Breaking News

മകനുവേണ്ടി കൊച്ചി രൂപത വീണ്ടും ”തെ ദേവും” പാടും

മകനുവേണ്ടി കൊച്ചി രൂപത വീണ്ടും ”തെ ദേവും” പാടും


1752 ജനുവരി 14ന് അന്നത്തെ വിശാലമായ കൊച്ചി രൂപതയിലെ ദേവാലയങ്ങളില്‍ കണ്ണീരില്‍ കുതിര്‍ന്നൊരു ‘തെ ദേവും’ പാടി മെത്രാനും വിശ്വാസികളും ദൈവത്തെ സ്തുതിച്ചുനിന്ന കാര്യം ചരിത്ര പുസ്തകങ്ങള്‍ വിസ്മയത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവിനു സാക്ഷ്യംവഹിച്ചു എന്ന ഒറ്റക്കാരണത്താല്‍, മറ്റു പല ‘ഇല്ലാ കാരണങ്ങളാല്‍’ മൂന്നുവര്‍ഷത്തിലധികം  പീഡനങ്ങള്‍ ഏറ്റുവാങ്ങിയ നീലകണ്ഠപിള്ളയെന്ന ദേവസഹായംപിള്ളയുടെ രക്തസാക്ഷിത്വ മരണവിവരമറിഞ്ഞ് കൊച്ചിയുടെ 21-ാമത്തെ മെത്രാനായിരുന്ന ഡോം ക്ലെമന്റ് ഹോസ്സേ കൊളോസാവോ ലെയ്റ്റ എസ്‌ജെ (Dom Clement Jose Colocao Leita SJ, 1745-1776) വിശ്വാസികളോടൊപ്പം രക്തസാക്ഷി മകുടമണിഞ്ഞ രൂപതാപുത്രന് നല്കിയ അശ്രുപൂജയായിരുന്നു ആ ”തെ ദേവും” പാടല്‍. ഫ്രാന്‍സിസ് പാപ്പ ദേവസഹായംപിള്ളയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുവാനുള്ള അനുവാദം വിശുദ്ധീകരണ നടപടികള്‍ക്കുള്ള തിരുസംഘത്തിനു നല്കിയിരിക്കുന്ന വേളയില്‍ മുന്നൂറിലധികം വര്‍ഷങ്ങള്‍ക്കുമുന്നേ പാടിയ ആ ”ദൈവ സ്തുതിപ്പ്” ഒരിക്കല്‍ക്കൂടി ഒന്നിച്ചുപാടാന്‍ രൂപതകളുടെ മുത്തശിയായ കൊച്ചിയും ഒരുങ്ങുകയാണ്.


ചരിത്രം എഴുതുന്നത് വിജയികളാണെന്ന് (History is written by the victors) സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞുവച്ചിട്ടുണ്ട്. ‘വിജയമില്ലാത്തവര്‍ക്കും വളര്‍ച്ച കുറഞ്ഞുപോയവര്‍ക്കും മറ്റുള്ളവരാല്‍ ഞെരുക്കപ്പെടുന്നവര്‍ക്കും ചരിത്രമില്ല, അഥവാ കാലഗണനയില്‍ അവരുടെ ചരിത്രത്തിനു സ്ഥാനമില്ലാ’ എന്ന രീതിയില്‍ ചരിത്രത്തെളിവുകളുടെ പിന്‍ബലമില്ലാതെ ‘മേശപ്പുറത്തു വിളയുന്ന’ ചരിത്രഗാഥകളുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എത്ര ഒതുക്കിയാലും മറച്ചുവച്ചാലും സത്യത്തിന്റെ വെണ്‍പ്രഭ പുറത്തേയ്ക്കുവരും എന്നതിന്റെ തെളിവാണ് ലാസര്‍ എന്ന ജ്ഞാനസ്‌നാനപേരുള്ള ദേവസഹായത്തിന്റെയും അദ്ദേഹത്തിന്റെ അന്നത്തെ രൂപതയായിരുന്ന കൊച്ചിയുടെയും ചരിത്രം.


പഴയ തിരുവിതാംകൂറിലെ നാട്ടാലം ഗ്രാമത്തില്‍ 1712 ഏപ്രില്‍ 23ന് വാസുദേവന്‍ നമ്പൂരിതിരിയുടെയും ദേവകിയമ്മയുടെയും മകനായാണ് നീലകണ്ഠപിള്ള ജനിക്കുന്നത്. മാര്‍ത്താണ്ഡവര്‍മയുടെ തിരുവിതാംകൂറില്‍, പിള്ളയുടെ കുടുംബത്തിന്റെ സ്വാധീനത്തില്‍ യുവാവായ നീലകണ്ഠപിള്ള സൈന്യത്തില്‍ ചേരുകയും പിന്നീട് ഉന്നത നിലയിലുള്ള സൈനിക ഉദ്യോഗസ്ഥനായി മാറുകയുമുണ്ടായി. ഡച്ചുകാരുടെ പരാജയം എന്നേക്കുമായി തീര്‍ത്ത 1741ലെ കുളച്ചല്‍ യുദ്ധത്തോടുകൂടി തിരുവിതാംകൂര്‍ അപരാജിതമായി മുന്നേറുന്ന കാലത്താണ് പടനായകരില്‍ പ്രമുഖനായ നീലകണ്ഠപിള്ള ക്രിസ്തുവിനെ അറിയാന്‍ ഇടയാകുന്നത്. യുദ്ധത്തില്‍ തോറ്റുപോയ ഡച്ചു സൈന്യത്തിലെ പ്രുഖരായിരുന്ന എവുസ്താക്കിയൂസ് ദെലാനോയി എന്ന ക്യാപ്റ്റന് യുദ്ധാനന്തരം തിരുവിതാംകൂറിലെ സൈന്യവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടിവന്നു. അദ്ദേഹത്തിലൂടെയാണ് പത്മനാഭപുരം കൊട്ടാരത്തെയും പരിവാരങ്ങളെയും ഞെട്ടിച്ചുകൊണ്ട് നീലകണ്ഠപിള്ള ക്രിസ്തുമതത്തിലേക്ക് അടുക്കുന്നത്. 1748ല്‍ അതിന്റെ പൂര്‍ണതയെന്നവണ്ണം അന്നത്തെ കൊച്ചി രൂപതയുടെ ഭാഗമായിരുന്ന വടക്കന്‍കുളം ഗ്രാമത്തില്‍വച്ചാണ് ആര്‍. ബൂത്ത്വരി ഇറ്റാലൂസ് എന്ന ഈശോസഭാ വൈദികനില്‍നിന്ന് ജ്ഞാനസ്‌നാനം സ്വീകരിക്കുന്നത്. അതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹധര്‍മിണി ഭാര്‍ഗവി അമ്മാളും കത്തോലിക്കാ വിശ്വാസം പുല്കുന്നു. ദേവസഹായംപിള്ളയുടെ ക്രിസ്തുസാക്ഷ്യംവഹിച്ചുള്ള ജീവിതം കൊട്ടാരം പുരോഹിതരിലും മറ്റും ‘ആശങ്കകളും’ മാനഹാനിയും കുത്തിനിറയ്ക്കുകയാണുണ്ടായത്. അതിന്റെ തിക്തഫലം വര്‍ഷങ്ങള്‍ നീണ്ടുനില്ക്കുന്ന പീഡനങ്ങളും രക്തസാക്ഷിത്വവുമായി ദേവസഹായത്തെ തേടിയെത്തി.

സ്വതവെ, നാള്‍വഴികളെയും ചരിത്രവസ്തുതകളെയും ഓര്‍ത്തുവയ്ക്കാതെയും കാത്തുസൂക്ഷിക്കാതെയും അവയ്‌ക്കൊന്നും രീതിയും സൂക്ഷിപ്പുകേന്ദ്രങ്ങളും തീര്‍ക്കാത്തവരുമാണ് മലയാളികള്‍. ഇവിടെയാണ് കൊച്ചിയുടെ 21-ാം മെത്രാനായിരുന്ന ഡോം ക്ലെമന്റ് ജോസഫ് നമുക്ക് മാതൃകയാവുന്നത്. ദേവസഹായംപിള്ളയുടെ ജീവിതഗതികളെ രൂപതാധ്യക്ഷന്‍ എന്നുള്ള നിലയില്‍ അദ്ദേഹം സസൂക്ഷ്മം നിരീക്ഷിച്ചു. അതിനുള്ള തെളിവാണ് രക്തസാക്ഷി ദിനത്തില്‍ ”തെ ദേവും” (Te Deum) പാടുന്നതിലും രൂപത മുഴുവന്‍ ഒന്നിച്ചു പ്രാര്‍ഥിക്കുന്നതിലും തെളിഞ്ഞുനിന്നത്. പിന്നീട് 1752 ജനുവരി 14-ാം തീയതി ദേവസഹായത്തിന്റെ രക്തസാക്ഷിത്വം യഥാതഥം അദ്ദേഹത്തിനു വത്തിക്കാനില്‍ വരെ എത്തിക്കുവാന്‍ കഴിഞ്ഞതും 1756ല്‍ തന്റെ ആദ് ലിമ്‌ന വിസിറ്റില്‍ (നവംബര്‍ 15) കൃത്യമായ ഒരു രേഖ ബെനഡിക്ട് പതിനാലാമന്‍ പാപ്പായെ ഏല്പിക്കുവാനുമായത്. കൃത്യതയാര്‍ന്ന ആ വിവരണരേഖ തന്നെയാണ് ഇന്ന് ദേവസഹായത്തെ അള്‍ത്താരയിലെ വിശുദ്ധപദവിയിലേക്കു നയിക്കുന്നതില്‍ നല്ലൊരു പങ്കുവഹിക്കുന്നത്. കൊച്ചി രൂപതയുടെ ആര്‍ക്കൈവ്‌സില്‍ ഇതിന്റെ റിപ്പോര്‍ട്ടും സൂക്ഷിച്ചിട്ടുണ്ട്.

ഒരുകാലത്ത് പല രാജ്യങ്ങളില്‍ പടര്‍ന്നു പന്തലിച്ചുനിന്നിരുന്ന കൊച്ചി രൂപത ഇന്ന് വിസ്തൃതിയുടെ കാര്യത്തില്‍ ലോകത്തിലെ തന്നെ ചെറിയ രൂപതകളിലൊന്നാണ്. പക്ഷേ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയുമൊക്കെ ഗണത്തിലേക്ക് മക്കള്‍ ഉയരുന്നതു കാണുവാനുള്ള ഭാഗ്യം സുദീര്‍ഘമായ ചരിത്രംമൂലം കൊച്ചി രൂപതയ്ക്ക് കൈവന്നിരിക്കുന്നു. 2015ല്‍ ഫ്രാന്‍സിസ് പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ച വിശുദ്ധ ജോസഫ് വാസ് കൊച്ചി രൂപതയുടെ ശ്രീലങ്കയിലെ വികാരി ജനറലായിരുന്നു. കൊച്ചിയിലെ തന്നെ ദേവദാസനായ മോണ്‍. ലോറന്‍സ് പുളിയനം വിശുദ്ധിയുടെ പടവുകളിലേക്കു നടന്നടുക്കുകയാണ്. ലോകത്തിന്റെ ദൃഷ്ടിയിലെ ചെറുതാകലും പരാജയപ്പെടലും മരണപ്പെടലുമൊക്കെ നിത്യതയുടെയും വിശുദ്ധിയുടേയും നേര്‍വഴിയിലെ രജതരേഖകളാണെന്ന യാഥാര്‍ഥ്യം കൊച്ചി രൂപതയുടെ ചരിത്രത്താളുകളില്‍ ഇനിയും ഉറങ്ങിക്കിടക്കുകയാണ്. അതെ, കാത്തോലിക് എന്‍സൈക്ലോപീഡിയ പറയുന്നതുപോലെ ഇന്ത്യയിലെ കത്തോലിക്കാസഭയുടെ പിള്ളത്തൊട്ടിലായ കൊച്ചി അവളുടെയും ഭാരതത്തിന്റെയും പ്രഥമ അല്മായ വിശുദ്ധന് സ്‌തോത്രഗീതം (Te Deum)  പാടാന്‍ കാത്തിരിക്കുകയാണ്-ദേവസഹായത്തെ വിശുദ്ധനാക്കുന്ന ദിനത്തെ!

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

350 വനിതാ സംരംഭകര്‍ക്ക് 1.18 കോടി വായ്പാ സഹായം

കോട്ടപ്പുറം: രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം സഹായ സംഘങ്ങള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി കേരള സംസ്ഥാന പിന്നാക്ക

ഫാ മൈക്കിൾ തലക്കെട്ടി കർത്താവിൽ നിദ്ര പ്രാപിച്ചു

ബഹുമാനപ്പെട്ട മൈക്കിൾ തലക്കെട്ടിയച്ചൻ രാവിലെ 9.50 ന് കർത്താവിൽ നിദ്ര പ്രാപിച്ച വിവരം ഖേദത്തോടെ അറിയിക്കുന്നു. അനേകം കുടുംബങ്ങൾക്ക് ഒരു കൊച്ചു ഭവനം നിർമ്മിക്കുന്നതിന് ഉപകരണമായിരുന്ന പ്രിയ

പ്രളയാനന്തര നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുന്നുവെന്ന് കെഎല്‍സിഎ വരാപ്പുഴ അതിരൂപത

എറണാകുളം: ശബരിമല പോലുള്ള വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നാക്കം പോകുന്നുവെന്ന് കെഎല്‍സിഎ വരാപ്പുഴ അതിരൂപത കുറ്റപ്പെടുത്തി. ഓഖി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*