ബില്ലി ഗ്രഹാം: ഒരു പ്രകാശവര്‍ഷത്തിന്റെ ഓര്മ

ബില്ലി ഗ്രഹാം എന്ന ലോകപ്രശസ്ത സുവിശേഷകന് കത്തോലിക്കനായിരുന്നില്ല. പക്ഷേ, ക്രിസ്തുവിനെ സ്നേഹിച്ച, ബൈബിളിനെ സ്നേഹിച്ച, വിശ്രമമില്ലാതെ ക്രിസ്തുവിനെ പ്രഘോഷിച്ച മഹാനായ സുവിശേഷ പ്രവര്‍ത്തകനായിരുന്നു. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: “എനിക്കു തോന്നുന്നു, ഞാന്‍ തീവ്രവാദികളായ പ്രോട്ടസ്റ്റന്റുകാരോടെന്നതിനേക്കാള് കത്തോലിക്കരോട് ഹൃദയം കൊണ്ട് അടുപ്പമുള്ളവനാണെന്ന്. ഒരു രണ്ടാം നവോത്ഥാനത്തിലൂടെ കത്തോലിക്കാ സഭ കടന്നു പോവുകായണിന്ന്”. തീവ്രവാദിയെയല്ല, സന്തുലിതമായ മനസുണ്ടായിരുന്ന ഒരു വചനപ്രഘോഷകനെയാണ് നാം ബില്ലിയില്‍ കണ്ടെത്തുന്നത്. അതുകൊണ്ട് കൂടിയാകണം, പ്രമുഖരായ യുഎസ് പ്രസിഡന്റുമാര്‍ ബില്ലിയുടെ ഉപദേശം തേടിയിരുന്നത്. ഏറ്റവും കൂടുതല്‍ ആളുകളോട് സുവിശേഷം പ്രഘോഷിച്ച സുവിശേഷകന് എന്ന പുകള്‍ ബില്ലിയുടെ പേരിലാണ്. ബില്ലി ഗ്രഹാം ഓര്‍മയാകുമ്പോള്‍ ലോകം ഒരു പ്രകാശവര്‍ഷം പിന്നിട്ട അനുഭവമാണ്. വാക്കിലൂടെ ലോകത്തില്‍ പ്രസരിപ്പിച്ച പ്രകാശം ലോകത്തിന്റെ സമയമാപിനികള്ക്ക് അളക്കാനാവില്ലല്ലോ!
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്പാപ്പയെയും ആര്‍ച്ച്ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീനിനെയും ആദരിച്ചിരുന്ന ബില്ലി ഗ്രഹാം 1979ല്‍ ജോണ്‍ പോള്‍ പാപ്പയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്: “എനിക്ക് തോന്നുന്നു, അമേരിക്കന്‍ ജനത ഇന്ന് ഒരു നേതാവിനെ തിരയുകയാണെന്ന്-ഒരു ആത്മീയ, ധാര്‍മിക നേതാവിനെ. മാര്‍പാപ്പ അങ്ങനെയുള്ള ഒരാളാണ്”.�
1980ല്‍ ജോണ്‍ പോള്‍ രണ്ടാമന് അമേരിക്ക സന്ദര്‍ശിച്ച വേളയില്‍ ബില്ലി പറഞ്ഞു: “അദ്ദേഹം ആധുനിക ലോകത്തിലെ ഏറ്റവും വലിയ ആത്മീയ നേതാവായി മാറിക്കഴിഞ്ഞു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആദ്ധ്യാത്മിക നേതാവാണ് പാപ്പാ. പാപ്പാ അമേരിക്കയിലേക്ക് വരുന്നത് ഒരു അജപാലകനോ രാഷ്ട്രനേതാവോ ആയിട്ടായിരിക്കാം. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ കാണുന്നത് ഒരു സുവിശേഷപ്രഘോഷകനായാണ്”.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബില്ലി വാന്‍കൂവറിലെ പാപ്പായുടെ സന്ദേശത്തെ കുറിച്ച് പറഞ്ഞു: “ഞാന്‍ നിങ്ങളോട് പറയുന്നു, ഞാന്‍ ഇന്നോളം കേട്ടിട്ടുള്ളതില്‍ ഏറ്റവും ആര്‍ജവമുള്ള സുവിശേഷപ്രഭാഷണമാണത്. ഇന്ന് ലോകത്തിന് നഷ്ടമായിട്ടുള്ള ധാര്‍മിക നേതൃത്വമാണ് മാര്‍പാപ്പ നല്‍കുന്നത”.
ജസ്റ്റ് ആസ് ഐ ആം എന്ന ആത്മകഥയില്‍ കത്തോലിക്കാ പ്രഭാഷകനായ ഫുള്‍ട്ടന്‍ ജെ. ഷീനിനെക്കുറിച്ച് ബില്ലി പരാമര്‍ശിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കമ്മ്യൂണിക്കേറ്റര്‍ എന്നാണ് ഷീനിനെ ബില്ലി വിശേഷിപ്പിച്ചത്. കാത്തലിക്ക് ബില്ലി ഗ്രഹാം എന്ന് പ്രശസ്ത ടിവി-റേഡിയോ സുവിശേഷ പ്രഭാഷകനായിരുന്ന ഷീനിനെ ലോകം വിശേഷിപ്പിച്ചിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുണ്ടായിരുന്ന പ്രഭാഷകന്മാരില്‍ ഒരാളായിരുന്ന ബില്ലി ഗ്രഹാം ജനിച്ചത് 1918 നവംബര്‍ 17നാണ്. ബാല്യകാലത്ത് കോമിക് കഥാപാത്രമായ ടാര്സന് ആയിരുന്നു ആരാധനാപാത്രം. ടാര്‍സനെ പോലെ മരങ്ങളില്‍ തൂങ്ങിയാടുന്നത് ബില്ലിയുടെ വിനോദമായിരുന്നു. 1934 ല്‍ മോര്ദേക്കായ് ഹാം എന്ന സുവിശേഷകനുമായുള്ള ബന്ധം ബില്ലിയുടെ മാനസാന്തരത്തിന് വഴിതെളിച്ചു. 1937ല്‍ വിദ്യാര്‍ത്ഥിയായിരിക്കെ ബില്ലി തന്റെ പ്രഥമ സുവിശേഷ പ്രഭാഷണം നടത്തി.
ക്രൂസേഡുകള്‍ എന്നറിയപ്പെട്ടിരുന്ന പ്രഭാഷണ പരമ്പരകളിലൂടെ ആറ് ഭൂഖണ്ഡങ്ങളില്‍ 185 രാജ്യങ്ങളില്‍ ബില്ലി ക്രിസ്തുവിനെ പ്രഘോഷിച്ചുകൊണ്ട് കടന്നുചെന്നു. തന്റെ ജീവിതകാലത്ത് പത്തു കോടിയിലേറെ ആളുകളോട് ബില്ലി ഗ്രഹാം സുവിശേഷം പ്രഘോഷിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ട് പ്രതികരിക്കുകയും യേശുവിനെ പിന്‍ചെല്ലുകയും ചെയ്തവരുടെ എണ്ണം മുപ്പത് ലക്ഷത്തോളം വരും. 1992 മുതല്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ബില്ലി ഗ്രഹാം വിധേയനായി. തന്റെ പ്രിയപ്പെട്ട നേതാവായിരുന്ന ജോണ്‍ പോള്‍ രണ്ടാമന് പാപ്പായെ ബാധിച്ച അതേ അസുഖം അദ്ദേഹത്തെയും ബാധിച്ചത് ആകസ്മികമായി തോന്നാം.
ബില്ലി ഗ്രഹാം ഓര്‍മയായി മാറിയ ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞ ആ വാക്യം നമ്മുടെ കാതുകളില്‍ മുഴങ്ങുന്നു: “ഒരു ദിവസം നിങ്ങള്‍ കേള്‍ക്കും ബില്ലി ഗ്രഹാം മരിച്ചു എന്ന്. അത് നിങ്ങള്‍ വിശ്വസിക്കരുത്. അന്ന് ഞാന്‍ ഇന്നത്തേക്കാള്‍ ജീവന്റെ നിറവിലായിരിക്കും. എന്റെ മേല്‍വിലാസം മാറിയിട്ടുണ്ടാകും എന്നേയുള്ളൂ. ഞാന്‍ ദൈവസന്നിധിയിലേക്ക് യാത്രയായിട്ടുണ്ടാകും!”
-അഭിലാഷ് ഫ്രേസര്‍
Related
Related Articles
മോണ്‍. വി പി ജോസ് നെയ്യാറ്റിന്‍കര മീഡിയാ കമ്മീഷന് ഡയറക്ടറായി ചുമതലയേറ്റു.
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ മീഡിയാ കമ്മീഷന്റെ പുതിയ സാരഥികളായി മോണ്‍. വി പി ജോസ് ഡയറക്ടറും ഫാദര്‍ സജിന്‍ തോമസ് ഫാദര്‍ ജിബിന്‍
നിന്റെ മഹത്വം എന്നെയും കാണിക്കണമേ: ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ
നിന്റെ മഹത്വം എന്നെയും കാണിക്കണമേ യേശുവിന്റെ വചനങ്ങള്‍ ശ്രവിക്കുവാന് ജനങ്ങള്‍ ഗനേസറത്തു തടാകത്തിന്റെ തീരത്തുകൂടുന്നതും തീരത്തുണ്ടായിരുന്ന ശിമയോന്റെ വള്ളം ഈശോ വചനപ്രഘോഷണത്തിന്റെ വേദിയാക്കി മാറ്റുന്നതും, രാത്രി
ചെല്ലാനം തീരസംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്വം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: ഫോര്‍ട്ടുകൊച്ചി മുതല്‍ ചെല്ലാനം വരെയുള്ള തീരദേശത്തു താമസിക്കുന്നവരുടെ കഷ്ടപ്പാടുകള്‍ കേരളത്തിന്റെയും രാജ്യത്തിന്റെയും ദുരിതമാണെന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തണമെന്ന് കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി) അധ്യക്ഷന്‍ കര്‍ദിനാള്‍