Breaking News

ഭാവി-ഭൂത സമ്മേളിത ആഗമനകാലം

ഭാവി-ഭൂത സമ്മേളിത ആഗമനകാലം

സഭയുടെ ആരാധനാക്രമ പഞ്ചാംഗത്തിലെ ആദ്യഘട്ടമാണ് ആഗമനകാലം. ആരാധനാവര്‍ഷത്തെ പല ഘട്ടങ്ങളായി തിരിച്ചിരിക്കുന്നതില്‍ ആഗമനകാലത്തിനും നോമ്പുകാലത്തിനും പെസഹാക്കാലത്തിനും tempus forte- എന്ന വിശേഷണം നല്കിയിരിക്കുന്നു. ഈ ലത്തീന്‍ പ്രയോഗത്തിന്റെ അര്‍ഥം ‘ശക്തമായ/തീക്ഷ്ണമായ കാലം’ എന്നാണ്. ക്രൈസ്തവ ജീവിതം കൂടുതല്‍ തീക്ഷ്ണതയോടെ ആചരിക്കുന്ന/ആചരിക്കേണ്ട അവസരം എന്നാണ് ഈ അലങ്കാരം സൂചിപ്പിക്കുന്നത്. സാധാരണയായി ആഗമനകാലത്തെ ദൈവപുത്രന്റെ തിരുപ്പിറവിയുടെ തിരുന്നാളിനുള്ള തയ്യാറെടുപ്പിന്റെ കാലമായിട്ടാണ് കരുതിവരുന്നത്. എന്നാല്‍ ലത്തീന്‍ ആരാധനാക്രമത്തില്‍ ആഗമനകാലത്തിനു തന്നെ രണ്ടു ഭാഗങ്ങളാണുള്ളത്: ആഗമനകാലം ഒന്നാം ഞായര്‍ മുതല്‍ ഡിസംബര്‍ പതിനാറാം തീയതി വരെയുള്ളത് ഒന്നാംഭാഗവും ഡിസംബര്‍ പതിനേഴു മുതല്‍ ഇരുപത്തിനാലു വരെയുള്ള രണ്ടാംഭാഗവും. ഇതില്‍ ഒന്നാംഭാഗത്ത് ചരിത്രത്തില്‍ മനുഷ്യനായി അവതരിച്ച ദൈവവചനത്തെക്കുറിച്ചല്ല പ്രത്യുത എല്ലാറ്റിന്റെയും പൂര്‍ത്തീകരണമായി സംഭവിക്കാന്‍ പോകുന്ന രണ്ടാംവരവിനെക്കുറിച്ചാണ് പ്രതിപാദ്യം. ഒന്നാംഭാഗത്തിലെ ദിവ്യപൂജയിലെ വേദഭാഗ വായനകളും പ്രാര്‍ഥനകളും യാമപ്രാര്‍ഥനകളും എല്ലാം രണ്ടാംവരവിനെക്കുറിച്ചുള്ള ചിന്ത അവതരിപ്പിക്കത്തക്ക വിധത്തിലാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ അതില്‍ ഭാവിയെ മുന്‍നിര്‍ത്തിയുള്ള ചിന്തകളാണ് നിറഞ്ഞുനില്ക്കുന്നത്. എന്നാല്‍ ഡിസംബര്‍ പതിനേഴാം തീയതി മുതലുള്ള രണ്ടാംഭാഗത്തെ വായനകളില്‍ ദൈവപുത്രന്റെ ജനനത്തിനായി അതിനോട് ഏറ്റവും അടുത്ത രീതിയില്‍ ബന്ധപ്പെട്ട കഥാപാത്രങ്ങള്‍ എപ്രകാരം പെരുമാറി എന്നത് അനുസ്മരിക്കപ്പെടുന്നു. ആകയാല്‍ ഡിസംബര്‍ പതിനേഴാം തീയതിയുള്ള ദിവ്യപൂജയില്‍ മത്തായിയുടെ സുവിശേഷത്തില്‍നിന്നുള്ള യേശുവിന്റെ വംശാവലി (മത്താ 1:1-17) ധ്യാനവിഷയമാകുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശുദ്ധ യൗസേപ്പ്, സഖറിയാ, എലിസബത്ത് എന്നിവര്‍ അവതരിപ്പിക്കപ്പെടുന്നു. അപ്രകാരം ദൈവപുത്രന്റെ ജനനത്തിനായി ഒരുങ്ങിയവരുടെ ചിത്രം വരച്ചുകൊണ്ട് എപ്രകാരം ആ സ്മരണ നിലനിര്‍ത്തുന്ന ക്രിസ്മസിനു വിശ്വാസികള്‍ തയ്യാറെടുക്കണമെന്ന് സഭ പഠിപ്പിക്കാന്‍ ലക്ഷ്യംവയ്ക്കുന്നു. അപ്പോള്‍ ഈ രണ്ടാംഭാഗം ഭൂതകാല സ്മരണകള്‍ അയവിറക്കുന്ന ഒന്നാണ്. അപ്രകാരമാണെങ്കില്‍ ആഗമനകാലത്തിന്റെ സിംഹഭാഗവും രണ്ടാംവരവിനെക്കുറിച്ച് നിറഞ്ഞുനില്ക്കുന്നതാണ്. ഇക്കാലം രണ്ടാംവരവിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതിന്റെ ആവശ്യകത വെളിച്ചത്തുകൊണ്ടുവരുന്നു. നമ്മുടെ ഈ കാലഘട്ടത്തില്‍ രണ്ടാംവരവിനുള്ള സാഹചര്യം എന്താണെന്നുള്ള ചോദ്യവും ഉയരുന്നു. അപ്രകാരം ചെയ്‌തെങ്കില്‍ മാത്രമേ ആഗമനകാലാചരണം പൂര്‍ണമായും അര്‍ഥവ
ത്താകുകയുള്ളൂ. പിറവിത്തിരുനാളില്‍മാത്രം ഊന്നി നിന്നുള്ള ഒരു ആഗമനകാലാചരണം അപൂര്‍ണമായിരിക്കും.

രണ്ടാംവരവിലുള്ള പ്രത്യാശ

സാധാരണ ജീവിതത്തില്‍ മനുഷ്യ പുത്രന്റെ രണ്ടാംവരവ് എന്നുള്ളത് അവ്യക്തമായ ഒരു യാഥാര്‍ഥ്യമായി നിലകൊള്ളുന്നെങ്കില്‍ ദിവ്യപൂജയില്‍ അത് സജീവമായ വിശ്വാസത്തിന്റെയും പ്രാര്‍ഥനയുടെയും ഭാഗമാണ്. ദിവ്യപൂജാമധ്യേ അപ്പത്തിന്റെയും വീഞ്ഞിന്റെയും പ്രതിഷ്ഠാപനത്തിനുശേഷം വിശ്വാസ രഹസ്യമായി പ്രഖ്യാപിക്കുന്നതില്‍ അനിവാര്യമായി ചേര്‍ത്തിരിക്കുന്നത് ”അങ്ങ് വീണ്ടും വരുന്നതുവരെ” (donec venias) എന്നാണ്. അതുപോലെ എല്ലാ ദിവ്യപൂജാര്‍പ്പണങ്ങളിലും കര്‍ത്തൃപ്രാര്‍ഥനയ്ക്കുശേഷമുള്ള ”തിന്മയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ” എന്ന കര്‍ത്തൃപ്രാര്‍ഥനയുടെ ഭാഗത്തിന്റെ വിപൂലീകരണമായി (embolism) പുരോഹിതന്‍ ചൊല്ലുന്ന പ്രാര്‍ഥനയില്‍, ”അനുഗ്രഹപൂര്‍ണമായ പ്രത്യാശയും ഞങ്ങളുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ ആഗമനവും പ്രതീക്ഷിച്ചുകൊണ്ട്…” എന്നാണ് തുടരുന്നത്. മാത്രമല്ല, ആഗമനകാലത്തിന്റെ ആദ്യഭാഗത്തെ ഏതാണ്ട് എല്ലാ ദിവസങ്ങളിലെയും സമാഹൃതപ്രാര്‍ഥന രണ്ടാംവരവിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്; ഡിസംബര്‍ പതിനേഴാം തീയതി മുതലുള്ളവയാകട്ടെ തിരുപ്പിറവിയുടെ അടിസ്ഥാനത്തിലാണ്. കൂടാതെ, ആഗമനകാലത്തിനു രണ്ടു ആമുഖഗീതികളാണുള്ളത്. ആദ്യത്തേത് ഡിസംബര്‍ പതിനാറാം തീയതി വരെയാണ് ഉപയോഗിക്കേണ്ടത്; രണ്ടാമത്തേത് അതിനുശേഷവും. രണ്ടാമത്തെ ആമുഖഗീതി വ്യക്തമായും യേശുവിന്റെ പിറവിയെ അനുസ്മരിച്ചുകൊണ്ടാണ്. എന്നാല്‍ ഒന്നാമത്തേതിലെ പ്രാര്‍ഥന രണ്ടാംവരവിനെ പുരസ്‌കരിച്ചാണ്. അതിപ്രകാരമാണ്: ”പ്രഥമ ആഗമനത്തില്‍ അവിടുന്ന് എളിയ ശരീരപ്രകൃതി സ്വീകരിച്ചുകൊണ്ട് പൂര്‍വീകപദ്ധതിയുടെ സംവിധാനം പൂര്‍ത്തീകരിക്കുകയും ഞങ്ങള്‍ക്ക് നിത്യരക്ഷയുടെ മാര്‍ഗം തുറന്നുതരുകയും ചെയ്തു. അങ്ങനെ അവിടുത്തെ പ്രാഭവത്തിന്റെ മഹത്വത്തില്‍ രണ്ടാമതും എഴുന്നുള്ളുമ്പോള്‍, ഞങ്ങളിപ്പോള്‍ ജാഗരൂകരായി കാത്തിരിക്കാന്‍ മുതിരുന്ന വാഗാദാനം, അവസാനം പ്രത്യക്ഷത്തില്‍ സ്വീകരിക്കുമാറാകട്ടെ”. അങ്ങനെയെങ്കില്‍ രണ്ടാംവരവ് എന്ന ചിന്തയും വിശ്വാസവും ആരാധനക്രമത്തില്‍ ഒഴിവാക്കാനാവുന്ന ഒന്നല്ല. ഇത് യഥാര്‍ഥത്തില്‍ പുതിയനിയമചിന്തയുടെതന്നെ പിന്തുടര്‍ച്ചയാണ്.

പുതിയ നിയമ പാഠം

എഡി 50തിലോ 51ലോ വിശുദ്ധ പൗലോസ് തെസലോനിക്കായിലെ സഭയ്ക്ക് എഴുതിയ ഒന്നാംലേഖനമാണ് പുതിയ നിയമത്തിലെ ആദ്യത്തെ കൃതി. ഇതിന്റെ മുഖ്യ പ്രമേയം യുഗാന്തചിന്തയാണ് (1 തെസ 4:13-5:11). രണ്ടാംവരവ് നടക്കുമ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരേക്കാള്‍ അനുഗൃഹീതരായിരിക്കും എന്ന ചിലരുടെ വാദത്തെ ഖണ്ഡിക്കുന്നതാണ് ഇതിന്റെ ആദ്യഭാഗം (1 തെസ 4:13-18). രണ്ടാംഭാഗത്ത് (1 തെസ 5:1-11) രണ്ടാംവരവ് എപ്പോള്‍ നടക്കും എന്നത് അന്വേഷിക്കുന്നതിനേക്കാള്‍ എങ്ങനെ അതിനായി തയ്യാറെടുക്കണം എന്നതായിരിക്കണം വിശ്വാസികള്‍ ചിന്തിക്കേണ്ടതെന്നു പൗലോസ് പഠിപ്പിക്കുന്നു. എഡി 54ല്‍ കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാംലേഖനത്തിലും രണ്ടാംവരവിനെക്കുറിച്ചുള്ള ചിന്ത ശക്തമായി നിലകൊള്ളുന്നു. ഈ ലേഖനത്തിലാണ് പ്രസിദ്ധമായ മാറാനാഥാ (1 കോറി 16:22) പ്രയോഗം കാണുന്നത്. ഗ്രീക്ക് ഭാഷയുടെ ലിപികളില്‍ എഴുതിയിരിക്കുന്ന ഈ അരമായ പ്രയോഗം ഒറ്റവാക്കല്ല; രണ്ടു പദങ്ങള്‍ ഒരുമിച്ച് ചേര്‍ത്താണ് ഇത് എഴുതിയിരിക്കുന്നത്. ഈ പ്രയോഗം എപ്രകാരം രണ്ടായി തിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് അതിന്റെ അര്‍ഥം വ്യക്തമാകുന്നത്. ഇതിനെ മാറാനാ ഥാ (”ഞങ്ങളുടെ കര്‍ത്താവേ വന്നാലും”) എന്നും മാറാന്‍ ആഥാ (”ഞങ്ങളുടെ കര്‍ത്താവ് വന്നുകഴിഞ്ഞു”) എന്നും വേര്‍തിരിച്ച് മനസിലാക്കപ്പെടാനാകും. ആദ്യത്തെ അര്‍ഥത്തില്‍ അത് ഒരു പ്രാര്‍ഥനയാണെങ്കില്‍ രണ്ടാമത്തെ അര്‍ഥത്തില്‍ ഒരു പ്രസ്താവനയാണ്. ഇന്നു മിക്ക പരിഭാഷകളും ഇതിനെ പ്രാര്‍ഥനാരൂപത്തിലാണ് മനസിലാക്കുന്നത്. എഡി. 90കളില്‍ രചിക്കപ്പെട്ട വെളിപാടു പുസ്തകം എഴുതുന്ന കാലത്തും രണ്ടാംവരവിനുവേണ്ടിയുള്ള പ്രാര്‍ഥന നിലനില്ക്കുന്നുണ്ട്. അത് ഗ്രീക്ക് ഭാഷയില്‍ എര്‍ഘൂ കീരിയേ യേശു (വെളി 22:20) എന്നാണ്. ഇതിന്റെ പരിഭാഷ ”കര്‍ത്തവായ യേശുവേ വരണമേ” എന്നതില്‍ സംശയമില്ല. ഏതായാലും ഒന്നാംനൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍പോലും രണ്ടാംവരവ് എന്ന ചിന്ത നിലനിന്നുപോയതായി കാണാം. രണ്ടാംവരവ് ഉടനെ നടക്കും എന്ന ചിന്തയില്‍ കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാംലേഖനത്തില്‍ പൗലോസ് പ്രചരിപ്പിക്കുന്നത് ഒരു ഇടക്കാല ധാര്‍മികതയാണ് (ശിലേൃശാ ലവേശര)െ. വിവാഹിതരല്ലാത്തവര്‍ അപ്രകാരം തന്നെ തുടരേണ്ടതിന്റെ കാരണം ഉടന്‍തന്നെ ഉണ്ടാകാന്‍ പോകുന്ന രണ്ടാംവരവാണ്: ”ആസന്നമായ വിപദ്‌സന്ധി കണക്കിലെടുക്കുമ്പോള്‍ ഓരോരുത്തരും ഇപ്പോഴത്തെ നിലയില്‍ തുടരുന്നതായിരിക്കും നല്ലതെന്നു ഞാന്‍ കരുതുന്നു” (1 കോറി 7:26).
എന്നാല്‍ അപ്പസ്‌തോലിക കാലം അവസാനിക്കാറായപ്പോഴേക്കും രണ്ടാംവരവിനെക്കുറിച്ചുള്ള ചിന്ത വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്നതും അപ്രകാരമുള്ള ഒരു സമീപനത്തെ ലേഖനകര്‍ത്താക്കള്‍ ഖണ്ഡിക്കുന്നതും കാണാനാവും. ഇക്കാര്യം തെസലോനിക്കാക്കാര്‍ക്കെഴുതിയ പൗലോസിന്റെ രണ്ടാംലേഖനത്തിലും പത്രോസിന്റെ രണ്ടാംലേഖനത്തിലും പ്രകടിതമാണ്. തെസലോനിക്കാക്കാര്‍ക്കെഴുതിയ രണ്ടാംലേഖനപ്രകാരം ആ സഭയിലുള്ള ചിലര്‍ ”കര്‍ത്താവിന്റെ ദിവസം വന്നുകഴിഞ്ഞുവെന്ന്” (2 തെസ 2:2) വിശ്വസിച്ചു തുടങ്ങി. ഇക്കൂട്ടര്‍ ഇങ്ങനെ പറയുക വഴിയായി എന്തായിരുന്നു മനസിലാക്കിയതെന്നു പൂര്‍ണമായും വ്യക്തമല്ല. ഉത്ഥിതനായ കര്‍ത്താവിനെ തങ്ങള്‍ അനുഭവിച്ചറിഞ്ഞതു തന്നെയാണ് രണ്ടാംവരവെന്നും, അതു വഴിയായി അവര്‍ പൂര്‍ണമായും മോചിപ്പിക്കപ്പെട്ടുവെന്നും, അതിനാല്‍ സാധാരണ പറഞ്ഞുവന്നിരുന്നതുപോലെ വെളിപാട് സാഹിത്യം അവതരിപ്പിക്കുന്ന രീതിയില്‍, കര്‍ത്താവ് വിധിയാളനായി വാനമേഘങ്ങളില്‍ പ്രത്യക്ഷപ്പെടും എന്നത് ശരിയല്ലെന്നും എന്ന രീതിയില്‍ ഇക്കൂട്ടര്‍ വാദിച്ചിരുന്നിരിക്കണം. ഇത് ജ്ഞാനവാദക്കാരുടെ ഒരു ചിന്താരീതിയായിരുന്നു (2 തിമോ 2:18 കാണുക). ഇപ്രകാരമുള്ള ഒരു തെറ്റായ ചിന്തയെ ചെറുക്കുന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന രണ്ടാംവരവിനുമുമ്പായി യുഗാന്ത്യസംബന്ധമായ പല കാര്യങ്ങളും നടപ്പാക്കാനുണ്ടെന്ന് വെളിപാട് സാഹിത്യശൈലിയില്‍ ലേഖകന്‍ സമര്‍ഥിക്കുകയും (2:1-17) പൗലോസ് കാണിച്ചുതന്ന മാതൃക പിന്തുടര്‍ന്ന് ക്രൈസ്തവര്‍ തങ്ങളുടെ ജീവിതയോധനത്തിനു കഠിനാധ്വാനം ചെയ്തുകൊണ്ട് പരസ്പരം സ്‌നേഹിച്ചു ജീവിക്കുകയാണ് വേണ്ടതെന്നു ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നു.
ഏതാണ്ട് എഡി 110നും 120നും ഇടയ്ക്ക് രചിക്കപ്പെട്ട, പുതിയ നിയമത്തിലെ ഏറ്റവും അവസാനത്തെ കൃതിയെന്നു കരുതപ്പെടുന്ന പത്രോസ് എഴുതിയ രണ്ടാംലേഖനത്തിന്റെ മുഖ്യപ്രമേയം കര്‍ത്താവിന്റെ രണ്ടാംവരവ് എന്തുകൊണ്ട് നടക്കുന്നില്ല അഥവാ എന്തുകൊണ്ട് അതു വൈകുന്നു എന്നതാണ് (2 പത്രോ 3:4). ക്രിസ്തു മഹത്വത്തോടെ രണ്ടാംപ്രാവശ്യം ആഗതനാകും എന്ന വിശ്വാസം ലേഖകന്‍ ആവര്‍ത്തിക്കുന്നു. എല്ലാ മനുഷ്യരും മാനസാന്തരപ്പെട്ട് രക്ഷ പ്രാപിക്കേണ്ടതിനു സമയം അനുവദിച്ചിരിക്കുന്നതുകൊണ്ടാണ് രണ്ടാംവരവ് വൈകുന്നത് (3:8-9); തങ്ങള്‍ സാക്ഷ്യംവഹിച്ച ക്രിസ്തുവിന്റെ രൂപാന്തരീകരണം അതിന് അടിസ്ഥാനമാണ് (1:16-18).

ദൈവശാസ്ത്ര വിചിന്തനം

രണ്ടാം വരവിനെക്കുറിച്ചുള്ള ചിന്ത ആരാധനാക്രമത്തിലും പുതിയ നിയമത്തിലും ഒഴിവാക്കാനാവാത്തവിധം സജീവമായി നില്ക്കുന്ന ഒന്നാണ്; ആഗമനകാലത്തിന്റെ കാതലായ ഭാവം ഈ ഭാവി യാഥാര്‍ഥ്യത്തില്‍ ഊന്നിനില്ക്കുന്നതത്രേ; പിറവിത്തിരുനാളിന്റെ സ്മരണ ഉണര്‍ത്തുന്ന ഭൂതത്തിലൂന്നിയ ആഗമനകാലത്തിന്റെ ചെറിയ ഭാഗത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഈ ഭാവികാല ചിന്ത. ആശ്ചര്യകരമെന്നു പറയട്ടെ, മുകളില്‍ ഉദ്ധരിച്ച വിപുലീകരണ പ്രാര്‍ഥനയുടെ (embolism) അടിസ്ഥാനമായി നില്ക്കുന്ന ഒരു വചനഭാഗമാണ് പിറവിത്തിരുന്നാളിലെ രണ്ടാംവായനയായിരിക്കുന്നത്, അതായത്, തീത്തോ 2:11-14. ഈ ടെക്സ്റ്റില്‍ ഉള്ള 13-ാം വചനമാണ് ”അനുഗ്രഹപൂര്‍ണമായ പ്രത്യാശയും ഞങ്ങളുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ ആഗമനവും പ്രതീക്ഷിച്ചുകൊണ്ട്” എന്ന വിപൂലീകരണ പ്രാര്‍ഥനയുടെ വചനത്തിനാധാരം. ലത്തീനിലുള്ള ഈ പ്രാര്‍ഥനയുടെ (Expectantes Beatam Spem et Adventum Salvatoris nostri Iesu Christi) പദാനുപദ പരിഭാഷയായ ഈ പ്രാര്‍ഥനകേട്ടാല്‍ ”അനുഗ്രഹപൂര്‍ണമായ പ്രത്യാശയും യേശുക്രിസ്തുവിന്റെ ആഗമനവും” രണ്ടു യാഥാര്‍ഥ്യങ്ങളാണെന്ന് തോന്നിപ്പോകും. എന്നാല്‍ യേശുക്രിസ്തുവിന്റെ ആഗമനം തന്നെയാണ് അനുഗ്രഹപൂര്‍ണമായ പ്രത്യാശ. ശാസ്ത്രീയമായി ഏറെ കൃത്യത പുലര്‍ത്തുന്ന പരിഭാഷകളായ ഞല്ശലെറ ടമേിറമൃറ ഢലൃശെീി ഉം ചലം അാലൃശരമി ആശയഹല ഉം ഒക്കെ തീത്തോ 2:13നെ അപ്രകാരമാണു മനസിലാക്കുന്നത്: ‘അംമശശേിഴ ീൗൃ യഹലലൈറ വീുല, വേല മുുലമൃശിഴ ീള വേല ഴഹീൃ്യ ീള ീൗൃ ഴൃലമ േഏീറ മിറ ടമ്ശീൗൃ, ഖലൗെ െഇവൃശേെ” (ഞടഢ); ‘മ െംല മംമശ േവേല യഹലലൈറ വീുല, വേല മുുലമൃമിരല ീള വേല ഴഹീൃ്യ ീള…” (ചഅആ). അങ്ങനെയെങ്കില്‍ നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ ആഗമനം തന്നെയാണ് നമ്മുടെ അനുഗ്രഹപൂര്‍ണമായ പ്രത്യാശ. മാത്രമല്ല, ക്രിസ്മസിലെ പാതിരാപൂജയില്‍ ഈ വേദഭാഗം രണ്ടാംവായനയായി നല്കിക്കൊണ്ട് തിരുപ്പിറവി സ്മരണ ആഘോഷിക്കുന്നതോടൊപ്പം സഭ യേശുക്രിസ്തുവിന്റെ പുനരാഗമന ചിന്തയും സജീവമായി നിലനിര്‍ത്തുന്നു.
രണ്ടാംവരവിനെക്കുറിച്ചുള്ള പ്രതീക്ഷ ഭയപ്പെടുത്തുന്ന ഒന്നായിട്ടല്ല പുതിയ നിയമവും സഭയും കാണുന്നത്. അതിനാലാണ് അതിനെ ”അനുഗ്രഹപൂര്‍ണമായ പ്രത്യാശ”യായി ചിത്രീകരിക്കുന്നത്. രണ്ടാംവരവ് സന്തോഷപ്രദമായ ഒന്നായിരിക്കും എന്നാണ് സഭ കരുതുന്നത്. രണ്ടാംവരവിലാണ് ഈ പ്രപഞ്ചത്തെ മുഴുവന്‍ അതിന്റെ പൂര്‍ണിമയിലേക്ക് മനുഷ്യപുത്രന്‍ കൊണ്ടെത്തിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഭൂഗര്‍ഭഗവേഷണ ശാസ്ത്രജ്ഞനും ദൈവശാസ്ത്രജ്ഞനുമായ തെയ്യാര്‍ ദേ ഷര്‍ദാന്‍ രണ്ടാംവരവിനെ ഓമേഗാ സ്ഥാനത്തേക്കുള്ള എത്തിച്ചേരലായിട്ടാണ് കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഭൗതിക മേഖലയിലുള്ള പരിണാമം അവസാനിച്ചിരിക്കുന്നു. ഇനി ഉണ്ടാകേണ്ടത് ധാര്‍മിക-ആധ്യാത്മിക തലത്തിലുള്ള പരിണാമമാണ്, അതായത് ക്രിസ്തുവല്ക്കരണം (ഇവൃശേെീഴലിലശെ)െ. ക്രിസ്തുവല്‍ക്കരണം എന്നുപറയുന്നത് യഥാര്‍ഥത്തില്‍ മാനവവല്ക്കരണമാണ്. കാരണം, ക്രിസ്തുവാണ് സമ്പുര്‍ണ മനുഷ്യന്‍. മാനവവല്ക്കരണത്തിന്റെ പൂര്‍ണത യേശുക്രിസ്തുവില്‍ കാണാനാവും. ആ ക്രിസ്തുവല്ക്കരണത്തിലേക്ക് എല്ലാം വളരേണ്ടതായിട്ടുണ്ട്. ക്രിസ്തുവല്ക്കരണം വഴിയായി ഒരു ദൈവികമേഖലയാണ് (ഉശ്ശില ാശഹശലൗ) സംജാതമാകേണ്ടത്. ഇക്കാര്യങ്ങളെല്ലാം മിശിഹായുടെ നാളുകളില്‍ ഉണ്ടാകുന്നതായി പഴയനിയമത്തിലെ പ്രവാചകര്‍ സ്വപ്‌നംകണ്ടിരുന്നു. ആഗമനകാലത്ത് സഭ പലപ്പോഴായി വിചിന്തനം ചെയ്യുന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകള്‍ ഇതിനുദാഹരണങ്ങളാണ്: ”അവസാന നാളുകളില്‍ കര്‍ത്താവിന്റെ ആലയം സ്ഥിതിചെയ്യുന്ന പര്‍വതം എല്ലാ പര്‍വതങ്ങള്‍ക്കും മുകളില്‍ ഉയര്‍ന്നുനില്ക്കും. എല്ലാ ജനതകളും അതിലേക്കു ഒഴുകും… ജനപദങ്ങളുടെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കും. അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരെ വാള്‍ ഉയര്‍ത്തുകയില്ല. അവര്‍ ഇനിമേല്‍ യുദ്ധപരിശീലനം നടത്തുകയില്ല” (ഏശ 2:2,4). ഏശയ്യാ തുടരുന്നു: ”ജസെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും. കര്‍ത്താവിന്റെ ആത്മാവ് അവന്റെമേല്‍ ആവസിക്കും… നീതിയും വിശ്വസ്തതയുംകൊണ്ട് അവന്‍ അരമുറുക്കും. ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചുവസിക്കും. പുള്ളിപുലി കോലാട്ടിന്‍ കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും. ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികള്‍ ഒന്നിച്ചുകിടക്കും. സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. മുലകുടിക്കുന്ന ശിശു സര്‍പ്പപ്പൊത്തിനു മുകളില്‍ കളിക്കും. മുലകുടിമാറിയ കുട്ടി അണലിയുടെ അളയില്‍ കയ്യിടും” (ഏശ 11:1-2, 5-8). ഏശയ്യായുടെ ഈ സ്വപ്‌നം ഒരു ആദര്‍ശ സങ്കല്പം (utopia) എന്നു കരുതി തള്ളിക്കളഞ്ഞേക്കാം. എന്നാല്‍ ആദര്‍ശസങ്കല്പങ്ങള്‍ സാധ്യമാണെന്നു ചരിത്രം തെളിയിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെ അഹിംസാപ്രസ്ഥാനത്തിലൂടെ ഭാരതത്തിനു സ്വാതന്ത്ര്യം നേടിയെടുക്കാന്‍ സാധിക്കുമെന്ന് ആരു വിചാരിച്ചു?
ഗതകാലത്തില്‍ ഊന്നിനിന്നുകൊണ്ട് വരാന്‍പോകുന്ന കാലത്തെക്കുറിച്ചുള്ള ഉത്തരവാദിത്വം ഏറ്റെടുത്താല്‍ ആദര്‍ശസങ്കല്പങ്ങള്‍ സാധ്യമായിത്തീരും. അതിനു ഭൂതകാലത്തെ ഗൗരവമായി എടുക്കുകയും വേണം. ആഗമനകാലത്തിന്റെ രണ്ടാംഭാഗത്ത് അനുസ്മരിപ്പിക്കപ്പെടുന്ന തിരുപ്പിറവി ഒരുക്ക ഓര്‍മശകലങ്ങള്‍ ഇക്കാര്യത്തിനു ശക്തി പകരുന്നതാണ്. വിശ്വവിഖ്യാതനായ ദൈവശാസ്ത്രജ്ഞനായ കാള്‍ റാനറിന്റെ അഭിപ്രായപ്രകാരം ഭാവിയെക്കുറിച്ചുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ആളിനാണ് പഴമയെ അതിന്റെ സംശുദ്ധരൂപത്തില്‍ സൂക്ഷിക്കാനാവുന്നത് (The past can be preserved in its purity by someone who accepts responsibility for the future”). ഇപ്രകാരമുള്ള ഉത്തരവാദിത്വം എന്നു പറയുന്നത് മറ്റു മനുഷ്യരെക്കുറിച്ചും, ഭൂമിയിലെ ഇതര ജീവജാലങ്ങളെക്കുറിച്ചുമാണ്. അപ്രകാരം മനുഷ്യര്‍ പരസ്പരവും ഈ ഭൂമിയെക്കുറിച്ചും ഉത്തരവാദിത്വം പേറുന്നെങ്കില്‍ ആഗമനകാലത്തിലെ ഭാവി സങ്കല്പത്തിന് ആക്കം കൂടും. അപ്പോള്‍ പൊതുവായിപ്പറഞ്ഞാല്‍, ജ്ഞാനപീഠ പുരസ്‌കാരം നേടിയ നമ്മുടെ കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ”ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തില്‍” പാടിയ വരികള്‍ കൂടുതല്‍ അര്‍ഥവത്താകും:
”ഒരു കണ്ണീര്‍ക്കണം മറ്റു-
ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാന്മാവി-
ലായിരം സൗരമണ്ഡലം.”


Related Articles

കര്‍ഷക സമരം: മൂന്നാം വട്ട ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കര്‍ഷക സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് മൂന്നാംവട്ട ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കഷിമന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍ വിളിച്ച

‘ടു പോപ്‌സ്’

ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷനില്‍ ഇടംപിടിച്ച രണ്ടു നടന്മാരാണ് അന്റോണി ഹോപ്കിന്‍സും ജൊനാഥന്‍ പ്രൈസും. രണ്ടുപേരും ‘ടു പോപ്‌സ്’ എന്ന ചിത്രത്തിലാണ് കിടയറ്റ അഭിനയചാതുരി പ്രദര്‍ശിപ്പിച്ചത്. ഫ്രാന്‍സിസ്

കേരളം തിളങ്ങുന്ന മാതൃക: ആനന്ദ് മഹീന്ദ്ര 

കൊച്ചി: കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. കൊവിഡ്-19 രോഗബാധ സംബന്ധിച്ച് നിലവിലെ സ്ഥിതി തന്നെ തുടരുകയാണെങ്കില്‍ കേരളം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*