ബുദ്ധിമതിയായ ഭാര്യ

ബുദ്ധിമതിയായ ഭാര്യ

പണ്ട് പണ്ട് ആഫ്രിക്കയില്‍ ഒരു ട്രൈബല്‍ ചീഫ് ഉണ്ടായിരുന്നു. ഏവരാലും ബഹുമാനിതനായ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തേടി പല ഗോത്രത്തലവന്മാരും വരുമായിരുന്നു. ഓരോരുത്തരുടെയും ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും തക്കതായ ഉത്തരം ചീഫ് നല്‍കുമായിരുന്നു. പക്ഷേ പ്രശ്‌നങ്ങള്‍ക്ക് ഉടനെ തന്നെ ഉത്തരം നല്‍കാറില്ല. ”നിങ്ങള്‍ നാളെ വരൂ, ഞാന്‍ ഇതിനെക്കുറിച്ച് നന്നായി ആലോചിച്ചിട്ട് ഉത്തരം പറയാം” എന്നാണ് പലപ്പോഴും അദ്ദേഹം അവരോടു പറയുക.
അദ്ദേഹം നല്‍കുന്ന ഉത്തരങ്ങളും എടുക്കുന്ന തീരുമാനങ്ങളും എപ്പോഴും വളരെ ഉചിതമായിരുന്നു. ആഴ്ചകളും മാസങ്ങളും കടന്നുപോയപ്പോള്‍ ചില ഗോത്രത്തലവന്മാര്‍ക്ക് ഒരു സംശയം ”എന്തുകൊണ്ടാണ് ചീഫ് എപ്പോഴും നാളെ വരാന്‍ പറയുന്നത്? എങ്ങനെയാണ് അദ്ദേഹം നമ്മുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ശരിയായ ഉത്തരം കണ്ടെത്തുന്നത്? അവര്‍ രഹസ്യമായി ചീഫ് എന്താണ് ചെയ്യുന്നതെന്നറിയാന്‍ രണ്ടുപേരെ ചുമതലപ്പെടുത്തി. അവര്‍ ആരും കാണാതെ ചീഫിന്റെ കുടിലിനുമുമ്പില്‍ ഒളിച്ചിരുന്നു.
അത്താഴസമയത്ത് ചീഫ് അന്ന് തന്റെ അടുക്കല്‍ വന്ന പ്രശ്‌നങ്ങളെല്ലാം തന്റെ ഭാര്യയോട് പറയുന്നത് അവര്‍ കേട്ടു. ഓരോ ചോദ്യങ്ങളും സംശയങ്ങളും ശ്രദ്ധിച്ചുകേട്ട ചീഫിന്റെ ഭാര്യ അവയ്ക്ക് തക്കതായ ഉത്തരം ചീഫിന് കൊടുത്തു. വളരെ ബുദ്ധിമതിയായ ഒരു സ്ത്രീയായിരുന്നു അവര്‍. അവരാണ് ഈ ഉത്തരങ്ങള്‍ നല്‍കുന്നതെന്ന് മറ്റാരും അറിയാതിരിക്കാനാണ് ചീഫ് പിറ്റേദിവസം വരുവാന്‍ പറയുന്നത്. ചീഫിന്റെ ഈ രഹസ്യം മനസിലാക്കിയ ചാരന്മാര്‍ വിവരം മറ്റു ഗോത്രത്തലവന്മാരെ അറിയിച്ചു. ഇതുകേട്ട അവരെല്ലാം അസ്വസ്ഥരായി. ”എങ്ങനെയാണ് ഒരു സ്ത്രീയുടെ ഉപദേശം ചീഫ് സ്വീകരിക്കുന്നത്? സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്യാനും, കുഞ്ഞുങ്ങളെ പ്രസവിക്കാനും വീടും പരിസരവും മറ്റും വൃത്തിയാക്കാനും മാത്രമുള്ളവരല്ലേ? അവരുടെ ഉപദേശങ്ങള്‍ കേള്‍ക്കുന്നത് നമുക്ക് ആകെ നാണക്കേടാണ്. ‘അത് ഗോത്രം മുടിക്കും’.
പിറ്റേദിവസം തന്നെ അവര്‍ ചീഫിന്റെ അടുക്കലെത്തി ചീഫിന് ഉപദേശം നല്‍കുന്ന സ്ത്രീയെ ഉടനെ തന്നെ പറഞ്ഞുവിടണം അല്ലെങ്കില്‍ ഈ വിവരം മറ്റുള്ളവര്‍ അറിഞ്ഞാല്‍ നമുക്കാകെ നാണക്കേടാകും. ഇനി അഥവാ ചീഫിന് അത് പ്രയാസമാണെങ്കില്‍ ഞങ്ങള്‍ക്ക് മറ്റൊരു ചീഫിനെ തിരഞ്ഞെടുക്കേണ്ടിവരും. എന്തു തീരുമാനിക്കണം എന്നറായിതെ ചീഫ് ചിന്താകുലനായി തന്റെ ഭാര്യയെ പറഞ്ഞുവിട്ടാല്‍ പിന്നെ തനിക്ക് ശരിയായ ഉപദേശങ്ങള്‍ നല്‍കാന്‍ സാധിക്കുകയില്ല. പറഞ്ഞുവിട്ടില്ലെങ്കില്‍ തന്റെ സ്ഥാനം നഷ്ടമാകും.
ചീഫിന്റെ വിഷാദാവസ്ഥ മനസിലാക്കിയ ഭാര്യ അപ്പോള്‍ ഗോത്രത്തലവന്മാരുടെ മുമ്പില്‍ വന്നുപറഞ്ഞു: നിങ്ങളാരും എന്നെയോര്‍ത്ത് വിഷമിക്കേണ്ട. ഞാന്‍ ഇവിടെ നിന്ന് പൊയ്‌ക്കൊള്ളാം. പക്ഷേ, അതിനുമുമ്പായി എനിക്ക് എന്റെ ഭര്‍ത്താവിനുവേണ്ടി അവസാനമായി ഭക്ഷണം തയ്യാറാക്കണമെന്നുണ്ട്. അദ്ദേഹത്തിന് നാളെ ഭക്ഷണം തയ്യാറാക്കി നല്‍കിയതിനുശേഷം പൊയ്‌ക്കൊള്ളാം. മാത്രമല്ല ആ ഭക്ഷണത്തില്‍ പങ്കെടുക്കുവാനായി നിങ്ങളെ ഓരോരുത്തരെയും ഞാന്‍ ക്ഷണിക്കുകയും ചെയ്യുന്നു.
ചീഫിന്റെ ഭാര്യയുടെ ആവശ്യം ന്യായമാണെന്നു കണ്ട് അതുപോലെയാകാം എന്ന് ഗോത്രത്തലവന്മാര്‍ തീരുമാനിച്ചു. പിറ്റേദിവസം ചീഫിന്റെ ഭാര്യ ഒരു ഗംഭീര സദ്യ ഒരുക്കി. വിവിധതരത്തിലുള്ള മത്സ്യ-മാംസാദികളും പഴവര്‍ഗങ്ങളും ധാരാളം ലഹരി പാനീയങ്ങളും വിരുന്നിന്റെ ഭാഗമായുണ്ടായിരുന്നു. തക്കസമയത്തുതന്നെ ഗോത്രത്തലവന്മാര്‍ വിരുന്നിനു വന്നു. സദ്യ അവരെല്ലാവരും നല്ലവണ്ണം ആസ്വദിച്ചു. ഞങ്ങള്‍ ഇന്നുവരെ ഇതുപോലെയൊരു സദ്യ കഴിച്ചിട്ടില്ല എന്ന് അവര്‍ എല്ലാവരും തന്നെ അഭിപ്രായപ്പെടുകയും ചെയ്തു.
അതു കഴിഞ്ഞപ്പോള്‍ ഗോത്രത്തലവന്മാര്‍ വീണ്ടും ഒരുമിച്ചുകൂടി. ഇത്രയും നല്ല ഭക്ഷണം ഉണ്ടാക്കുന്ന ഒരു സ്ത്രീയെ ഇവിടെനിന്ന് പറഞ്ഞുവിടുന്നത് വിഡ്ഢിത്തമായിരിക്കും. അല്ല ഇത്തരത്തിലുള്ള ഭക്ഷണം തയ്യാറാക്കാന്‍ സാധിക്കുന്ന ഒരാള്‍ തീര്‍ച്ചയായും നമുക്കാര്‍ക്കും ദോഷം ചെയ്യില്ല. അവരിവിടെ തന്നെ നിന്നോട്ടെ. അവര്‍ ഉടനെ തന്നെ ചീഫിനോട് പറഞ്ഞു, ‘നിങ്ങള്‍ ഭാര്യയെ ഉപേക്ഷിക്കേണ്ട, അവര്‍ ഇവിടെ തന്നെ കഴിഞ്ഞോട്ടെ.’ ഇതുകേട്ട ചീഫ് ആശ്വാസത്തിന്റെ ദീര്‍ഘനിശ്വാസം വിട്ടു.
പാശ്ചാത്യരാജ്യങ്ങളില്‍ ഇങ്ങനെ ഒരു ചൊല്ലുണ്ട്: ദ വേ ടു എ മാന്‍സ് ഹാര്‍ട്ട് ഈസ് ത്രൂ ഹിസ് സ്റ്റൊമക്ക്. ബുദ്ധിമതിയായ സ്ത്രീകള്‍ നല്ല ഭക്ഷണം പാകം ചെയ്ത് ഭര്‍ത്താവിനെയും മറ്റു കുടുംബാംഗങ്ങളെയും സന്തോഷിപ്പിക്കും. നല്ല ഭക്ഷണം ശരീരത്തിനു മാത്രമല്ല മനസിനും ആത്മാവിനും ഉപകാരപ്പെടും. അത് നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കും. അനുപമമായ ഓര്‍മകള്‍ നിലനിര്‍ത്തുവാന്‍ സഹായകമാകും.
യേശുനാഥന്‍ തന്നെ തന്റെ ഓര്‍മ നിലനിര്‍ത്താനായി തെരഞ്ഞെടുത്തത് ഭക്ഷണമാണ്. സ്വയം അപ്പമായിട്ടാണ് അവിടുന്ന് നമ്മുടെ ഇടയില്‍ സന്നിഹിതനായിരിക്കുന്നത്. ജീവന്റെ അപ്പമാണത്. പക്ഷേ അത് അനുയോജ്യമായ രീതിയില്‍ നമ്മള്‍ സ്വീകരിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്ന് പാനം ചെയ്യുകയും ചെയ്താല്‍ അവര്‍ കര്‍ത്താവിന്റെ ശരീരത്തിനു രക്തത്തിനും എതിരെ തെറ്റുചെയ്യുന്നു (1 കൊറി 11:27).
ഇന്നത്തെ ഏറ്റവും വലിയൊരു പാപം ഭക്ഷണം പാഴാക്കിക്കളയുന്നതാണ്. ഓരോ വിരുന്നു നടക്കുമ്പോഴും പാഴാക്കിക്കളയുന്ന ഭക്ഷണം എത്രയോ വിശക്കുന്നവരുടെ അന്നമാണ് എന്ന് നാം ഓര്‍ക്കാറുണ്ടോ?
അടുത്ത ലക്കം
നിങ്ങള്‍ക്ക് കുര്‍ബാനയില്‍ വിശ്വാസമില്ല-
ഉണ്ടായിരുന്നെങ്കില്‍…


Related Articles

ജലന്ധര്‍ വിഷയത്തില്‍ കെസിബിസി പക്ഷപാതം കാണിച്ചിട്ടില്ല- ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

എറണാകുളം: ജലന്ധര്‍ വിഷയത്തില്‍ കെസിബിസി ആരോടും പക്ഷപാതം കാണിച്ചിട്ടില്ലെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) അധ്യക്ഷനും തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം വ്യക്തമാക്കി. ആനുകാലിക

പുതിയ പഠനകാലം തുടങ്ങുമ്പോള്‍

റവ. ഡോ. ഗാസ്പര്‍ കടവിപ്പറമ്പില്‍           പുത്തന്‍ അധ്യയന വര്‍ഷം തുടങ്ങി. അക്ഷരലോകത്തേക്കു വരുന്ന കുഞ്ഞുങ്ങള്‍ തുടങ്ങി ബിരുദ ബിരുദാനന്തര പഠനത്തിനായെത്തുന്നവര്‍

ഡോ. ജോര്‍ജ് തയ്യിലിന് ഫെലോഷിപ്

എറണാകുളം: എഡിന്‍ബറോയിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിന്റെ പരമോന്നത ബഹുമതിയായ ഫെലോഷിപ്പിന് (എഫ്ആര്‍സിപി) ഡോ. ജോര്‍ജ് തയ്യില്‍ അര്‍ഹനായി. നവംബര്‍ എട്ടിന് എഡിന്‍ബറോയില്‍ നടക്കുന്ന ബിരുദദാനസമ്മേളനത്തില്‍വച്ച് ബഹുമതി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*