Breaking News

ഭാഷാ വൈവിധ്യത്തെ ആദരിക്കണം

ഭാഷാ വൈവിധ്യത്തെ ആദരിക്കണം

‘ഹിന്ദി ദിവസ്’ ആഘോഷത്തിന്റെ ഭാഗമായി അമിത് ഷാ ചെയ്ത ട്വീറ്റും പിന്നീട് നടത്തിയ പ്രസംഗവും രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയും ഈയിടെ നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപനപരമായ പ്രസ്താവനകള്‍ പല തലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചുള്ള കൃത്യമായി അടയാളമിട്ടുള്ള വാക്യങ്ങളാണ്.
പണ്ട്, രാമാനന്ദ് സാഗറിന്റെ രാമായണം ടിവി സീരിയല്‍ രാജ്യമെമ്പാടും തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കേ അതിലെ പുരാണ കഥാപാത്രങ്ങള്‍ ഹിന്ദി സംസാരിച്ചുകൊണ്ടിരിക്കേ കുട്ടികള്‍ക്ക് കൂടുതല്‍ കൗതുകകരമായി തോന്നിയിരുന്നത് ഹിന്ദി ഭാഷക്കപ്പുറമുള്ള നെടുങ്കന്‍ ഡയലോഗുകള്‍ക്കപ്പുറമുള്ള യുദ്ധരംഗങ്ങളാണ്. യോദ്ധാവ് തൊടുക്കാന്‍ എടുക്കുന്ന അമ്പ് ആവനാഴിയില്‍ ഒരെണ്ണമോ രണ്ടെണ്ണമോ ആയി വിശ്രമിക്കുന്നത് കാണാം. എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ പത്ത്, കൊള്ളുമ്പോള്‍ ആയിരമെന്ന കണക്കിന് എഴുത്തച്ഛന്റെ ഭാവനയോട് കടപ്പാട് എന്നവണ്ണം അസ്ത്രങ്ങള്‍ സ്‌ക്രീന്‍ നിറയുന്നത് കൗതുകകരമായിരുന്നു. ആഭ്യന്തരമന്ത്രിയുടെ പെട്ടെന്നുവന്ന ഹിന്ദിപ്രണയവും കൊള്ളുമ്പോള്‍ ആയിരമെന്ന ലൈനില്‍ തന്നെയാണ് വിവാദമുണ്ടാക്കുമെന്ന് മറ്റാരേക്കാളും നന്നായി പഴയ ഗുജറാത്ത് ചെസ് അസോസിയേഷന്‍ സെക്രട്ടറിക്കറിയാം. വിവാദമുണ്ടാക്കണമല്ലോ! ഇന്ത്യയുടെ സാമ്പത്തിക നിലയെക്കുറിച്ച് മുന്‍പ്രധാനമന്ത്രി നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍, ധനമന്ത്രിയുടെ ചില ധാരാണാപിശകുകള്‍, പ്രധാനമന്ത്രി ആഗോള തലത്തില്‍ ഓടിച്ചാടി നടന്ന് ഒപ്പിട്ട് തിരിച്ചുവരുന്ന പുത്തന്‍ കരാറുകള്‍ തുടങ്ങി നിരവധിയായ കാര്യങ്ങള്‍ തങ്ങളുടെ സ്വാധീനവലയം പൊട്ടിച്ച് മാധ്യമങ്ങളെങ്ങാനും റിപ്പോര്‍ട്ട് ചെയ്താല്‍ നാട്ടിലെങ്ങും വാര്‍ത്തപരന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചപോലെ നടക്കാതെ വരും. അതുകൊണ്ട് രണ്ടോ, മൂന്നോ ദിവസത്തേയ്ക്ക് ഹിന്ദിഭാഷയെപ്പറ്റി വാദപ്രതിവാദങ്ങള്‍ നടക്കട്ടെ എന്ന ലൈനില്‍ ചിന്തിക്കാന്‍ ആഭ്യന്തരമന്ത്രിക്ക് മന്ത്രാലയവിദഗ്ധരുടെ ചുഴിഞ്ഞുള്ള ഉപദേശമൊന്നും വേണ്ടിവരില്ല.
പ്രധാന ലക്ഷ്യം ഇതാണെങ്കിലും ഹിന്ദിയെപ്പറ്റി നാലു വര്‍ത്തമാനം പറയാന്‍ കിട്ടിയ അവസരം കൂടിയാണ് ആഘോഷ ദിവസത്തിന്റേത്. ഒരമ്മപെറ്റ മക്കളെയെല്ലാം തൊപ്പിക്കാരാക്കന്‍ നടത്തുന്ന ദേശീയതയുടെ പേരിലുള്ള ശ്രമത്തിനുള്ള ഉന്ത് കൂടിയായിരിക്കട്ടെ ഹിന്ദി. ഹിന്ദി പ്രഖ്യാപനമെന്ന് കൂടി കൂട്ടിവായിക്കുമ്പോഴാണ് കൊള്ളുമ്പോള്‍ ആയിരമെന്ന കണക്ക് ശരിയാകുന്നത്.
പ്രതീക്ഷിച്ചതുപോലെ തെന്ന തെക്കന്‍ ദേശത്തുനിന്നും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നു. കര്‍ണാടകത്തില്‍ ഡി.കെ ശിവകുമാറും മക്കളും ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ വീട്ടുതടങ്കല്‍ പ്രശ്‌നകുറച്ചുനേരത്തേയ്ക്ക് കണ്ണില്‍നിന്ന് തെന്നിമാറി. തമിഴ്‌നാട്ടില്‍നിന്ന് എ.കെ. സ്റ്റാലിന്‍ പ്രതിഷേധസ്വരമുയര്‍ത്തി. കേരളത്തിനായി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് കുറിച്ചു. പ്രതിപക്ഷകക്ഷികളെല്ലാം രംഗത്ത് എത്തിയിരിക്കുന്നു. ഇന്ത്യ റിപ്പബ്ലിക്ക് ആയി രൂപപ്പെട്ട കാലം മുതല്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപപ്പെട്ട ചരിത്ര സാഹചര്യത്തെ ജനാധിപത്യ സംസ്‌കാരത്തിന്റെ വെളിച്ചത്തിലാണ് ഈ നാട്ടില്‍ മനസിലാക്കിയിട്ടുള്ളത്. ദേശീയത സങ്കല്‍പ്പത്തെ ഭൂരിപക്ഷാധിപത്യമായി തിരുത്തി എഴുതാനുള്ള ചിലരുടെ താല്പര്യങ്ങള്‍ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരികവും ചരിത്രപരവുമായ സാഹചര്യങ്ങളോട് ചേര്‍ന്ന് പോകില്ലായെന്ന് സ്വതന്ത്രാനന്തര ഭാരതം കൃത്യതയോടെ മനസിലാക്കിയിരുന്നു. ഇന്ത്യന്‍ റിപ്പബ്ലിക്ക് ഔദ്യോഗികമായി 22 ഭാഷകള്‍ അംഗീകരിച്ചിരിക്കെ ഏതെങ്കിലുമൊരു ഭാഷയെ ദേശീയഭാഷാ സ്ഥാനം നല്‍കി എല്ലാത്തിനും മീതെ പ്രതിഷ്ഠിക്കാനുള്ള ശ്രമം അപലപനീയമാണ്. ഹിന്ദി ഒരു ഭാഷയെന്ന നിലയില്‍, ഉത്തരേന്ത്യന്‍ ജനവിഭാഗങ്ങളുടെ ആശയവിനിമയ മാധ്യമമെന്ന നിലയില്‍ അതില്‍ മറ്റ് ജനവിഭാഗങ്ങള്‍ പ്രാവീണ്യം നേടുന്നത് ഉചിതമായ കാര്യം തന്നെ. മറ്റേതൊരു ഭാഷയെയും പോലെ തന്നെ ഹിന്ദിയും കൈകാര്യം ചെയ്യാന്‍ ഒരാള്‍ക്ക് അറിവുണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്. അവരവരുടെ മാതൃഭാഷ അറിയുന്നതുപോലെ ഇംഗ്ലീഷ് തുടങ്ങിയ വ്യവഹാര ഭാഷകള്‍ അറിയുന്നതുപോലെ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരിക ഭൂമികയിലേക്ക് വാതില്‍ തുറക്കുന്ന ഇന്ത്യയിലെ വ്യത്യസ്തങ്ങളായ ഭാഷകള്‍ ഒരാള്‍ അറിയുന്നത് അതിനുള്ള സാധ്യതകള്‍ കണ്ടെത്തുന്നത് ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമായി തന്നെ മനസിലാക്കേണ്ടതാണ്. അങ്ങനെയാണ് എന്നും ഇവിടെ കാര്യങ്ങള്‍ മനസിലാക്കപ്പെട്ടിട്ടുള്ളത്. അതിനുമപ്പുറം ഭാഷാ വിവര്‍ത്തനങ്ങളിലൂടെ ഇന്ത്യയുടെ വിപുലമായ വൈവിധ്യത്തെ മനസിലാക്കാനുള്ള ശ്രമം ഈ നാട്ടിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ ഊര്‍ജിതമായി നടക്കുന്നുണ്ട്.
അല്ലെങ്കില്‍ തന്നെ അമിത് ഷാ എന്ത് ഹിന്ദിയെക്കുറിച്ചാണ് പറയുന്നത്? നൂറുകണക്കിന് വൈവിധ്യമാര്‍ന്ന ശിഖരങ്ങളോടുകൂടിയ ഹിന്ദിയെന്ന ഭാഷാ വ്യവഹാരത്തെ അവരവര്‍ക്ക് സ്വാധീനമുള്ള ഭാഷാപ്രയോഗത്തിലേക്ക്- അധികാരമുള്ളവരുടെ ഭാഷാപ്രയോഗത്തിലേക്ക് ചുരുക്കി എഴുതുന്നതിനെയാണ് ഫാഷിസ്റ്റ് പ്രവര്‍ത്തനമെന്ന് പറയുന്നത്. രാഷ്ട്രത്തിന് ആകമാനം ഒരു മതം ഒരു ഭാഷ എന്നിങ്ങനെയുള്ള അധികാര പ്രവണതയുടെ ചുരുക്കെഴുത്തുകളെ ഇന്ത്യന്‍ ഭരണഘടന തുടക്കത്തിലേ തന്നെ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. രാഷ്ട്രത്തിലെ മനുഷ്യര്‍ തമ്മില്‍ ഇടപഴകുന്നത്, അവര്‍ തെരഞ്ഞെടുത്ത് അയച്ച പ്രതിനിധികള്‍ ഭരണപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതും ഒരൊറ്റ ഭാഷയിലായിരിക്കണമെന്നൊക്കെയുള്ള അതിവാദങ്ങള്‍ ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങള്‍ക്ക് എതിരാണ്. ഹിന്ദി സംസാരിക്കുന്ന ഭാരതത്തിലുള്ളവര്‍ ഹിന്ദി സംസാരിക്കാത്ത ജനവിഭാഗങ്ങളിലേക്ക് എത്താന്‍ ചില പൊതുമാധ്യമ വിവര്‍ത്തനങ്ങള്‍ സ്വീകരിക്കേണ്ടിവരും. ഇംഗ്ലീഷ്, ഹിന്ദി എന്നിവയെ പൊതുമാധ്യമമായി ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. ഹിന്ദിയെ മാത്രം ആശ്രയിച്ച് ഇന്ത്യയുടെ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത് അസാധ്യം തന്നെ. ബിജെപിയുടെ നേതൃത്വത്തിലുള്ളവര്‍ക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് പ്രത്യേകിച്ച് വടക്ക്, കിഴക്ക്, തെക്ക് സംസ്ഥാനങ്ങളിലേക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാന്‍ കഴിയാത്തത് ആശയവിനിമയങ്ങളും ഭാഷാപരിജ്ഞാനത്തിന്റെ കുറവുകൊണ്ടുകൂടിയാണ്. ഹിന്ദിയില്‍ തന്റെ പ്രസംഗ പാടവം പ്രകടിപ്പിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഹിന്ദി മാതൃഭാഷയല്ലാത്ത പ്രദേശങ്ങളില്‍ വേണ്ടത്ര ശോഭിക്കാന്‍ സാധിക്കാതെ വരുമെന്നത് യാഥാര്‍ഥ്യമാണ്. ഇതിനൊക്കെ പരിഹാരമായിട്ടാണോ രാജ്യത്തെ പൊതുഭാഷയായി ഹിന്ദിയെ വരിക്കാനുള്ള ആഹ്വാനമെന്ന് സംശയിക്കുന്നത് ഉപരിപ്ലവമായ ചിന്തയൊന്നുമല്ല. ഭൂരിപക്ഷത്തിന്റെ ഭാഷാ ന്യൂനപക്ഷ ഭാഷകളുടെ മീതെ ആധിപത്യം ചെലുത്തുന്നത്, ന്യൂനപക്ഷസംസ്‌കാര വൈവിധ്യങ്ങളെ രണ്ടാം തരമായി ഇകഴ്ത്തുന്നത് ഇന്ത്യയുടെ റിപ്പബ്ലിക്ക് ആദര്‍ശങ്ങള്‍ക്ക് അനുയോജ്യമല്ല. നാനാത്വത്തില്‍ ഏകത്വം എന്നതിനെ ഏതെങ്കിലുമൊരു സാസ്‌കാരിക ധാരയിലേക്ക് ചുരുക്കിയെഴുതാനുള്ള ഏതുശ്രമത്തെയും ചെറുത്തു തോല്‍പിക്കേണ്ടതാണ്. നൂറുദിവസത്തെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സെഞ്ച്വറി ആഘോഷിച്ച മോദി സര്‍ക്കാരിനെപ്പറ്റി പ്രധാനമന്ത്രി തന്നെ പറഞ്ഞത് നമ്മള്‍ കേട്ടതാണ്. ഇത് പ്രിവ്യൂ മാത്രം. ശരിക്കുള്ള സിനിമ വരുന്നതേയുള്ളൂ. വരാനുള്ളതെല്ലാം ജനാധിപത്യ മര്യാദകള്‍ അനുസരിച്ചാകുന്നതാണ് ഉചിതം. കാരണം ഇന്ത്യയുടെ ആത്മാവ് വൈവിധ്യങ്ങളിലാണ് കുടികൊള്ളുന്നത്.


Related Articles

ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണം; പ്രാരംഭ അന്വേഷണത്തിന് തുടക്കമായി എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ്

അട്ടിപ്പേറ്റിയുടെ നാമകരണത്തിനുള്ള കാനോനികമായ പ്രാരംഭ അന്വേഷണത്തിന് തുടക്കം കുറിച്ചു. ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ 49-ാം ചരമവാര്‍ഷിക അനുസ്മരണത്തോടനുബന്ധിച്ച് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന ദിവ്യബലിയില്‍ ആര്‍ച്ച്ബിഷപ്

സംവരണവിഷയം പിന്നാക്ക-ദളിത് സമുദായങ്ങളുമായി
സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തണം:
ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി

കൊച്ചി: കേരളത്തിലെ മുന്നാക്ക സമുദായംഗങ്ങളിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ- ഉദ്യോഗമണ്ഡലങ്ങളില്‍ സംവരണം നല്‍കാനുള്ള ധ്രുത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍മുന്നോട്ടു പോകുമ്പോള്‍ ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിലുള്ള പട്ടികജാതി-വര്‍ഗ

പ്രവചനാതീതമായ പരിണതികളിലേക്ക്

ഇന്നു ജീവിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ ആയുസിലെ ഏറ്റവും വിധിനിര്‍ണായകമായ തെരഞ്ഞെടുപ്പു ഫലമാണിത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും വോട്ടെണ്ണിതീരുമ്പോള്‍ തെളിയുന്ന കക്ഷിനിലയും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളും എന്തായാലും ഭാരതം എന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*