ഭിക്ഷാടന മാഫിയയ്ക്കുപിന്നിൽ

മോഷ്ടിച്ചയാള്‍ക്കു മരണം വിധിക്കപ്പെട്ടതിന്റെ ഞെട്ടലില്‍ ആടിയുലയുകയാണ് കേരളം. അട്ടപ്പാടിയിലെ മധുവും മധുവിന്റെ മരണവും മനുഷ്യന്റെ മനസിലെ മാറാമുറിവായി നിലനില്ക്കുന്നു. ഇതോടൊപ്പം കൂട്ടിവായിക്കേണ്ട ചില കാര്യങ്ങളും പങ്കുവെക്കപ്പെടാതെ പോകുവാന്‍ പാടില്ലല്ലോ.
നവമാധ്യമങ്ങളിലെ ചില കാര്യങ്ങളും ബുദ്ധിജീവികളും വിരലിലെണ്ണാവുന്ന ചില മാധ്യമപ്രവര്‍ത്തകരും നടത്തിയ പ്രചാരണം പൊതുവെ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണ്. ഭിക്ഷാടന മാഫിയയ്ക്കെതിരെ സമൂഹമാധ്യങ്ങളില്‍ ശക്തമായ പ്രചരണം നടന്നത് ഏറ്റെടുത്ത നാട്ടുകാരാണ് മധുവിന്റെ കൊലയ്ക്കു പിന്നില്‍ എന്നായിരുന്നു ഇവരുടെ കണ്ടുപിടിത്തം. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിറകില്‍ ഭിക്ഷാടന മാഫിയായുടെ സ്വാധീനം ഉണ്ടോ ഇല്ലയോ എന്നുള്ളത് അവ്യക്തമാണ്. പക്ഷെ ഇത്തരം പ്രചാരണങ്ങള്‍ ഭിക്ഷാടന മാഫിയായെ സഹായിക്കും എന്നുള്ളത് വാസ്തവവുമാണ്.
അവിടെയാണ് അടുത്ത ചോദ്യം ഉയരുന്നത്. ഭിക്ഷാടന മാഫിയ ഉണ്ടോ? മലയാളിയുടെ ഭയത്തില്‍ നിന്നുടലെടുത്ത കെട്ടുകഥയല്ലേ അത്. ശിശുസംരക്ഷണപ്രവര്ത്തകര് എന്ന് നടിക്കുന്ന ചിലരും പൊലീസും ഭരണാധികാരികളും എടുത്തുപറഞ്ഞു അങ്ങിനെയൊരു മാഫിയ ഇല്ലെന്ന്. കേരളത്തിലെ ജനങ്ങള്‍ ഇതൊന്നും വിശ്വസിച്ചിട്ടില്ലെങ്കിലും ആശയസംഘട്ടനങ്ങളുണ്ടാക്കുവാനും ഭിക്ഷാടന മാഫിയയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ആക്ഷേപിക്കുവാനും ചിലര്‍ക്ക് ആയുധം ലഭിക്കാന്‍ ഇത് കാരണമായി.
കണക്കുകള്‍ കൊണ്ടുള്ള ഉത്തരങ്ങളിലേക്കുതന്നെ നമുക്കൊന്ന് പോകാം. കുട്ടികളെതട്ടിക്കൊണ്ടു പോകുന്നില്ലെന്ന് പറഞ്ഞ പൊലീസ് ഹൈക്കോടതിയില്‍ കൊടുത്ത കണക്കു ചിന്തിപ്പിക്കുന്നതാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ നമ്മുടെ കൊച്ചു കേരളത്തില്‍ നിന്ന് കാണാതായ കുഞ്ഞുങ്ങളില്‍ 15 വയസിനു താഴെയുള്ള 50 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവരൊക്കെ എവിടെപ്പോയി?
എം. കെ മുനീര്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് 2017ല്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് 199 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട് എന്നാണ്.
മാഫിയ ഉണ്ട് എന്നുള്ളത് മലയാളിയുടെ മനസില്‍ വേരൂന്നുവാന്‍ കാരണമായത് സൗമ്യയുടെ മരണമാണ്. ട്രെയിനില്‍ ഭിക്ഷ തെണ്ടുന്ന ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിക്കുവേണ്ടി ഒരു സിറ്റിങ്ങിനു ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന വക്കീല്‍ വന്നപ്പോള്‍ ഭിക്ഷാടന മാഫിയയെപറ്റിയുള്ള സംശയം ജനങ്ങളുടെ മനസില്‍ കത്തിപ്പടരുവാന്‍ കാരണമായി. എങ്കിലും ഭിക്ഷാടനത്തിന്റെ മറവിലുള്ള മാഫിയയിലേക്ക് അന്വേഷണം കൊണ്ടുപോകുവാന്‍ കേരളം ഭരിച്ച സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. ഇതെല്ലാം ഭിക്ഷാടന മാഫിയയുടെ പിറകില്‍ വന്കൈകള് ഉണ്ടെന്നു ചിന്തിപ്പിക്കുവാന്‍ സാധാരണക്കാരനെ പ്രേരിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില സംഭവങ്ങള്‍ സമൂഹത്തിന്റെ എല്ലാ തലത്തിലും ഇവര്‍ ഉണ്ട് എന്നുള്ള സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. കായംകുളത്ത് ഒരു ചെറുപ്പക്കാരന് ഭിക്ഷാടന മാഫിയയ്ക്കെതിരെ ഒപ്പുശേഖരണം നടത്തി. അതിന്റെ ലൈവ് ഫേസ്ബുക്കില്‍ ഇടുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ ഫേസ്ബുക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. കായംകുളത്തുതന്നെ ബിഎംബിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് ആന്റണിയെ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായി. ഭിക്ഷാടനം നിരോധിക്കാന്‍ തയ്യാറായ പല കോര്‍പറേഷനുകളും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും പെട്ടെന്ന് ഇതില്‍ നിന്ന് പിന്‍വാങ്ങിയതും കൂട്ടിവായിക്കേണ്ടതാണ്. മുകളില്‍ നിന്ന് അവര്‍ക്കു കിട്ടിയിരിക്കുന്ന നിര്‍ദേശം ഇപ്പോള്‍ ഭിക്ഷാടനം നിരോധിക്കരുത് എന്നാണെന്നറിയുന്നു.
ട്രേഡ് യൂണിയനുകളുടെ മാതൃകയില്‍ ലോക്കല്‍, ഏരിയ, ജില്ലാ, സംസ്ഥാന, ദേശീയ കമ്മിറ്റികള്‍ ഉള്ള ഭിക്ഷാടന മാഫിയ വലിയ രീതില്‍ ക്വാട്ടേഷന് ടീമുകളുടെ പിന്‍ബലത്തോടെയും ആംബുലന്‍സ് സംവിധാനങ്ങളോടെയും പ്രവര്‍ത്തിക്കുന്നവരാണ്. രണ്ടുതരത്തിലുള്ള ഭിക്ഷാടക സംഘങ്ങളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിനകത്തുമാത്രം പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് ആദ്യത്തേത്. പ്രധാന ജില്ലകളിലോ പട്ടണങ്ങളിലോ ഒരു മാസ്റ്റര്‍ ഇവരെ നിയന്ത്രിക്കും. മേഖല തിരിച്ചാണ് ഭിക്ഷാടനം. ഇവര്‍ ഏതെങ്കിലുമൊക്കെ വിധത്തില്‍ ലഹരിവില്പനക്കാരുമായും മോഷ്ടാക്കളുമായും ബന്ധമുള്ളവരാണ്. താമസമില്ലാത്തതും പുരുഷന്മാരില്ലാത്തതുമായ വീടുകളെക്കുറിച്ചു മോഷ്ടാക്കള്‍ക്ക് വിവരം നല്‍കുന്നത് ഇവരാണ്.
രണ്ടാമത്തെ സംഘം തമിഴ്നാട്, ആന്ധ്രാപ്രദേശ് പോലുള്ള അന്യസംസ്ഥാന ലോബികളുടെ ഭാഗമാണ്. ഇവര്‍ക്കും കേരളത്തില്‍ ഏജന്റുമാരുണ്ടാകും. ഏതാനും ദിവസം കേരളത്തില്‍ താമസിച്ചു മോഷണവും ഭിക്ഷാടനവും നടത്തിപ്പോകുന്ന ഇവരെക്കുറിച്ചു കൃത്യമായ വിവരങ്ങളില്ല. ഇവരാണ് കുട്ടികളെ കൂടുതലായി നോട്ടമിടുന്നവര്‍. നാല് വയസിനു താഴെയുള്ള കുഞ്ഞുങ്ങളെയാണ് സാധാരണ ഇവര്‍ ലക്ഷ്യമിടുന്നത്. തട്ടിക്കൊണ്ടുപോകാനുള്ള എളുപ്പമാണ് പ്രധാന കാരണം. പിടിക്കപ്പെട്ടാല്‍ കുട്ടികള്‍ക്ക് വീടും സ്ഥലവും പറയാന്‍ കഴിഞ്ഞെന്നുവരില്ല. ഈ മാഫിയ പലപ്പോഴും പിടിക്കപ്പെടാറില്ല.
കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളു ആന്ധ്രപ്രദേശ് സ്വദേശി ചിന്നപ്പ ആലപ്പുഴ പൂച്ചാക്കലില്‍ നിന്ന് 4 വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിട്ട്. 2018 ഫെബ്രുവരി 8 വ്യാഴാഴ്ച രാവിലെ മൂന്നുമണിക്കാണ് പെരുമ്പാവൂര്‍ പടപ്പേങ്ങാട്ട്, മാതാപിതാക്കളുടെ കൂടെ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ ആസാം സ്വദേശി വാതില്‍ പൊളിച്ചു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുഞ്ഞിനെ എടുത്തുകൊണ്ടുപോകുമ്പോള്‍ കുഞ്ഞിന്റെ മുടി അമ്മയുടെ കമ്മലില്‍ കുരുങ്ങിയതുകൊണ്ട് അമ്മ ഉണര്ന്നതാണ് കുഞ്ഞിന് രക്ഷയായത്. ഈ വീടിന്റെ ജനാലയില്‍ കറുത്തമഷി കൊണ്ട് ഗുണനചിഹ്നം വരച്ചിരുന്നു.
തളിപ്പറമ്പിലെ മദ്രസ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്, കൊച്ചി പള്ളുരുത്തി എംഎല്‍എ റോഡില്‍ നിന്ന് യുകെജി വിദ്യാര്‍ത്ഥിനിയെ ആന്ധ്ര സ്വദേശിനി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്, മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തിലെ മുളവൂര്‍ മൂളാട്ട് അബ്ദുള്‍സലാമിന്റെ 10 വയസുള്ള മകന് അഫ്രിനെ രാത്രി 7 മണിക്ക് പള്ളിയില്‍ നിന്ന് വരുമ്പോള്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്, ആരോ തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ പൊലീസിനെ കണ്ടു പ്ലാറ്റ്ഫോമില്‍ ഉപേക്ഷിച്ചതിനാല്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ റെയില്വേപൊലിസിന് കിട്ടിയതൊക്കെ മലയാളി അറിഞ്ഞ വസ്തുതകളാണ്.
2014 ഓഗസ്റ്റ് 1ന് കണ്ണൂര്‍ ഇരിട്ടി പാലക്കണ്ടിയില്‍ സുഹൈല്‍ – ഫാത്തിമ സുഹ്റ ദമ്പതികളുടെ മകള്‍ ദിയ ഫാത്തിമയെ കാണാതായതും, 2005 മെയ് 18ന് ആലപ്പുഴ ആശ്രാമം വാര്‍ഡില്‍ രാഹുല്നിവാസിലെ രാജു-മിനി ദമ്പതികളുടെ മകന് 7 വയസുകാരന് രാഹുലിനെ വീടിന് സമീപത്തെ മൈതാനിയില്‍ ക്രിക്കറ്റ് കളിച്ചിരുന്ന സമയത്ത് കാണാതായതും 2014 ഓഗസ്റ്റ് 1ന് ആലപ്പുഴയിലെ പാണാവള്ളിയിലെ വീട്ടില്‍ നിന്ന് ഉത്സവം കാണാന്‍ പോയ നിസാമിനെ കാണാതായതും മലയാളിയുടെ മനസ്സില്‍ ഇന്നും മാറാത്ത മുറിവാണ്. ഇവരൊക്കെ എവിടെപ്പോയി എന്നുള്ളതിന് ഉത്തരം തരേണ്ടവര്‍ ഇന്നും ഇരുട്ടില്‍ തപ്പുകയാണ്.
2017 ആഗസ്റ്റ് 18ന്റെ ഇന്ത്യന്‍എക്സ്പ്രസ് പറയുന്നത് മുന്‍പുള്ള മുപ്പതു ദിവസംകൊണ്ടു കേരളത്തിന് നഷ്ടപ്പെട്ടത് 88 കുട്ടികളെ എന്നാണ്. 2011ല്‍ 952 കുട്ടികള്‍, 2012ല്‍ 1079 കുട്ടികള്‍, 2013ല്‍ 1208 കുട്ടികള്‍, 2014ല്‍ 1229 കുട്ടികള്‍ 2015ല്‍ 1630 കുട്ടികള്‍ 2016 ഓഗസ്റ്റ് വരെ 1194 കുട്ടികള്‍ കാണാതായ കണക്കിലുണ്ട്. 2017ല്‍ 1774 കുട്ടികളെ കാണാതായിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞത്. അതില്‍ 49കുട്ടികളെ തിരിച്ചുകിട്ടിയിട്ടില്ല. കേരളത്തില്‍ പെണ്‍കുട്ടികളെ കാണാതാവുന്നതില്‍ ഒന്നാം സ്ഥാനം തിരുവനന്തപുരത്തിനാണ്. തൊട്ടുപുറകില്‍ മലപ്പുറവും തൃശൂരും. 2013ല്‍ 668 പെണ്‍കുട്ടികളെ കാണാതായെങ്കില്‍ 2015ല്‍ കാണാതായത് 789 പെണ്‍കുട്ടികളെ ആണ് .
കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഓരോ ദിവസവും 1 ലക്ഷത്തിലധികം കുഞ്ഞുങ്ങളെ കാണാതാകുന്നു. 2011 മുതല്‍ 2014 ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ ഭാരതത്തില്‍ കാണാതായത് 3,25,000 കുഞ്ഞുങ്ങളെയാണ് .
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഓരോ 8 മിനിട്ടിലും ഓരോ കുട്ടിയെ വീതം കാണാതാകുന്നുണ്ട്. 3 മുതല്‍ 6 വയസുവരെയുള്ള കുഞ്ഞുങ്ങളെയാണ് കൂടുതലായി കാണാതാവുന്നത്. കുഞ്ഞുങ്ങളെ കാണാതാകുന്ന കാര്യത്തില്‍ ഭാരതത്തില്‍ ഒന്നാം സ്ഥാനം മഹാരാഷ്ട്രക്കാണ്. തൊട്ടുപിറകില്‍ മദ്ധ്യപ്രദേശ്, ഡല്‍ഹി, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുണ്ട്.
മധുവിന്റെ മരണത്തിനു ഭിക്ഷാടകരെ എതിര്‍ക്കുന്നവര്‍ക്കോ സമൂഹമാധ്യമങ്ങള്‍ക്കോ ബന്ധമില്ലായിരിക്കാം. പക്ഷെ ഫെബ്രുവരി 1ന് പൊന്നാനിയില്‍ ദേവനാരായണന് എന്നു ഭിക്ഷക്കാരനെ `പിള്ളേരെ പിടുത്തക്കാരന്’ എന്ന് പറഞ്ഞു ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ചത് നമുക്ക് തള്ളിക്കളയാന്‍ കഴിയില്ല. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്കും അതില്‍ സ്വാധീനമില്ല എന്നു പറഞ്ഞു കയ്യൊഴിയാനും കഴിയില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഭിക്ഷാടകരുടെ സംഘം ഇറങ്ങിയിരിക്കുന്നുവെന്നുള്ള സമൂഹമാധ്യമത്തിലെ പ്രചാരണങ്ങള്‍ക്ക് തെളിവൊന്നുമില്ല. പക്ഷെ ഭിക്ഷാടന മാഫിയ ഇല്ലെന്ന് പറയാന്‍ കഴിയില്ല. അതിന്റെ പേരില്‍ ഭിക്ഷാടകരെയും അന്യസംസ്ഥാന തൊഴിലാളികളെയും തല്ലിച്ചതക്കുന്നത് പൈശാചികതയാണ്. ബെഗ്ഗര്‍ മാഫിയ ഫ്രീ ഭാരത് (ബിഎംബി) ഇത്തരം മാനുഷിക മാനസിക വൈകല്യങ്ങള്ക്കെതിരെക്കൂടിയാണ് ബോധവല്‍ക്കരണം നടത്തുന്നത്. നിയമം കയ്യിലെടുക്കാന്‍ ജനത്തിന് അവകാശമില്ല. സംശയമുണ്ടെങ്കില്‍ പോലീസിനെ അറിയിച്ചു നിയമനടപടികള്‍ സ്വീകരിക്കണം. ഇത്തരം ആളുകളെ പൊലീസിനെ ഏല്‍പ്പിക്കുമ്പോള്‍ വിവേകപൂര്‍വം നടപടിയെടുക്കാന്‍ പോലീസും തയ്യാറാവണം.
സാമൂഹ്യമാധ്യമങ്ങളിലുള്ളവര്‍ ഭിക്ഷാടക മാഫിയയെപ്പറ്റി ഭീതിപരത്തുന്ന, വ്യക്തതയില്ലാത്ത പോസ്റ്റുകള്‍ ഫോര്‍വേര്‍ഡ് ചെയ്യരുത്. പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മാത്രം പോസ്റ്റ് ചെയ്യുക. അതോടൊപ്പം കാണാതായി എന്നുള്ള പോസ്റ്റുകളില്‍ തിയതിയും ഫോണ്‍നമ്പറും ഇല്ലെങ്കില്‍ അത് ഫോര്‍വേര്‍ഡ് ചെയ്യരുത്.
മാതാപിതാക്കളുടെ അശ്രദ്ധയാണ് ഒരു പരിധിവരെ കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നതിന് കാരണം. നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഇത്തരം മാഫിയകളെക്കുറിച്ചു ജാഗ്രതയോടെ കുഞ്ഞുങ്ങളോട് പങ്കുവെക്കുകയും അവയില്‍ നിന്ന് രക്ഷപെടാനുള്ള വഴി പറഞ്ഞുകൊടുക്കുകയും ചെയ്യണം. ബാലഭിക്ഷാടനം 2015 ബാലനീതി നിയമം അനുസരിച്ചു 7 മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ്. അങ്ങനെ കണ്ടാല്‍ 1517, 1098 എന്ന ടോള്‍ഫ്രീ നമ്പറുകളില്‍ അറിയിക്കുകയോ ശിശുസംരക്ഷണ യൂണിറ്റിലോ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലോ ഹാജരാക്കുകയോ ചെയ്യാം. ഭിക്ഷാടനം നിയമപരമായി നിരോധിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഭിക്ഷാടന മാഫിയയ്ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുകയും ഭിക്ഷാടകരെ പുനരധിവസിപ്പിക്കുകയും ചെയ്യണം.
പ്രിയമുള്ളവരേ, ഒന്നോര്‍ക്കുക; വിവേകമില്ലാത്ത കരുണ തിന്മയുടെ വിളനിലമാണ്. ഭിക്ഷാടന മാഫിയായെ വളര്‍ത്തുന്നത് നമ്മുടെ ചില്ലിത്തുട്ടുകളാണ്. നിങ്ങളുടെ മുന്പില് കൈനീട്ടുന്ന ഭിക്ഷാടകര്‍ ഓരോ ദിവസവും രണ്ടായിരം മുതല്‍ പതിനായിരങ്ങള്‍ വരെ വരുമാനമുള്ളവരാണ്. ഇവരില്‍ പലരും ഭിക്ഷാടനമാഫിയായുടെ ഭാഗമാണ്. കുഞ്ഞുങ്ങളെത്തട്ടിക്കൊണ്ടുപോയി ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുവാക്കും. ഈ ഭിക്ഷാടന മാഫിയയെ ഇല്ലാതാക്കാന്‍ ഒരു വഴിയേ ഒള്ളൂ; ഭിക്ഷ കൊടുക്കരുത്,അര്‍ഹതയുള്ളവരാണെന്നു നിങ്ങള്‍ക്ക് തോന്നിയാല്‍ അവര്‍ക്ക് ആഹാരം കൊടുക്കുക.
-ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട്
Related
Related Articles
നെയ്യാര്‍ സംഭവം: പോലീസ് സേനയ്ക്ക് നാണക്കേടുണ്ടായെന്ന് ഡിഐജി
തിരുവനന്തപുരം : നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ ഗൃഹനാഥനെയും മകളെയും പൊലീസുദ്യോഗസ്ഥന് അധിക്ഷേപിച്ച സംഭവത്തില്‍ സേനയ്ക്ക് നാണക്കേടുണ്ടായെന്ന് ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. പരാതിക്കാരന് പ്രകോപിപ്പിച്ചെന്ന വാദം
ക്ലിൻ്റൺ ഡാമിയനെതിരെ സൈബർ ആക്രമണം
ലൂസി ഉൾപ്പടെയുള്ള നിരവധി വിവാദങ്ങളിൾ സഭയ്ക്ക് വേണ്ടി നിലനിന്നയാളാണ് ക്ലിൻ്റൺ. തിരുവനന്തപുരം രൂപതയിലെ വിഴിഞ്ഞം സിന്ധു മാതാ ഇടവകാംഗമാണ് ക്ലിൻ്റൺ ഡാമിയൻ. പല ചാനൽ അഭിമുഖങ്ങളിൽ നിന്നും
ദേശീയപൗരത്വ പട്ടിക അപകടകരം – ഷാജി ജോര്‍ജ്
കോട്ടപ്പുറം: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ അകറ്റിനിര്‍ത്തപ്പെടുന്ന സാഹചര്യം സംജാതമായിരിക്കുകയാണെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ഷാജി ജോര്‍ജ് പറഞ്ഞു. കോട്ടപ്പുറം രൂപത പറവൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സമുദായസംഗമത്തില്‍