ങള്‍ക്കുള്ളില്‍ നിന്നും ജനാധിപത്യ-ബഹുസ്വരതയുടെ സൂര്യകിരണങ്ങള്‍ പുറത്തുവരാതെ തരമില്ലല്ലോ!


Related Articles

പ്രതിസന്ധികള്‍ അതിജീവിച്ച് അന്നക്കുട്ടി നേടിയത് ഒന്നാം റാങ്ക്

  ഒറ്റമശ്ശേരി സെന്റ് ജോസഫ് ഇടവക കുരിശിങ്കല്‍ ജോര്‍ജിന്റെയും ലിസിയുടെയും മകളായ അന്ന ജോര്‍ജാണ് എം എസ് ഡബ്ലയു വുന് കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്ക്

വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ കൊടിയേറി

എറണാകുളം: കാരുണ്യത്തിന്റെയും വിമോചനത്തിന്റെയും നാഥയായ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ മാധ്യസ്ഥ തിരുനാള്‍ കൊടിയേറ്റം ബസിലിക്ക റെക്ടര്‍ ഫാ. മൈക്കിള്‍ തലകെട്ടി നിര്‍വഹിച്ചു. കേരളതീരത്തെ കീര്‍ത്തിത ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ

കണ്ണൂരില്‍ ഇടവക ഗായക സംഘങ്ങളുടെ സംഗമം

കണ്ണൂര്‍: ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണീശോ പിറന്നപ്പോള്‍ മാലാഖമാര്‍ അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം എന്നു പാടിയത് ജനങ്ങള്‍ക്കുവേണ്ടിയായിരുന്നുവെന്ന് ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. ഇന്ന് ദേവാലയത്തില്‍ ക്വയര്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*