Breaking News

മതങ്ങളുടെ ചൈനാവത്കരണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ലീ കെക്വിയാങ്

മതങ്ങളുടെ ചൈനാവത്കരണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ലീ കെക്വിയാങ്

ബെയ്ജിങ്: ചൈനയില്‍ എല്ലാ മതവിഭാഗങ്ങളെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള സാംസ്‌കാരിക അനുരൂപണ നീക്കം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി ലീ കെക്വിയാങ് ദേശീയ പാര്‍ലമെന്റിന്റെ സമ്പൂര്‍ണ സമ്മേളനത്തില്‍ വ്യക്തമാക്കി. മതങ്ങളുടെ കാര്യത്തില്‍ പാര്‍ട്ടി നിശ്ചയിച്ചിട്ടുള്ള ചൈനാവത്കരണത്തിന്റെ മൗലിക നയം കര്‍ശനമായി നടപ്പാക്കുമെന്ന് ഗ്രെയ്റ്റ് ഹാള്‍ ഓഫ് ദ് പീപ്പിളില്‍ ആരംഭിച്ച പത്തുദിവസത്തെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ വാര്‍ഷിക കര്‍മ പരിപാടി അവതരിപ്പിച്ചുകൊണ്ട് കമ്യൂണിസ്റ്റ് സമഗ്രാധിപത്യ ഭരണകൂടത്തില്‍ രണ്ടാം സ്ഥാനക്കാരനായ പ്രധാനമന്ത്രി പറഞ്ഞു.
മെത്രാന്മാരുടെ നിയമനം സംബന്ധിച്ച് വത്തിക്കാനും ചൈനയും തമ്മില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഒപ്പുവച്ച രഹസ്യ ഉടമ്പടി ചൈനയില്‍ കത്തോലിക്കാസഭയുടെ ഐക്യത്തിനും വളര്‍ച്ചയ്ക്കും വഴിതെളിക്കുമെന്ന് ചൈനീസ് ഗവണ്‍മെന്റിന്റെ രാഷ്ട്രീയ ഉപദേശക സമിതി വിലയിരുത്തിയതായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും നിയന്ത്രണത്തിലുള്ള ചൈനീസ് കാത്തലിക് പേട്രിയോട്ടിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റും ദേശീയ ജനകീയ കോണ്‍ഗ്രസ് അംഗവുമായ ബിഷപ് വിന്‍സന്റ് ഷാന്‍ സിലു പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് 2015ല്‍ അവതരിപ്പിച്ച മതങ്ങളുടെ സമ്പൂര്‍ണ ചൈനാവത്കരണ നയം 2017ല്‍ ചൈന ഭരണഘടനയുടെ ഭാഗമാക്കിയതാണ്. ഇതിന്റെ ഭാഗമായി കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ്, മുസ്‌ലിം മതവിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സംഘടനകള്‍ ചൈനാവത്കരണത്തിനായുള്ള വിശദമായ പഞ്ചവത്സര പദ്ധതികള്‍ പ്രഖ്യാപിക്കുകയുണ്ടായി. വിശദമായ വ്യാഖ്യാനങ്ങളോടെ ബൈബിളിന്റെ പുനരാഖ്യാനം നിര്‍വഹിക്കാനും, തിരുക്കര്‍മങ്ങളിലും ആരാധനക്രമത്തിലും പ്രാര്‍ഥനാശുശ്രൂഷകളിലും സംഗീതത്തിലും ദേവാലയങ്ങളുടെ രൂപകല്പനയിലും സഭാശുശ്രൂഷകരുടെ വസ്ത്രധാരണത്തിലും മറ്റും ചൈനീസ് സംസ്‌കാരത്തിന്റെ മൂല്യങ്ങളും പ്രതിരൂപങ്ങളും സമൃദ്ധമായി ഉള്‍ച്ചേര്‍ക്കാനും നിര്‍ദേശമുണ്ട്.
ചൈനയുമായുണ്ടാക്കിയ താത്കാലിക കരാര്‍ കാലക്രമത്തില്‍ ഏറെ പരിഷ്‌കരിക്കാനുണ്ടെന്ന് ഈ ദിവസങ്ങളില്‍ ഹോങ്കോങ്, മക്കാവോ, തയ്‌വാന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ഫെര്‍നാന്‍ഡോ ഫിലോനി പറഞ്ഞു. പരിശുദ്ധ സിംഹാസനത്തോടു കൂറുള്ള ചൈനയിലെ പീഡിത സഭാവിഭാത്തിലെ 30 മെത്രാന്മാരില്‍ ഒരാളെ മാത്രമാണ് ഈ ഉടമ്പടിക്കുശേഷം ചൈനീസ് ഭരണകൂടം ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. അതേസമയം വത്തിക്കാന്റെ അനുമതിയില്ലാതെ മെത്രാഭിഷേകം നടത്തിയതിന് സഭാവിലക്കു പ്രഖ്യാപിച്ചിരുന്ന സര്‍ക്കാര്‍ പക്ഷക്കാരായ മെത്രാന്മാരെ പുതിയ ഉടമ്പടി അനുസരിച്ച് റോമിലെ പരിശുദ്ധ സിംഹാസനം സാര്‍വത്രിക സഭാശുശ്രൂഷയില്‍ പങ്കുകാരാക്കിയിരുന്നു.
ചൈനാവത്കരണത്തിന്റെ ഭാഗമായി ഷിന്‍ജിയാങ്ങിലെ 20 ലക്ഷം ഉയ്ഗൂര്‍ മുസ്‌ലിംകളെ ചൈനീസ് ഭരണകൂടം സാംസ്‌കാരിക പുനര്‍വിദ്യാഭ്യാസത്തിനായുള്ള തടങ്കല്‍പാളയത്തില്‍ അടച്ചിരിക്കയാണ്.


Tags assigned to this article:
chinachristianity

Related Articles

ആലപ്പുഴ രൂപതാദിനം 2018 ആചരിച്ചു

ആലപ്പുഴ: ലത്തീന്‍ സമുദായം വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കണമെന്ന് ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമുദായത്തിന് സമൂഹത്തിന്റെ മുന്‍പന്തിയില്‍ എത്താന്‍ സാധിക്കുകയുള്ളു. സംസ്ഥാനത്ത് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്

പരസ്പരസ്‌നേഹത്തില്‍ അധിഷ്ഠിതമായ നവമാധ്യമ സംസ്‌കാരം വളര്‍ത്തണം -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: പരസ്പരസ്‌നേഹത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായ നവമാധ്യമ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും തയ്യാറാകണമെന്ന് കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെആര്‍എല്‍സിബിസി) മീഡിയാ

ബോള്‍ഗാട്ടി യൂത്ത് വിങ്ങിന് പുതിയ നേതൃത്വം

എറണാകുളം: സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ബോള്‍ഗാട്ടി ഇടവകയിലെ യുവജന കൂട്ടായ്മയായ യൂത്ത് വിങ്ങ് ബോള്‍ഗാട്ടിയുടെ പുതിയ നേതൃത്വം ഫെബ്രുവരി 24ന് സത്യപ്രതിജ്ഞ ചെയ്തു. ജിന്‍സണ്‍ മെന്റസിന്റെയും അക്ഷയ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*