ബാലാമിന്റെ അന്ത്യം

ബാലാമിന്റെ അന്ത്യം

ബാലാമിനും കൂടെയുളളവര്‍ക്കും ദൈവദൂതനെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ കഴുതയ്ക്ക് കാണാമായിരുന്നു. കഴുത ഒരടി മുന്നോട്ടുപോകാതെ വഴിയില്‍ കിടന്നു. എത്ര പറഞ്ഞിട്ടും മുന്നോട്ടുപോകാതിരുന്ന കഴുതയെ ബാലാം ശക്തമായി പ്രഹരിച്ചു. അപ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കഴുത സംസാരിക്കാന്‍ തുടങ്ങി: ‘എന്നെ അടിക്കാന്‍ ഞാന്‍ നിന്നോടെന്തു ദ്രോഹം ചെയ്തു’ കഴുത ബാലാമിനോടു ചോദിച്ചു. ബാലാം കഴുതയോടു പറഞ്ഞു: ‘നീ എന്നെ അവഹേളിച്ചു; വാളുണ്ടായിരുന്നെങ്കില്‍ ഞാന്‍ നിന്നെ കൊന്നുകളയുമായിരുന്നു’.
കഴുത ബാലാമിനോടു ചോദിച്ചു: ‘ഇന്നുവരെ നീ സഞ്ചരിച്ചിരുന്ന നിന്റെ കഴുതയല്ലേ ഞാന്‍? ഇതിനുമുമ്പ് ഒരിക്കലെങ്കിലും ഞാന്‍ നിന്നോട് ഇങ്ങനെ ചെയ്തിട്ടുണ്ടോ?’
‘ഇല്ല’-ബാലാം സമ്മതിച്ചു.
ദൈവമാണ് കഴുതയ്ക്ക് മനുഷ്യരെപ്പോലെ സംസാരിക്കാന്‍ ശക്തി നല്കിയത്. കര്‍ത്താവ് ബാലാമിന്റെ കണ്ണുകള്‍ തുറന്നു. ഊരിയ വാളേന്തി വഴിയില്‍നില്‍ക്കുന്ന കര്‍ത്താവിന്റെ ദൂതനെക്കണ്ട് ബാലാം പേടിച്ചുവിറച്ച് നിലത്തു കമിഴ്ന്നുവീണു. കര്‍ത്താവിന്റെ ദൂതന്‍ ബാലാമിനോടു പറഞ്ഞു: ‘കഴുതയെ അടിച്ചതെന്തിന്? നിന്റെ യാത്ര വിവേകശൂന്യമാകയാല്‍ നിന്നെത്തടയാന്‍ ഞാന്‍ വന്നിരിക്കുന്നു. കഴുത എന്നെ കണ്ടാണു മുന്നോട്ടുപോകാന്‍ വിസമ്മതിച്ചത്. അങ്ങനെ വഴിമാറിയില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിന്നെ കൊല്ലുമായിരുന്നു’. അപ്പോള്‍ ബാലാം കര്‍ത്താവിന്റെ ദൂതനോടു പറഞ്ഞു: ‘ഞാന്‍ പാപം ചെയ്തുപോയി; അങ്ങ് എനിക്കെതിരെ വഴിയില്‍നിന്നതു ഞാനറിഞ്ഞില്ല. ഇത് അങ്ങയുടെ ദൃഷ്ടിയില്‍ തിന്മയെങ്കില്‍ ഞാന്‍ തിരിച്ചു പൊയ്‌ക്കൊള്ളാം’.
ദൂതന്‍ ബാലാമിനോടു പറഞ്ഞു: ‘ഇവരുടെ കൂടെ പൊയ്‌ക്കൊള്ളുക; എന്നാല്‍, ദൈവം നിന്നോടു പറയുന്ന വചനം മാത്രമേ നീ പറയാവൂ’. ബാലാക്കിന്റെ സേവകരോടുകൂടെ ബാലാം പോയി.
ബാലാം ബാലാക്കുമൊത്ത് കിരിയാത്ത് ഹൂസോത്തില്‍ ചെന്നു. ബാലാക്ക് കാളകളെയും ആടുകളെയും ബലികഴിച്ച് ബാലാമിനും കൂടെയുണ്ടായിരുന്നവര്‍ക്കും അതില്‍നിന്നു കൊടുത്തയച്ചു. ബാലാം പ്രവചനമാരംഭിച്ചു. ബാലാക്ക് പറഞ്ഞതുപോലെ ഇസ്രായേലിനെ ശപിക്കേണ്ടതിനു പകരം അനുഗ്രഹിക്കുകയാണ് ബാലാം ചെയ്തത്. അവന്റെ അധരങ്ങളിലൂടെ ദൈവമാണ് സംസാരിച്ചിരുന്നത്. ഇതേക്കുറിച്ച് ബാലാക്ക് ചോദിച്ചപ്പോള്‍, കര്‍ത്താവ് തോന്നിക്കുന്ന വചനമാണ് താന്‍ പ്രസംഗിക്കുന്നതെന്ന് ബാലാം പറഞ്ഞു. പിറ്റേന്നു ബാലാക് ബാലാമിനെ ബാമോത്ത്ബാല്‍ എന്ന പൂജാഗിരിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെയും ബലിയര്‍പ്പണവും പ്രവചനവും നടന്നു. ഇത്തവണ ബാലാക്കിന്റെയും ജനതയുടെയും നാശമാണ് പ്രവചിക്കപ്പെട്ടത്. ബാലാക്ക് അസ്വസ്ഥനായി. പെയോര്‍ മലയിലേക്കാണ് അടുത്തതായി ബാലാക്ക് ബാലാമിനെ കൂട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ രണ്ടുതവണത്തെപ്പോലെയും ഇസ്രായേലിനെ അനുഗ്രഹിച്ചുകൊണ്ടായിരുന്നു ബാലാമിന്റെ പ്രവചനം. ബാലാക്കിന് മതിയായി. അയാള്‍ ബാലാമിനെ ശകാരിച്ച് പറഞ്ഞുവിട്ടു.
പെവോര്‍ മലയില്‍ വിജാതിയരുടെ ബാല്‍ എന്ന ഒരു ദൈവമുണ്ടായിരുന്നു. ഇസ്രായേലി പുരുഷന്മാര്‍ ബാലാക്ക് രാജാവിന്റെ മൊവാബ്യസ്ത്രീകളുമായി ബന്ധം സ്ഥാപിക്കുകയും ബാല്‍ ദൈവത്തെ ആരാധിക്കുക
യും ചെയ്തു. കോപിഷ്ഠനായ ദൈവം ഇസ്രായേല്‍ ജനതയുടെമേല്‍ മഹാമാരി വര്‍ഷിച്ചു. ഇരുപത്തിനാലായിരം പേര്‍ മഹാമാരിയില്‍ മരിച്ചുപോയി. ബാലാമിന്റെ അന്ത്യം
ഈ മഹാമാരിക്കുശേഷം ഇസ്രായേല്‍ ജനതയുടെ കണക്കെടുക്കാന്‍ ദൈവം മോശയോടും അഹറോന്റെ പുത്രനായ എലെയാസറിനോടും കല്പിക്കുന്നുണ്ട്. ആറുലക്ഷത്തില്‍പ്പരം പേരായിരുന്നു ഇസ്രായേല്യരായി ഉണ്ടായിരുന്നത്. അതിനുശേഷം ഇസ്രായേല്‍ക്കാരെ അപഥസഞ്ചാരത്തില്‍പ്പെടുത്തി തന്നെ അപമാനിക്കാന്‍ ശ്രമിച്ച മൊവാബ്യര്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ ദൈവം കല്പിച്ചു. ഇസ്രായേല്‍ക്കാര്‍ മിദിയാനെ പൂര്‍ണമായി നശിപ്പിക്കുകയും അവരുടെ മുതലുകള്‍ കൈവശപ്പെടുത്തുകയും ചെയ്തു. മിദിയാനിലെ രാജാക്കന്മാരെ വധിച്ച കൂട്ടത്തില്‍ പ്രവാചകനായ ബാലാമിനെയും അവര്‍ വാളിനിരയാക്കി. മൊവാബുകാരുമായി അവിശുദ്ധബന്ധം സ്ഥാപിക്കാന്‍ ദൈവജനത്തെ പ്രേരിപ്പിച്ചത് ബാലാമായിരുന്നു. ബാലാമിന്റെ കഥ പറയുന്ന വിശുദ്ധഗ്രന്ഥത്തിലെ സംഖ്യ പുസ്തകത്തില്‍ യുദ്ധത്തിനുശേഷം ജനങ്ങളോടുള്ള അഭിസംബോധനയില്‍ മോശ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: ഇവരാണു (മൊവാബ്യസ്ത്രീകള്‍) ബാലാമിന്റെ ഉപദേശപ്രകാരം പെയോറിലെ സംഭവത്തില്‍ ഇസ്രായേല്യരെ കര്‍ത്താവിനെതിരെ തെറ്റുചെയ്യാന്‍ പ്രേരിപ്പിച്ചത് (സംഖ്യ 31:16). മോശയുടെ പിന്‍ഗാമിയായ ജോഷ്വാ പിന്നീട് ബാലാമിനെ വിശേഷിപ്പിക്കുന്നത് മന്ത്രവാദിയായാണ് (ജോഷ്വാ 13:22).
ദൈവത്തിന്റെ പിന്തുണയുണ്ടായിട്ടും തെറ്റിലേക്ക് നീങ്ങാനാണ് ബാലാം ശ്രമിച്ചത്. അതിനുതക്ക ശിക്ഷ ലഭിക്കുകയും ചെയ്തു. നമ്മുടെ ഓരോ പ്രവൃത്തിക്കുമുമ്പും ദൈവഹിതം അറിയുകയും അതനുസരിക്കുകയും വേണം. ദൈവത്തെ അളക്കാനോ ചതിക്കാനോ ഒളിക്കാനോ സാധിക്കില്ലെന്നു കൂടി ബാലാമിന്റെ കഥ പഠിപ്പിക്കുന്നുണ്ട്.
(തുടരും)


Related Articles

കാരുണ്യ ഭവനത്തിന് തറക്കല്ലിട്ടു

  കോട്ടപ്പുറം: വടക്കന്‍ പറവൂര്‍ വിശുദ്ധ ഡോണ്‍ബോസ്‌കോ ദേവാലയത്തില്‍ മതബോധന വിദ്യാര്‍ത്ഥികള്‍ ഭവനം ഇല്ലാത്ത നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി നിര്‍മിച്ചുനല്‍കുന്ന കാരുണ്യ ഭവനത്തിന് കോട്ടപ്പുറം രൂപത മത ബോധന

സ്‌ത്രൈണ നിശബ്ദതയിലെ വാചാലതകള്‍

നമ്മുടെയിടയില്‍ അടിച്ചമര്‍ത്തലിന്റെ വേരുകള്‍ ആഴമായി ചൂഴ്ന്നിറങ്ങുന്നുണ്ടോയെന്ന് ആദ്യം തിരിച്ചറിയുന്നതും പ്രഖ്യാപിക്കുന്നതും സ്ത്രീകളായിരിക്കും എന്നു പറഞ്ഞത് How to Lose a Country എന്ന കൃതി എഴുതിയ ഏസെ

പ്രളയത്തിന് ഒടുവിലെ മഴവില്ല്

കൊച്ചി: ഒരു ഫോണ്‍ കോള്‍ ആയിരുന്നു തുടക്കം. 16-ാം തീയതി വൈകീട്ട് വിദേശത്തുള്ള കൂട്ടുകാരന്‍ ഫിറോസ് തന്റെ പ്രായമായ ഭാര്യാപിതാവിനെയും മാതാവിനെയും ആലുവയില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരാന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*