ബിഷപ് പൗലോ മാര്‍ട്ടിനെല്ലി ദക്ഷിണ അറേബ്യ അപ്പസ്തോലിക വികാരി
by admin | May 9, 2022 6:41 am
അബുദാബി: ഐക്യ അറബ് എമിറേറ്റ്സ് (യുഎഇ), ഒമാന്‍, യെമന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തിന്റെ അപ്പസ്തോലിക വികാരിയായി ഇറ്റലിയിലെ മിലാന് അതിരൂപതയിലെ സഹായമെത്രാനായ ഫ്രാന്‍സിസ്കന്‍ കപ്പുച്ചിന്‍ സഭാംഗംപൗലോ മാര്‍ട്ടിനെല്ലിയെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. സ്വിറ്റ്സര്‍ലന്‍ഡുകാരനായ കപ്പുച്ചിന്‍ സഭാംഗം ബിഷപ് പോള്‍ ഹിന്‍ഡര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.
മിലാനില്‍ ജനിച്ച മാര്‍ട്ടിനെല്ലി ഇരുപതാം വയസ്സിലാണ് ഫ്രാന്‍സിസ്കന്‍ കപ്പുച്ചിന്‍ സഭയില്‍ ചേര്‍ന്നത്. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലും അന്തോണിയാനും പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയിലും ദൈവശാസ്ത്ര അധ്യാപകനും, ഫ്രാന്‍സിസ്കന്‍ ആധ്യാത്മികതയുടെ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡീനുമായിരുന്ന മോണ്‍. മാര്‍ട്ടിനെല്ലി 2014 ജൂണിലാണ് മിലാന് കത്തീഡ്രലില്‍ മെത്രാനായി അഭിഷിക്തനായത്.
സ്ഥാനമൊഴിയുന്ന ബിഷപ് പോള്‍ ഹിന്‍ഡര്‍ ഒഎഫ്എം ക്യാപ്, അറേബ്യയിലെ സഹായമെത്രാനായി 2003 ഡിസംബ
റിലാണ് നിയമിതനായത്. ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെട്ട അവിഭക്ത അറേബ്യ വികാരിയാത്തിന്റെ അപ്പസ്തോലിക വികാരിയായി 2005 മാര്‍ച്ചില്‍ ചുമതലയേറ്റു. വടക്ക്, തെക്ക് അറേബ്യന്‍ മേഖലകളായി വികാരിയാത്ത് വിഭജിക്കപ്പെട്ടതോടെ അദ്ദേഹം ദക്ഷിണ അറേബ്യയുടെ അപ്പസ്തോലിക വികാരിയായി. യുഎഇയിലെ അബുദാബിയിലാണ് ദക്ഷിണ അറേബ്യ വികാരിയാത്തിന്റെ ആസ്ഥാനം. 2020 മേയ് മുതല്‍ ബിഷപ് പോള്‍ ഹിന്‍ഡര്‍ കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ അറേബ്യ വികാരിയാത്തിന്റെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുടെ ചുമതല കൂടി വഹിച്ചുവരികയായിരുന്നു. ഇസ്ലാമിക ഭീകരവാദികളുടെ ഭീഷണി വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ”അബ്രഹാമിന്റെ സന്തതികളുടെ” പൈതൃകത്തിലൂന്നിഅബുദാബിയില് 2019 ഫെബ്രുവരിയില്‍ ഈജിപ്തിലെ അല്‍ അസ്ഹറിലെ വലിയ ഇമാം ഷെയ്ഖ് അഹമ്മദ് അല്‍ തയിബ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക പണ്ഡിതന്മാരുമായി ഫ്രാന്‍സിസ് പാപ്പാ സംവദിക്കുകയും മാനവസാഹോദര്യത്തിന്റെ ഉടമ്പടിയില്‍ ഒപ്പുവയ്ക്കുകയും ചെയ്തത് ലോകസമാധാനത്തിനും സാംസ്കാരിക സമന്വയത്തിനും ഏറെ പ്രാധാന്യമേറിയ ചരിത്രസംഭവമായിരുന്നു.
Click to join Jeevanaadam Whatsapp Group[1]
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക[2]
Related
Endnotes:- Click to join Jeevanaadam Whatsapp Group: https://chat.whatsapp.com/Dk0CZTu6I3T4N8w23IiWDQ
- ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക: https://chat.whatsapp.com/Dk0CZTu6I3T4N8w23IiWDQ
Source URL: https://jeevanaadam.in/%e0%b4%ac%e0%b4%bf%e0%b4%b7%e0%b4%aa%e0%b5%8d-%e0%b4%aa%e0%b5%97%e0%b4%b2%e0%b5%8b-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d/