Breaking News

ഭാരത ജനതയുമായി സംവദിക്കുക തീവ്ര അഭിലാഷമെന്ന് പാപ്പാ

ഭാരത ജനതയുമായി സംവദിക്കുക തീവ്ര അഭിലാഷമെന്ന് പാപ്പാ

വത്തിക്കാന്‍ സിറ്റി: ഇന്ത്യ തന്റെ ഹൃദയത്തോടു ചേര്‍ന്നിരിക്കുന്ന രാജ്യമാണെന്നും എത്രയും വേഗം അവിടത്തെ ജനങ്ങളെ സന്ദര്‍ശിക്കണമെന്ന തീവ്രമായ ആഗ്രഹം തനിക്കുണ്ടെന്നും ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലത്തീന്‍ റീത്ത് രൂപതകളുടെ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.
അപ്പസ്‌തോലിക സന്ദര്‍ശനം സംബന്ധിച്ച് വത്തിക്കാന്‍ നയതന്ത്ര വിഭാഗം ഇന്ത്യാ ഗവണ്‍മെന്റുമായി വളരെ തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. അങ്ങനെ ഭാരത ജനതയുമായി സംവദിക്കുക എന്ന തന്റെ ചിരകാല സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും എന്നു പ്രത്യാശിക്കുന്നതായി ആദ് ലിമിന സന്ദര്‍ശനത്തിനെത്തിയ ഭാരതത്തിലെ ലത്തീന്‍ റീത്ത് മെത്രാന്മാരില്‍ 54 പേരുടെ സംഘത്തോട് പാപ്പാ പറഞ്ഞു. മുന്‍കൂട്ടി തയാറാക്കിയ പ്രഭാഷണമല്ല, ഹൃദയത്തില്‍ നിന്നു സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.
ദക്ഷിണേന്ത്യയിലുണ്ടായ ഓഖി ചുഴലിക്കാറ്റും കഴിഞ്ഞ രണ്ടു വര്‍ഷമായി കടന്നുവന്ന മഴക്കെടുതികളും പ്രളയവും പ്രകൃതിദുരന്തവും തന്നെ ഏറെ വേദനപ്പിച്ചു. ദുരന്തത്തിന് ഇരകളായ എല്ലാ മനുഷ്യരോടൊപ്പവും താന്‍ ഉണ്ടായിരുന്നു, വിശേഷിച്ച് പ്രാര്‍ഥനകളില്‍. ജീവിതത്തിലെ സമ്പാദ്യമെല്ലാം ഒരൊറ്റ ദിവസം കൊണ്ട് തകര്‍ന്നടിയുന്ന അവസ്ഥ എത്രയോ വേദനാജനകമാണ്. എല്ലാ മത, സാമൂഹിക വിഭാഗങ്ങളുമായി കൈകോര്‍ത്തുപിടിച്ചുകൊണ്ട് പ്രകൃതിസംരക്ഷണം നമ്മുടെ അടിയന്തര പ്രശ്‌നമായി ഭാരതത്തിലെ സഭ പരിഗണിക്കേണ്ടിയിരിക്കുന്നു. നാം ജീവിക്കുന്ന നമ്മുടെ പൊതുവായ ഭവനം സംരക്ഷിക്കേണ്ടത് കൂട്ടുത്തരവാദിത്തമാണ്.
സഭ പലപ്പോഴും വിമര്‍ശിക്കപ്പെടുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നതിന്റെ പേരിലാണ്. എന്നാല്‍ വ്യക്തമായി ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഇതാണ്: സഭ ഒരിക്കലും നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ അനുകൂലിക്കുന്നില്ല. അത് സഭയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് എതിരാണ്. യേശു കാണിച്ചുതന്ന സുവിശേഷ മൂല്യങ്ങളില്‍ ജീവിക്കുക; ജീവിതസാക്ഷ്യം വഴിയാണ് ക്രിസ്തുവിനെ പൊതുസമൂഹത്തിനു കാണിച്ചുകൊടുക്കേണ്ടത്. സ്‌നേഹത്തിന്റെ, സഹവര്‍ത്തിത്വത്തിന്റെ ജീവിതശൈലിയാണ് സഭയ്ക്ക് ആവശ്യം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തോട് സഭയുടെ പ്രബോധനങ്ങള്‍ അനുകൂലിക്കുന്നില്ല എന്നു വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സഭ കൂട്ടായ്മയുടെ, സഹവര്‍ത്തിത്വത്തിന്റെ സാക്ഷ്യമാണ് ഇന്നത്തെ സാഹചര്യത്തില്‍ കൂടുതലായി നല്‍കേണ്ടത്. ജീവിക്കേണ്ട ഒരു സാക്ഷ്യം ഇന്നു സമൂഹത്തിനു നല്‍കേണ്ടിയിരിക്കുന്നു. അങ്ങനെ ശാന്തിയുടെ, സമാധാനത്തിന്റെ സംരക്ഷകരായിട്ടാണ് സഭ നിലകൊള്ളേണ്ടത്.
ഞാന്‍ എപ്പോഴും ആവര്‍ത്തിക്കുന്ന രണ്ടു വാക്കുകളുണ്ട്: കാരുണ്യം, സന്തോഷം. ജീവിതത്തില്‍ യഥാര്‍ഥ സന്തോഷം അനുഭവിക്കണമെങ്കില്‍ കാരുണ്യം കാത്തുസൂക്ഷിക്കണം. സഹചരോട് സ്‌നേഹവും കാരുണ്യവുമില്ലെങ്കില്‍ മനുഷ്യജീവിതത്തിന് പൂര്‍ണതയും അര്‍ത്ഥവും ഉണ്ടാവുകയില്ല. സ്‌നേഹത്തിന്റെ സംസ്‌കാരം തീര്‍ക്കുക എന്നതാണ് ഈ കാലഘട്ടത്തില്‍ സഭയുടെ ഏറ്റവും വലിയ ദൗത്യം.
കേരളത്തെ പ്രതിനിധീകരിച്ച് കേരള ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യവും കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിലും പൊതുവായ ഈ കൂടിക്കാഴ്ചയില്‍ സംസാരിച്ചു.
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉള്‍പ്പെടെ കേരളത്തിലെ 12 ലത്തീന്‍ രൂപതകളുടെയും മേലധ്യക്ഷന്മാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ രൂപതയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അജപാലനശുശ്രൂഷയെക്കുറിച്ചും പരിശുദ്ധ പിതാവുമായി പങ്കുവയ്ക്കുന്ന അവസരമാണ് ആദ് ലിമിന സന്ദര്‍ശനം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധന്റെ കബറിടം സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തിയ മെത്രാന്മാര്‍ സെന്റ് ജോണ്‍ ലാറ്ററന്‍, സെന്റ് മേരി മേജര്‍, സെന്റ് പോള്‍ ഔട്ട്‌സൈഡ് ദ് വാള്‍സ് എന്നിങ്ങനെ റോമിലെ മറ്റു മൂന്നു മേജര്‍ ബസിലിക്കകളിലും ഈ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രാര്‍ഥിച്ചു. വത്തിക്കാന്‍ കാര്യാലയത്തിലെ എല്ലാ വകുപ്പ് മേലധ്യക്ഷന്മാരുമായും മെത്രാന്മാര്‍ കൂടിക്കാഴ്ച നടത്തി ആവശ്യമായ വിവരങ്ങള്‍ കൈമാറുകയും ചെയ്തു.


Related Articles

ഉറുകുന്ന് കുരിശുമല തീര്‍ത്ഥാടനം

പുനലൂര്‍: രൂപതയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഉറുകുന്ന് കുരിശുമല തീര്‍ത്ഥാടനം നടത്തി. മാര്‍ച്ച് 23ന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ യൂത്ത് ക്രോസ് ആശിര്‍വദിച്ച് കത്തീഡ്രല്‍ എല്‍സിവൈഎമ്മിലെ യുവജനങ്ങള്‍ക്ക്

കൊവിഡ് പ്രതിരോധമരുന്ന്: ഓസ്‌ട്രേലിയയില്‍ മുന്നേറ്റം

കാന്‍ബറ: ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണഘട്ടത്തിലെത്തിയതായി ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ കോമണ്‍വെ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (സിഎസ്‌ഐആര്‍ഒ) വികസിപ്പിച്ചെടുത്ത പ്രതിരോധമരുന്ന്

കൈരളിയുടെ സാംസ്കാരിക രംഗം ഇത്ര ശൂന്യമോ?!

ഫാ. ജോഷി മയ്യാറ്റിൽ സാംസ്‌കാരിക മേഖലയിലെ ഇന്നത്തെ പരമ ദയനീയമായ കാഴ്ച കഴുത്തില്‍ ബെല്‍റ്റു വീണ സാംസ്‌കാരിക നായകന്മാരാണ്. സമൂഹത്തെ അതിഗുരുതരമായി ബാധിക്കുന്ന പൊതുവായുള്ള വിഷയങ്ങള്‍ ബോധപൂര്‍വം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*