Breaking News

മതനേതാക്കളുടെ അധരങ്ങളില്‍നിന്നു ഭിന്നിപ്പിക്കുന്ന വാക്കുകള്‍ വരരുത്- ഫ്രാന്‍സിസ് പാപ്പ

മതനേതാക്കളുടെ അധരങ്ങളില്‍നിന്നു ഭിന്നിപ്പിക്കുന്ന വാക്കുകള്‍ വരരുത്- ഫ്രാന്‍സിസ് പാപ്പ

 

ഹംഗറി സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് പാപ്പ ബൂഡാപെസ്റ്റ് മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ എക്യുമെനിക്കല്‍ സഭകളുടെയും ഹംഗറിയില്‍ നിന്നുള്ള ചില യഹൂദ സമൂഹങ്ങളുടെയും പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ നല്‍കിയ സന്ദേശം.

സിസ്റ്റര്‍ റൂബിനി സിറ്റിസി, വത്തിക്കാന്‍ ന്യൂസ്

ഭൂരിപക്ഷം മതങ്ങളെ പ്രതിനിധീകരിക്കുന്ന ഈ രാജ്യത്തിലെ നിങ്ങള്‍ മത സ്വാതന്ത്ര്യത്തിലൂടെ എല്ലാവരെയും ബഹുമാനിക്കാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള സാഹചര്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും ഉത്തരവാദികളാണ്. അങ്ങനെ നിങ്ങള്‍ എല്ലാവര്‍ക്കും മാതൃകയാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. മതനേതാക്കളുടെ അധരങ്ങളില്‍നിന്നു ഭിന്നിപ്പിക്കുന്ന വാക്കുകള്‍ വരുന്നുവെന്ന് ഒരിക്കലും ആരും പറയാന്‍ ഇടയാകരുത്. തുറവുള്ളതും സമാധാനപരവുമായ വചനങ്ങള്‍ മാത്രമാണ് ഉരുവിടേണ്ടത്. നിരവധി സംഘര്‍ഷങ്ങളാല്‍ കീറി മുറിക്കപ്പെട്ട നമ്മുടെ ലോകത്തില്‍ സമാധാനത്തിന്റെയും ഉടമ്പടിയുടെയും ദൈവത്തെ അറിയാന്‍ കൃപലഭിച്ചവരുടെ ഭാഗത്തുനിന്നുള്ള ഏറ്റവും നല്ല സാക്ഷ്യമാണിതെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

എക്യുമെനിക്കല്‍ സഭകളുടെയും ഹംഗറിയില്‍ നിന്നുള്ള യഹൂദ സമൂഹങ്ങളുടെയും പ്രതിനിധികള്‍ പറഞ്ഞ കരുണാര്‍ദ്രമായ വാക്കുകള്‍ക്കും സാന്നിധ്യത്തിനും നന്ദി പറഞ്ഞ പാപ്പാ അവരെ കണ്ടുമുട്ടിയതില്‍ താന്‍ സന്തുഷ്ടനാണെന്നും അവരുടെ വാക്കുകളും സാന്നിധ്യവും ഐക്യത്തിനായുള്ള വലിയ ആഗ്രഹത്തിന്റെ അടയാളങ്ങളാണെന്നും വെളിപ്പെടുത്തി.
ഈ അടയാളങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ അത്ര സുലഭമല്ലാത്ത ഒരു യാത്രയെ കുറിച്ച് നമ്മോടു പറയുന്നുവെങ്കിലും ഐക്യത്തോടെ വസിക്കുന്ന സഹോദരീ സഹോദരങ്ങളെ അനുഗ്രഹിക്കുന്ന അത്യുന്നതനായ ദൈവത്തിന്റെ മുന്നില്‍ പരസ്പരം പിന്തുണയ്ക്കുകയും ധീരതയോടും നല്ല മനസ്സോടും കൂടെ ആ യാത്രയെ അവര്‍ ഏറ്റെടുക്കുകയും ചെയ്തുവെന്നും പാപ്പാ അവരോടു പങ്കുവെച്ചു.
ഐക്യത്തിനായുള്ള അവരുടെ തുടര്‍യാത്രയെ അനുഗ്രഹിക്കുന്നുവെന്നു സൂചിപ്പിച്ച പാപ്പാ മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഒരുമിച്ച് പ്രാര്‍ത്ഥിക്കാനും, പരിചിന്തനം ചെയ്യാനും ആ രാജ്യത്തിന്റെ ആത്മീയതയുടെ ഹൃദയമിടിപ്പായ പനോന്‍ ഹല്‍മയിലെ സന്യാസി മഠത്തില്‍ അവര്‍ സമ്മേളിച്ചതും പാപ്പാ അനുസ്മരിച്ചു. നമ്മുടെ പിതാവായ അബ്രഹാത്തിന്റെ വിശ്വാസത്തില്‍ നിന്നുള്ള എന്റെ സഹോദരന്മാരെ എന്ന് അവരെ അഭിസംബോധന ചെയ്ത പാപ്പാ കഴിഞ്ഞ കാലങ്ങളില്‍ മനുഷ്യരെ വേര്‍തിരിച്ച മതിലുകളെ തകര്‍ക്കാനുള്ള അവരുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

യഹൂദരും, ക്രൈസ്തവരും ഒരുപോലെയാണെന്നും അവര്‍ പരസ്പരം അപരിചിതരല്ല സുഹൃത്തുക്കളാണെന്നും; ശത്രുക്കളല്ല സഹോദരീസഹോദരന്മാരാണെന്നും കാണാന്‍ അവര്‍ ശ്രമിക്കുന്നുവെന്നും ചൂണ്ടികാണിച്ച പാപ്പാ അവരുടെ വ്യത്യസ്തമായ ഈ കാഴ്ചപ്പാട് ദൈവം അനുഗ്രഹിച്ചതും പുതിയ തുടക്കങ്ങള്‍ സാധ്യമാക്കുന്ന ഒരു പരിവര്‍ത്തനം നവജീവിതം കൊണ്ടുവരുന്ന ഒരു ശുചീകരണ പ്രക്രിയയുമാണെന്ന് തന്റെ സന്ദേശത്തില്‍ പറഞ്ഞു. റോഷ് ഹഷാനാഹിന്റെയും, യോം കിപ്പൂരിന്റെയും ഭക്തിനിര്‍ഭരമായ ആഘോഷങ്ങളെ അടയാളപ്പെടുത്തുന്ന ഈ ദിവസങ്ങള്‍ അനുഗ്രഹത്തിന്റെ നിമിഷങ്ങളും, ആത്മീയ നവീകരണത്തിനുള്ള ക്ഷണവുമായിരിക്കട്ടെ എന്നാശംസിക്കുകയും ചെയ്തു.

തരിശ്ശായ മരുഭൂമികളില്‍ നിന്നും സഹവാസ ഭൂമിയിലേക്ക് നമ്മുടെ പിതാക്കന്മാരുടെ ദൈവം നമ്മെ എപ്പോഴും പുതിയ ദിശകളിലേക്ക് നയിക്കുന്നു. വാഗ്ദത്ത ഭൂമിയിലേക്കുള്ള പാതയാക്കി മരുഭൂമിയെ മാറ്റിയത് പോലെ കയ്പിന്റെയും നിസ്സംഗതയുടെയും തരിശ്ശായ മരുഭൂമികളില്‍ നിന്നും നാം ആഗ്രഹിക്കുന്ന സഹവാസ ഭൂമിയിലേക്ക് നമ്മെ കൊണ്ട് വരാന്‍ അവിടുന്നു ആഗ്രഹിക്കുന്നു.
ദൈവത്തെ പിന്തുടരാന്‍ വിളിക്കപ്പെട്ട എല്ലാവരും എപ്പോഴും പര്യവേക്ഷണം ചെയ്യപ്പെടാത്ത ദേശങ്ങളിലേക്കും അപരിചിതമായ സ്ഥലങ്ങളിലേക്കും ഒരു യാത്ര പുറപ്പെടേണ്ടത് യാദൃശ്ചികം അല്ലെന്ന് നമുക്ക് വിശുദ്ധ ഗ്രന്ഥത്തില്‍ കാണുവാന്‍ കഴിയും. വീടും, കുടുംബവും ഉപേക്ഷിച്ചു പോകേണ്ടി വന്ന അബ്രഹാമിനെ ഓര്‍മ്മപ്പെടുത്തിയ പാപ്പാ ദൈവത്തെ അനുഗമിക്കുന്ന എല്ലാവരും ചില കാര്യങ്ങളെ ഉപേക്ഷിക്കേണ്ടിവരുമെന്നും നമ്മുടെ ഭൂതകാലത്തെ തെറ്റിധാരണകളെയും, മറ്റുള്ളവര്‍ തെറ്റായി കാണുമ്പോള്‍ ശരിയാണെന്നുള്ള നമ്മുടെ അവകാശവാദങ്ങളെയും ഉപേക്ഷിക്കാന്‍ നമ്മോടു ആവശ്യപ്പെടുന്നുണ്ടെന്നും ദൈവത്തിന്റെ സമാധാനം വാഗ്ദാനം ചെയ്യുന്ന ദേശത്തിലേക്ക് നയിക്കുവാനുള്ള പാത സ്വീകരിക്കുവാന്‍ നമ്മോടും ആവശ്യപ്പെടുന്നുണ്ടെന്നും കാരണം കര്‍ത്താവിന്റെ പദ്ധതികള്‍ നമ്മുടെ നിര്‍ഭാഗ്യത്തിനുള്ളതല്ല, മറിച്ച് സമാധാനത്തിന്റെ പദ്ധതിയാണെന്നും-(ജറെ.29:11) പാപ്പാ പ്രഭാഷണത്തില്‍ വ്യക്തമാക്കി.

പാലത്തിന്റെ ചങ്ങലകള്‍ പോലെ ഒരുമിക്കാം

ഈ നഗരത്തിന്റെ രണ്ടു ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ചങ്ങല പാലത്തിന്റെ ആകര്‍ഷണീയമായ ചിത്രത്തെക്കുറിച്ച് അവരുമായി പരിചിന്തനം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന് വെളിപ്പെടുത്തിയ പാപ്പാ ആ പാലം രാജ്യത്തിന്റെ രണ്ടു ഭാഗങ്ങളെയും ഒന്നിപ്പിക്കുന്നില്ല മറിച്ച് അവയെ ഒരുമിപ്പിച്ച് നിര്‍ത്തുന്നു എന്നും അതുപോലെ നമ്മുടെ കാര്യങ്ങളിലും ഈ ഒരുമിപ്പിക്കലുണ്ടാകണമെന്നും പാപ്പാ പ്രബോധിപ്പിച്ചു. മറ്റൊന്നിനെ ആഗിരണം ചെയ്യാന്‍ നാം പ്രലോഭിപ്പിക്കപെടുമ്പോഴെല്ലാം പണിയുന്നതിനു പകരം നാം പൊളിച്ചു മാറ്റുകയായിരുന്നു. അല്ലെങ്കില്‍ മറ്റുള്ളവരെ ഉള്‍പ്പെടുത്തുന്നതിനു പകരം അവരെ ന്യൂനപക്ഷമായി അകറ്റിനിര്‍ത്തുകയായിരുന്നു. ചരിത്രത്തിലുടനീളം ഇത് പല തവണ സംഭവിച്ചിട്ടുണ്ട്. അത് ഒരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ നാം ജാഗരൂകരായിരുന്നു പ്രാര്‍ത്ഥിക്കണമെന്നു പാപ്പാ നിര്‍ദ്ദേശിച്ചു.
ഒരുമിച്ച് സാഹോദര്യത്തില്‍ വിദ്യാഭ്യാസം വളര്‍ത്തിയെടുക്കാന്‍ സ്വയം പ്രതിജ്ഞാബദ്ധരാകുക. അങ്ങനെ സാഹോദര്യത്തെ തകര്‍ക്കുന്ന വിദ്വേഷത്തിന്റെ സ്‌ഫോടനം ഒരിക്കലും നിലനില്‍ക്കുകയില്ല. പാപ്പാ വ്യക്തമാക്കി. തുടര്‍ന്ന്, യൂറോപ്പിലും മറ്റും യഹൂദവിരോധത്തിന്റെ ഭീഷണി പതുങ്ങിയിരിക്കുന്നുവെന്നു താന്‍ ഇപ്പോള്‍ ചിന്തിക്കുന്നു എന്ന് പറഞ്ഞ പാപ്പാ അത് പ്രകാശിക്കാന്‍ അനുവദിക്കാത്ത ഒരു ഫ്യുസാണെന്നും അതിനെ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഒരുമിച്ചു ക്രിയാത്മകമായി സാഹോദര്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണെന്നും പാപ്പാ അടിവരയിട്ട് പറഞ്ഞു.

പാലം പഠിപ്പിക്കുന്ന പാഠങ്ങള്‍

പാലം നമ്മെ പഠിപ്പിക്കുന്ന മറ്റൊരു പാഠം ഉണ്ട്. വളയങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച വലിയ ചങ്ങലകള്‍ പാലത്തിന് താങ്ങായി നില്‍ക്കുന്നു. നമ്മളും വളയങ്ങളാണ്. നമ്മുടെ ഉറപ്പു ചങ്ങലയ്ക്ക് അത്യന്താപേക്ഷിതമാണ്. പരസ്പരം അറിയാനുള്ള ശ്രമം നടത്താതെ, സംശയത്തിനും സംഘര്‍ഷത്തിനും ഇരയായി വേര്‍പിരിഞ്ഞകന്ന് ജീവിക്കാന്‍ നമുക്കിനി കഴിയുകയില്ല.
പാലം ഒന്നിപ്പിക്കുന്നു, അതുപോലെ വിശുദ്ധ ഗ്രന്ഥത്തില്‍ അടിസ്ഥാനമായ ഉടമ്പടി എന്ന ആശയത്തെ പാലം നമ്മെ അനുസ്മരിപ്പിക്കുന്നു. വിഘടനവാദത്തിനോ പക്ഷപാതപരമായ താല്പര്യങ്ങള്‍ക്കോ വഴങ്ങരുത് എന്ന് ഉടമ്പടിയുടെ ദൈവം നമ്മോടു ആവശ്യപ്പെടുന്നു. ചിലരുടെ ചെലവില്‍ ചിലരുമായി നമ്മള്‍ സഖ്യമുണ്ടാക്കാന്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല. മറിച്ച് വ്യക്തികളും സമൂഹങ്ങളും എല്ലാവരുമായും കൂട്ടായ്മയുടെ പാലങ്ങളായിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു.
ഈ രാജ്യത്തുള്ള ചങ്ങലപാലം ഏറ്റവും പ്രശസ്തമായത് എന്ന് മാത്രമല്ലാ ഏറ്റവും പഴക്കമുള്ളതുമാണ്. അതിലൂടെ തലമുറകളും കടന്നുപോയിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യം ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാന്‍ നമ്മെ ക്ഷണിക്കുന്നു. സഹനങ്ങളും,പ്രതീക്ഷ നഷ്ടപ്പെട്ട ഇരുണ്ട നിമിഷങ്ങളും, തെറ്റിദ്ധാരണകളും, പീഡനങ്ങളും നേരിടാം. എന്നാല്‍ ആഴമേറിയ തലത്തില്‍ നമുക്ക് ഒരു വലിയ പങ്കുവെക്കലിന്റെ ആത്മീയ പാരമ്പര്യം കാണാന്‍ കഴിയും. അത് ഈ വിലയേറിയ പാരമ്പര്യത്തിന് നമ്മെ ഒരുമിപ്പിച്ച് വ്യത്യസ്തമായ ഒരു ഭാവി കെട്ടിപ്പടുക്കാന്‍ പ്രാപ്തരാക്കാന്‍ കഴിയും.
വിദ്വേഷത്തിന്റെ ഇരുട്ടിനെ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ പ്രകാശിപ്പിച്ച മഹാകവി മിക്‌ളോസ് റദ്‌നോട്ടി ഈ ലോകത്തിന്റെ അന്ധകാരത്തിലേക്ക് പ്രകാശം വീശിയ ദൈവത്തിന്റെ സ്‌നേഹിതരായ എല്ലാവരുടെയും ചിന്തകള്‍ തന്നെ ആവേശഭരിതനാക്കിയെന്നു സൂചിപ്പിച്ച പാപ്പാ ആ രാജ്യത്തിന്റെ മഹാകവിയായ മിക്‌ളോസ് റദ്‌നോട്ടിയെ കുറിച്ച് പരമര്‍ശിച്ചു.
യഹൂദകുലത്തില്‍ ജനിച്ചു എന്ന കാരണം കൂടാതെ മറ്റൊരു കാരണവും കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആദ്യം അദ്ദേഹത്തെ അധ്യാപനത്തില്‍ നിന്ന് തടയുകയും തുടര്‍ന്ന് സ്വന്തം കുടുംബത്തില്‍ നിന്ന് വേര്‍പെടുത്തുകയും ചെയ്തവരുടെ അന്ധമായ വിദ്വേഷം അദ്ദേഹത്തിന്റെ സമര്‍ത്ഥമായ ജീവിതഗതിയെ വെട്ടിച്ചുരുക്കി. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ടതും അധ:പതിച്ചതുമായി അടയാളപ്പെടുത്തിയ അദ്ധ്യായത്തില്‍ തടങ്കല്‍ പാളയത്തില്‍ തടവിലാക്കപ്പെട്ട രദ് നോട്ടി മരണം വരെ കവിത എഴുതി.
ഷോഹയെ അതിജീവിക്കുവാനുള്ള അദ്ദേഹത്തിന്റെ ഏക കവിതാ സമാഹാരമായിരുന്നു അദ്ദേഹത്തിന്റെബോര്‍ നോട്ട് ബുക്ക്. വിദ്വേഷത്തിന്റെ ഇരുട്ടിനെ വിശ്വാസത്തിന്റെവെളിച്ചത്തില്‍ പ്രകാശിപ്പിച്ചു എന്ന് പറഞ്ഞ പാപ്പാ നമ്മുടെ സ്വരങ്ങളും സ്വര്‍ഗ്ഗത്തില്‍ നിന്നും നമുക്ക് നല്‍കിയ പ്രതീക്ഷയുടെയും സമാധാനത്തിന്റെയും വചനം പ്രതിധ്വനിപ്പിക്കുന്നതില്‍ പരാജയപ്പെടരുതെന്നും വ്യക്തമാക്കി. ആഴത്തിലുള്ള വേരുകള്‍ ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് ഉയരങ്ങളിലെത്താന്‍ കഴിയൂ. അത്യുന്നതനും മറ്റുള്ളവരും പറയുന്നത് കേള്‍ക്കുന്നതില്‍ നാം വേരൂന്നിയാല്‍ നമ്മുടെ സമകാലികരെ പരസ്പരം അംഗീകരിക്കാനും സ്‌നേഹിക്കാനും നമുക്ക് സാധിക്കും. നമ്മള്‍ സമാധാനത്തിന്റെ വേരുകളും ഐക്യത്തിന്റെ തളിരുകളുമായി മാറിയാല്‍ മാത്രമേ പ്രതീക്ഷകള്‍ക്കു പൂവണിയാന്‍ കഴിയു എന്ന ആഗ്രഹത്തോടെ നമ്മെ നോക്കുന്ന ലോകത്തിന്റെ കണ്ണില്‍ നമുക്ക് വിശ്വസനീയരാണെന്ന് അറിയിക്കാന്‍ കഴിയും എന്നു പ്രത്യാശ പ്രകടിപ്പിച്ച പാപ്പാ അവര്‍ക്ക് നന്ദി പറയുകയും അവരുടെ യാത്രയില്‍ സ്ഥിരതയോടെ മുന്നേറാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് തന്റെ പ്രഭാഷണം ഉപസംഹരിച്ചു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
Pope Francisvatican news

Related Articles

ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം

ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുതത്തില്‍ അഞ്ച് രോഗികള്‍ മരിച്ചു. രാജ്‌കോട്ടില്‍ ഉദയാ ശിവാനന്ത് ആശുപത്രിയിലെ ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്. 22 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

വിശപ്പ് എന്ന വൈറസ്

”ദാരിദ്ര്യമെന്തെന്നറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശ വിവേകമുള്ളൂ” എന്ന വരികള്‍ കേരളസമൂഹത്തില്‍ ഈ കൊവിഡ് കാലഘട്ടത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. 1990കള്‍ക്കു മുമ്പുള്ള കേരളമാണ് ദാരിദ്ര്യം അതിന്റെ പൂര്‍ണതോതില്‍ അനുഭവിച്ചിട്ടുള്ളത്. 40

സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കുശേഷം മറ്റുള്ളവര്‍ക്കും റേഷന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*