ബെനഡിക്റ്റ് പാപ്പാ: കഷ്ടപ്പാടുകളുടെ ചെറുപ്പകാലം

ബെനഡിക്റ്റ് പാപ്പാ: കഷ്ടപ്പാടുകളുടെ ചെറുപ്പകാലം

കൊളുത്തിവച്ച വിളക്കുപോലെ പ്രകാശിതമാണ് എപ്പോഴും ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ ജീവിതരേഖ. 1927 ഏപ്രില്‍ 16-ാം തീയതിയായിരുന്നു ജോസഫ് റാറ്റ്സിങ്ങറുടെ ജനനം. ഉയിര്‍പ്പുതിരുനാളിന്റെ തലേ ദിവസമായ ഒരു ദു:ഖ വെള്ളിയാഴ്ച. പിതാവ് ജോസഫ് റാറ്റ്സിങ്ങര്‍ സീനിയര്‍ പൊലീസുദ്യോഗസ്ഥന്‍. മാതാവ് മരിയ ഹോട്ടലിലെ പാചകക്കാരി. മ്യൂണിക്കിന്റെ തെക്കുഭാഗത്തുള്ള മാര്‍ക്ക്ടെല്‍ അംളന്‍ എന്ന മനോഹരമായ കൊച്ചുഗ്രാമം. നഗരത്തിന്റെ വിട്ടുമാറാത്ത അട്ടഹാസങ്ങളും ഒടുങ്ങാത്ത കിതപ്പുകളും മലിനപ്പെടുത്താത്ത സ്വച്ഛസുന്ദരമായ അന്തരീക്ഷം. അവിടത്തെ ഒരു കൊച്ചുവീട്ടില്‍ പിറന്നു വീണ ജോസഫ് പിന്നീടാപ്രദേശത്തെ ലോകപ്രസിദ്ധമാക്കി.
ജോസഫിന് ആറുവയസായപ്പോഴാണ് 1933ല്‍ നാസികള്‍ ജര്‍മനിയുടെ ഭരണസാരഥ്യത്തിലെത്തുന്നത്. പതിനാലു വയസുള്ളപ്പോള്‍ ഹിറ്റ്ലര്‍ യൂത്തില്‍ ചേരാന്‍ നിര്‍ബന്ധിതനായി. ഇതും ട്രൗന്‍സ്‌റ്റൈനില്‍ ജോസഫ്, മൈനര്‍ സെമിനാരിയില്‍ പഠിക്കുമ്പോഴാണെന്നോര്‍ക്കണം. എന്നാല്‍ താമസിയാതെ നാസികള്‍ സെമിനാരി അടച്ചുപൂട്ടുകയും അവരുടെ സൈനികതാവളമായി മാറ്റുകയും ചെയ്തു. ചെറിയ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും നാസി സൈന്യത്തില്‍ പങ്കുചേരാന്‍ ജോസഫ് നിര്‍ബന്ധിതനായി. 1945 ആയതോടെ ഹിറ്റ്ലര്‍ യുഗം അവസാനിച്ചു തുടങ്ങുകയായിരുന്നു. പലരും പട്ടാളത്തില്‍ നിന്നു ഒളിച്ചോടി. അങ്ങനെ ജോസഫ് റാറ്റ്സിങ്ങറും ഒരുസുഹൃത്തുംകൂടി നാസി ക്യാമ്പില്‍ നിന്നു പലായനം ചെയ്തു. ക്യാമ്പില്‍ നിന്നു ഒളിച്ചോടുന്ന രണ്ടു പയ്യന്മാരെ മുതിര്‍ന്ന ഒരു നാസിപട്ടാളക്കാരന്‍ കണ്ടെങ്കിലും ഒന്നും ചെയ്തില്ല. ഒളിച്ചോടുന്നവരെ തല്‍ക്ഷണം വെടിവെച്ചിടണമെന്നായിരുന്നു അവരുടെ നിയമം. അങ്ങനെ ദൈവനിയോഗത്താല്‍ ജോസഫ് റാറ്റ്സിങ്ങര്‍ രക്ഷപ്പെട്ടു. ദീര്‍ഘദൂരം നടന്ന് ട്രൗന്‍സ്‌റ്റൈനിലെ വീട്ടിലെത്തി. കഷ്ടപ്പാട് എന്നിട്ടും തീര്‍ന്നില്ല.
യുദ്ധത്തില്‍ പരാജയമടഞ്ഞ, ജര്‍മനിയില്‍ താവളമടിച്ച അമേരിക്കന്‍ പട്ടാളക്കാര്‍ നാസിപ്പടയില്‍ അംഗങ്ങളായിരുന്നവരെയെല്ലാം വേട്ടയാടി. അങ്ങനെ ട്രൗന്‍സ്‌റ്റൈലെത്തിയ അവര്‍ ജോസഫിനെയും യുദ്ധത്തടവുകാരനാക്കി ഉല്‍മിലെ അമേരിക്കന്‍ ക്യാമ്പില്‍ കൊണ്ടുപോയി. 1945ല്‍ യുദ്ധം അവസാനിച്ചതോടെ യുദ്ധത്തടവുകാരെ വിട്ടുതുടങ്ങി. അക്കൂട്ടത്തില്‍ ജോസഫ് റാറ്റ്സിങ്ങറെയും കൂട്ടുകാരെയും മോചിപ്പിച്ചു. ഉല്‍മില്‍ നിന്ന് മ്യൂണിക്കിലെത്തിയെ ജോസഫ് 120 ഓളം കിലോമീറ്റര്‍ നടന്നും പല വാഹനങ്ങളില്‍ ലിഫ്റ്റ് തേടിയുമാണ് ട്രൗന്‍സ്‌റ്റൈനിലെ വീട്ടിലെത്തിച്ചേരുന്നത്.
1941ല്‍ നാസികളുടെ കഠോരമായ മൃഗീയതയ്ക്കു ഇരയായ അടുത്ത ബന്ധുവിനെപ്പറ്റി ബെനഡിക്ട്റ്റ് പതിനാറാമന്‍ തന്റെ ഓര്‍മക്കുറിപ്പുകളില്‍ പിന്നീടെഴുതിയിട്ടുണ്ട്. ഡൗണ്‍സിന്‍ഡ്രാം എന്ന ജനിതകമാറാരോഗം ബാധിച്ച പതിനാലു വയസുള്ള ഒരു ബന്ധുവിനെ ഭേദപ്പെടാത്ത രോഗമുള്ളയാള്‍ എന്ന് മുദ്രകുത്തി ആക്ഷന്‍ ടി 4 ല്‍ ഉള്‍പ്പെടുത്തി വിഷവാതകം കൊണ്ട് മരണപ്പെടുത്തിയ കഥ. കണ്ണീരോടെയാണ് തന്റെ ചെറുപ്പത്തിലെ അത്തരം ഏറെ ദു:ഖകരമായ അനുഭവങ്ങളെപ്പറ്റി പാപ്പ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്. ബുദ്ധിമാന്ദ്യം, മാനസികരോഗം, ശാരീരിക വൈകല്യങ്ങള്‍ തുടങ്ങിയ ജനിതകവും പാമ്പര്യസഹജവുമായ തീരാരോഗങ്ങളുള്ള ജര്‍മന്‍കാരെ തെരഞ്ഞുപിടിച്ച് ഇരുട്ടുമുറിയില്‍ വിഷവാതകം തളിച്ച് കൊന്നൊടുക്കുന്നത് ഹിറ്റ്ലറിന്റെ ഒരു വിനോദമായിരുന്നു.
രോഗങ്ങളില്ലാത്ത ശക്തരും ബുദ്ധിമാന്മാരുമായ ഒരു ആര്യവംശത്തെ വളര്‍ത്തിയെടുക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ആക്ഷന്‍ ടി 4 നാസികള്‍ നടപ്പാക്കിയത്. ജര്‍മനിയിലും ഓസ്ട്രിയയിലുമുള്ള രണ്ട് ലക്ഷത്തോളം നിരപരാധികളെയാണ് ഈ വിധത്തില്‍ കൊന്നൊടുക്കിയത്. അനാഥാലയങ്ങളില്‍ അഭയം തേടിയ സാധുക്കളായ രോഗികളെയും ദാരുണമായി കൊലചെയ്തു.
നിര്‍ബന്ധിത നാസിപട്ടാള ജീവിതവും യുദ്ധത്തടവുകാരുടെ ക്യാമ്പിലെ തിക്താനുഭവങ്ങളും എല്ലാം അയവിറക്കിയാണ് ജോസഫ് റാറ്റ്സിങ്ങര്‍ തന്റെ വൈദിക പഠനം തുടര്‍ന്നത്. തന്റെ ചെറുപ്പകാലം ഏറെ കഷ്ടപ്പാടുകളുടെ നാളുകളായിരുന്നുവെന്ന് പലവട്ടം പാപ്പ പിന്നീട് ജീവചരിത്രകാരനായ പീറ്റര്‍ സീവാള്‍ഡിനോട് പറഞ്ഞിട്ടുണ്ട്. നാസികളാല്‍ കൊല്ലപ്പെടുന്ന വക്കുവരെയെത്തി. എന്നാല്‍ എപ്പോഴും കൂടെയുണ്ടായിരുന്ന കരുണാമയനായ ദൈവം തന്റെ കൈക്കുമ്പിളില്‍ ബാലനായ ജോസഫിനെ സംരക്ഷിച്ചു എന്ന ചരിത്രം രേഖപ്പെടുത്തുന്നു.
1943-45 കാലഘട്ടം ആത്മാവിലെ ചൈതന്യത്തിന്റെയും നിര്‍വൃതിയുടെയും ഉള്‍പ്രേരണകളെ കശക്കിഞെരുക്കിയ വേളകളായിരുന്നുവെന്ന് പാപ്പാ എഴുതുന്നു. ചരിത്രത്തിന്റെ നിശിതപ്രഹരങ്ങളേറ്റ് മൃതപ്രായമായ നാസി ജര്‍മനിയിലെ ഏതാനും നല്ല ആള്‍ക്കാര്‍ ജീവിക്കാനുള്ള നുറുങ്ങുശ്വാസത്തിനായി പിടയ്ക്കുകയും വിറങ്ങലിക്കുകയും ചെയ്യുന്ന കാഴ്ചകള്‍ തന്റെ ഹൃദയത്തെ മുറിവേല്‍പ്പിച്ചുവെന്ന് ആത്മക്കുറിപ്പുകളില്‍ പാപ്പാ എഴുതി. ഒരു തുള്ളി സ്നേഹമില്ലാത്ത ഊഷരഭൂമിയായ ജര്‍മനിയുടെ നല്ലഭാവിക്കായി ബാലനായ ജോസഫ് നിരന്തരം പ്രാര്‍ത്ഥിക്കുമായിരുന്നു. ചുറ്റും തകര്‍ന്നടിഞ്ഞ് ശവപ്പറമ്പായിത്തീര്‍ന്ന ജര്‍മനിയെ ഓര്‍ത്ത് വ്യാകുലപ്പെടുന്ന അപ്പനമ്മമാര്‍ക്കിടയില്‍ ഒരു തളിരിലപോലെ ജോസഫ് റാറ്റ്സിങ്ങര്‍ എന്ന പതിനെട്ടുകാരന്‍ വിശ്വാസജീവിതത്തിന്റെ അപരിമേയമായ ചവിട്ടുപടികള്‍ നടന്നു കയറി.
ട്രൗന്‍സ്‌റ്റൈനിലെ മൈനര്‍ സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോയ ജോസഫ് യുദ്ധാവസാനം 1954 ല്‍ ഫ്രൈസിങ്ങിലെ മേജര്‍ സെമിനാരിയില്‍ പഠനം തുടര്‍ന്നു. 1947 വരെ അവിടെ പഠനം. പിന്നീട് 1947 ല്‍ മ്യൂണിക്കിലെ ലുഡ്വിഗ് മാക്സിമില്യന്‍ യൂണിവേഴ്സിറ്റിയില്‍ തിയോളജി പഠനം. 1951 ജൂണ്‍ 29-ാം തീയതി സഹോദരന്‍ ജോര്‍ജ് റാറ്റ്സിങ്ങറോടൊപ്പം വൈദികപട്ടം സ്വീകരിച്ചു. പിന്നീടങ്ങോട്ട് പഠനത്തിന്റെയും ഗവേഷണത്തിന്റെയും അധ്യാപനത്തിന്റെയും സുദീര്‍ഘമായ ഒരു ജീവിതരേഖയായിരുന്നു. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ശുശ്രൂഷയുടേയും സര്‍വോപരി അടിയുറച്ച സഭാവിശ്വാസത്തിന്റെയും പുതിയ ചരിത്രം കോറിയിട്ട കാലടികളാണ് പിന്നീട് ക്രൈസ്തവ ലോകം കാണുന്നത്. 1952ല്‍ കുറച്ചുകാലം മ്യൂണിക്-ബോഗല്‍ഹൗസില്‍ അസിസ്റ്റന്റ് വികാരി. പിന്നീട് ഫ്രൈസിങ് സെമിനാരിയില്‍ അധ്യാപകന്‍. 1953ല്‍ ഡോക്ടറേറ്റും 1957ല്‍ ഹബിലിറ്റേഷനും. രണ്ടും ലുഡ്വിഗ് -മാക്സിമില്യന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്. 1958ല്‍ ഫ്രൈസിങ് സെമിനാരിയില്‍ തിയോളജിയുടെ പ്രൊഫസര്‍. പിന്നീട് 1959ല്‍ ബോണിലും, 1963ല്‍ മ്യൂന്‍സ്റ്ററിലും, 1966ല്‍ ത്വീബിങ്ങിലും യൂണിവേഴ്സിറ്റിയില്‍ തിയോളജി പ്രൊഫസര്‍. 1969ല്‍ റേഗന്‍സ്ബുര്‍ഗ് യൂണിവേഴ്സിറ്റിയില്‍ ഡോഗ്മാറ്റിക് തിയോളജിയുടെ പ്രൊഫസറും വകുപ്പുമേധാവിയും.
1959ല്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടാന്‍ തീരുമാനിച്ച സമയം. അന്ന് പ്രൊഫ. ജോസഫ് റാറ്റ്സിങ്ങര്‍ ബോണ്‍ യൂണിവേഴ്സിറ്റിയില്‍ ഫണ്ടമെന്റല്‍ തിയോളജിയുടെ പ്രധാനാധ്യാപകന്‍. അദ്ദേഹത്തിന് 32 വയസു മാത്രം പ്രായം. ബോണ്‍ നഗരത്തിന് തൊട്ടടുത്തുള്ള കൊളോണിലെ കര്‍ദ്ദിനാള്‍ ഫ്രിങ്ങ്സിനെയാണ് കൗണ്‍സില്‍ രേഖകള്‍ എഴുതിയുണ്ടാക്കുന്നതിനുള്ള സംഘത്തിലെ ഒരംഗമായി പാപ്പ തിരഞ്ഞെടുത്തത്. കൗണ്‍സിലും ആധുനികലോകവും എന്ന പ്രബന്ധം തയ്യാറാക്കാന്‍ കര്‍ദിനാള്‍ ഫ്രിങ്ങ്സ് പ്രൊഫ. ജോസഫ് റാറ്റ്സിങ്ങറച്ചന്റെ സഹായമാണ് തേടിയത്. റാറ്റ്സിങ്ങര്‍ തയ്യാറാക്കിയ പ്രബന്ധം ഒരു മാറ്റവും കൂടാതെ കര്‍ദിനാള്‍ സമ്മേളനത്തില്‍ വായിച്ചു. പാപ്പ കൗണ്‍സിലിന്റെ ലക്ഷ്യമായി എന്താഗ്രഹിച്ചുവോ അത് അക്ഷരം പ്രതി റാറ്റ്സിങ്ങറുടെ പ്രബന്ധത്തില്‍ ഊന്നിപ്പറഞ്ഞിരുന്നു. ഫ്രഞ്ച് ദൈവശാസ്ത്രകാരന്മാരുടെ പുരോഗമനപരമായ ആശയങ്ങളെ റാറ്റ്സിങ്ങര്‍ വിമര്‍ശിച്ചു. ചുരുക്കത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖകള്‍ എഴുതിചിട്ടപ്പെടുത്തുന്നതില്‍ പ്രൊഫ. ജോസഫ് റാറ്റ്സിങ്ങര്‍ സുപ്രധാന പങ്കുവഹിച്ചു. ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ആരാണ് ഏറ്റവും പ്രമുഖനായ ദൈവശാസ്ത്രകാരന്‍ എന്ന് ചോദിച്ചാല്‍ അത് പാപ്പാ എമിരിറ്റസ് എന്ന് ആര്‍ക്കും നിസംശയം പറയാന്‍ കഴിയും.
റേഗന്‍സ്ബുര്‍ഗില്‍ പഠിപ്പിച്ചും പ്രബന്ധങ്ങള്‍ എഴുതിയും കത്തോലിക്കാസഭയെ വിശ്വാസത്തിലും ആരാധനക്രമങ്ങളുടെ പ്രസക്തിയിലും നവീകരിച്ചും ശുദ്ധീകരിച്ചും മുേന്നാട്ടുപോകവെയാണ് അതുണ്ടായത്. മ്യൂണിക്കിലെയും ഫ്രൈസിങ്ങിലെയും ആര്‍ച്ച്ബിഷപ്പായ കര്‍ദിനാള്‍ ജൂലിയസ് ഡോഫ്നറുടെ ആകസ്മികമായ നിര്യാണം. 1961 മുതല്‍ 1976 ജൂലൈ 24-ാം തീയതി മരിക്കുന്നതു വരെ കര്‍ദിനാള്‍ ഡോഫ്നര്‍ മ്യൂണിക് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായിരുന്നു. പിന്തുടര്‍ച്ചക്കാരനായി പോള്‍ ആറാമന്‍ പാപ്പാ തെരഞ്ഞെടുത്തത് ഫാ. ജോസഫ് റാറ്റ്സിങ്ങറെയായിരുന്നു. അങ്ങനെ 1977 മാര്‍ച്ച് 25-ാം തീയതി ജോസഫ് റാറ്റ്സിങ്ങര്‍ മ്യൂണിക്ക് ഫ്രൈസിങ് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. (തുടരും)Related Articles

കടല്‍ കടന്നെത്തിയ ‘ദിവ്യ’കാരുണ്യം

  ആവശ്യത്തിലും അവശതയിലും കഴിയുന്നവര്‍ക്കു നേരെ സഹായഹസ്തം നീട്ടുന്നതാണല്ലോ യഥാര്‍ത്ഥ ക്രൈസ്തവ അരൂപി. വിദേശത്ത് സേവനം ചെയ്യുന്ന കോട്ടപ്പുറം രൂപതാംഗങ്ങളായ ഫാ. ആന്റണി കല്ലറക്കലും ഫാ. നോബി

എന്നും മുന്നാക്കം പോകുന്നവര്‍

ഫാ. പയസ് പഴേരിക്കല്‍ 45ല്‍ ഏറെ വര്‍ഷമായി മാതൃഭൂമി വാരിക സ്ഥിരമായി വായിക്കുന്നു. അതില്‍ വന്നിട്ടുള്ള ആത്മകഥകളില്‍ അഞ്ചെണ്ണം ഓര്‍മയില്‍ തെളിഞ്ഞുനില്‍ക്കുന്നു. പഠിക്കുന്ന കാലത്ത് ലൈബ്രറിയില്‍ നിന്നെടുത്ത

ഔദ്യോഗിക മുദ്ര വര്‍ഗീയ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചത് അപലപനീയം: കെസിബിസി

  എറണാകുളം: കെസിബിസിയുടെ ഔദ്യോഗിക മുദ്ര വര്‍ഗീയ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചത് തികച്ചും അപലപനീയമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗികവക്താവുമായ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി വ്യക്തമാക്കി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*