ബിസിസി റീജിയണല്‍ സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം

by admin | November 25, 2021 7:21 am

ബനൗലിം/ഗോവ: ഇന്ത്യയിലെ ലത്തീന്‍ രൂപതകളുടെ ദേശീയ മെത്രാന്‍ സമിതികളുടെ കീഴില്‍ വരുന്ന 14 മേഖല ബിസിസി കമ്മീഷന്‍ സെക്രട്ടറിമാരുടെയും ദേശീയ ബിസിസി സര്‍വ്വീസ് ടീം അംഗങ്ങളുടെയും വാര്‍ഷിക സമ്മേളനം ഗോവയിലെ ബനൗലിമിലുള്ള സിസിബിഐ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ചേര്‍ന്നു.

ദേശീയ ബിസിസി കമ്മീഷന്‍ ചെയര്‍മാനായ ചണ്ഡിഗഡ്/സിംല രൂപതയുടെ അധ്യക്ഷന്‍ ബിഷപ് ഡോ. ഇഗ്‌നേഷ്യസ് മസ്‌കരീനാസിന്റെയും പുനലൂര്‍ രൂപതാ അധ്യക്ഷന്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെയും നേതൃത്വത്തില്‍ ബിസിസികളുടെ ദേശീയ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോര്‍ജ് ജേക്കബാണ് സമ്മേളനം സംഘടിപ്പിച്ചത്. സിസിബിഐ പ്രസിഡന്റ് ഗോവ ആര്‍ച്ച്ബിഷപ് ഡോ. ഫിലിപ്പ് നേരി ഫെറാവോ ആമുഖപ്രസംഗം നടത്തി.

ഓരോ രൂപതകളിലും റീജിയണല്‍ റിസോഴ്സ് ടീമിന്റെ നേതൃത്വത്തില്‍ രൂപതാ റിസോഴ്സ് ടീം രൂപീകരിച്ച് ബിസിസി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ അഞ്ചുദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ തീരുമാനമായി. 2023ലെ സിനഡിനു മുന്നോടിയായി കുടുംബസിനഡുകള്‍ നടത്തേണ്ടതിന് റിസോഴ്സ് മെറ്റീരിയല്‍ തയ്യാറാക്കുവാനും ബിസിസികള്‍ വഴി വിശ്വാസികള്‍ക്ക് എത്തിക്കുവാനും തീരുമാനിച്ചു. ബിസിസി സിനഡുകള്‍ നടത്തിക്കൊണ്ട് സിനഡല്‍ പ്രക്രിയ സജീവമാകുമ്പോള്‍ ബിസിസി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കി.

ഒരുമിച്ചു നടക്കുവാനും പരസ്പരം കേള്‍ക്കുവാനുമുള്ള നല്ലൊരു അവസരമായി സിനഡിനായുള്ള ഒരുക്കപ്രക്രിയയെ മാറ്റിയെടുക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. സിനഡിന്റെ മൂന്നു പ്രധാനപ്പെട്ട വിഷയങ്ങളായ കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്നീ വിഷയങ്ങള്‍ ബിസിസി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ പോരുന്ന അടിസ്ഥാന ചിന്തകള്‍ ആഴപ്പെടുത്തുവാന്‍ പര്യാപ്തമാണ്. ഈ വിഷയങ്ങള്‍ ബിസിസികളില്‍ ചര്‍ച്ച ചെയ്തുകൊണ്ട് എല്ലാവരെയും കേള്‍ക്കുന്ന പ്രക്രിയയ്ക്ക് ബിസിസികള്‍ നേതൃത്വം കൊടുക്കണമെന്ന് ഐകകണേ്ഠന തീരുമാനിച്ചു.

കേരള റീജിയണില്‍നിന്നു ബിസിസി കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഗ്രിഗറി ആര്‍ബിയും ദേശിയ സര്‍വ്വീസ് ടീം അംഗമായ മാത്യു ലിങ്കന്‍ റോയിയും ആലപ്പുഴ രൂപത ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടിലും പുനലൂര്‍ മിനിസ്ട്രി കോര്‍ഡിനേറ്റര്‍ ഫാ. ബെനെഡിക്ടും പങ്കെടുത്തു.

Source URL: https://jeevanaadam.in/%e0%b4%ac%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b8%e0%b4%bf-%e0%b4%b1%e0%b5%80%e0%b4%9c%e0%b4%bf%e0%b4%af%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d/