മതനിന്ദയെ ആദരിക്കാനോ സര്‍ക്കാര്‍ അക്കാദമി?

മതനിന്ദയെ ആദരിക്കാനോ സര്‍ക്കാര്‍ അക്കാദമി?

പാരമ്പര്യവാദികളായ യഹൂദരുടെ കറുത്ത കിപ്പാ വട്ടത്തൊപ്പിയണിഞ്ഞ അന്ധനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും, വഴികാട്ടുന്ന ഡാക്‌സ്ഹുണ്ട് നായയായി ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ചിത്രീകരിക്കുന്ന രാഷ്ട്രീയ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെചൊല്ലി ഉയര്‍ന്ന പ്രതിഷേധ കോലാഹലങ്ങള്‍ക്കിടയില്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് ഖേദപ്രകടനം നടത്തുകയും തങ്ങളുടെ രാജ്യാന്തര പതിപ്പിലെ പ്രതിദിന കാര്‍ട്ടൂണ്‍ പംക്തി നിര്‍ത്തലാക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് നമ്മുടെ നാട്ടില്‍ കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദം പുകയുന്നത്. ഇസ്രയേല്‍ രാഷ്ട്രത്തിന്റെയും യഹൂദമതവിശ്വാസത്തിന്റെയും പ്രതീകമായ നീലനിറത്തിലുള്ള സ്റ്റാര്‍ ഓഫ് ഡേവിഡ് (ദാവീദിന്റെ കവചം) ആ കാര്‍ട്ടൂണിലെ പട്ടിയുടെ കഴുത്തിലെ തോല്‍വാറില്‍ തൂങ്ങികിടപ്പുണ്ട്. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ എക്‌സ്പ്രസോ എന്ന പ്രസിദ്ധീകരണത്തില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ആ കാര്‍ട്ടൂണിലെ യഹൂദവിരോധത്തിന്റെ പ്രതിബിംബങ്ങള്‍ ആപല്‍ക്കരമാണെന്നും, ആഗോളതലത്തില്‍ മതസ്പര്‍ദ്ധ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിശേഷിച്ച് അനര്‍ത്ഥഹേതുവായ ഇത്തരം ചിത്രീകരണം അസ്വീകാര്യമാണെന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് ഏറ്റുപറഞ്ഞത്.
ആക്ഷേപഹാസ്യം എന്ന നിലയില്‍ കാര്‍ട്ടൂണുകള്‍ അപകടകാരികളാകാറുണ്ട്. വരയിലും വാക്കിലും ചില സീമകള്‍ ലംഘിക്കുന്നതിലൂടെ അവ പ്രകോപിപ്പിക്കും, ഞെട്ടിക്കും, വിരോധവും ശത്രുതയും വിളിച്ചുവരുത്തും. ഫ്രാന്‍സിലെ പാരീസില്‍ ചാര്‍ലി ഹെബ്‌ദോ ഹാസ്യവാരികയുടെ ഓഫിസില്‍ ഇസ്‌ലാമിക തീവ്രവാദികളായ രണ്ടു സഹോദരങ്ങള്‍ അഞ്ചു കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെ 12 പേരെ 2015 ജനുവരിയില്‍ കൂട്ടക്കൊല ചെയ്തത് പ്രവാചകനിന്ദയുടെ പേരിലാണ്. രാഷ്ട്രീയ വിമര്‍ശനം വച്ചുപൊറുപ്പിക്കാത്ത ഭരണകൂടങ്ങളുടെ നോട്ടപ്പുള്ളികളായതുകൊണ്ടാണ് ചൈനയില്‍ ജിയാങ് യെഫേയി, ഇറാനില്‍ അറ്റേനാ ഫര്‍ഘദാനി, തുര്‍ക്കിയില്‍ മൂസാ കാര്‍ട്ട്, എക്വിറ്റോറിയല്‍ ഗിനിയില്‍ റമോണ്‍ എന്‍സെ എസോനോ എബാലെ എന്നീ കാര്‍ട്ടൂണിസ്റ്റുകള്‍ തടവറയില്‍ കഴിയുന്നത്. മലേഷ്യയിലെ കാര്‍ട്ടൂണിസ്റ്റ് സുനാറിനെ രാജ്യദ്രോഹകുറ്റം ചുമത്തി 43 കൊല്ലത്തേക്കാണ് ജയിലിലടച്ചത്. വെനെസ്വേലയിലെ റെയ്മാ സുപ്രാനിക്കും നിക്കരാഗ്വയിലെ പേദ്രോ മൊലീനയ്ക്കും നാടുവിട്ടുപോകേണ്ടിവന്നു. ജനാധിപത്യ മൂല്യങ്ങളെയും പൗരാവകാശങ്ങളെയും മാനിക്കാത്തവരോട് ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചോ രാഷ്ട്രീയപരമായ ശരി നിലപാടിനെക്കുറിച്ചോ തര്‍ക്കിച്ചിട്ട് എന്തു പ്രയോജനം!
ചാക്യാര്‍കൂത്തിന്റെയും ഓട്ടന്തുള്ളലിന്റെയും നാടായ കേരളത്തില്‍ ഹാസ്യാത്മക വിമര്‍ശന പാരമ്പര്യത്തിന് സുദീര്‍ഘമായ ചരിത്രമുണ്ട്. കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ച വിദൂഷകന്‍ മാസികയില്‍ 1919 ഒക്‌ടോബറില്‍ സ്രഷ്ടാവിന്റെ പേരില്ലാതെ വന്ന മഹാക്ഷാമദേവത എന്ന രചനയെ ആധാരമാക്കി ഇക്കൊല്ലം മലയാളക്കര കാര്‍ട്ടൂണിംഗിന്റെ ശതാബ്ദി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയില്‍ രാഷ്ട്രീയ കാര്‍ട്ടൂണ്‍ രംഗത്തെ മലയാളി സാന്നിധ്യം ഏറെ വാഴ്ത്തപ്പെട്ടതാണ്. ശങ്കേഴ്‌സ് വീക്ക്‌ലി സ്ഥാപകന്‍ കേശവ ശങ്കര പിള്ള (ശങ്കര്‍) നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെത്തന്നെ പരിഹസിച്ചും വിമര്‍ശിച്ചും നാലായിരം കാര്‍ട്ടുണുകള്‍ വരച്ചുവത്രെ. അബു ഏബ്രഹാം, ഒ.വി. വിജയന്‍, പി.കെ.എസ് കുട്ടി തുടങ്ങിയവര്‍ ഭാഷാസംസ്‌കൃതിയുടെ അതിരുകള്‍താണ്ടി സൂക്ഷ്മനിരീക്ഷണങ്ങളും കാരിക്കേച്ചറുകളും സൈദ്ധാന്തിക ദര്‍ശനവും ഉള്‍ച്ചേര്‍ന്ന ആസ്വാദനത്തിന്റെ നവചക്രവാളങ്ങള്‍ രൂപപ്പെടുത്തി. രാജ്യാന്തര സിന്‍ഡിക്കേഷന്‍ ശൃംഖലകളും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ മികവും വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോം, സോഷ്യല്‍ മീഡിയ തുടങ്ങി നവമാധ്യമങ്ങളുടെ അനന്ത സാധ്യതകളും പ്രൊഫഷണലിസവുമൊക്കെയായി രംഗമാകെ കൊഴുക്കുമ്പോള്‍ ഹാസ്യാവിഷ്‌കാരത്തിന്റെ അടിസ്ഥാന പ്രമാണങ്ങളും ആസ്വാദനമുറകളും മാറുകയാണ്. നിര്‍മലമായ ചിരിയുടെയോ ധ്യാനാത്മക ഉള്‍ക്കാഴ്ചയുടെയോ നുറുങ്ങുവെട്ടമോ ഭാവാത്മക അടരുകളോ പ്രതീക്ഷിക്കുന്നിടത്ത് വിഷലിപ്തവും ഹിംസാത്മകവുമായ അശ്ലീല സാക്ഷാത്കാരമാണ് പ്രത്യക്ഷപ്പെടുന്നത്.
സംസ്ഥാന ഗവണ്‍മെന്റിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും രക്ഷാധികാരത്തിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ലളിതകലാ ആക്കാദമി 2018ലെ വാര്‍ഷിക അവാര്‍ഡിനായി കണ്ടെത്തിയ കാര്‍ട്ടൂണ്‍ മതനിന്ദയ്ക്കും സാമുദായിക സ്പര്‍ധയ്ക്കും സാമൂഹിക സംഘര്‍ഷത്തിനും ഇടയാക്കുന്നതെങ്ങനെയെന്ന് ദിവസങ്ങളോളം സംഘാതമായി ഈ വിവാദവിഷയം പ്രമുഖ ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ ഏറ്റവും വിലയേറിയ പ്രൈം സ്ലോട്ടില്‍ അത്യന്താവേശാരവങ്ങളോടെ അവതരിപ്പിക്കുന്നതില്‍ നിന്നുതന്നെ വ്യക്തമായതാണ്. ലൈംഗികാതിക്രമ കേസില്‍ കുറ്റാരോപിതനായ ഒരു വൈദികമേലധ്യക്ഷനെ പ്രമേയമാക്കി കഴിഞ്ഞ ഒക്‌ടോബറില്‍ ഒരു ചെറുകിട ഹാസ്യമാസിക മുഖചിത്രമായി പ്രസിദ്ധീകരിച്ച തരംതാണ, സഭ്യേതര കാര്‍ട്ടൂണിനാണ് സര്‍ക്കാര്‍ അക്കാദമി വക അന്‍പതിനായിരം രൂപയും മെമന്റോയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡും ആദരവും സമ്മാനിക്കുന്നത്. ക്രൈസ്തവ സഭയുടെ ശ്ലൈഹിക പാരമ്പര്യത്തില്‍ അജപാലനശുശ്രൂഷയുടെ അടയാളവും മെത്രാന്റെ സ്ഥാനചിഹ്നവുമായ അംശവടിയിലെ കുരിശിന്റെ സ്ഥാനത്ത് സ്ത്രീയുടെ അടിവസ്ത്രം നാട്ടിയ നിലയിലാണ് കാര്‍ട്ടൂണിലെ വകതിരിവില്ലാത്ത വികല ചിത്രീകരണം.
ക്രൈസ്തവ മതചിഹ്നത്തോട് അനാദരവു കാണിക്കുകയും ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുകയും ചെയ്യുന്ന ജുഗുപ്‌സാവഹവും മ്ലേച്ഛവും അശ്ലീലവുമായ ചിത്രീകരണത്തിന് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ കീഴിലുള്ള അക്കാദമി അവാര്‍ഡു നല്‍കുന്നതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി വക്താവ് ചൂണ്ടിക്കാട്ടി. മതാത്മകവും ആചാരപരവുമായ അര്‍ത്ഥതലങ്ങളുള്ള അംശവടിയുടെ മഹത്വത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന പ്രതിരൂപവും പ്രതിപാദനവും ഒരു മതവിശ്വാസിക്കും ഉള്‍ക്കൊള്ളാനാവുന്നതല്ല.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതനിരപേക്ഷതയെ ഹനിക്കാന്‍ അനുവദിക്കുകയില്ലെന്നും ക്രൈസ്തവ മതചിഹ്നങ്ങളെ അവഹേളിക്കുന്ന രീതിയോട് സര്‍ക്കാര്‍ യോജിക്കുന്നില്ലെന്നും സാംസ്‌കാരിക മന്ത്രി സംസ്ഥാന നിയമസഭയില്‍ വ്യക്തമാക്കുകയും കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനഃപരിശോധിക്കണമെന്ന് ലളിതകലാ അക്കാദമിയോടു നിര്‍ദേശിക്കുകയും ചെയ്തു. മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്നു മുഖ്യമന്ത്രിയും ആവര്‍ത്തിച്ചു. എന്നാല്‍ അക്കാദമി നിര്‍വാഹക സമിതിയുടെയും ജനറല്‍ കൗണ്‍സിലിന്റെയും സംയുക്ത യോഗം സര്‍ക്കാര്‍ നിര്‍ദേശം തള്ളി. അവാര്‍ഡ് നിര്‍ണയിച്ച മൂന്നു കാര്‍ട്ടൂണിസ്റ്റുകളുടെ തീരുമാനം അലംഘനീയവും അന്തിമവുമാണെന്നും അവാര്‍ഡ് ഒരു കാരണവശാലും പിന്‍വലിക്കുകയില്ലെന്നുമാണ് അക്കാദമിയുടെ നിലപാട്.
ഇന്ത്യയിലെ നീതിന്യായവ്യവസ്ഥ ഒരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കു നല്‍കുന്ന നിയമപരമായ പരിരക്ഷയ്‌ക്കോ പൗരനെന്ന നിലയിലുള്ള മൗലികാവകാശങ്ങള്‍ക്കോ യാതൊരു വിലയും കല്പിക്കാതെ മാനഹാനിക്കും അപകീര്‍ത്തിക്കും ഇടയാക്കുന്ന പ്രസ്താവനയാണ് കാര്‍ട്ടൂണില്‍ അവഹേളനാപാത്രമായി ചിത്രീകരിക്കപ്പെടുന്ന കുറ്റാരോപിതനെക്കുറിച്ച് അക്കാദമി ചെയര്‍മാന്‍തന്നെ ടിവി ചാനല്‍ ചര്‍ച്ചകളില്‍ നടത്തുന്നത്. കോടതിയില്‍ വിചാരണ ചെയ്യാനിരിക്കുന്ന കേസില്‍ മാധ്യമങ്ങള്‍ വിധിതീര്‍പ്പു നടത്തുന്നത് കോടതിയലക്ഷ്യത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടൊന്നുമല്ല, തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ള ഒരു വിശ്വാസിസമൂഹത്തെയാകെ ഇങ്ങനെ അടിച്ചുവീഴ്ത്തിക്കളയാം എന്ന ഭാവമാണ് അവരില്‍ പലര്‍ക്കും. ക്രൈസ്തവര്‍ക്ക് പ്രതിഷേധിക്കാനും കലാപഭീഷണി മുഴക്കാനും എന്തവകാശം, അവര്‍ സഹനത്തിന്റെയും സഹിഷ്ണുതയുടെയും ക്രൈസ്തവ മൂല്യം ഉയര്‍ത്തിപ്പിടിക്കേണ്ടവരല്ലേ എന്ന ഭര്‍ത്സനത്തിന്റെ ഔദ്ധത്യം അപാരംതന്നെ.
മതനിന്ദ, വര്‍ഗീയ വിദ്വേഷം, സാമുദായിക സ്പര്‍ദ്ധ മൂലമുള്ള അക്രമം, അബോധമനസിലുണ്ടാകുന്ന പക്ഷപാതവും വിവേചനവും, മതവിരോധം വളരുന്നതു കണ്ടിട്ടും അനങ്ങാതിരിക്കാനുള്ള മരവിപ്പ് – പൊതുസമൂഹത്തെ ഗ്രസിക്കുന്ന ഈ മഹാവിപത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആന്റി ഡിഫമേഷന്‍ ലീഗിനെ പോലുള്ള രാജ്യാന്തര പ്രസ്ഥാനങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്.


Related Articles

അമര ലതാംഗുലി പ്രകാശനം ചെയ്തു

എറണാകുളം: ജീവനാദം വാരികയുടെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിച്ച ജീവനാദം പബ്ലിക്കേഷന്‍സ് ആദ്യമായി പ്രസിദ്ധീകരിച്ച ‘അമര ലതാംഗുലി: മത്തെയുസ് പാതിരിയുടെ വിരിദാരിയും ഓറിയന്താലെയും ഹോര്‍ത്തുസ് മലബാറിക്കുസും’ എന്ന പുസ്തകം

യുവസംരംഭകര്‍ക്ക് പ്രതീക്ഷയേകി ഐസാറ്റ് ഇന്‍ക്യുബേഷന്‍ സെന്ററിന് തുടക്കമായി

എറണാകുളം: സാങ്കേതികവിദ്യയുടെ സഹായത്തോടെ യുവസംരംഭകരുടെ സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് കളമശേരി ഐസാറ്റ് എന്‍ജിനീയറിംഗ് കോളജ്. വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങള്‍ ഉള്‍ക്കൊണ്ട് അവരുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കണമെന്ന് ആര്‍ച്ച്ബിഷപ് ഡോ.ജോസഫ്

വിജയപുരത്തുനിന്നും അതിജീവനത്തിന്റെ വിജയഗാഥ

കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ സാധാരണക്കാരുടെ ജീവിതം ദുരിതമയമാക്കുമ്പോള്‍ കേരള ലത്തീന്‍ സഭയിലെ രൂപതകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യസേവന വിഭാഗങ്ങള്‍ ആശ്വാസതുരുത്തുകളാകുകയാണ്. നിരാലംബര്‍ക്ക് ഭക്ഷണവും മരുന്നും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*