ബെര്ണര്ദീന് ബച്ചിനെല്ലി വസ്തുതകളും പ്രസക്തിയും

ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ വിശ്വാസസംരക്ഷകനായി വാഴ്ത്തപ്പെടുന്ന വിശുദ്ധനാണ് മിലാനിലെ ആര്‍ച്ച്ബിഷപ്പായിരുന്ന ചാള്‍സ് ബൊറോമിയോ (1538-1584). സമ്പന്ന പ്രഭുകുടുംബത്തിന്റെ എല്ലാ സുഖങ്ങളും നിരാകരിച്ച് ‘മനുഷ്യരെ പിടിക്കാന്‍’ ഇറങ്ങിപ്പുറപ്പെട്ട ചാള്‍സ് ബൊറോമിയോ വിശ്വാസപരിപാലനരംഗത്തും അജപാലനത്തിലും വിട്ടുവീഴ്ചയില്ലാത്ത സമീപനം കൊണ്ട് അനേകരെ ദൈവത്തിനായി നേടിയെടുത്തു. പുരോഹിതര്‍ക്ക് മെച്ചപ്പെട്ട പരിശീലനം ആവശ്യമാണെന്നു ബോധ്യപ്പെട്ട് മിലാനില്‍ ഒരു സെമിനാരി സ്ഥാപിച്ചു. വിജ്ഞാനത്തിലൂടെ മാത്രമെ ജനങ്ങള്‍ക്ക് ഭൗതികവും ആത്മീയവുമായ പുരോഗതിയുണ്ടാകുകയുള്ളുവെന്ന് വിശ്വസിച്ച അദ്ദേഹം അതിനായി ഈശോസഭാ വൈദികരെ അതിരൂപതയിലേക്ക് ക്ഷണിച്ചുകൊണ്ടുവരികയും ആശ്രമം സ്ഥാപിക്കുകയും ചെയ്തു. മിലാന് അതിരൂപതയില്‍ വിദ്യാഭ്യാസവിപ്ലവത്തിനു തന്നെ കാരണമായ സംഭവമായിരുന്നു അത്. ഒബ്ലേറ്റ്സ് ഓഫ് സെന്റ് അംബ്രോസ് എന്ന സഭയുടെ സ്ഥാപകനും വിശുദ്ധന് തന്നെയാണ്. 43 വയസുവരെ മാത്രം ജീവിച്ച അദ്ദേഹം നിരവധി അജപാലന ആഹ്വാനങ്ങളും ഇടയലേഖനങ്ങളും പുറപ്പെടുവിച്ചു. പൗരോഹിത്യം, കുടുംബം, വിദ്യാഭ്യാസം, ആതുരശുശ്രൂഷ എന്നിങ്ങനെ വിശ്വാസസമൂഹത്തിന്റെ പുരോഗതിയിലൂന്നിയതായിരുന്നു അവയോരോന്നും. 1610ലാണ് പോള്‍ അഞ്ചാമന് പാപ്പാ ചാള്‍സ് ബൊറോമിയോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
ഏകദേശം മൂന്നു നൂറ്റാണ്ടുകള്‍ക്കു ശേഷം 1807ല്‍ റോമിലെ ബച്ചിനെല്ലി കുടുംബത്തില്‍ ജനിച്ച ബെര്ണര്ദീന് ബച്ചിനെല്ലിയെന്ന കര്‍മലീത്ത മിഷണറി വിശുദ്ധ ചാള്‍സ് ബൊറോമിയോയ്ക്ക് സമാനമായ പ്രവൃത്തികള്‍ ചെയ്തു; തന്റെ ജന്മസ്ഥലത്തായിരുന്നില്ല, ഇങ്ങ് മലയാളക്കരയില്‍. കേരളത്തെ സ്ഫുടം ചെയ്തെടുത്ത നവോത്ഥാനനായകരില്‍ പ്രമുഖസ്ഥാനമാണ് വരാപ്പുഴ വികാരിയാത്തിന്റെ വികാര്‍ അപ്പസ്തോലിക്കായിരുന്ന ബെര്ണര്ദീന് ബച്ചിനെല്ലിയ്ക്കു ലഭിക്കേണ്ടിയിരുന്നത്. പക്ഷേ ചരിത്രം രേഖപ്പെടുത്തുന്നതിലും ശേഖരിക്കുന്നതിലും വന്ന ഗുരുതരമായ വീഴ്ചകള്‍ ആ പുണ്യാത്മാവിനെ വിസ്മൃതിലേക്കു തള്ളിവിടാന്‍ പോലും കാരണമായി.
ആര്‍ച്ച്ബിഷപ് ബെര്ണര്ദീന് ബച്ചിനെല്ലിയുടെ 150-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കൊച്ചിയിലെ ലോലറോസ പബ്ലിഷിംഗ് പ്രസിദ്ധീകരിച്ച സ്പ്ലെണ്ടര്‍ ആന്‍ഡ് ആഫ്റ്റര്‍ഗ്ലോ റിഡീമിംഗ് ബച്ചിനെല്ലി ലേഗസി എന്ന ഇംഗ്ലീഷിലുള്ള പുസ്തകം പൈതൃകവീണ്ടെടുപ്പിന്റെ നാന്ദിയായി കരുതാം. പ്രശസ്ത മാധ്യമപ്രവര്ത്തകന് ജോര്‍ജ് ജെക്കോബി എഡിറ്റ് ചെയ്ത പുസ്തകത്തില്‍ അദ്ദേഹത്തിന്റേതടക്കം അഞ്ചു ലേഖനങ്ങളാണുള്ളത്. ആര്‍ച്ച്ബിഷപ് ബെര്ണര്ദീന് ബച്ചിനെല്ലിയുടെ പിന്‍ഗാമി വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന് ചെയര്‍മാനും കണ്ണൂര്‍ ബിഷപ്പുമായ ഡോ. അലക്സ് വടക്കുംതല, ആലുവ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയിലെ വൈസ് റെക്ടര്‍ റവ. ഡോ. ഫ്രാന്‍സിസ് മരോട്ടിക്കാപ്പറമ്പില്‍, ചരിത്രഗവേഷകയായ സിസ്റ്റര്‍ ഡോ. സൂസി കിണറ്റിങ്കല്‍ സിറ്റിസി എന്നിവരാണ് ആ മഹാപ്രതിഭയെക്കുറിച്ച് ലേഖനങ്ങളെഴുതിയിരിക്കുന്നത്.
സമാഹാരത്തിലെ ആദ്യലേഖനം വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റേതാണ്. ഹോമേജ് റ്റു ദ് ഗ്രേറ്റ് റിഫോര്‍മര്‍ എന്ന ലേഖനത്തില്‍ ആര്‍ച്ച്ബിഷപ് ബെര്ണര്ദീന് ബച്ചിനെല്ലിയുടെ വരാപ്പുഴ വികാരിയാത്തിലെ പ്രവര്‍ത്തനങ്ങള്‍ ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു. നവീകരണത്തിനും നവോത്ഥാനത്തിനുമായി അധ്വാനിച്ച ഇടയനെന്നാണ് തന്റെ മുന്‍ഗാമിയെ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തിനായി ബച്ചിനെല്ലി പിതാവ് ചെയ്ത സേവനങ്ങളെ പ്രത്യേകം സ്മരിക്കുന്നുണ്ട്. വൈദിക വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും കാര്യത്തില്‍ ത്രെന്തോസ്, ഉദയംപേരൂര്‍ സൂനഹദോസുകളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങളാണ് ബച്ചിനെല്ലി പിതാവ് തന്റെ വികാരിയാത്തില്‍ നടപ്പാക്കിയതെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അജഗണത്തിന്റെ ആത്മീയഉണര്വിനായി അദ്ദേഹം പുറപ്പെടുവിച്ച ഇടയലേഖനങ്ങളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. നൊവേന, വണക്കമാസാചരണം, വാര്‍ഷികധ്യാനം തുടങ്ങിയ വിഷയങ്ങളില്‍ ബച്ചിനെല്ലി പിതാവിന് സവിശേഷമായ താല്പര്യമുണ്ടായിരുന്നു. പിതാവിന്റെ ഉത്തരവു പ്രകാരമാണ് ഇന്നും സഭയില്‍ ശക്തമായി തുടരുന്ന ഈ പ്രാര്ഥനാസൗഭാഗ്യങ്ങള്ക്കു തുടക്കമായത്. പള്ളിക്കൊപ്പം പള്ളിക്കൂടങ്ങള്‍ തുടങ്ങാനും കുടുംബങ്ങള്‍ കെട്ടുറപ്പോടെ വര്ത്തിക്കാനുമായി ഇടയലേഖനങ്ങള്‍ ഇറക്കിയിട്ടുണ്ട്. വരാപ്പുഴയുടെ മഹാനായ മിഷണറിയായാണ് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ബച്ചിനെല്ലി പിതാവിനെ സ്മരിക്കുന്നത്.
്അതിവിശിഷ്ടനായ ക്രാന്തദര്ശിയെന്നാണ് ബിഷപ് ഡോ. അലക്സ് വടക്കുംതല ബച്ചിനെല്ലി പിതാവിനെ വിശേഷിപ്പിക്കുന്നത് (ലേഖനം- എ വിഷണറി പാസ്റ്റര്‍ പാര്എക്സലന്സ്). 16-ാം വയസില്‍ കര്‍മലീത്താസഭയുടെ റോമന്‍ പ്രോവിന്സില് ചേര്‍ന്നപ്പോഴാണ് ആവിലയിലെ വിശുദ്ധ ത്രേസ്യയുടെ പേര് അദ്ദേഹം രണ്ടാം പേരായി സ്വീകരിക്കുന്നത്. ജോസഫ് എന്നായിരുന്നു ജ്ഞാനസ്നാനപ്പേര്. ഫ്രാന്‍സിസ് പാപ്പാ ആവശ്യപ്പെടുന്നതുപോലെ ആടുകളുടെ മണമുള്ള ഇടയനായിരുന്നു ആര്‍ച്ച്ബിഷപ് ബെര്ണര്ദീന് ബച്ചിനെല്ലിയെന്ന് ബിഷപ് വടക്കുംതല വ്യക്തമാക്കുന്നുണ്ട്. മറ്റൊരു ദേശത്ത് മിഷന് പ്രവര്‍ത്തനത്തിനെത്തിയ ബച്ചിനെല്ലി പിതാവ് അവിടത്തെ മാതൃഭാഷ സ്വായത്തമാക്കിയതിനെക്കുറിച്ചും അത് എപ്രകാരം ഫലവത്തായി തന്റെ അജപാനദൗത്യത്തില് ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. കൂനമ്മാവില്‍ തണ്ണിക്കോട്ട് വറീത് സാല്‍വദോര്‍ നടത്തിക്കൊണ്ടിരുന്ന ഗ്രാമീണ സ്കൂള്‍ ഇടവകപള്ളിയോടു ചേര്‍ത്ത് ഇടവകസ്കൂളാക്കി മാറ്റുകയും അതുവഴി ഔപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സഭ സജീവമാകുകയും ചെയ്തു. ചരിത്രപരമായ ഒരു ദൗത്യനിര്വഹണമായാണതിനെ ബിഷപ് വടക്കുംതല വിശേഷിപ്പിക്കുന്നത്. അജപാലനം, സെമിനാരി, വിദ്യാഭ്യാസം എന്നീ മൂന്നു മേഖലകളിലായിരുന്നു ബച്ചിനെല്ലി പിതാവിന്റെ സവിശേഷ ശ്രദ്ധ പതിഞ്ഞിരുന്നത്. ഇതേക്കുറിച്ച് ലേഖനത്തില്‍ വിശദമാക്കുന്നുണ്ട്. വരാപ്പുഴയുടെ പ്രിലേറ്റായി പിന്നീട് ഉയര്ത്തപ്പെട്ടപ്പോള് തന്റെ ഭാരിച്ച ജോലിത്തിരക്കിനിടയിലും ഈ മൂന്നു മേഖലയെയും അദ്ദേഹം കൈവിട്ടില്ല. ബച്ചിനെല്ലി പിതാവ് കേരളത്തില്‍ വഹിച്ച വിവിധ സ്ഥാനങ്ങളെക്കുറിച്ചും ബിഷപ് വടക്കുംതല വിവരിക്കുന്നു. 19-ാം നൂറ്റാണ്ടില്‍ കേരളസഭയെ പിടിച്ചുലച്ച റോക്കോസ് ശീശ്മയെ മറികടക്കാന്‍ ബച്ചിനെല്ലി പിതാവ് കഠിനാധ്വാനം ചെയ്തു. (പെന്തക്കോസ്ത് വെല്ലുവിളിയെ വിശുദ്ധ ചാള്‍സ് ബൊറോമിയോ നേരിട്ടത് തീര്‍ച്ചയായും ഇവിടെ സ്മരിക്കാം.)
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് കൂനമ്മാവില്‍ എത്തുന്നതിന് ഏഴുവര്‍ഷമെങ്കിലും മുന്‍പ് ബച്ചിനെല്ലി പിതാവ് എല്ലാ പള്ളികള്‍ക്കൊപ്പവും പ്രാഥമിക സ്കൂളുകള്‍ തുടങ്ങുന്നതിന് കല്പന ഇറക്കിയിരുന്നതായി ജോര്‍ജ് ജെക്കോബി തന്റെ ലേഖനത്തില്‍ വിശദീകരിക്കുന്നു (റിഡീമിംഗ് റെസ്പ്ലെന്ഡന്റ് ലേഗസി). ഇതുവരെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതുപോലെ 1864ല്‍ അല്ല, വരാപ്പുഴ വികാരിയാത്തിന്റെ അഡ്മിനിസ്ട്രേറ്ററായിരിക്കെ 1857നു മുന്‍പുതന്നെ ബച്ചിനെല്ലി പിതാവ് പള്ളിക്കൊപ്പം പള്ളിക്കൂടം തുടങ്ങാന്‍ നിര്‍ദേശിക്കുന്ന ഇടയലേഖനം പുറപ്പെടുവിച്ചുവെന്നതിന് നിരവധി തെളിവുകളും ചരിത്രപരമായ സ്ഥിരീകരണവും ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയ സിസ്റ്റര്‍ ഡോ. സൂസി കിണറ്റിങ്കല്‍ അവതരിപ്പിക്കുന്നുണ്ട്. വിശുദ്ധ ചാവറയച്ചന് തന്നെ മന്നാനത്തെ ആശ്രമത്തില്‍ എഴുതിയ ദിനവൃത്താന്തത്തിലും അദ്ദേഹത്തിന്റെ സന്യാസസമൂഹത്തിലെ അംഗങ്ങളുടെ ആദ്യകാല സാക്ഷ്യങ്ങളിലും ഇക്കാര്യം അവിതര്‍ക്കിതമായി പ്രതിപാദിച്ചിട്ടുണ്ട്. കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ ബച്ചിനെല്ലി പിതാവ് തുടക്കമിട്ട വിപ്ലവത്തിന്റെ യശസ് മുഴുവനായും സീറോ മലബാര്‍ സഭയിലെ ചരിത്രകാരന്മാര് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് സമര്‍പ്പിച്ചതിന്റെ ഔചിത്യം ഇവിടെ ചോദ്യംചെയ്യപ്പെടുകയാണ്. കൂനമ്മാവിലെ കുടിപ്പള്ളികൂടത്തിലെ ആശാന് തണ്ണിക്കോട്ട് വറീത് സാല്‍വദോറിന് 16 പുത്തന്‍ ശമ്പളം നല്‍കുന്നതിന് സ്ഥിരം സംവിധാനമുണ്ടാക്കുന്നതില്‍ കാണിച്ച ശ്രദ്ധതന്നെ കേരളത്തിലുടനീളം പള്ളികളോടനുബന്ധിച്ച് ആധുനിക മതേതര വിദ്യാഭ്യാസ ശൃംഖലയ്ക്കു തുടക്കമിടുന്നതിനുള്ള പ്രതിബദ്ധതയുടെ സൂചനയായിരുന്നു. അധ്യാപനത്തിന് ശമ്പളം നല്കാന് ഏര്പ്പാടുണ്ടാക്കിയതുപോലെ, പള്ളിക്കൂടങ്ങള്‍ നിര്‍മിക്കുവാന്‍ ഫണ്ട് സ്വരൂപിക്കുവാനും സ്കൂളുകളുടെ നിലവാരം ഉറപ്പാക്കാനും അദ്ദേഹം സംവിധാനം ഏര്‍പ്പെടുത്തി. അതിനു മേല്നോട്ടക്കാരനായി കര്‍മലീത്ത മിഷണറി ഫാ. ലെയോപോള്‍ഡ് ബൊക്കാറോയെയും ചുമതലപ്പെടുത്തി.
ആത്മീയവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായി കേരളത്തില്‍ ഉണര്‍വുണ്ടായ കാലഘട്ടമാണ് 19-ാം നൂറ്റാണ്ടെന്ന് ഡോ. ബച്ചിനെല്ലി പിതാവ് അനുമതിയും അംഗീകാരവും നല്കി ആരംഭിച്ച ഇന്ത്യയിലെ പ്രഥമ സന്യാസിനിസമൂഹമായ ടിഒസിഡിയില് നിന്ന് ഉയിര്‍ക്കൊണ്ട സിറ്റിസി സഭയിലെ സന്യാസിനിയായ ഡോ. സൂസി കിണറ്റിങ്കല്‍ എഴുതിയ ദ പ്രിന്‍സ് ഓഫ് ദ കേരള കാത്തലിക് ചര്‍ച്ച് എന്ന ലേഖനത്തില്‍ പറയുന്നു. വരാപ്പുഴ വികാരിയാത്തിന്റെ അപ്പസ്തോലിക്കായിരുന്ന ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി തന്റെ അധികാരസീമയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങളെക്കുറിച്ച് ഇതില്‍ വിശദീകരിക്കുന്നു. ബച്ചിനെല്ലി പിതാവിന്റെ ജനനം, പൗരോഹിത്യം, അദ്ദേഹത്തിന്റെ കേരളത്തിലേക്കുള്ള വരവും ദൗത്യവും തുടങ്ങിയ കാര്യങ്ങള്‍ ചരിത്രരേഖകളുടെ അകമ്പടിയോടെയാണ് സിസ്റ്റര്‍ ലൂസി അവതരിപ്പിക്കുന്നത്. അദ്ദേഹം സ്ഥാപിച്ച സന്യാസസമൂഹങ്ങളെക്കുറിച്ചും സെമിനാരികളെക്കുറിച്ചും ആശ്രമങ്ങളെയും മഠങ്ങളെയും കുറിച്ചും വിശദമായി തന്നെ ഈ ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ചരിത്രപ്രധാനമായ ഇടയലേഖനത്തിന്റെ ഒറിജിനല്‍ കണ്ടെത്താനായിട്ടില്ല എങ്കിലും ബച്ചിനെല്ലി പിതാവ് വരാപ്പുഴ വികാരിയാത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയിരിക്കെ ഇറക്കിയ ആ കല്പന 1857നു മുന്‍പാണെന്നതിന് ആധികാരിക സാക്ഷ്യങ്ങള്‍ നിരവധിയുണ്ടെന്ന് സിസ്റ്റര്‍ സൂസി സമര്‍ഥിക്കുന്നു. ബച്ചിനെല്ലി ഈ ഇടയലേഖനം പുറപ്പെടുവിക്കുമ്പോള്‍ വിശുദ്ധ ചാവറയച്ചന് മന്നാനം ആശ്രമത്തില്‍ നവവൈദികനും പ്രിയോരുമായി കഴിയുകയായിരുന്നു, അദ്ദേഹത്തിന് വികാരിയാത്തിലെ ചുമതലകളൊന്നും ഏല്‍പ്പിച്ചിരുന്നില്ല. ചില ചരിത്രകാരന്മാര് ചരിത്രത്തെ വളച്ചൊടിക്കുവാന്‍ ശ്രമിച്ചപ്പോള്‍ യഥാര്‍ഥ ചരിത്രരേഖകള്‍ തന്നെ നശിപ്പിക്കപ്പെട്ടു. ലത്തീന്‍ സഭയിലുള്ളവരുടെ അശ്രദ്ധയും അലംഭാവവും മൂലം ചരിത്രത്തില്‍ രൂപപ്പെട്ട ശൂന്യഭാഗങ്ങള് വ്യാജസാക്ഷ്യങ്ങള്‍ കൊണ്ട് നിറയ്ക്കപ്പെട്ടുവെന്ന ഗുരുതരമായ ആരോപണവും ലേഖിക ഉയര്‍ത്തുന്നുണ്ട്.
പ്രീസ്റ്റ്ലി ഫോര്മേഷന് ഇന്‍ ഇന്ത്യ എന്വിസേജ്ഡ് ബൈ ബെര്ണര്ദീന് ബച്ചിനെല്ലി എന്ന ലേഖനത്തില്‍ ബച്ചിനെല്ലി പിതാവിന് മുമ്പ് ഇന്ത്യയില്‍ നിലനിന്നിരുന്ന വൈദികരൂപീകരണത്തെക്കുറിച്ച് റവ. ഡോ. ഫ്രാന്‍സിസ് മരോട്ടിക്കാപ്പറമ്പില്‍ വിശദമായി തന്നെ പരാമര്‍ശിക്കുന്നു. പരമ്പരാഗത മല്പാന് പാഠശാല ശൈലിയില്‍ നിന്നു വൈദികപരിശീലനത്തെ മോചിപ്പിച്ച് സെമിനാരി വിദ്യാഭ്യാസത്തിന് ആധ്യാത്മിക, ദൈവശാസ്ത്ര, തത്ത്വശാസ്ത്ര പഠനങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള സമഗ്രമായ ആധുനിക വികസിത പാഠ്യക്രമവും പരിശീലന മാര്‍ഗരേഖയും നല്‍കിയതിനെകുറിച്ചും ഫാ. മരോട്ടിക്കാപ്പറമ്പില്‍ തന്റെ ലേഖനത്തില്‍ വിശദമാക്കുന്നു.
കേരളസഭയുടെയും പൊതുസമൂഹത്തിന്റെയും ആധുനികവത്കരണത്തിന്റെ മുഖ്യശില്പിയായി ആര്‍ച്ച്ബിഷപ് ബെര്ണര്ദീന് ബച്ചിനെല്ലിയെ വാഴിക്കുന്നതില്‍ ഔചിത്യക്കുറവില്ലെന്നാണ് ഈ പുസ്തകം വായിക്കുമ്പോള്‍ ബോധ്യമാകുന്നത്. സമശീര്‍ഷരും കേരളനവോത്ഥാനത്തിന്റെ പ്രണേതാക്കളുമായി വാഴ്ത്തപ്പെടുന്ന മറ്റുള്ള ചിലരില്‍ നിന്ന് എത്രയോ കാതം മുമ്പിലായിരുന്നു ഈ സന്യാസശ്രേഷ്ഠന്. ലോകത്തിനായി തുറക്കപ്പെട്ട സഭയുടെ പ്രവാചകനെന്ന് വിശുദ്ധ പോള്‍ ആറാമന്‍ പാപ്പായെ ഫ്രാന്‍സിസ് പാപ്പാ വിശേഷിപ്പിക്കുമ്പോള്‍, കേരളത്തിനായി അയക്കപ്പെട്ട സഭയുടെ പ്രവാചകനാണ് ആര്‍ച്ച്ബിഷപ് ബെര്ണര്ദീന് ബച്ചിനെല്ലിയെന്ന് നമുക്കും അഭിമാനിക്കാം. വിശുദ്ധ ചാള്‍സ് ബൊറോമിയോയെപ്പോലെ അള്‍ത്താര വണക്കത്തിലേക്ക് ഈ വലിയ ഇടയനും എത്തപ്പെടുമെന്ന പ്രതീക്ഷ പുസ്തകം വായിക്കുമ്പോള്‍ അനുഭവപ്പെടും. അവഗണനയുടെ ഇരുളില്‍ നിന്നും ഒരു മഹാത്മാവിനെ വെളിച്ചത്തിലേക്കെത്തിക്കാന്‍ ശ്രമിച്ച സ്പ്ലെണ്ടര്‍ ആന്‍ഡ് ആഫ്റ്റര്‍ഗ്ലോ: റിഡീമിംഗ് ബച്ചിനെല്ലി ലേഗസി എന്ന പുസ്തകത്തിന്റെ അണിയറപ്രവര്‍ത്തകരോട് സഭയും സമുദായവും കടപ്പെട്ടിരിക്കുന്നു. കഠിനശ്രമത്തിലൂടെ ചരിത്രരേഖകള്‍ കണ്ടെടുത്തും വായിച്ചും വ്യാഖ്യാനിച്ചും സിസ്റ്റര്‍ ഡോ. സൂസി കിണറ്റിങ്കല്‍ സിറ്റിസി നടത്തുന്ന ശ്രമങ്ങളെ അടയാളപ്പെടുത്താന്‍ മറക്കരുതെന്നും ഓര്‍മിപ്പിക്കട്ടെ.
Related
Related Articles
അവധിക്കാലം കുട്ടികളുടെ പ്രഘോഷണകാലം
ഏപ്രില്‍-മെയ് മാസങ്ങളില്‍ വേനല്‍ക്കാല അവധിയാണ്. കുട്ടികള്‍ ഏറെ പങ്കും ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തുവാനും വിനോദങ്ങളില്‍ ഏര്‍പ്പെടുവാനും ഇഷ്ടപ്പെടുന്ന സമയം. എന്നാല്‍ ഇന്ന് കുട്ടികള്‍ക്ക് ആനന്ദകരമായ അവധിക്കാലം അപ്രത്യക്ഷമാകുകയാണ്.
ഉത്തർപ്രേദശിൽ ട്രെയിനിൽ യാത്രചെയ്യവേ സന്യാസിനിമാരെ തടഞ്ഞുവെച്ച സംഭവം പ്രതിഷേധാർഹം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ
കൊച്ചി : ഉത്തർപ്രേദേശിൽ ട്രെയിൻ യാത്രക്കിടെ അവഹേളനത്തിനിരയായ സന്യാസിനികളെക്കുറിച്ചുള്ള വാർത്ത ഭാരതത്തിന്റെ മതേതര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു .
കെസിവൈഎം കൊച്ചി രൂപത വനിതാ ദിനാഘോഷം നടത്തി
കൊച്ചി: കൊച്ചി രൂപതയുടെ ആഭിമുഖ്യത്തില്‍ വാലന്റീന ടു വേക്ക് അപ് ദി സ്ട്രോംഗ് വുമണ്‍ ഇന്‍ യു എന്ന ടാഗ് ലൈനുമായി വനിതാ ദിനാഘോഷം നടത്തി. കെസിവൈഎം