മക്കള്‍ മാഹാത്മ്യത്തിന്റെ ഏടുകള്‍ മറിയുമ്പോള്‍

നാട്ടില്‍ ചര്‍ച്ച മുഴുവന്‍ ലാളിത്യത്തെപ്പറ്റിയും എളിയ ജീവിതത്തെപ്പറ്റിയുമാണ്‌. സ്‌പീക്കറും ആരോഗ്യമന്ത്രിയും കണ്ണട വാങ്ങിയതിനെക്കുറിച്ചും, `നാടിന്റെ ധനസ്ഥിതി മോശമാണെന്നറിയാമല്ലോ’ എന്ന്‌ നാഴികയ്‌ക്ക്‌ നാല്‍പ്പതുവട്ടം പറയുന്ന ധനമന്ത്രിയുടെ ആയുര്‍വേദ ചികിത്സയെപ്പറ്റിയുമാണ്‌ ചര്‍ച്ച ചെയ്യുന്നവര്‍ ഊന്നിപ്പറയുന്ന പ്രധാന കാര്യങ്ങള്‍. പറയുന്നതില്‍ കഴമ്പില്ലേ എന്ന്‌ കേള്‍ക്കുന്നവര്‍ക്കു തോന്നിയാല്‍ കുറ്റം പറയാനൊക്കില്ല. ചെലവ്‌ കൂടുന്നു. എന്നാല്‍, അതിനു തക്കവരുമാനമുണ്ടാകുന്നോ? അതൊട്ടില്ലതാനും. അങ്ങനെയാകുമ്പോള്‍ ധനസ്ഥിതി മോശമാകാതെ തരമില്ലല്ലോ. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ധനവകുപ്പിന്റെ കരച്ചിലിന്‌ കുറവൊന്നുമില്ല. എന്നാലും, ജനപ്രതിനിധികളുടെയും ഗവണ്‍മെന്റിന്റെ തലപ്പത്തുള്ളവരുടെയും ക്ഷേമം ഉയര്‍ത്തിപ്പിടിക്കാനും ആവശ്യങ്ങള്‍ യഥാവിധി നിറവേറ്റാനും അവരുടെ ശമ്പളവും മറ്റ്‌ അല്ലറ ചില്ലറ ആവശ്യങ്ങള്‍ക്കുള്ള വകയും കൃത്യമായി, വിലക്കയറ്റത്തിനനുസരിച്ച്‌, ഉയര്‍ത്തിക്കൊടുക്കുന്ന കാര്യത്തില്‍ ഒരു കുറവും ഭരിക്കുന്നവര്‍ വരുത്തുന്നില്ല. രാഷ്ട്രപതി അടക്കമുള്ളവരുടെ ശമ്പളം ഉയര്‍ത്തിയത്‌ ഈ ബജറ്റില്‍ തന്നെയാണ്‌. കൃത്യമായ വേളകളില്‍ ജനപ്രതിനിധികള്‍ക്ക്‌ ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശവും ബജറ്റിലുണ്ട്‌. നിയമം നിര്‍മിക്കുന്നവര്‍ അവരവരുടെ കാര്യം തന്നെയാണല്ലോ പ്രഥമവും പ്രധാനവുമായി നിറവേറ്റേണ്ടത്‌!

അസുഖകരമായ ചില ചോദ്യങ്ങളും ഇതിനിടയില്‍ ചോദിക്കപ്പെടുന്നുണ്ട്‌. രാഷ്ട്രീയത്തില്‍, സാമൂഹ്യസേവനത്തില്‍ പൂര്‍ണമായും ഉഴിഞ്ഞുവയ്‌ക്കപ്പെട്ട നമ്മുടെ ബഹുമാന്യ നേതാക്കള്‍ക്ക്‌, ഇക്കാണുന്ന സമ്പത്തെല്ലാം എവിടെ നിന്നാണ്‌? ആഡംബരജീവിതം, ആജ്ഞാനുവര്‍ത്തികള്‍, അധികാരം എന്നിങ്ങനെ സാധാരണക്കാര്‍ക്ക്‌ സ്വപ്‌നം കാണാനാകാത്തവിധം നേട്ടങ്ങള്‍ ഇവര്‍ക്കുമാത്രം സ്വായത്തമാകുന്നതെങ്ങിനെ? രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി സാമൂഹ്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നവരല്ലെന്ന്‌ നാട്ടുകാര്‍ക്ക്‌ അറിവുള്ളതാണ്‌. ഗാന്ധി സ്‌നേഹവും തൊഴിലാളിസ്‌നേഹവും പറയുന്ന ഓരോ വാക്യത്തിലും തുളുമ്പുന്നത്‌ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന നാട്ടുകാര്‍ പിന്നെയും ചില കാര്യങ്ങള്‍ ചോദിക്കും. വിദേശത്തെയും സ്വദേശത്തെയും ഒന്നാംതരം സര്‍വകലാശാലകളിലും സ്‌കൂളുകളിലും മക്കളെ അയച്ച്‌ പഠിപ്പിക്കാന്‍ തക്ക സാമ്പത്തിക ശേഷി ഇവര്‍ക്കൊക്കെ എവിടെ നിന്നാണ്‌ കിട്ടുന്നത്‌? വമ്പന്‍ കമ്പനികളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ മാത്രം എന്തുതരം അസാധാരണ യോഗ്യതയാണ്‌ ഇവരുടെ മക്കള്‍ ആര്‍ജിച്ചെടുത്തത്‌? ജനാധിപത്യത്തിന്റെ ഭാഗമായി, ജനപ്രതിനിധികള്‍ എന്ന നിലയില്‍ കൈവന്ന അധികാരത്തിന്റെ പിന്‍ബലമാണോ ഇതിനൊക്കെ കാരണമായി പറയാവുന്നത്‌? ചോദ്യങ്ങള്‍ നിരവധിയാണ്‌. ഉത്തരങ്ങളും ഏതാണ്ട്‌ വ്യക്തമാണ്‌. സ്വപ്രയത്‌നം കൊണ്ട്‌ മുന്‍നിരകളിലേക്ക്‌ എത്തിപ്പെടുന്നവരുടെ ചരിത്രം വായിച്ച്‌ പ്രചോദനമുള്‍ക്കൊണ്ട്‌ ചെറുപ്പക്കാര്‍ ഉത്സാഹഭരിതരായി പല കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങാറുണ്ട്‌ എന്നത്‌ വാസ്‌തവമാണ്‌. എന്നാല്‍ നിന്നനില്‍പ്പില്‍, സാധാരണ ഡിഗ്രിയുമായി നടക്കുന്ന ചെറുപ്പക്കാരന്‍ ഒരു സുപ്രഭാതത്തില്‍ ഏതൊക്കെയോ വമ്പന്‍ കമ്പനികളില്‍ മാനേജിംഗ്‌ സ്ഥാനത്തെത്തിപ്പെടുന്നതിന്റെ ഗുട്ടന്‍സാണ്‌ പിടികിട്ടാതെ പോകുന്നത്‌. കോടികള്‍ വായ്‌പ കൊടുക്കാന്‍ മാത്രം ആളുകളുടെ വിശ്വാസമാര്‍ജിക്കാന്‍ പോന്നവിധം എന്തു ബലമാണ്‌ അയാളില്‍ മൂലധനനിക്ഷേപകര്‍ പെട്ടെന്ന്‌ കണ്ടെത്തുന്നത്‌? യുക്തിയുടെ സഞ്ചാരവഴികള്‍ അന്വേഷിക്കുന്ന ഇന്ത്യന്‍ പാരമ്പര്യങ്ങളില്‍ `അര്‍ത്ഥാപത്തി’ എന്നൊരു നിഗമന വഴിയെക്കുറിച്ച്‌ ആചാര്യന്മാര്‍ പറയുന്നുണ്ട്‌. നിരന്തരം പറഞ്ഞുപോരുന്ന ഉദാഹരണം `ദേവദത്ത’ എന്ന പേരുള്ള ചെറുപ്പക്കാരനെപ്പറ്റിയാണ്‌. അയാള്‍ പകല്‍ സമയത്ത്‌ ഭക്ഷണം കഴിക്കുന്നതായി ആരും കാണുന്നില്ല. അതേസമയം അയാളുടെ ശരീരപുഷ്ടി വര്‍ദ്ധിച്ചുവരുന്നുമുണ്ട.്‌ ശ്രദ്ധിക്കുന്നവര്‍ എത്തിച്ചേരുന്ന നിഗമനമിതാണ്‌-ദേവദത്തന്‍ രാത്രിയില്‍ ആരും കാണാതെ ഭക്ഷണം കഴിക്കുന്നുണ്ട്‌! `അര്‍ത്ഥാപത്തി’ പ്രകാരം, തുടര്‍ച്ചയായി സമ്പത്തിന്റെ ക്രയവിക്രയത്തില്‍ ഏര്‍പ്പെടുന്ന സാധാരണ കഴിവു മാത്രമുള്ള ചെറുപ്പക്കാര്‍ക്ക്‌ വേറെ ഏതൊക്കെയോ പിന്‍ബലമുണ്ടെന്ന നിഗമത്തിലേക്ക്‌ എത്താന്‍ അത്ര പ്രയാസമുണ്ടാകില്ലല്ലോ? `അര്‍ത്ഥാപത്തി’യുടെ നിഗമന രീതിയെപ്പറ്റി പറഞ്ഞതുകൊണ്ട്‌ അതിനോടു സാമ്യമുള്ള `അനുമാനം’ എന്ന യുക്തിവഴിയെക്കുറിച്ചും പറയണം. കാരണം, അങ്ങനെ പറഞ്ഞില്ലെങ്കില്‍, സാമാന്യവത്‌കരണം എന്ന ദുര്യോഗം സംഭവിക്കും. ന്യായസിദ്ധാന്തപ്രകാരം, അനുമാനത്തിലൂടെ കണ്ടെത്തുന്ന വസ്‌തുവും അനുമാനത്തിന്‌ യാഥാര്‍ത്ഥ്യവും തമ്മില്‍ വേര്‍തിരിക്കാനാവാത്ത ബന്ധമുണ്ട്‌. ഉദാഹരണം പറയാം: ദൂരെ മലയില്‍ പുക കാണുന്നു. അനുമാനപ്രകാരം അവിടെതീയുണ്ട്‌. പുകയുള്ളിടത്തെല്ലാം തീയുണ്ടാകും. പുകയും തീയും തമ്മില്‍ അഭേദ്യബന്ധമുണ്ട്‌ (അടുക്കളയിലെന്നപോലെ) ഇതാണ്‌ അനുമാനത്തിന്റെ നിഗമനവഴി. എന്നാല്‍ `അര്‍ത്ഥാപത്തി’യില്‍ ഇത്തരം അഭേദ്യബന്ധങ്ങളൊന്നുമില്ല. ദേവദത്തന്റെ ശരീരപുഷ്ടിയും രാത്രി ഭക്ഷണവുമായുള്ള അഭേദ്യബന്ധമൊന്നുമില്ല. ഭക്ഷണം കഴിക്കാതെയും ശരീരപൂഷ്ടിയുണ്ടാകമല്ലോ? എന്നാലും, മറിച്ച്‌ തെളിയുന്നതുവരെ ശരീരപുഷ്ടിയും രാത്രി ഭക്ഷണവുമായുള്ള ബന്ധം നിലനില്‍ക്കുകയും ചെയ്യും. ചര്‍ച്ചാവിഷയവുമായി നേരിട്ട്‌ ബന്ധമില്ലാത്ത അക്കാദമിക കാര്യങ്ങള്‍ വിശദമായി പറയാന്‍ കാരണം, മറിച്ച്‌ തെളിയുന്നതുവരെ ഇന്ന്‌ നാട്ടില്‍ നടക്കുന്ന പല കോളിളക്കങ്ങള്‍ക്കും മക്കള്‍ വിവാദങ്ങള്‍ക്കും ആധാരമായി നില്‍ക്കുന്നത്‌, അപ്പന്‍മാരുടെ രാഷ്ട്രീയ സ്വാധീനം. എന്ന `രാത്രി ഭക്ഷണം’ തന്നെ എന്ന യാഥാര്‍ത്ഥ്യത്തിലാണ്‌. അതേസമയം ഇതെല്ലാം സാമാന്യവത്‌കരിക്കാനും വയ്യ. കാരണം, രാഷ്ട്രീയ ശുക്രദശയില്‍ തിളങ്ങി നിന്ന പല ഉന്നത നേതാക്കളുടെയും വ്യക്തിശുദ്ധികൊണ്ടും ധാര്‍മികത കൊണ്ടും രാഷ്ട്രീയ ഔന്നത്യം കൊണ്ടും തിളങ്ങിനിന്ന പലരുടേയും മക്കള്‍ യാതൊരു സ്വാധീനവുമില്ലാതെ തന്നെ, സ്വന്തം കഴിവുകൊണ്ടുമാത്രം ഉന്നതങ്ങളിലെത്തിപ്പെട്ട ചരിത്രവും നമുക്കറിവുള്ളതാണ്‌. കാലം മാറിയെന്നും പഴയ പരിപ്പുവടയും കട്ടന്‍ ചായയും കുടിച്ചതും കഴിച്ചതുമായ ചരിത്രം പറഞ്ഞ്‌ പ്രസ്ഥാനത്തെ പിന്നോട്ടടിക്കരുത്‌ എന്നും പറയുന്ന നേതാക്കളുള്ള തൊഴിലാളി സ്‌നേഹപ്പാര്‍ട്ടി പക്ഷെ ജില്ലാസമ്മേളനങ്ങളുടെ പ്രകടന റാലിക്കും മഹാമാര്‍ച്ചുകള്‍ക്കും ആളെക്കൂട്ടാന്‍ ഇപ്പോഴും `നൊസ്‌റ്റാള്‍ജിയ’ തന്നെയാണ്‌ പരസ്യമായി വിളമ്പുന്നത്‌. പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്നും രക്തസാക്ഷികളുടെ പാര്‍ട്ടിയെന്നും പറഞ്ഞ്‌ ജനക്കൂട്ടത്തെ പഴയ ചുവപ്പന്‍ നാളുകളെപ്പറ്റി ഓര്‍മിപ്പിക്കുമ്പോള്‍ അറിയാതെ തന്നെ ജനം കട്ടന്‍ചായയും പരിപ്പുവടയും ഓര്‍ത്തുപോകും! അങ്ങനെയുള്ള ഓര്‍മയില്‍ നില്‍ക്കുന്ന ജനത്തിനു മുന്നിലൂടെ ഓഡിക്കാറില്‍ കയറിയെത്തുന്ന നേതാവിനെക്കണ്ട്‌ അവര്‍ അമ്പരക്കുകയും ചെയ്യും. അതില്‍ ഖേദിച്ചിട്ടെന്തുകാര്യം? ഇത്‌ രാഷ്ട്രീയത്തിനു മാത്രമല്ല ഏതു പ്രസ്ഥാനത്തിനും ബാധകമായ കാര്യം തന്നെ.

അതുകൊണ്ടായിരിക്കണം ഇപ്പോഴും ലാളിത്യത്തെപ്പറ്റി പറയുമ്പോള്‍, ഗാന്ധിയെയും, ഇഎംഎസിനെയും എകെജിയെയും, എന്തിനേറെ ത്രിപുരയുടെ ഇപ്പോഴുമവശേഷിക്കുന്ന മണിക്ക്‌ സര്‍ക്കാരിനെയും ജനം ഓര്‍ത്തുപോകുന്നത്‌. പാര്‍ട്ടിക്കുള്ളില്‍ ബംഗാള്‍ ഘടകവും കേരളഘടകവും തമ്മില്‍ പലതിനെപ്പറ്റിയുള്ള അഭിപ്രായവ്യത്യാസം മുറുകി നില്‍ക്കുന്ന സമയത്ത്‌, കേരളഘടകത്തെ തല്ലാനുള്ള രാഷ്ട്രീയ വടിയായി മാത്രം `മക്കള്‍ പ്രശ്‌ന’ത്തെ ചുരുക്കികെട്ടേണ്ടതില്ല. ത്രിപുരയില്‍ മണിക്ക്‌ സര്‍ക്കാരിനെ മജീഷ്യന്‍ എന്നുവിളിച്ച്‌ പ്രധാനമന്ത്രി തിരഞ്ഞെടുപ്പു പര്യടനത്തിന്റെ കര്‍ട്ടണ്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഘടകങ്ങള്‍ തമ്മിലുള്ള തല്ലു തീര്‍ത്തു ചെല്ലുമ്പോള്‍ ത്രിപുരയും കൈവിട്ടു പോയേക്കാം. നൊസ്‌റ്റാള്‍ജിയ വിളമ്പുന്നവര്‍ ലാളിത്യത്തിന്റെ ഉന്നതമായ മൂല്യങ്ങളെക്കൂടി വല്ലപ്പോഴും ഓര്‍ത്തെടുക്കുന്നത്‌ നല്ലതല്ലേ?


Related Articles

ജാഗ്രതയുടെ പുതിയ വായനകള്‍

കേരളം വോട്ടെടുപ്പ് ബൂത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ദിവസം തന്നെയാണ് ലോകപുസ്തക ദിനവും. ഏപ്രില്‍ 23 – പ്രചാരണ ദിവസങ്ങളില്‍ നമ്മള്‍ എന്തൊക്കെ കേട്ടു. എന്തൊക്കെ വായിച്ചു: എന്തൊക്കെ

അടിമത്തം പുനര്‍ജനിക്കുന്ന പുതിയ തൊഴില്‍കാലം: ഗാസ്പര്‍ സന്യാസി

                    സ്ഥിരമായ തൊഴില്‍ എന്ന സങ്കല്‍പം ഇന്ത്യയില്‍ അസ്തമിച്ചു. പുതിയ തൊഴില്‍നിയമത്തിലെ വകുപ്പുകള്‍ ഏറെ

ഉത്തമമായ നിയമത്തിന് ഉന്നതമായ ധാര്‍മിക മൂല്യങ്ങള്‍ വേണം

വിവാഹബന്ധത്തിന് പുറത്ത് സ്ത്രീ പങ്കാളി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലൂടെ പ്രതിയാകുന്ന പുരുഷനെ ഉള്‍പ്പെടുത്തി ക്രിമിനല്‍ കുറ്റമാക്കുന്ന വകുപ്പുകള്‍ റദ്ദുചെയ്ത് പരമോന്നത കോടതി നടത്തിയ വിധി പ്രസ്താവം മാധ്യമങ്ങള്‍ വാര്‍ത്താ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*