മണലാരണ്യത്തില്‍ സമാധാനത്തിന്റെ വചനമഴ

മണലാരണ്യത്തില്‍ സമാധാനത്തിന്റെ വചനമഴ

അബുദാബി: ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ ദൈവനാമം ഉപയോഗിക്കുന്നത് അവിടുന്ന് ആഗ്രഹിക്കുന്നില്ല – അറബ് ഉപഭൂഖണ്ഡത്തില്‍ ആദ്യമായി കാലുകുത്തുന്ന സാര്‍വത്രിക കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പാ ഐക്യ അറബ് എമിറേറ്റ്‌സില്‍ മാനവ സാഹോദര്യത്തിന്റെ മതമൈത്രീ സംഗമത്തിന്റെ പശ്ചാത്തലത്തില്‍ സുന്നി ഇസ്ലാമിന്റെ പരമോന്നത ആധ്യാത്മികപീഠമായ ഈജിപ്റ്റിലെ അല്‍-അസറിന്റെ വലിയ ഇമാം അഹമ്മദ് എല്‍-തയിബിനൊപ്പം കൈയൊപ്പു ചാര്‍ത്തിയ ചരിത്രപ്രധാനമായ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. ‘മതങ്ങള്‍ ഒരിക്കലും യുദ്ധത്തിനോ വിദ്വേഷ മനോഭാവത്തിനോ ശത്രുതയ്‌ക്കോ തീവ്രവാദത്തിനോ അക്രമത്തിനോ രക്തച്ചൊരിച്ചിലിനോ പ്രേരണയാകരുതെന്ന് ഞങ്ങള്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.’
‘സകല യുദ്ധങ്ങളുടെയും ഇരകളുടെ, ലോകത്തില്‍ എവിടെയെങ്കിലും പീഡനങ്ങള്‍ക്കും അനീതിക്കും ദ്രോഹങ്ങള്‍ക്കും ഇരകളാകുന്ന സകലരുടെയും പേരില്‍’ ഇറക്കിയ പ്രസ്താവനയില്‍ ‘മൂന്നാം ലോകത്ത് തുണ്ടുതുണ്ടായി അരങ്ങേറുന്ന യുദ്ധത്തിന്റെ ആധുനിക അടയാളങ്ങളെ’ തള്ളിപ്പറയുന്നുണ്ട്.
ക്രൈസ്തവികതയും ഇസ്ലാമും തമ്മിലുള്ള ബന്ധത്തിന്റെ ഒരു നാഴികക്കല്ലു മാത്രമല്ല, രാജ്യാന്തരമേഖലയിലെ നിലവിലെ സ്ഥിതി വിശേഷത്തോടുള്ള ശക്തമായ പ്രതികരണം കൂടിയായി ഈ സംയുക്ത പ്രഖ്യാപന രേഖ. ദൈവത്തിലും മാനവിക സാഹോദര്യത്തിലും വിശ്വാസമുള്ള ഏവരെയും ഒന്നാകുവാനും ഒരുമിച്ചു പ്രവര്‍ത്തിക്കുവാനും ഇരുവരും ആഹ്വാനം നല്കുന്നു. പരസ്പര സംവാദത്തിന്റെയും സഹകരണത്തിന്റെയും പാതകള്‍ തുറക്കുന്നതിനെക്കുറിച്ചും രേഖ വ്യക്തത നല്കുന്നു. സഹിഷ്ണുതയുടെ സംസ്‌കാരം വളര്‍ത്താനും സമാധാനത്തില്‍ ഒരുമിച്ചു ജീവിക്കാനുമായി പ്രവര്‍ത്തിക്കണം. നിഷ്‌കളങ്ക രക്തം ചൊരിയാതിരിക്കാനും യുദ്ധങ്ങളും കലഹങ്ങളും അവസാനിപ്പിക്കുവാനും ലോകം ഇന്നു നേരിടുന്ന ധാര്‍മിക-സാംസ്‌കാരിക ച്യുതി അവസാനിപ്പിക്കാനും ശ്രമിക്കണം. സമാധാനവും നീതിയും നന്മയും മാനവികസാഹോദര്യവും വീണ്ടെടുക്കാന്‍ ജനങ്ങളോടും മാധ്യമങ്ങളോടും ഇരുനേതാക്കളും ആഹ്വാനം ചെയ്തു.
ജനതകളും സംസ്‌കാരങ്ങളും തമ്മില്‍ പാലങ്ങള്‍ തീര്‍ക്കാനുള്ള അടിയന്തര ദൗത്യത്തില്‍ മതങ്ങള്‍ ഉപേക്ഷ കാട്ടരുതെന്ന് ഇസ്ലാം, ക്രൈസ്തവ, യഹൂദ പാരമ്പര്യങ്ങളുടെയും മറ്റു വിശ്വാസപൈതൃകങ്ങളുടെയും 700 പ്രതിനിധികള്‍ പങ്കെടുത്ത സര്‍വമത സമ്മേളനത്തില്‍ പരിശുദ്ധ പിതാവ് ഓര്‍മിപ്പിച്ചു. ‘നമ്മള്‍ ഒരുമിച്ച് ഭാവി കെട്ടിപ്പടുക്കുന്നില്ലെങ്കില്‍ നമുക്ക് ഭാവി എന്നൊന്ന് ഉണ്ടാവില്ല. അനുരഞ്ജനത്തിനായുള്ള ശേഷിയും പ്രത്യാശയുടെ ദര്‍ശനവും സമാധാനത്തിനായുള്ള സമൂര്‍ത്ത മാര്‍ഗങ്ങളും ആഴപ്പെടുത്തി മാനവ കുടുംബത്തെ സഹായിക്കാനുള്ള കാപട്യമില്ലാത്ത ധീരതയും സാഹസികതയും ക്രിയാത്മകമായി പ്രയോഗിക്കുന്നതിന് എല്ലാ മതവിശ്വാസങ്ങളും മുന്നിട്ടിറങ്ങേണ്ട സമയമാണിത്.’ 
അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് 1219ല്‍ ഈജിപ്തിലെ അല്‍ മാലിക് അല്‍ കമീല്‍ സുല്‍ത്താനുമായി നടത്തിയ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും നേര്‍ക്കാഴ്ചയുടെ ഓര്‍മയുമായിട്ടാണ് യുണൈറ്റെഡ് അറബ് എമിറേറ്റ്‌സിലേക്കുള്ള അപ്പസ്‌തോലിക യാത്രയെ ഫ്രാന്‍സിസ് പാപ്പാ ആത്മനാ ഉള്‍ക്കൊണ്ടത്. അതുകൊണ്ടുതന്നെ, ‘ദൈവമേ എന്നെ അങ്ങേ സമാധാനദൂതനാക്കണമേ,’ എന്ന അസീസിയിലെ വിശുദ്ധന്റെ വിശ്വോത്തര സമാധാനപ്രാര്‍ഥന ആപ്തവാക്യമാക്കിയാണ് ഫ്രാന്‍സിസ് പാപ്പാ യുഎഇയില്‍ ത്രിദിന അപ്പസ്‌തോലിക പര്യടനം നടത്തിയത്. ഫെബ്രുവരി 3ന് ഞായറാഴ്ച ആരംഭിച്ച യാത്ര ചൊവ്വാഴ്ച ഫെബ്രുവരി 5വരെ നീണ്ടു.
.


Related Articles

തിരുവോസ്തി മാലിന്യത്തില്‍ നിക്ഷേപിച്ച സംഭവം: കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗവും പ്രകടനം സംഘടിപ്പിച്ചു.

അരൂക്കുറ്റി പാദുവാപുരം സെൻ്റ് ആൻ്റെണിസ് ഇടവക പള്ളിയുടെ കീഴിലുള്ള സെൻ്റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തി മാല്ലിന്യ ചതുപ്പിൽ നിക്ഷേപിച്ച ഹീനപ്രവ്യത്തിയിൽ കെ.സി.വൈ.എം കൊച്ചി രൂപത

നവംബര്‍ 21 മീന്‍ പിടിക്കുന്നവര്‍ പറയുന്നു

മീന്‍പിടിത്തത്തൊഴിലിനെയും തൊഴിലാളികളെയും അന്താരാഷ്ട്ര ജനസമൂഹം ആദരവോടെ ഓര്‍മിക്കുന്ന ഒരുദിനം നവംബര്‍ മാസത്തിലുണ്ട്. വെള്ളത്തിന്റെയും ജീവന്റെയും തീരങ്ങളുടെയും ആവാസവ്യവസ്ഥകളുടെയും പച്ചപ്പിന്റെയും ഓര്‍മപോലെ നവംബര്‍ 21 കടന്നുപോകുന്നു. അവര്‍ കടലിനോട്

ഗ്വാളിയോര്‍ ബിഷപ്പ് തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു

ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ രൂപത ബിഷപ്പ് തോമസ് തെന്നാട്ട് എസ്എഎസി വാഹനാപകടത്തില്‍ മരിച്ചു. 65 വയസായിരുന്നു. 14ന് രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*