Breaking News

ഭക്ഷണം എങ്ങനെ കഴിക്കണം, എപ്പോള്‍ കഴിക്കണം

ഭക്ഷണം എങ്ങനെ കഴിക്കണം, എപ്പോള്‍ കഴിക്കണം

ലൂര്‍ദ് ആശുപത്രിയിലെ പരിശോധനാ മുറിയിലിരിക്കുമ്പോള്‍ എനിക്കേറ്റവും ദുഷ്‌കരമായി അനുഭവപ്പെട്ടിട്ടുള്ളത് ജീവിതചര്യകളില്‍ ഉണ്ടാകേണ്ട പുതിയ പരിവര്‍ത്തനങ്ങളെപ്പറ്റി സമുചിതമായരീതിയില്‍ രോഗികളെ പറഞ്ഞു മനസിലാക്കുക എന്നതാണ്. പ്രത്യേകിച്ച് മലയാളികളെ എന്തെങ്കിലും പറഞ്ഞ് ബോധ്യപ്പെടുത്തുക ഒട്ടുംതന്നെ എളുപ്പമുള്ള കാര്യമല്ല. ഒരുവന്റെ നിര്‍ദ്ദേശം മനസിലാക്കാനും പ്രാവര്‍ത്തികമാക്കുവാനും അടിസ്ഥാനപരമായി രണ്ടു നിബന്ധനകള്‍ അനിവാര്യമാണ്. ഒന്ന്, പറയുന്ന വ്യക്തിയോട് വിശ്വാസമുണ്ടായിരിക്കണം. രണ്ട് മനസ് വേണ്ടവിധം തുറന്നുവയ്ക്കണം. ഇതിലേതെങ്കിലും ഒന്ന് പാളിയാല്‍ പിനെ സംഭാഷണം പ്രയോജനരഹിതമാകും. ഇക്കാര്യത്തില്‍ ജര്‍മന്‍കാരോടുള്ള സമ്പര്‍ക്കം ഏറെ അനായാസകരമായി എനിക്കു തോന്നിയിട്ടുണ്ട്. അവര്‍ മലയാളികളെ അപേക്ഷിച്ച് കൂടുതല്‍ അണ്‍കോംപ്ലിക്കേറ്റഡ് ആണ്. മലയാളികള്‍ ആണെങ്കില്‍ നേരെ മറിച്ചും. പറയുന്നതൊന്നും മനസില്‍ വിചാരിക്കുന്നത് മറ്റൊന്നും.
രോഗീചികിത്സയില്‍ കുറിച്ചുകൊടുക്കുന്ന ഔഷധങ്ങളേക്കാള്‍, അനുവര്‍ത്തിക്കുന്ന ജീവിത-ഭക്ഷണ നിയന്ത്രണങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യമെന്ന് ദൃഢമായി വിശ്വസിക്കുന്ന ആളാണ് ഞാന്‍. ലളിതമായി പറഞ്ഞാല്‍ ജീവിതചര്യയും ഭക്ഷണശൈലിയും പാടേ മാറ്റാന്‍ തയ്യാറല്ലെങ്കില്‍ മരുന്നുകള്‍കൊണ്ട് വലിയ പ്രയോജനമുണ്ടാകില്ല. ഭക്ഷണം എന്തു കഴിക്കണം, എത്ര കഴിക്കണം, എങ്ങനെ കഴിക്കണം, എപ്പോള്‍ കഴിക്കണം എന്നതിനെപ്പറ്റിയെല്ലാം ഇപ്പോള്‍ വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഈ ക്രമങ്ങളുടെ ക്രിയാത്മകമായ സമന്വയമാണ് രോഗപീഢകളെ കടിഞ്ഞാണിടുന്നത്.
ആഹരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് രുചി, വിശക്കുമ്പോഴുണ്ടാകുന്ന സംവേദനം, പോഷണദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും ആന്തരികത്വര തുടങ്ങിയ ഉത്തേജന ഘടകങ്ങളാണ്. രുചി നാമം സൃഷ്ടിച്ചെടുക്കുന്നതുതന്നെ. ഒരുവന് രുചിപ്രദമായത് മറ്റൊരുവന് ആസ്വാദ്യമാകണമെന്നില്ല. ഭക്ഷണം നമുക്ക് ആകര്‍ഷകമെങ്കില്‍ ഉമിനീര്‍ഗ്രന്ഥികളും ആമാശയാന്ത്രങ്ങളും ദഹനരസങ്ങള്‍ ഉല്പാദിപ്പിക്കും. ആഹാരം കാഴ്ചയിലും ഗന്ധത്തിലും സ്വാദിലും ഇഷ്ടപ്പെട്ടതാവണം. മൂക്കറ്റം കഴിക്കുന്നതാണ് മലയാളികളുടെ സാധാരണ ആഹാരശൈലി. എത്ര കഴിക്കണമെന്നതിനെപ്പറ്റി വാഗ്ഭടന്റെ അഷ്ടാംഗഹൃദയത്തില്‍ കൃത്യമായി പറയുന്നുണ്ട്. വയറിന്റെ പകുതിനിറയാന്‍ മാത്രം ഖരപദാര്‍ഥങ്ങളും കാല്‍ഭാഗം നിറയാന്‍ ദ്രാവകങ്ങളും കഴിക്കാം. വയറിലുള്ള ബാക്കിഭാഗം ഒഴിച്ചിടണം. അതുപോലെ ഒരിക്കലും വിശപ്പ് തീരുംവരെ കഴിക്കരുത്. ശാരീരികാവശ്യങ്ങള്‍ക്ക് ആനുപാതികമായല്ല പലരിലും വിശപ്പ് ഉണ്ടാകുന്നത്. തിന്നു തിന്ന് പത്തായംപോലെ വയറുള്ളവന് എത്രതിന്നാലും മതിവരില്ല എന്ന് പഴമൊഴിയുണ്ട്. അല്പം വിശന്നിരുന്നാല്‍ ഒന്നും സംഭവിക്കാറില്ല. അമിതകൊഴുപ്പ് അലിഞ്ഞ് ശാരീരികാവശ്യങ്ങള്‍ക്കുള്ള ഊര്‍ജം നല്‍കിക്കൊള്ളും. അപ്പോള്‍ മെലിയാന്‍ വിശന്നിരിക്കുന്നത് നല്ലതാണ്.
അതുപോലെ സാവധാനം ഭക്ഷണം കഴിക്കണം. വയറുനിറയുന്നു എന്ന സിഗ്നല്‍ മസ്തിഷ്‌കത്തിലെത്താന്‍ സമയം അനുവദിക്കുക. വെട്ടിവിഴുങ്ങിയാല്‍ അത് നടക്കില്ല. പ്രാതല്‍ നന്നായി കഴിക്കണം. രാത്രിയിലെ പട്ടിണിക്കുശേഷം ഒരു ദിവസത്തെ ജോലി മുഴുവന്‍ ചെയ്തുതീര്‍ക്കാനായി ലഭിക്കേണ്ട കലോറി അതിലുണ്ടാവണം. പ്രത്യേകിച്ച് സ്‌കൂള്‍ കുട്ടികള്‍ പ്രധാനമായി കഴിക്കേണ്ടത് പ്രാതലാണ്. ഉച്ചഭക്ഷണം മിതമാകണം. അത്താഴമാണ് ഏറ്റവും കുറയ്‌ക്കേണ്ടത്. അത് പറ്റുമെങ്കില്‍ സൂര്യാസ്തമയത്തിന് മുമ്പ് കഴിക്കുകയും വേണം. അളവു കുറച്ച് നേരത്തെ കഴിച്ചാല്‍ നിദ്രയ്ക്ക് ഒരുങ്ങുമ്പോള്‍ ആമാശയത്തിലുള്ളതെല്ലാം ദഹിച്ചിരിക്കും. പിന്നെ ഹൃദയത്തെയും ആമാശയത്തെയും ഉപദ്രവിക്കാതെ ശാന്തമായി ഉറങ്ങാന്‍ സാധിക്കും. രാത്രിയില്‍ വൈകിവന്ന് വയറ് കുത്തിനിറച്ച് ആഹരിക്കുന്നവര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യതയും ഏറുന്നു. രാത്രിയില്‍ ഹൃദയത്തിന് അമിത ലോഡ് കൊടുക്കാതെ വിശ്രമിക്കാന്‍ അനുവദിക്കണം.
ഭക്ഷണം ശരീരത്തിന് അമൃതാണ്. അത് ഗുണത്തിലും അളവിലും സമീകൃതമാക്കി കഴിക്കേണ്ട രീതിയില്‍ ആസ്വദിച്ചാല്‍ സമ്പൂര്‍ണ ആരോഗ്യമാണ് ഫലം. മറിച്ചായാല്‍ രോഗങ്ങളും.


Related Articles

ക്രിസ്ത്യന്‍ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്താന്‍ അനുമതി

പത്ത് ജില്ലകളിലെ ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകള്‍ അടച്ചിടും തിരുവനന്തപുരം: ക്രിസ്ത്യന്‍ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്താന്‍ അനുമതി. 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്. വിവാഹചടങ്ങുകള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കും

ദൈവം കൈപിടിച്ച് കടത്തിയ പീറ്റര്‍ സാജന്‍

  ? ചെറുപ്പം മുതലേ സിനിമ മനസിലുണ്ടോ. തുടക്കം എങ്ങനെയായിരുന്നു. സിനിമാ കമ്പം കുഞ്ഞുനാളിലേ തുടങ്ങി. കഥപറച്ചിലിലായിരുന്നു തുടക്കം. സ്‌കൂളില്‍ കൂട്ടുകാരോട് കഥകള്‍ പറയും. കഥ കേള്‍ക്കാന്‍

അമര ലതാംഗുലി: മത്തെയുസ് പാതിരിയുടെ വിരിദാരിയും ഓറിയന്താലെയും ഹോര്‍ത്തുസ് മലബാറിക്കുസും

എറണാകുളം: പതിനേഴാം നൂറ്റാണ്ടിലെ മലയാളക്കരയിലെ ഔഷധികളുടെയും ഇതര സസ്യങ്ങളുടെയും സമഗ്ര ചിത്രീകരണവും മലയാളം, കൊങ്കണി, അറബി, ലത്തീന്‍ നാമാവലിയും ഔഷധഗുണങ്ങളും പ്രയോഗവിധികളും ഉള്‍പ്പെടെയുള്ള വിവരങ്ങളും അടങ്ങുന്ന സര്‍വവിജ്ഞാനകോശമെന്നും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*