ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി കേരള സമൂഹത്തിന്റെയും സഭയുടെയും നവോത്ഥാന ശില്പി- ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി കേരള സമൂഹത്തിന്റെയും സഭയുടെയും നവോത്ഥാന ശില്പി- ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: ആധ്യാത്മിക, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ തലങ്ങളില്‍ കേരള സമൂഹത്തിന്റെയും സഭയുടെയും നവോത്ഥാനത്തിനായി ജീവിതം സമര്‍പ്പിച്ച മഹാപ്രേഷിതനായിരുന്നു വരാപ്പുഴയുടെ വികാരി അപ്പസ്‌തോലിക്കയായിരുന്ന ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി മെത്രാപ്പോലീത്തയെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുസ്മരിച്ചു. ആര്‍ച്ച്ബിഷപ് ബച്ചിനെല്ലിയുടെ 150-ാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച അനുസ്മരണബലി അദ്ദേഹത്തെ അടക്കം ചെയ്ത വരാപ്പുഴ മൗണ്ട് കാര്‍മല്‍ സെന്റ് ജോസഫ് ആശ്രമദേവാലയത്തില്‍ അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന കല്പന പുറപ്പെടുവിച്ച ബച്ചിനെല്ലി മെത്രാപ്പോലീത്ത 19-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ പ്രാഥമിക വിദ്യാഭ്യാസ മുന്നേറ്റത്തിന് അടിസ്ഥാനശില പാകിയതിലൂടെ സമൂഹത്തിലുണ്ടായ മുന്നേറ്റത്തിന് കേരളം എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
കേരള സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ നവീകരണത്തിന് നേതൃത്വം നല്‍കിയ ക്രാന്തദര്‍ശിയായ അജപാലകനായ ബച്ചിനെല്ലി മെത്രാപ്പോലീത്ത ഒരു വശത്ത് ദൈവവും മറുവശത്ത് ദൈവജനവുമായി ക്രിസ്തു എന്ന വലിയ ഇടയന്റെ ചൈതന്യത്തില്‍ കൃപാപൂരിതനായി സംവദിച്ച ധന്യനായ മിഷണറി ശ്രേഷ്ഠനായിരുന്നുവെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു.
വിദ്യാഭ്യാസ മണ്ഡലത്തില്‍ അദ്ദേഹം കൂനമ്മാവില്‍ കുടിപ്പള്ളിക്കൂടം ആശാന് 16 പുത്തന്‍ മാസശമ്പളം സ്ഥിരപ്പെടുത്തി തുടങ്ങിവച്ച വിപ്ലവകരമായ ആശയം 19-ാം നൂറ്റാണ്ടില്‍ ക്രമാനുഗതമായി വളര്‍ന്ന് സഭയുടെയും സമൂഹത്തിന്റെയും നവോത്ഥാനത്തിന് വഴിതെളിച്ചു. ആടുകളെ അറിയുന്ന, അടുകളുടെ ഗന്ധമുള്ള ഇടയന്‍ എന്നു വിശേഷിപ്പിക്കാവുന്ന ബച്ചിനെല്ലി എന്ന കര്‍മലീത്താ മിഷണറി മെത്രാപ്പോലീത്ത സഭയുടെ ഭരണസംവിധാനത്തിലും വിശ്വാസരൂപീകരണത്തിലും വളര്‍ച്ചയിലും ദൈവജനത്തിന്റെ സമസ്ത ജീവിതമണ്ഡലത്തിലും ദൂരക്കാഴ്ചയിലൂടെ തന്റെ അജപാലനശുശ്രൂഷയുടെ ശ്രേഷ്ഠമുദ്ര പതിപ്പിച്ചു-ഫാ. താന്നിക്കാപ്പറമ്പില്‍ അനുസ്മരിച്ചു.
അനുസ്മരണ ബലിയില്‍ വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, കര്‍മലീത്താ നിഷ്പാദുക സഭ മഞ്ഞുമ്മല്‍ വിശുദ്ധ പത്താം പീയൂസ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഡോ. അഗസ്റ്റിന്‍ മുല്ലൂര്‍, ഫൊറോന വികാരി ഫാ. ആന്റണി കൊപ്പാണ്ടുശേരി, ബച്ചിനെല്ലി 150-ാം ചരമവാര്‍ഷികാചരണ സംഘാടക സമിതി ചെയര്‍മാന്‍ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍, മൗണ്ട് കാര്‍മല്‍ ആശ്രമദേവാലയ വികാരി ഫാ. യേശുദാസ് തോട്ടുങ്കല്‍, സഹവികാരി ഫാ. യേശുദാസ് താന്നിപ്പറമ്പില്‍, ഫാ. ഫ്രാന്‍സിസ് ഡിക്‌സന്‍ ഫെര്‍ണാണ്ടസ്, ഫാ. ആന്റണി അറക്കല്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. സിടിസി സന്യാസിനി സഭയുടെ മദര്‍ ജനറല്‍ സിസ്റ്റര്‍ സൂസമ്മയും വിവിധ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാരും നിരവധി വൈദികരും സന്യസ്തരും വിവിധ അല്മായ സംഘടനാ പ്രതിനിധികളും അനുസ്മരണബലിയില്‍ സംബന്ധിച്ചു.
ബച്ചിനെല്ലി മെത്രാപ്പോലീത്തയുടെ 150-ാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ‘സ്‌പ്ലെന്‍ഡര്‍ ആന്‍ഡ് ആഫ്ടര്‍ഗ്ലോ: റിഡീമിംഗ് ബച്ചിനെല്ലി ലേഗസി’ എന്ന ഇംഗ്ലീഷ് പുസ്തകം കെ.വി. തോമസ് എംപിക്കു നല്‍കിക്കൊണ്ട് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രകാശനം ചെയ്തു.
കൂനമ്മാവ് പള്ളി സ്ഥാപകനും ഭാരത്തിലെ അദ്യത്തെ തദ്ദേശീയ സന്യാസിനീസമൂഹത്തിന്റെയും സുറിയാനി, ലത്തീന്‍ റീത്തുകാര്‍ക്കായുള്ള പ്രഥമ സന്യാസസഭകളുടെയും കാനോനിക സംസ്ഥാപനത്തിലും നിയമാവലിയും ചട്ടങ്ങളും മുഖേനയുള്ള ക്രമപ്പെടുത്തലിലും മുഖ്യപങ്കുവഹിച്ച ബച്ചിനെല്ലി മെത്രാപ്പോലീത്തയുടെ 150-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കൂനമ്മാവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അനുസ്മരണ സമ്മേളനവും, എറണാകുളം ആശീര്‍ഭവനില്‍ നടത്താനിരുന്ന ചരിത്ര സെമിനാറും കേരളജനത നേരിട്ട പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു.
വരാപ്പുഴ വികാരിയാത്ത് അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയ്ക്ക് 1857നു മുന്‍പുതന്നെ പള്ളിക്കൊരു പള്ളിക്കൂടം എന്ന ഇടയലേഖനത്തിലൂടെ ജാതിമതഭേദമന്യേ ഏവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസത്തിന് എല്ലാ കരകളിലും സ്‌കൂളുകള്‍ സ്ഥാപിക്കണമെന്നും ഇതിനായി ജനങ്ങളില്‍ നിന്ന് ‘പിടിയരി’ സംഭാവന സ്വീകരിക്കണമെന്നും കല്പിച്ച ബെര്‍ണര്‍ദീന്‍ ബെച്ചിനെല്ലി മുപ്പത്തഞ്ചു വര്‍ഷത്തോളം കേരളക്കരയില്‍ ജീവിച്ചു. 1807 മാര്‍ച്ച് 15ന് റോമില്‍ ജനിച്ച അദ്ദേഹം 1824ല്‍ കര്‍മലീത്താ സഭയില്‍ അംഗമായി; 1833ല്‍ വരാപ്പുഴയിലെത്തി. കൊല്ലത്തെ പ്രഥമ വികാരി അപ്പസ്‌തോലിക്കയായി നിയമിതനായ അദ്ദേഹം 1853ല്‍ വരാപ്പുഴ വികാരിയത്ത് അഡ്മിനിസ്‌ട്രേറ്ററും തുടര്‍ന്ന് വരാപ്പുഴ മെത്രാപ്പോലീത്തയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനുമായി. 1859ല്‍ വരാപ്പുഴ വികാരി അപ്പസ്‌തോലിക്കയായി പൂര്‍ണചുമതലയേറ്റു.
കേരളത്തിലെ പ്രഥമ ഏതദ്ദേശീയ സന്യാസിനീസമൂഹമായ കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭ (ടിഒസിഡി) കൂനമ്മാവില്‍ സ്ഥാപിക്കാന്‍ ദൈവദാസി മദര്‍ ഏലീശ്വയ്ക്ക് അനുമതി നല്‍കിയത് ആര്‍ച്ച്ബിഷപ് ബെച്ചിനെല്ലിയാണ്. കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ആദ്യത്തെ കോണ്‍വന്റ് സ്‌കൂളും ബോര്‍ഡിംഗ് ഹൗസും മദര്‍ ഏലീശ്വയുടെ നേതൃത്വത്തില്‍ കൂനമ്മാവില്‍ തുടങ്ങിയത് ബെച്ചിനെല്ലിയുടെ അനുഗ്രഹത്തോടെയാണ്. വികാരിയാത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങിയതും അദ്ദേഹത്തിന്റെ കാലത്താണ്.
കര്‍മലീത്താ സഭയുടെ വികാര്‍ പ്രൊവിന്‍ഷ്യല്‍ എന്ന നിലയില്‍ മോണ്‍. ബെച്ചിനെല്ലിയാണ് 1855 ഡിസംബര്‍ എട്ടിന് അമലോത്ഭവ മേരിയുടെ കര്‍മലീത്തര്‍ എന്ന പുരുഷന്മാരുടെ പ്രഥമ തദ്ദേശീയ സന്യാസസഭയ്ക്ക് റോമില്‍ നിന്ന് ആവശ്യമായ അംഗീകാരവും ചട്ടങ്ങളും ക്രമപ്പെടുത്തിയത്. ആ സന്യാസസഭയിലെ പ്രഥമ പ്രിയോരായ ചാവറ കുര്യാക്കോസിനെ വികാരിയാത്തിലെ സുറിയാനിക്കാര്‍ക്കുവേണ്ടിയുള്ള വികാരി ജനറലായി ബെച്ചിനെല്ലി മെത്രാപ്പോലീത്ത 1861ല്‍ നിയമിച്ചു. വിശുദ്ധ കുര്യാക്കോസ് തന്റെ ജീവിതത്തിലെ അവസാനത്തെ ഏഴുകൊല്ലം ശുശ്രൂഷ ചെയ്തത് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയോടു ചേര്‍ന്ന ആശ്രമത്തിലാണ്. ഈ പള്ളിയിലാണ് വിശുദ്ധ ചാവറ കുര്യാക്കോസിന്റെ പൂജ്യ ഭൗതികദേഹം അടക്കം ചെയ്തത്.
ലത്തീന്‍കാര്‍ക്കായി മഞ്ഞുമ്മലില്‍ ആര്‍ച്ച്ബിഷപ് ബെച്ചിനെല്ലി സ്ഥാപിച്ച ആശ്രമമാണ് ആഗോള നിഷ്പാദുക കര്‍മലീത്താ സഭയുടെ ഏറ്റവും വലിയ പ്രോവിന്‍സായ മഞ്ഞുമ്മല്‍ കര്‍മലീത്താ പ്രോവിന്‍സായി വളര്‍ന്നത്. കേരളത്തില്‍ വൈദിക പരിശീലനത്തിന് നിലവിലുണ്ടായിരുന്ന മല്പാന്‍ പാഠശാലകള്‍ നിര്‍ത്തലാക്കി ലത്തീന്‍, സുറിയാനി വിഭാഗങ്ങള്‍ക്കായി പുത്തന്‍പള്ളിയില്‍ ബെച്ചിനെല്ലി സ്ഥാപിച്ച സെന്റ് ജോസഫ് റീജനല്‍ സെമിനാരിയാണ് പിന്നീട് ലോകത്തിലെതന്നെ ഏറ്റവും വലിയ സെമിനാരികളിലൊന്നായ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയായി വികസിച്ചത്.
കേരളത്തില്‍ ആദ്യമായി 40 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയും വിശ്വാസികള്‍ക്കായി ഇടവക ധ്യാനവും മറ്റും കൂനമ്മാവില്‍ തുടങ്ങിയത് ആര്‍ച്ച്ബിഷപ് ബെച്ചിനെല്ലിയുടെ നിര്‍ദേശപ്രകാരമാണ്. മലയാളത്തില്‍ ശതാബ്ദിയാഘോഷിച്ച ആദ്യ വൃത്താന്തപത്രമായ സത്യനാദകാഹളം കുനമ്മാവിലെ അമലോത്ഭവ അച്ചുകൂടത്തില്‍ നിന്നിറങ്ങുന്നതിന് വഴിയൊരുക്കിയതിലും ബെച്ചിനെല്ലി മെത്രാപ്പോലീത്തയ്ക്ക് പങ്കുണ്ടായിരുന്നു.
1868 സെപ്റ്റംബര്‍ അഞ്ചിന് അദ്ദേഹം വരാപ്പുഴയില്‍ ദിവംഗതനായി. വരാപ്പുഴ മൗണ്ട് കാര്‍മല്‍ സെന്റ് ജോസഫ് ആശ്രമദേവാലയത്തിലാണ് പിറ്റേന്ന് ഭൗതികശരീരം അടക്കം ചെയ്തത്.


Related Articles

ഫ്രഞ്ച് ബൈബിള്‍

സുവിശേഷം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുക എന്നത് ജ്ഞാനസ്‌നാനം സ്വീകരിച്ച ഏതൊരു വ്യക്തിയുടെയും കടമയാണ്. തന്റെ ഈ കടമയെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്ന ഒരു സ്ത്രീയായിരുന്നു മിസിസ് മാര്‍ഗരറ്റ്. പക്ഷേ, ചെറുപ്പത്തില്‍ തന്നെ

ജെസ്‌നയുടെ തിരോധാനം: ദുരൂഹത ചൂണ്ടിക്കാട്ടി ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കോട്ടയം: കാഞ്ഞിരപ്പിള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ വെളിപ്പെടുത്താനാകാത്തതിന്റെ ദുരൂഹത ചൂണ്ടിക്കാട്ടി മുന്‍ കേരള കാത്തലിക്ക് ബിഷപ്പ്

പരിഗണിക്കുകയും പാലിക്കപ്പെടുകയും ചെയ്യേണ്ട വസ്തുതകളും വ്യവസ്ഥകളും

കേരളത്തിലെ പ്രാദേശിക സ്വയംഭരണ സര്‍ക്കാരുകളായ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമുള്ള ആറാംവട്ട തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യ ഭരണസംവിധാനത്തിലെ മൂന്നാം തലത്തിലെയും താഴെത്തട്ടിലെയും സര്‍ക്കാരുകളെന്ന നിലയില്‍ ജനങ്ങളുമായി അടുപ്പവും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*