ഭാവിയിലേക്കുള്ള നടവഴികള്‍ തുറന്ന സ്റ്റീഫന്‍ പാദുവ

ഭാവിയിലേക്കുള്ള നടവഴികള്‍ തുറന്ന സ്റ്റീഫന്‍ പാദുവ

ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തിന്റെ നേതാവും നിയമസഭാംഗവുമായിരുന്ന സ്റ്റീഫന്‍ പാദുവ ജനിച്ചത് 1914ലെ വര്‍ഷാവസാന ദിനത്തിലാണ്, ഡിസംബര്‍ 31ന.് ജനനംകൊണ്ട് ഒരു കാലത്തെ അദ്ദേഹം വേര്‍തിരിക്കുകയും പുതുവര്‍ഷത്തിന് ആരംഭംകുറിക്കുകയും ചെയ്തു. കര്‍മ്മംകൊണ്ടും ആംഗ്ലോ-ഇന്ത്യന്‍ സമുദായ ചരിത്രത്തെയും അദ്ദേഹം രണ്ടായി വേര്‍തിരിച്ചു. കേരളത്തിലെ ആംഗ്ലോ-ഇന്ത്യന്‍ വംശജരെക്കുറിച്ച് ഇന്നു പഠിക്കുമ്പോള്‍ സ്റ്റീഫന്‍ പാദുവക്ക് മുന്‍പും അദ്ദേഹത്തിനു പിന്‍പുമുള്ള സമുദായം എന്ന രീതിയില്‍ പഠനം നടത്തേണ്ടിവരും. തന്റെ പ്രവര്‍ത്തനംകൊണ്ടും നേതൃത്വംകൊണ്ടും സമുദായചരിത്രത്തെ അദ്ദേഹം മാറ്റിമറിച്ചു. സമുദായത്തിന്റെ ഭാവിയിലേക്കുളള നടവഴികള്‍ തുറന്ന നേതാവായി സ്റ്റീഫന്‍ പാദുവ.
ഒന്നേകാല്‍ ലക്ഷം ജനസംഖ്യയുള്ള ആംഗ്ലോ ഇന്ത്യന്‍ സമുദായം കേരളസമൂഹത്തിനു നല്‍കിയ സംഭാവനകള്‍ നിരവധിയാണ്. ഭാഷയിലും സാഹിത്യത്തിലും സംസ്‌ക്കാരത്തിലും ഈ സമൂഹം നിശബ്ദമായ സാന്നിദ്ധ്യത്തിലൂടെ കാലത്തിന് മായ്ക്കാനാവാത്ത ഈടുവെയ്പുകള്‍ നല്‍കി. കേരള സംസ്‌കൃതിയുടെ അവിഭാജ്യഘടകമായി നിലനില്‍ക്കുകയും എന്നാല്‍ വൈദേശിക സംസ്‌ക്കാരത്തിന്റെ നല്ല അംശങ്ങള്‍ ജീവിതത്തില്‍ ഉപേക്ഷിക്കാതിരിക്കുകയും ചെയ്ത പാരമ്പര്യമാണ് ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിനുള്ളത്. കേരളത്തില്‍ ലത്തീന്‍ സഭയുടെയും സമുദായത്തിന്റെയും ഭാഗമാണ് ആംഗ്ലോ ഇന്ത്യന്‍ വംശജര്‍.
ഒരുകാലത്ത് സമ്പദ്‌സമൃദ്ധിയില്‍ നിലനിന്നിരുന്ന ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തിന്റെ സാമൂഹ്യാവസ്ഥ പിന്നീട് മാറ്റിമറിക്കപ്പെട്ടു. വിവിധ മേഖലകളില്‍ ആംഗ്ലോ-ഇന്ത്യന്‍ സമുദായാംഗങ്ങള്‍ പിന്നിലേക്ക് തള്ളപ്പെടുകയും അക്കാരണത്താല്‍ തന്നെ ദാരിദ്ര്യവും കഷ്ടതകളും സ്വന്തമാക്കുകയും ചെയ്തു. ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തിന്റെ ഉയര്‍ച്ചയുടെയും താഴ്ചയുടെയും ചരിത്രം ത്രെഡ്‌സ് ഓഫ് കണ്‍ഡിന്യുറ്റി (Threads of Continuity) എന്ന പുസ്തകത്തിലൂടെ സ്റ്റീഫന്‍ പാദുവ രേഖപ്പെടുത്തി. പത്ത് അദ്ധ്യായങ്ങളുളള പുസ്തകത്തിന് അക്കാദമിക ഗരിമയുളള അവതാരിക എഴുതിയത് മുന്‍ കേന്ദ്രമന്ത്രിയും പോര്‍ച്ചുഗില്‍ ഇന്ത്യന്‍ അംബാസഡറുമായിരുന്ന ഡോ. ഹെന്റി ഓസ്റ്റിനാണ്. പുസ്തകത്തിന്റെ 105-ാമത്തെ പേജില്‍ 1954 ജൂലൈ 25ന് തിരു-കൊച്ചി മുഖ്യമന്ത്രി പട്ടംതാണുപിള്ള ആഗ്ലോ-ഇന്ത്യന്‍ സമുദായം നല്‍കിയ സ്വീകരണം വിവരിക്കുന്നുണ്ട്. സ്വീകരണത്തിനുളള നന്ദി പ്രസംഗത്തില്‍ പട്ടം താണുപിള്ള ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തിന്റെ സ്വഭാവസവിശേഷതയെക്കുറിച്ച് ഇങ്ങനെ പരാമര്‍ശിച്ചു: ജീവിതത്തെ ആസ്വദിക്കുന്നവരാണ് ആംഗ്ലോ-ഇന്ത്യന്‍ സമുദായം. ഇതര സമുദായങ്ങളുമായി തുലനം ചെയ്യുമ്പോള്‍ നാളെയെക്കുറിച്ച് ആകുലതകളില്ലാത്തവര്‍. ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടാത്തവര്‍. സമുദായത്തിന്റെ പിന്നാക്ക അവസ്ഥയ്ക്ക് ഇതൊരുകാരണമാണ്. നിങ്ങള്‍ക്ക് ഇന്നു കിട്ടുന്നത് ഇന്നുതന്നെ ചിലവഴിക്കുന്നു. നാളെയെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. പട്ടം താണുപിള്ളയുടെ വാക്കുകളെ ഉദ്ധരിച്ച് സമുദായത്തിന്റെ സുഖലോലുപതയെ അദ്ദേഹം ക്രിസ്തുവിനു മുന്‍പ് 341ല്‍ ജീവിച്ച ഗ്രീക്കുചിന്തകനായ എപ്പിക്യൂറസിന്റെ സിദ്ധാന്തത്തോട് (Epi-curian Philosphy) ചേര്‍ത്ത് അവതരിപ്പിക്കുന്നുണ്ട്. Eat, drin-k and be merry, for- tomorrow wed die.  സ്റ്റീഫന്‍ പാദുവയുടെ നേതൃത്വത്തിന്റെ മഹത്വം ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. സമുദായത്തിന്റെ ഉത്ഭവം, രാഷ്ട്രീയ, സാമൂഹ്യ, കലാസാംസ്‌കാരിക മേഖലകളിലെ സംഭാവനകള്‍, സമുദായസംഘടനകള്‍, നേതാക്കള്‍ എന്നീ വിഷയങ്ങള്‍ ഈ പുസ്തകത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നു. പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗുല്‍ബങ്കിയന്‍ ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ് നേടി സമുദായത്തെക്കുറിച്ചുളള ഗവേഷണം പോര്‍ച്ചുഗലിലും ഇന്ത്യയിലുമായി സ്റ്റീഫന്‍ പാദുവ നടത്തി. ഒരുകാലത്ത് മൂലമ്പിള്ളി കേന്ദ്രമാക്കി ആംഗ്ലോ-ഇന്ത്യന്‍ സമൂദായ അംഗങ്ങള്‍ നിര്‍മ്മിച്ചിരുന്ന മണ്‍പാത്രങ്ങള്‍ പ്രസിദ്ധങ്ങളായിരുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനായി കേരളത്തിലുടനീളം ആ പാത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. അവയ്ക്കു സമാനമായ മണ്‍പാത്രങ്ങള്‍ 1988ല്‍ ലിസ്ബണിലെ പ്രദര്‍ശനത്തില്‍ കണ്ടകാര്യം അദ്ദേഹം തന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഇന്ന് മൂലമ്പിള്ളി കുടിയൊഴിപ്പിക്കലിന്റെ ഇരകളെന്ന പേരില്‍ പ്രസിദ്ധമാണെങ്കിലും മണ്‍പാത്രനിര്‍മ്മണകേന്ദ്രം എന്ന രീതിയില്‍ ആരും ഓര്‍ക്കാറില്ല. ഇത് എങ്ങനെ സംഭവിച്ചു എന്നു ചോദിക്കരുത്. അതിന് നമ്മള്‍ എന്ത് ഉത്തരം പറയും? ചരിത്രത്തില്‍ തൊഴിലിടങ്ങള്‍ തച്ചുതകര്‍ത്തവരും നഷ്ടപ്പെടുത്തിയവരുമാണ് നമ്മള്‍.
1914 ഡിസംബര്‍ 31-ന് എറണാകുളത്ത് തേവരയില്‍ (പെരുമാനൂര്‍) ഒരു സാധാരണകുടുംബത്തില്‍ ഡൊമനിക് പാദുവയുടെയും ട്രീസയുടെയും മകനായി അദ്ദേഹം ജനിച്ചു. പിതാവ് ഡൊമനിക് പാദുവ ഷെവലിയര്‍ പോള്‍ ലൂയിസിന്റെ കാര്യസ്ഥനായിരുന്നു. പോള്‍ ലൂയിസ് അക്കാലത്തെ കൊച്ചിയിലെ പ്രമാണിയും തടിക്കച്ചവടക്കാരനുമായിരുന്നു. കേരളത്തിലെ തടികള്‍ വിദേശരാജ്യങ്ങളിലേക്ക് അദ്ദേഹം കയറ്റി അയച്ചിരുന്നു. അദ്ദേഹത്തിന്റെ ഭവനം ഇന്നും എറണാകുളം ബ്രോഡ്‌വേയിലുണ്ട്. അവിടെ പ്രവര്‍ത്തിക്കുന്നത് ഭാരത് കഫേയാണെന്നുമാത്രം.
കോളജ് പഠനത്തോടൊപ്പംതന്നെ സമുദായപ്രവര്‍ത്തനങ്ങളിലും സ്റ്റീഫന്‍ പാദുവ വ്യാപൃതനായി. ബിരുദ പഠനത്തിനുശേഷം അദ്ദേഹം ഗവണ്‍മെന്റ് സര്‍വീസില്‍ പ്രവേശിച്ചു. എക്‌സൈസ് വകുപ്പില്‍ അസിസ്റ്റന്റ് കമ്മീഷണറായി സേവനമനുഷ്ഠിക്കവേ 1969-ല്‍ ആ സര്‍വീസില്‍നിന്നു വിരമിച്ചു. തുടര്‍ന്ന് സമുദായ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം മാറ്റിവെച്ചു. സമുദായത്തിലെ ആബാലവൃദ്ധം ജനങ്ങളെ സംഘടിപ്പിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. സ്റ്റീഫന്‍ പാദുവയുടെ നേതൃത്വം ഏവര്‍ക്കും സ്വീകാര്യവും അവിതര്‍ക്കവുമായിരുന്നു. 1972-ല്‍ അദ്ദേഹം യൂണിയന്‍ ഓഫ് ആംഗ്ലോ-ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡന്റ് ഇന്‍-ചീഫായി തെരഞ്ഞെടുക്കപ്പെട്ടു. 1994 ഒക്ടോബര്‍ 28-ന് കാലയവനികയ്ക്കുള്ളില്‍ മറയുന്നതുവരെ ആ പദവിയില്‍ സ്റ്റീഫന്‍ പാദുവ സമുദായാചാര്യനായി സേവനമനുഷ്ഠിച്ചു. വല്ലാര്‍പാടം സ്വദേശിനി ക്ലാര റോസാരിയോ ആയിരുന്നു ഭാര്യ. രണ്ട് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും അടങ്ങിയതായിരുന്നു സ്റ്റീഫന്‍ പാദുവയുടെ കുടുംബം.
സമുദായനേതാവും പൊതു പ്രവര്‍ത്തകനും എന്ന നിലയില്‍ അദ്ദേഹത്തിന് ലഭിച്ച അംഗീകാരമായിരുന്നു നിയമസഭാസമാജികന്‍ എന്ന പദവി. 1970 മുതല്‍ 1987 വരെ തുടര്‍ച്ചയായി നാലു തവണ അദ്ദേഹം കേരള നിയമസഭയില്‍ ആംഗ്ലോ-ഇന്ത്യന്‍ നോമിനേറ്റഡ് അംഗമായി. കോണ്‍ഗ്രസാണ് അദ്ദേഹത്തെ നിയമസഭാസമാജികനാക്കിയത്. ഈ കാലയളവില്‍ അദ്ദേഹം സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം യത്‌നിച്ചു. വിദ്യാഭ്യാസത്തിലൂടെ സമുദായവളര്‍ച്ച അദ്ദേഹം സ്വപ്‌നം കണ്ടു. നിരവധി വിദ്യാലയങ്ങള്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ആരംഭിച്ചു. പ്രശസ്തിയുടെയും മികവിന്റെയും മേഖലയില്‍ ഇന്ന് സംസ്ഥാനത്ത് പ്രശോഭിക്കുന്ന 12 വിദ്യാലയങ്ങളാണ് ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തിനുള്ളത്.
മികച്ച സഹകാരികൂടിയായിരുന്നു സ്റ്റീഫന്‍ പാദുവ. തേവര അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, കേരള ടൈംസ് ഡയറക്ടര്‍, വികലാംഗ പുനരധിവാസ സമിതി പ്രസിഡന്റ്, കെപിസിസി. അംഗം എന്നീ നിലകളിലും അദ്ദേഹം സാമൂഹ്യ സേവനം നടത്തി. ഇന്‍ഡോ പോര്‍ച്ചുഗീസ് കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപകനായിരുന്ന അദ്ദേഹം കേരള യൂണിവേഴ്‌സിറ്റിയുടെ സെനറ്റ് അംഗവുമായിരുന്നു. ദേശീയതലത്തില്‍ ആംഗ്ലോ ഇന്ത്യന്‍ സംഘടനകളെ ഏകോപിപ്പിക്കാനും അദ്ദേഹം മുന്‍കൈയെടുത്തു.
കേരളീയ സംസ്‌കൃതിയുടെ അവിഭാജ്യ അംശമായി നിലനില്‍ക്കുമ്പോഴും വൈദേശികതയുടെ സ്വാധീനവലയം ഭേദിക്കാതെ അതിന്റെ നല്ല അംശങ്ങള്‍ സ്വാംശീകരിക്കാന്‍ നിയോഗമേറ്റ ഒരു സമുദായമാണ് ആംഗ്ലോ-ഇന്ത്യന്‍ വംശജര്‍. ഇവരെ വൈകാരികമായി ഏകോപിപ്പിക്കാനും ദേശീയ മുഖ്യധാരയില്‍ നിലനിര്‍ത്താനും അതിനു യോജിച്ച നേതൃത്വം വഹിക്കാനും കഴിഞ്ഞു എന്നതാണ് സ്റ്റീഫന്‍ പാദുവയുടെ സുകൃതം.


Related Articles

ആ പങ്കില മാനഹാനിയില്‍ ഇനിയും ആറാടാനോ?

  ചീഞ്ഞളിഞ്ഞ ലൈംഗികാപവാദങ്ങളുടെ പഴയൊരു മസാലക്കഥയില്‍ സിബിഐ അന്വേഷണമെന്ന കിടിലന്‍ ട്വിസ്റ്റുമായി വീണ്ടും ഒരു കലക്ക് കലക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോ ഇടതുമുന്നണിക്കോ തോന്നുന്നുവെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ

ബോണി എം ജോയിക്ക് IRAA മികച്ച സൗണ്ട് എഡിറ്റിംഗ്ന് ദേശീയ അവാർഡ് ലഭിച്ചു

IRAA യുടെ 14 ആം വാർഷിക അവാർഡാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. സംഗീത മേഖലയിൽ ടെക്നോളജി വൈദഗ്ത്യം പ്രകടിപ്പിച്ച പിന്നണി പ്രവർത്തകരെയാണ് അവാർഡിന് പരിഗണിച്ചിട്ടുള്ളത്. ഇന്ത്യൻ റെക്കോർഡിങ് ആർട്സ്

ദൈവദാസന്‍ ബിഷപ്പ് ജെറോമിന്റെ നാമകരണം; രൂപതാതല അന്വേഷ കമ്മീഷന്‍ പ്രഖ്യാപിച്ച് കൊല്ലം രൂപത.

കൊല്ലം: ദൈവദാസന്‍ ബിഷപ്പ് ജെറോം പിതാവിന്റെ നാമകരണവുമായി ബന്ധപ്പെട്ട് രൂപതാതല അന്വേഷണങ്ങളുടെയും നടപടിക്രമങ്ങളുടെയും ആരംഭം കൊല്ലം രൂപതാ മെത്രാന്‍ പോള്‍ ആന്റണി മുല്ലശ്ശേരി പിതാവിന്റെ സാന്നിദ്ധ്യത്തില്‍ കമ്മീഷന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*