Breaking News

ഭാരതത്തില്‍ കര്‍മലീത്താ പ്രേഷിതശുശ്രൂഷയുടെ 400-ാം വാര്‍ഷികാഘോഷം ഗോവയില്‍

ഭാരതത്തില്‍ കര്‍മലീത്താ പ്രേഷിതശുശ്രൂഷയുടെ 400-ാം വാര്‍ഷികാഘോഷം ഗോവയില്‍

നിഷ്പാദുക കര്‍മലീത്താ സമൂഹം ഇന്ത്യയില്‍ പ്രേഷിതശുശ്രൂഷയുടെ 400-ാം വാര്‍ഷികം ആഘോഷിക്കുന്നു. ഓള്‍ഡ് ഗോവയില്‍ 1619ല്‍ ആരംഭിച്ച ആദ്യ നൊവിഷ്യേറ്റില്‍ അംഗങ്ങളായിരുന്ന സമൂഹത്തിലെ ആദ്യ രക്തസാക്ഷികളായ രണ്ട് വാഴ്ത്തപ്പെട്ടവരെ – ഫ്രഞ്ചുകാരനായ ഫാ. ഡയൊനീഷ്യസ് (ഡെന്നിസ്) ഓഫ് നേറ്റിവിറ്റി, പോര്‍ച്ചുഗീസുകാരനായ ബ്രദര്‍ റിഡംപ്റ്റസ് ഓഫ് ദ് ക്രോസ് എന്നിവരെ – അനുസ്മരിച്ചുകൊണ്ട് ഫെബ്രുവരി എട്ടു മുതല്‍ 10 വരെയാണ് നാനൂറാം വാര്‍ഷികം. ഇതിനു മുന്നോടിയായി ഓള്‍ഡ് 
ഗോവയിലെ സെന്റ് ജോസഫ് വാസ് സ്പിരിച്വല്‍ റിന്യൂവല്‍ സെന്ററില്‍ നിഷ്പാദുക കര്‍മലീത്താ സഭയുടെ അസാധാരണ ജനറല്‍ ഡെഫിനിറ്ററി സമ്മേളനം നാലാം തീയതി ആരംഭിച്ചു. ആഗോള തലത്തില്‍ 55,000 അംഗങ്ങളുള്ള – 4,000 സന്യാസിമാരും 11,000 കന്യാസ്ത്രീകളും 40,000 സെക്യുലര്‍ കര്‍മലീത്തരും – നിഷ്പാദുക കര്‍മലീത്താ സഭയുടെ ഡഫിനിറ്റര്‍ ജനറല്‍ ഇറ്റലിയിലെ കത്തന്‍സാരോ സ്വദേശി റവ. ഡോ. സവിയേരോ കനിസ്ത്രാ, സന്യാസ സമൂഹത്തിലെ ഡഫിനിറ്റര്‍മാര്‍, പ്രൊവിന്‍ഷ്യല്‍, കമ്മിസാര്‍, വികാര്‍, ജനറല്‍ ഡെലിഗേറ്റ്, പ്രൊവിന്‍ഷ്യല്‍ ഡലിഗേറ്റ് തുടങ്ങി 65 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ 11-ാം തീയതി വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 2021ല്‍ നടക്കുന്ന ജനറല്‍ ചാപ്റ്ററിനു മുന്നോടിയാണിത്. നിഷ്പാദുക കര്‍മലീത്തരുടെ ഭരണഘടനയാണ് മുഖ്യ ചര്‍ച്ചാ വിഷയം.
വെല്ല ഗോവയിലെ കോണ്‍വെന്തോ ദോ കാര്‍മോയില്‍ റവ. ഡോ. കന്നിസ്ത്രായുടെ മുഖ്യകാര്‍മികത്വത്തില്‍ എട്ടാം തീയതി സ്‌തോത്രബലി അര്‍പ്പിക്കും. മഡ്ഗാവില്‍ പുനരുദ്ധരിച്ച കര്‍മലീത്താ ആശ്രമദേവാലയത്തിന്റെയും ആശ്രമത്തിന്റെയും ആശീര്‍വാദം ഒന്‍പതാം തീയതി അദ്ദേഹം നിര്‍വഹിക്കും. ഒന്‍പതാം തീയതി ചിക്കാലിമിലെ പള്ളോട്ടി ഹൗസില്‍ ചേരുന്ന സ്‌കൊളാസ്റ്റിക് സമ്മേളനത്തില്‍ 150 യുവ കര്‍മലീത്തര്‍ പങ്കെടുക്കും. വെല്ല ഗോവയിലെ സേ കത്തീഡ്രലില്‍ പത്താം തീയതി നാലിന് അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ഗോവ ആര്‍ച്ച്ബിഷപ് ഡോ. ഫിലിപ് നേരി ഫറാവോ മുഖ്യകാര്‍മിതത്വം വഹിക്കും. കര്‍മലീത്താ ചരിത്രത്തെ ആധാരമാക്കിയുള്ള സോലോ ദിയോസ് ബാസ്താ (ദൈവം മാത്രം മതി) എന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് പരിപാടിയും ചരിത്ര സെമിനാറുമാണ് മുഖ്യ പരിപാടികള്‍. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥിയായിരിക്കും. കാര്‍വാര്‍ ബിഷപ് ഡോ. ഡെറക് ഫെര്‍ണാണ്ടസ്, മംഗലാപുരത്തെ ബിഷപ് എമരിറ്റസ് ഡോ. അലോഷ്യസ് പോള്‍ ഡിസൂസ എന്നിവര്‍ സംബന്ധിക്കും. കര്‍ണാടക-ഗോവ പ്രോവിന്‍സിന്റെ നേതൃത്വത്തിലുള്ള ഇന്റര്‍-പ്രൊവിന്‍ഷ്യല്‍ കോണ്‍ഫറന്‍സിന്റെ ആഭിമുഖ്യത്തിലാണ് 400-ാം വാര്‍ഷിക പരിപാടികള്‍ ഗോവയില്‍ സംഘടിപ്പിക്കുന്നത്.
സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് തെരേസാ സമൂഹത്തിന്റെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. ക്രിസ് സിഎസ്എസ്ടി, റവ. ഡോ. പീറ്റര്‍ ചക്യാത്ത് ഒസിഡി, സിസ്റ്റര്‍ ഡോ. വെറോനി സിടിസി, സിഎംഐ സുപ്പീരിയര്‍ ജനറല്‍ റവ. ഡോ പോള്‍ അച്ചാണ്ടി, സിസ്റ്റര്‍ ഡോ. ട്രീസാ സിഎസ്എസ്ടി, റവ. ഡോ. പ്രസാദ് തെരുവത്ത്, അപ്പസ്‌തോലിക് കാര്‍മല്‍ അസിസ്റ്റന്റ് ജനറല്‍ സിസ്റ്റര്‍ ഡോ. മബീലിയ എ.സി, ഡോ. ഫാത്തിമ ഗ്രേഷ്യസ്, ഡോ. ഫെര്‍ണാണ്ടോ വെല്ലോ, ജോണ്‍ മാര്‍ഷാ തുടങ്ങിയവര്‍ സെമിനാറില്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
പഴയ ഗോവയില്‍ ആദ്യ നൊവിഷ്യേറ്റ്
പേര്‍ഷ്യയില്‍ 1608 മുതല്‍ കര്‍മലീത്തര്‍ പ്രേഷിതപ്രവര്‍ത്തനം ചെയ്തുവന്നു. പേര്‍ഷ്യന്‍ മിഷനിലേക്ക് നിയോഗിക്കപ്പെട്ട സ്‌പെയിന്‍കാരനായ ഫാ. ലെയാന്‍ഡര്‍ ഓഫ് അനണ്‍സിയേഷന്റെ നേതൃത്വത്തിലുള്ള കര്‍മലീത്തരുടെ ആദ്യ സംഘം 1619ല്‍ ഗോവയിലെത്തി. ആര്‍ച്ച്ബിഷപ് ഡോണ്‍ ക്രിസ്‌തൊബെല്‍ ദെ സാ ലിസ്‌ബോവയുടെ അനുമതിയോടെ ഓള്‍ഡ് ഗോവയില്‍ 1620ല്‍ നൊവിഷ്യേറ്റ് ഭവനം തുടങ്ങി. ദൈവശാസ്ത്രപഠനകേന്ദ്രം 1630ല്‍ ആരംഭിച്ചു. നിഷ്പാദുക കര്‍മലീത്താ സഭയിലെ ആദ്യത്തെ രക്തസാക്ഷികളായ വാഴ്ത്തപ്പെട്ട ഡയൊനീഷ്യസ് (ഡെന്നിസ്) ഓഫ് നേറ്റിവിറ്റി, വാഴ്ത്തപ്പെട്ട റിഡംപ്റ്റസ് ഓഫ് ദ് ക്രോസ് എന്നിവര്‍ ഓള്‍ഡ് ഗോവയിലെ കര്‍മലീത്താ സമൂഹത്തില്‍ അംഗങ്ങളായിരുന്നു. ഫ്രാന്‍സിലെയും പോര്‍ച്ചുഗലിലെയും രാജാക്കന്മാര്‍ക്കുവേണ്ടി ചാര്‍ട്ടുകളും ഭൂഗോളപടങ്ങളും വരച്ചിരുന്ന നാവികസേനാ കപ്പിത്താനായിരുന്നു ഡെന്നിസ്. 1635ല്‍ ഗോവയില്‍ വച്ച് പരിശുദ്ധ ത്രിത്വത്തിന്റെ ഫാ. ഫിലിപ്പിന്റെ ആത്മീയ ഉപദേശം സ്വീകരിച്ച് ഡെനിസ് നിഷ്പാദുക കര്‍മലീത്താ സഭയില്‍ ചേര്‍ന്നു. 1636 ഡിസംബര്‍ 25ന് വ്രതവാഗ്ദാനം നടത്തി. 1638 ഓഗസ്റ്റ് 24ന് വൈദികപട്ടം സ്വീകരിച്ചു.
പോര്‍ച്ചുഗലില്‍ ജനിച്ച തോമസ് റോഡ്രിഗസ് ഡിക്കുഞ്ഞ ഇന്ത്യയിലെ പോര്‍ച്ചുഗീസ് സൈന്യത്തിലായിരുന്നു. സിന്ധില്‍ വച്ച് കര്‍മലീത്തരുമായി പരിചയത്തിലായി. തുടര്‍ന്നാണ് കുരിശിന്റെ റിഡംപ്റ്റസ് എന്ന പേരില്‍ ഇതേ സമൂഹത്തില്‍ സന്യാസ സഹോദരനായി ചേര്‍ന്നത്. ഈസ്റ്റ് ഇന്‍ഡീസില്‍ ആച്ചെ സുല്‍ത്താന്റെ പക്കലേക്ക് പോര്‍ച്ചുഗീസ് വൈസ്രോയി സ്ഥാനപതിയായി ഫ്രാന്‍സിസ് ഡിസൂസയെ 1638ല്‍ സുമാത്രയിലേക്ക് (ഇന്നത്തെ ഇന്തൊനേഷ്യ) അയച്ചപ്പോള്‍ പോര്‍ച്ചുഗീസ് സംഘത്തില്‍ ഫാ. ഡെന്നിസും ബ്രദര്‍ റിഡംപ്റ്റസുമുണ്ടായിരുന്നു. അവിടെ വച്ച് അവര്‍ തടവിലാക്കപ്പെടുകയു 1638 നവംബര്‍ 29ന് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. 1900-ാമാണ്ടില്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ ഇവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഇരുവരെയും അനുസ്മരിച്ചുകൊണ്ടാണ് ഗോവയില്‍ 400-ാം വാര്‍ഷികാചരണം തുടങ്ങുന്നത്.
റോമിലെ സുവിശേഷവത്കരണ തിരുസംഘവും (പ്രൊപ്പഗാന്ത) പോര്‍ച്ചുഗീസ് രാജാവിന്റെ അധീനതയിലുള്ള സഭാ ഭരണസംവിധാനമായ പെദ്രുവാദോയും തമ്മിലുള്ള അധികാര വടംവലിയുടെ പശ്ചാത്തലത്തില്‍ കര്‍മലീത്തര്‍ക്ക് 1707ല്‍ ഗോവ വിട്ടുപോകേണ്ടിവന്നു. ഓള്‍ഡ് ഗോവയിലെ കര്‍മലീത്ത് കന്യാമഠം (കോണ്‍വെന്തോ ദൊ കാര്‍മോ) ഫിലിപ് നേരിയുടെ പോര്‍ച്ചുഗീസ് ഓററ്റേറിയന്‍ സമൂഹത്തിനു കൈമാറി 1709ല്‍ കര്‍മലീത്താ സംഘം കാര്‍വാറിലേക്കു തിരിച്ചു. അവിടെ 1890വരെ തുടര്‍ന്നു. ഗോവയ്ക്കടുത്ത് ബീജാപ്പൂരില്‍ 1637ല്‍ പ്രൊപ്പഗാന്തയുടെ കീഴില്‍ ഏഷ്യയിലെ പ്രഥമ അപ്പസ്‌തോലിക വികാരിയാത്ത് സ്ഥാപിതമായി. ഇത് പിന്നീട് ഗ്രെയ്റ്റ് മുഗള്‍ എന്നും ബോംബെ എന്നും അറിയപ്പെട്ടു.
പോര്‍ച്ചുഗലില്‍ നിന്ന് ബോംബെ പിടിച്ചെടുത്ത ബ്രിട്ടീഷുകാര്‍ അവിടെയുണ്ടായിരുന്ന പോര്‍ച്ചുഗീസ് വൈദികരെ പുറത്താക്കി. എന്നാല്‍ 1720ല്‍ ബോംബെയിലെ ബ്രിട്ടീഷ് ഗവര്‍ണര്‍ ചാള്‍സ് ബൂണ്‍ ആ മേഖലയിലെ ആറ് ഇടവകകള്‍ കര്‍മലീത്താ വൈദികര്‍ക്കു വിട്ടുകൊടുത്തു. ഗ്രേറ്റര്‍ മുഗള്‍ അപ്പസ്‌തോലിക വികാരിയാത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു.
മലബാറിലെ അനുരഞ്ജന ദൗത്യം
മലബാറില്‍ പോര്‍ച്ചുഗീസുകാരുടെയും ഈശോസഭക്കാരുടെയും ആധിപത്യത്തില്‍ നിന്ന് മോചനം നേടാന്‍ ആഗ്രഹിച്ചിരുന്ന മാര്‍ത്തോമാ നസ്രാണികള്‍ കര്‍മലീത്തരുടെ സഹായം തേടിയിരുന്നു. 1634ല്‍ വിശുദ്ധ തെരേസായുടെ ഫാ. ജോസ് ഏലിയാസും മറ്റൊരു സന്യാസിയും ഗോവയില്‍ നിന്ന് മലബാറിലെത്തിയിരുന്നു. കുറവിലങ്ങാട് പുരാതന ഇടവകയില്‍ കര്‍മലനാഥയുടെ ഉത്തരീയ സഖ്യത്തിലൂടെ വെന്തിഞ്ഞ ഭക്തി പ്രചരിപ്പിച്ച കര്‍മലീത്തര്‍ക്ക് അവിടെ സെന്റ് തോമസ് ക്രൈസ്തവരുടെ ആദരം ആര്‍ജിക്കാന്‍ കഴിഞ്ഞു. കൂനന്‍കുരിശു ശപഥത്തിന്റെ പശ്ചാത്തലത്തില്‍ ഈശോസഭക്കാര്‍ക്കു പകരം കര്‍മലീത്തരെ വരവേല്‍ക്കാന്‍ നസ്രാണികള്‍ സന്നദ്ധത പ്രകടിപ്പിച്ചത് ഈ കുറവിലങ്ങാട് ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ്.
മലബാര്‍ സഭയില്‍ അനുരഞ്ജനത്തിനു വഴിതെളിക്കാനായാണ് അലക്‌സാണ്ടര്‍ ഏഴാമന്‍ പാപ്പാ 1655ല്‍ രണ്ട് അപ്പസ്‌തോലിക കമ്മീസറിമാരെ-പരിശുദ്ധ മറിയത്തിന്റെ ഫാ. ജോസഫ് സെബസ്ത്യാനിയെയും വിശുദ്ധ വിന്‍സെന്റിന്റെ ഫാ. ഹയസിന്തിനെയും-രണ്ടു വ്യത്യസ്ത റൂട്ടുകളിലൂടെ മലബാറിലേക്ക് അയച്ചത്. റോമില്‍ നിന്ന് 1656 ഫെബ്രുവരി 22നു പുറപ്പെട്ട സെബസ്ത്യാനിയും സംഘവും സിറിയ, മെസൊപൊട്ടാമിയ വഴി കരമാര്‍ഗം കൃത്യം ഒരു വര്‍ഷംകൊണ്ട്, 1657 ഫെബ്രുവരി 22ന് മലബാറില്‍ എത്തിച്ചേര്‍ന്നു. വിശുദ്ധ കാതറിന്റെ വിന്‍സെന്റ്, വിശുദ്ധ ലൂയിസിന്റെ റഫായേല്‍, വിശുദ്ധ ഫ്രാന്‍സിസിന്റെ ഹെര്‍മാനോ ലൂയിസ് എന്നീ കര്‍മലീത്താ വൈദികരും സെബസ്ത്യാനിക്കൊപ്പം റോമില്‍ നിന്നുള്ള സംഘത്തിലുണ്ടായിരുന്നു. ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ബൃഹദ് സസ്യശാസ്ത്രഗന്ഥ പരമ്പരയുടെ മുഖ്യ രചയിതാവായ വിശുദ്ധ ജോസഫിന്റെ മത്തേവൂസ് ഗോവയില്‍ നിന്ന് അദ്ദേഹത്തോടൊപ്പം ചേര്‍ന്നു.
കൂനന്‍കുരിശു ശപഥത്തിനുശേഷം മെത്രാനായി സ്വയംപ്രഖ്യാപിച്ച ആര്‍ക്കദിയാക്കോന്‍ തോമസിന്റെ പക്ഷത്തു നിലയുറപ്പിച്ച പല ഇടവകക്കാരെയും റോമിലെ പരിശുദ്ധ സിംഹാസനവുമായി രമ്യതയിലെത്തിക്കാന്‍ 11 മാസം കൊണ്ട് സെബസ്ത്യാനിക്കു കഴിഞ്ഞു. കുറവിലങ്ങാട്, കടുത്തുരുത്തി, മുട്ടുച്ചിറ, മുട്ടം, വടക്കന്‍ പറവൂര്‍, അങ്കമാലി, കാഞ്ഞൂര്‍ എന്നിവിടങ്ങളില്‍ ഭൂരിപക്ഷം വിശ്വാസികളും സെബസ്ത്യാനിയോടൊപ്പം ചേര്‍ന്നു. മട്ടാഞ്ചേരിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ 44 പള്ളികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. 1658 ജനുവരി ഏഴിന് സെബസ്ത്യാനി റോമിലേക്കു മടങ്ങി. മലബാറിലെ സ്ഥിതിഗതികള്‍ പരിശുദ്ധ പിതാവിനെ ധരിപ്പിച്ചു. 1659 ഡിസംബര്‍ മൂന്നിന് പാപ്പാ മലബാര്‍ വികാരിയാത്ത് സ്ഥാപിച്ചു; ജോസഫ് സെബസ്ത്യാനിയെ വികാരി അപ്പസ്‌തോലിക്കയായും നിയമിച്ചു. ഡിസംബര്‍ 15ന് ഹെയ്‌രാപൊളിസിന്റെ സ്ഥാനിക മെത്രാനായി സെബസ്ത്യാനി അഭിഷിക്തനായി. 1659 ഡിസംബര്‍ 17ന് ഇന്‍ജുങ്തി നോബിസ് ദിവിനിത്തൂസ് എന്ന കല്പനയിലൂടെ സെബസ്ത്യാനിയെ കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായി പാപ്പാ നിയമിച്ചു. കൊടുങ്ങല്ലൂരിലെ ഗാര്‍സിയ മെത്രാപ്പോലീത്ത 1659 സെപ്റ്റംബര്‍ മൂന്നിന് ദിവംഗതനായി എന്ന വിവരം റോമില്‍ എത്തും മുന്‍പുള്ള കല്പനയില്‍ പറഞ്ഞിരുന്നത് ഗാര്‍സിയ മെത്രാപ്പോലീത്ത ജീവിച്ചിരിപ്പുണ്ടെങ്കിലും സെബസ്ത്യാനി അഡ്മിനിസ്‌ട്രേറ്ററായിരിക്കും എന്നത്രെ.
കപ്പല്‍ മാര്‍ഗം ലിസ്ബണ്‍ വഴി ഗോവയിലെത്തിയ ഫാ. ഹയസിന്തും സംഘവും സെബസ്ത്യാനി റോമിലേക്കു തിരിച്ചുപോയതിന്റെ മൂന്നാം മാസം മലബാറില്‍ എത്തി. സെബസ്ത്യാനിയുടെ പാത പിന്തുടര്‍ന്ന് ഫാ. ഹയസിന്ത് 30 പള്ളികള്‍ കൂടി റോമിന്റെ ആഭിമുഖ്യത്തിലേക്കു കൊണ്ടുവന്നു. മലബാറിലെത്തി രണ്ടു വര്‍ഷത്തിനകം, 1660 ഫെബ്രുവരി 10ന് ഹയസിന്ത് കൊച്ചിയില്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം കൊച്ചി കത്തീഡ്രലില്‍ അടക്കം ചെയ്തു.
മലബാര്‍ വികാരി അപ്പസ്‌തോലിക്കയും കൊടുങ്ങല്ലൂര്‍ അതിരൂപത അഡ്മിനിസ്‌ടേറ്ററുമായി 1661 മേയ് 14ന് സെബസ്ത്യാനി റോമില്‍ നിന്ന് തിരിച്ചെത്തി. കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് 20 മാസത്തോളം സെബ്‌സ്ത്യാനി അജപാലനശുശ്രൂഷയില്‍ മുഴുകി. അപ്പോഴേക്കും സുറിയാനിക്കാരുടെ 84 പള്ളികള്‍ റോമിന്റെ പക്ഷത്ത് ചേര്‍ന്നിരുന്നു.
ഇതിനിടെ കാല്‍വിനിസ്റ്റ് പ്രൊട്ടസ്റ്റന്റുകാരായ ഡച്ചുകാര്‍ കൊച്ചി പിടിച്ചടക്കുകയും ഫോര്‍ട്ടുകൊച്ചിയിലെ സെന്റ് ഫ്രാന്‍സിസ് പള്ളി ഒഴികെ എല്ലാ കത്തോലിക്കാ പള്ളികളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കുകയും എല്ലാ യൂറോപ്യന്‍ മിഷണറിമാരെയും പുറത്താക്കുകയും ചെയ്തു. അതോടെ സെബസ്ത്യാനിക്കും രാജ്യം വിട്ടുപോകേണ്ടിവന്നു. കടുത്തുരുത്തിയില്‍ സുറിയാനി വൈദികരുടെയും സമുദായ പ്രമാണിമാരുടെയും യോഗം വിളിച്ചുകൂട്ടി പറമ്പില്‍ ചാണ്ടി (അലക്‌സാണ്ടര്‍ ദെ കാംപോ) എന്ന സുറിയാനി വൈദികനെ മെഗാരയിലെ സ്ഥാനിക മെത്രാനായി അഭിഷേചിക്കുകയും മലബാര്‍ വികാരി അപ്പസ്‌തോലിക്കയായി അവരോധിക്കുകയും ചെയ്തു. 1663 മേയില്‍ സെബസ്ത്യാനി റോമിലേക്കു തിരിച്ചുപോയി.
വരാപ്പുഴയിലെ കര്‍മലീത്താ പ്രൊവിന്‍ഷ്യലും പിന്നീട് ഗ്രേറ്റ് മുഗള്‍ വികാരി അപ്പസ്‌തോലിക്കയുമായ (1696) ആര്‍ച്ച്ബിഷപ് പീറ്റര്‍ പോള്‍ – ഇന്നസന്റ് പന്ത്രണ്ടാമന്‍ പാപ്പായുടെ ഭാഗിനേയനും, ഓസ്ട്രിയ (പ്രഷ്യ) ചക്രിവര്‍ത്തി ലിയോപോള്‍ഡ് പ്രഥമന്റെ ആലോചനക്കാരനും, പേര്‍ഷ്യ, എത്യോപിയ, ഗ്രേറ്റ് മുഗള്‍ എന്നിവിടങ്ങളില്‍ ചക്രവര്‍ത്തിയുടെ സ്ഥാനപതിയുമായിരുന്നു ഇദ്ദേഹം – ആംസ്റ്റര്‍ഡാമില്‍ സ്വാധീനം ചെലുത്തി കൊച്ചിയില്‍ കര്‍മലീത്തര്‍ക്കെതിരെ ഡച്ചുകാര്‍ പ്രഖ്യാപിച്ചിരുന്ന നാടുകടത്തല്‍ പിന്‍വലിപ്പിച്ചു.
ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന 12 വാല്യങ്ങളുള്ള സസ്യശാസ്ത്രഗ്രന്ഥത്തിന്റെ മുഖ്യ രചയിതാവായ ഫാ. മത്തേവൂസ് ഓഫ് സെന്റ് ജോസഫ് കൊച്ചിയില്‍ ഡച്ച് ഗവര്‍ണറായിരുന്ന അഡ്മിറല്‍ വാന്‍ റീഡ് എന്ന സസ്യശാസ്ത്രപ്രേമിയുടെ സ്‌നേഹാദരങ്ങള്‍ക്കു പാത്രമായതിനെ തുടര്‍ന്നാണ് പച്ചാളത്തും വരാപ്പുഴയിലും ദേവാലയങ്ങളും കര്‍മലീത്താ ആശ്രമങ്ങളും പണിയാന്‍ ഡച്ചുകാരില്‍ നിന്ന് അനുമതി നേടിയെടുത്തത്. 1701ല്‍ ഇറ്റലിക്കാരനായ ആഞ്ചലോ ഫ്രാന്‍സിസ് ഓഫ് സെന്റ് തെരേസ എന്ന മെത്രാന്‍ അപ്പലസ്‌തോലിക വികാരിയായതു മുതല്‍ 1934ല്‍ എയ്ഞ്ചല്‍ മേരി പെരെസ് സിസീലിയ സ്ഥാനത്യാഗം ചെയ്യുന്നതുവരെ ഏതാണ്ട് 300 വര്‍ഷം 17 കര്‍മലീത്താ വികാരി അപ്പസ്‌തോലിക്കമാര്‍ മലബാര്‍ (വരാപ്പുഴ) വികാരിയാത്തിനെ നയിച്ചു.
വരാപ്പുഴയുടെ കീഴിലായിരുന്ന കൊല്ലത്ത് 1845 മേയ് 12ന് അപ്പസ്‌തോലിക വികാരിയാത്ത് രൂപവത്കരിച്ചു. വിശുദ്ധ തെരേസയുടെ ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലിയെ ആണ് പ്രഥമ പ്രോ-വികാരി അപ്പസ്‌തോലിക്കയായി നിയമിച്ചത്. കൊല്ലത്ത് 90 വര്‍ഷം നീളുന്ന കര്‍മലീത്താ വികാരി അപ്പസ്‌തോലിക്കമാരുടെ പരമ്പരയില്‍ ആദ്യത്തെയാള്‍ ബച്ചിനെല്ലിയാണ്. വരാപ്പുഴ വികാരിയാത്തിന്റെ കീഴിലായിരുന്ന മംഗലാപുരത്തും കര്‍മലീത്തരുടെ കീഴില്‍ മറ്റൊരു വികാരിയാത്ത് രൂപീകൃതമായി (1845-1873).
വരാപ്പുഴ വികാരി അപ്പസ്‌തോലിക്കയായിരുന്ന ആര്‍ച്ച്ബിഷപ് ബച്ചിനെല്ലിയുടെ കാലത്താണ് 1857ല്‍ ലത്തീന്‍കാര്‍ക്കുവേണ്ടി കര്‍മലീത്താ മൂന്നാം സഭയുടെ (ടിഒസിഡി) ആശ്രമം കൂനമ്മാവില്‍ ആരംഭിച്ചത്. മഞ്ഞുമ്മല്‍ അമലോത്ഭവ നാഥയുടെ നാമത്തിലുള്ള ആശ്രമത്തിന് ശിലാസ്ഥാപനം നടത്തിയതും അദ്ദേഹത്തിന്റെ കാലത്താണ്. 1874ല്‍ ആര്‍ച്ച്ബിഷപ് ലെയൊനാര്‍ദോ മെല്ലാനോയുടെ കാലത്താണ് മഞ്ഞുമ്മല്‍ ടിഒസിഡി ആശ്രമം തുറന്നത്. മാന്നാനത്ത് അമലോത്ഭവദാസസംഘം എന്ന പേരില്‍ ഇന്ത്യയില്‍ തദ്ദേശീയ കര്‍മലീത്താ സന്യാസികളുടെ ആദ്യ സമൂഹത്തിന് 1855ല്‍ റോമിലെ കര്‍മലീത്താ സഭാ ജനറല്‍ ചാപ്റ്ററില്‍ നിന്ന് കാനോനിക അംഗീകാരവും ചട്ടങ്ങളും നേടിക്കൊടുത്തത് മോണ്‍. ബച്ചിനെല്ലിയാണ്. ദൈവദാസി മദര്‍ ഏലീശ്വായുടെ നേതൃത്വത്തില്‍ കൂനമ്മാവില്‍ ആരംഭിച്ച തദ്ദേശീയ കര്‍മലീത്താ സന്യാസിനികളുടെ (ടിഒസിഡി) ആദ്യ മഠത്തിന് അംഗീകാരം നല്‍കിയതും ബച്ചിനെല്ലിയാണ്. പിന്നീട് തെരേസ്യന്‍ കാര്‍മലൈറ്റ്‌സ് സമൂഹം (സിടിസി), കോണ്‍ഗ്രിഗേഷന്‍ ഓഫ് മൗണ്ട് കാര്‍മല്‍ എന്നിങ്ങനെ റീത്ത് അടിസ്ഥാനത്തില്‍ രണ്ടു സമൂഹങ്ങളായി വളര്‍ന്നത് കൂനമ്മാവിലെ ഈ മാതൃസമൂഹമാണ്. 1886ല്‍ ഇന്ത്യയില്‍ സഭാ ഹയരാര്‍ക്കി രൂപീകരിച്ചപ്പോള്‍ വരാപ്പുഴ അതിരൂപതയും കൊല്ലം രൂപതയും സ്ഥാപിക്കപ്പെട്ടു. രണ്ടും കര്‍മലീത്താ സമൂഹത്തെയാണ് ഭരമേല്പിച്ചത്.
ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടറായിരുന്ന ധന്യനായ ദിവ്യകാരുണ്യത്തിന്റെ ഫാ. ഔറേലിയന്‍ (1887-1963), മഞ്ഞുമ്മല്‍ കര്‍മലീത്താ മൂന്നാംസഭയുടെ കമ്മിസാറിയായിരുന്ന ധന്യന്‍ വിശുദ്ധ ത്രേസ്യയുടെ ഫാ. സക്കറിയാസ് (1887-1957), ചാത്യാത്ത് മൗണ്ട് കാര്‍മല്‍ പള്ളി വികാരിയായിരുന്ന ധന്യന്‍ ഫാ. യുവാന്‍ വിന്‍സെന്തെ ഓഫ് ജീസസ് മേരി (1862-1943), കൊല്ലം മെത്രാനായിരുന്ന ദൈവദാസന്‍ ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗര്‍, മുതിയാവിള വല്യച്ചന്‍ എന്നറിയപ്പെടുന്ന കര്‍മലീത്താ മിഷണറി ദൈവദാസന്‍ ഫാ. അദെയൊദാത്തൂസ് എന്നിവര്‍ മലയാളക്കരയെ വിശുദ്ധീകരിച്ച കര്‍മലീത്താ പൈതൃകത്തിന്റെ ദീപ്തതാരങ്ങളാണ്.
ഗോവയില്‍ കര്‍മലീത്താ മിഷന്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് 1928 ഡിസംബര്‍ 19ന് ഫാ. മാക്‌സിം ഗൊഡീനോ എന്ന രൂപതാ വൈദികന്‍ ഫാ. ലെയാന്‍ഡര്‍ക്ക് കത്തെഴുതി. മഡ്ഗാവില്‍ പരിശുദ്ധാരൂപിയുടെ ദേവാലയത്തിനു സമീപം ഡോ. വിന്‍സന്റ് ഗ്രാസിയാസിന്റെ വസതിയിലാണ് യേശുവിന്റെ തിരുഹൃദയത്തിന്റെ ഫാ. ലോറന്‍സ് പ്രഥമ ആശ്രമശ്രേഷ്ഠനായി ആശ്രമം ആരംഭിച്ചത്. 1939 മാര്‍ച്ച് 19ന് പുതിയൊരു സന്യാസ സമൂഹം അവിടെ കാനോനികമായി സ്ഥാപിതമായി. ഗോവയില്‍ കര്‍മലീത്തര്‍ക്ക് മഡ്ഗാവിലും മാപ്‌സയും ചേലിമിലും മൂന്ന് ആശ്രമങ്ങളുണ്ട്, ഓള്‍ഡ് ഗോവയിലെ നൊവിഷ്യേറ്റ് ഹൗസിന്റെ അവശിഷ്ടങ്ങളും.
ഇന്ത്യയില്‍ ഏഴു കര്‍മലീത്താ പ്രോവിന്‍സുകളാണുള്ളത് – മഞ്ഞുമ്മല്‍, മലബാര്‍, കര്‍ണാടക-ഗോവ, തമിഴ്‌നാട്, ദക്ഷിണ കേരള, ഡല്‍ഹി, ആന്ധ്രപ്രദേശ് എന്നിവ. ആയിരത്തിലേറെ കര്‍മലീത്താ സന്യാസിമാരും 34 ക്ലോയിസ്‌റ്റേഡ് കര്‍മലീത്താ മഠങ്ങളിലായി 500 അര്‍പ്പിതരുമുണ്ട്. ആദ്യത്തെ 300 വര്‍ഷങ്ങള്‍ പ്രേഷിതരും വികാരി അപ്പസ്‌തോലിക്കമാരും ബിഷപ്പുമാരുമായി യൂറോപ്യന്‍ കര്‍മലീത്തരാണ് ഇന്ത്യയില്‍ ശുശ്രൂഷ ചെയ്തത്. ഗോവയിലും ഒരു കര്‍മലീത്താ മെത്രാപ്പോലീത്തയുണ്ടായി – ഇമ്മാനുവല്‍ ഫെലിക്‌സ് സുവാരെസ് ദെ സാന്ത കത്തറീന (1780-1812) ഗോവയിലെ 23-ാമത്തെ മെത്രാപ്പോലീത്തയായിരുന്നു.


Related Articles

ആശ്വസിക്കാറിട്ടില്ലെന്ന് മന്ത്രി ശൈലജ

തിരുവനന്തപുരം: രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വലിയ കുറവുണ്ടായിട്ടുണ്ടെങ്കിലും പൂര്‍ണമായും ആശ്വസിക്കാവുന്ന നിലയിലെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിഷു അടക്കമുള്ള ആഘോഷങ്ങള്‍ ജാഗ്രതാ കുറവുണ്ടാക്കരുതെന്നും കര്‍ശനമായി സാമൂഹ്യ അകലം

വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം

നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച ദിവ്യബലിയില്‍ കൊല്ലം രൂപത ബിഷപ്

കടല്‍ കടന്നെത്തിയ ‘ദിവ്യ’കാരുണ്യം

  ആവശ്യത്തിലും അവശതയിലും കഴിയുന്നവര്‍ക്കു നേരെ സഹായഹസ്തം നീട്ടുന്നതാണല്ലോ യഥാര്‍ത്ഥ ക്രൈസ്തവ അരൂപി. വിദേശത്ത് സേവനം ചെയ്യുന്ന കോട്ടപ്പുറം രൂപതാംഗങ്ങളായ ഫാ. ആന്റണി കല്ലറക്കലും ഫാ. നോബി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*